Saturday 24 May 2014

[www.keralites.net] വാഗയിലെ കൊച്ചു മാലാഖ

 

വാഗയിലെ കൊച്ചു മാലാഖ
രവീന്ദ്രന്‍ രാവണേശ്വരം

 
റാഡ് ക്ളിഫ് ലൈനിന്‍െറ  പാക് അധീന കമ്പിവേലിക്ക് അപ്പുറത്തുനിന്ന്  പാല്‍പ്പല്ലുകള്‍ കാണിച്ച് അവള്‍ ചിരിച്ചു. വാഗയെ മൂടിയ നേരിയ മഞ്ഞില്‍ വാക പൂത്തതുപോലെ ആ ചിരി.  ആ ചിരി കണ്ടപ്പോള്‍ എനിക്കും അവളെ നോക്കി ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
കടുകും കാബേജും ഗോതമ്പും പൂത്തുലയുന്നിടം. പഞ്ചാബ് മുതല്‍ ലാഹോര്‍ വരെ നീണ്ടുകിടക്കുന്ന 25 കിലോമീറ്റര്‍ പാടങ്ങള്‍. നിഷ്പക്ഷ ഭൂമികള്‍ക്ക് ഇരുവശത്തുനിന്നും  ഒരുപക്ഷവുമില്ലാതെ ഇങ്ങനെ ദിനേന പരസ്പരം ചിരിച്ചുകൊണ്ടിരിക്കുന്ന മാലാഖമാരുടെ ഒരു ആഘോഷം നിങ്ങള്‍ക്ക് വാഗയില്‍ വന്നാല്‍ കാണാം. ഇതിനെ 'border retrieval ceremoney' എന്ന് നയതന്ത്രത്തില്‍ വിളിക്കും. ലോകപ്രശസ്തമാണിത്. ഇതിനെ മയൂരനൃത്തം എന്ന് വിളിച്ചത് മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ടര്‍ ആണ്. തന്‍െറ യാത്രാ വിവരണത്തിലായിരുന്നു ഇത്. നാളിതുവരെ മാധ്യമങ്ങളും ഭരണകൂടവും കാണാതെപോകുന്ന  ഈ നയതന്ത്രവസന്തം  ഒരു ദ്വിരാഷ്ട്ര ഫെസ്റ്റാണ് എന്ന് ലോകം വിളിച്ചുതുടങ്ങിയിരുന്നു. എന്നാല്‍, അതുണ്ടാക്കിയേക്കാവുന്ന ഗുണപരമായ രാഷ്ട്രീയം ആയുധവ്യാപാരികള്‍ക്കും മരണവ്യാപാരികള്‍ക്കും ദഹിക്കില്ല.
വാഗയിലേക്കുള്ള യാത്രയില്‍ മാധ്യമപ്രവര്‍ത്തകരായ ഞങ്ങള്‍ 31 പേരുടെ മനസ്സില്‍ പലതരം വികാരങ്ങളായിരുന്നു. പാക് റേഞ്ചേഴ്സിനെ കണ്ടമാത്രയില്‍ ഒരു യുദ്ധം തുടങ്ങിയിരുന്നെങ്കില്‍ എന്ന് വിചാരിച്ചപ്പോള്‍ ആദ്യം കണ്ട ആ കുഞ്ഞുമാലാഖ എല്ലാം തകര്‍ത്തുകളഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുനിന്നു വന്ന  അവളുടെ പുഞ്ചിരിയില്‍  എന്‍െറ കൈ  അറിയാതെ പൊങ്ങി. അവള്‍ക്ക് ഒരു പറക്കും  ടാറ്റയായി അതു  മാറി.
ഇരു രാജ്യങ്ങളുടെയും ഇടയിലെ ഒന്നരമീറ്റര്‍ വീതിയുള്ള നിഷ്പക്ഷ ഭൂമി(no man's land)യും കടന്ന് അവളുടെയടുത്ത് അത് എത്തി. അതു ലഭിക്കേണ്ട താമസം അവളുടെ പിതാവിന്‍െറ മാറില്‍ കിടന്ന് അവള്‍ ഒന്ന് കുലുങ്ങി മറിഞ്ഞു. പിന്നാലെ  ഒരു ഫ്ളയിങ് കിസ് തിരികെയത്തെി. കൂടെ അവളുടെ മാതാപിതാക്കളുടെ ചിരിയും അകമ്പടിയായി. കൊച്ചുമിടുക്കിയുടെ തേന്‍ ചുംബനം പറന്നത്തെുമ്പോഴേക്കും പാക് റേഞ്ചേഴ്സ് ഇടപെട്ടു. മാതാപിതാക്കളെ പരിസരത്തുനിന്നുതന്നെ മാറ്റി. അവള്‍ മറഞ്ഞുപോകുന്നത് സൂര്യാസ്തമയത്തോടൊപ്പം ദേശീയപതാകകള്‍ താഴുന്ന രോമാഞ്ചത്തോടെ ഞാന്‍ കണ്ടുനിന്നു. അവളെ കണ്ട് മതിയായിരുന്നില്ല.

വാഗയിലെ പതാക താഴ്ത്തല്‍ ചടങ്ങിന് മുന്നോടിയായുള്ള പരേഡ്
വാഗ അതിര്‍ത്തില്‍ ഇന്ത്യയുംപാകിസ്താനും തമ്മിലുള്ള അതിര്‍ത്തി സൈനിക അഭ്യാസം ലോക പ്രശസ്തമാണ്. ചലച്ചിത്രം, ഡോക്യുമെന്‍ററി, യാത്രാവിവരണം തുടങ്ങി എല്ലായിടത്തും ഈ ചടങ്ങ് മിഴിവേകി. നിരവധി രാജ്യാതിര്‍ത്തികളുള്ള ഇന്ത്യക്കും പാകിസ്താനും അവര്‍ തമ്മില്‍  പങ്കുവെക്കുന്ന ഏക  റാഡ്ക്ളിഫ് ലൈനിനെ മുറിച്ചുകടക്കുന്ന ഗ്രാന്‍ഡ് ട്രങ്ക് റോഡിലെ വാഗാ അതിര്‍ത്തിയിലെ കവാടം ഒരു പ്രത്യേക വികാരംതന്നെയാണ്. ഈ വികാരം ഏറ്റവും മികച്ച ടൂറിസ്റ്റ് വ്യാപാരവും ആയുധവ്യാപാരവുമായി മാറിയിരിക്കുന്നു. ലോകത്തെ ശ്രദ്ധേയമായ ശത്രുരാജ്യങ്ങള്‍ക്കിടയിലെ ഈ സൈനിക അഭ്യാസം നെഞ്ചിടിപ്പോടെ കാണാന്‍ ഇരു രാജ്യത്തെയും രണ്ടു ലക്ഷത്തോളം ജനങ്ങള്‍ എല്ലാ ദിവസവും എത്തിച്ചേരുന്നു എന്നതുതന്നെയാണ് ഈ വ്യവസായ വളര്‍ച്ച.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനാണ് അതിര്‍ത്തിയിലെ ബോര്‍ഡര്‍ റിട്രീവല്‍  ചടങ്ങ് ആരംഭിക്കുന്നത്. പതാക ഉയര്‍ത്താന്‍ രാവിലെ  ചടങ്ങുണ്ട്. വൈകുന്നേരത്തെ ചടങ്ങാണ് ശ്രദ്ധേയം. ഇതു കാണാന്‍ ആയിരങ്ങള്‍ ഒഴുകിയത്തെും. ചടങ്ങിനും ജവാന്മാര്‍ക്കും വീറും വാശിയും ഏറും. ഇരുവശത്തുനിന്നുള്ള ഗാലറികള്‍  ആടിയിളകും.  
ആലാപനവും ആര്‍പ്പുവിളിയും പരസ്പരം ഏറ്റുമുട്ടി മുഖരിതമാകും. എന്താണ് കേള്‍ക്കുന്നത് എന്നതല്ല വാഗയില്‍ പ്രശ്നം; എത്ര ഉച്ചത്തില്‍ എന്നതാണ്.  ലോകത്ത് ഏറ്റവും ഉച്ചത്തില്‍ ശബ്ദഘോഷമുള്ളത് വാഗയിലാണ് എന്ന് കേട്ടിട്ടുണ്ട്.
ഇന്ത്യയിലെയും പാകിസ്താനിലെയും ഏറ്റവും സുന്ദരന്മാരെയാണ് വാഗയിലേക്ക് തെരഞ്ഞെടുത്തത് എന്ന് തോന്നാം ഇവരുടെ മാര്‍ച്ചും സല്യൂട്ടും ചവിട്ടടിയും കണ്ടാല്‍. ആറടിയല്ല, ശരീരത്തിന്‍െറ നീളം ഏഴടിയാണ്. കവാടത്തില്‍ നിഷ്പക്ഷ ഭൂമി എന്നത് സെന്‍റിമീറ്ററുകള്‍ മാത്രമാണ്.  ഈ തുച്ഛമായ അകലത്തിലാണ് റേഞ്ചേഴ്സും  ബി.എസ്.എഫും തമ്മില്‍ സൈനികാഭ്യാസം നടത്തുന്നത്. അതിര്‍ത്തിയില്‍ റാഡ് ക്ളിഫ്ലൈനിനു ഇരുവശവുമുള്ള ഗേറ്റിനു പുറമെ ഏതാണ്ട് 100 മീറ്റര്‍ ഉള്‍ഭാഗത്തേക്ക് മാറി വേറെ രണ്ടു കവാടങ്ങളുണ്ട്. ഒരു കവാടത്തില്‍ മഹാത്മാ ഗാന്ധിയും പാക് കവാടത്തില്‍ മുഹമ്മദലി  ജിന്നയും മുഖത്തോടു മുഖം നോക്കിനില്‍ക്കുന്നു.   അഞ്ചുമണിക്ക് ദേശഭക്തിഗാനങ്ങള്‍ ഉയരുന്നതോടെ  ഗാലറികളില്‍ മയിലാട്ടം നടക്കും. പിന്നീട് ഇരുഭാഗത്തുനിന്നുള്ള ജവാന്മാരുടെ കിക്ക്, സ്റ്റാമ്പ് മാര്‍ച്ച് എന്നിവ തങ്ങളുടെ കരുത്തും വിദ്വേഷവും വികാരവും സൗന്ദര്യാത്മകമായി പ്രകടിപ്പിച്ച് ഒടുവില്‍ പരസ്പരം സല്യൂട്ടും ഹസ്തദാനവുമായി പര്യവസാനിക്കുന്നുവെന്നതും കാഴ്ചയാണ്.
ഈ രംഗം കഴിഞ്ഞാല്‍ അനുവദിക്കപ്പെടുന്നവര്‍ക്ക്  അതിര്‍ത്തി സ്പര്‍ശിക്കാനുള്ള അവസരമുണ്ട്. നീട്ടിയാല്‍ പരസ്പരം കൈകൊടുക്കാവുന്ന ദൂരത്താണ് എല്ലാവരും. എന്നാല്‍, ഭടന്മാര്‍ അത് അനുവദിക്കുന്നില്ല. കാരണം, അവര്‍ പറയുന്നു: 'കൈ കൊടുക്കുന്നതിന് എതിരല്ല. എന്നാല്‍, വലിയ ആള്‍ക്കൂട്ടത്തിനകത്തുനിന്ന് മറ്റു തരത്തിലുള്ള പ്രതികരണങ്ങള്‍ കൈമാറിയാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കും.'
ഗാലറികളില്‍ ഇരിക്കുന്ന ഇന്ത്യ-പാക് കാണികളുടെ മുഖം ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിയുടെ സഹായത്തോടെ കണ്ടു. പാക് ഗാലറിയിലേക്ക് കാമറ  പിടിച്ച് ബൈജു പകര്‍ത്തിയ ചിത്രങ്ങളിലും നമ്മുടെ പൗരന്മാരുടെ മുഖത്തും ഈ സമയത്ത് മാറിമറിയുന്ന ഭാവങ്ങള്‍ പലതാണ്. താഴിട്ട ചുണ്ടുകള്‍ക്കുള്ളില്‍ പിടയുന്ന വാക്കുകളുടെ പ്രളയം ഇരമ്പുന്ന കടല്‍ വാഗയിലെ ഗാലറികളില്‍ നമുക്ക് കാണാം.
 Ben  Doherty  എന്ന പത്രപ്രവര്‍ത്തകന്‍ സിഡ്നി മോണിങ് ഹെറാള്‍ഡില്‍ തന്‍െറ യാത്രാവിവരണത്തില്‍ Ritual dance between bitter brothers എന്ന്  മനോഹരമായി നിര്‍വചിച്ചിട്ടുണ്ട്  ഈ ചടങ്ങിനെ.  സൂര്യാസ്തമയത്തിലെ മയൂര നൃത്തം എന്നാണ് ലണ്ടന്‍ ആസ്ഥാനമായി എഴുതുന്ന  Frank Jacobs എന്ന എഴുത്തുകാരന്‍ പറഞ്ഞത.് കാക്കി യൂനിഫോമുള്ള ഇന്ത്യ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്‍െറയും കറുത്ത നിറമുള്ള പാക് റേഞ്ചേഴ്സിന്‍െറയും തലയില്‍ മയില്‍പ്പീലി വിടര്‍ത്തിയ നിലയിലെ കിരീടമാണുള്ളത്. ഇതാണ് ഇതിനെ മയൂരനൃത്തം എന്ന് വിശേഷിപ്പിക്കാന്‍ കാരണം.
2007 ആഗസ്റ്റ് 14ന്‍െറ ബുള്ളറ്റിനില്‍ ബി.ബി.സി ന്യൂസില്‍ പറഞ്ഞ Mixed feelings on India-Pakistan border എന്ന വികാരം ഇതായിരുന്നു.  ദക്ഷിണ കൊറിയന്‍ സഞ്ചാരി വാഗ കണ്ട ശേഷം അതിനെ  ഉത്തര-ദക്ഷിണ കൊറിയയുടെ അതിരുകളിലെ ജവാന്മാരുടെ രീതികളാണെന്ന് എഴുതിയിരുന്നു.
 മനോഹരിയായിരുന്നു വാഗ. 1947ലെ വിഭജനത്തില്‍ സ്ഥലം അളന്നു നല്‍കുമ്പോള്‍ ഈ പാടങ്ങളെയാണ് മുറിച്ചു വീതംവെച്ചത് എന്നും തോന്നും. ഇന്ത്യയിലെ വാഗയെ wagah എന്നും പാകിസ്താനിലെ വാഗയെ wahga എന്നുമാണ് പറയുന്നത്. എച്ച് എന്ന അക്ഷരത്തെ രണ്ടക്ഷരം മാറ്റി പ്രതിഷ്ഠിച്ചാണ് ഇന്ത്യയും പാകിസ്താനും വ്യത്യാസപ്പെടുത്തുന്നത് എന്ന കൗതുകം കൂടിയുണ്ട് പറയാന്‍. എന്‍െറ നമ്മുടെ എന്ന അര്‍ഥം വാഗക്കുണ്ട് എന്ന് പറയാറുണ്ട്.
രാജ്യാതിര്‍ത്തികള്‍ കമ്പിവേലികൊണ്ടാണ് വേര്‍തിരിച്ചിരിക്കുന്നത്. ഈ കമ്പിവേലികള്‍ക്ക് നടുവില്‍ ആര്‍ക്കും ഗോതമ്പുണക്കാന്‍ പോലും പാടില്ലാത്ത ഒന്നര മീറ്ററുള്ള സ്ഥലമുണ്ട്. 1947ലെ അധികാരക്കൈമാറ്റ സമയത്ത് ഇരു പക്ഷത്തുനിന്നുമുള്ള നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് സ്വന്തക്കാരെ നഷ്ടപ്പെട്ട നിരവധിപേര്‍ ഇന്നും വാഗയിലത്തൊറുണ്ട് എന്നാണ് അവിടെ കേട്ടത്.
-
 

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment