സന്മനസ്സിന്റെ 'അമ്മത്തൊട്ടിലുമായി' സാറാമ്മ
Posted on: 06 May 2014
തിരുവനന്തപുരം: കണ്ണുകള്‍ നഷ്ടപ്പെട്ടവര്‍, കാലുകളില്ലാത്തവര്‍, ദേഹം പുഴുത്തവര്‍. മനുഷ്യരല്ല, മിണ്ടാപ്രാണികള്‍. ഇവരെ കണ്ടാല്‍ സാറാമ്മയുടെ കണ്ണുകള്‍ നിറയും. ഈ മനസ്സലിവ് 'കണ്ടറിഞ്ഞ് ' വീട്ടുപടിക്കല്‍ ഇത്തരക്കാരെ ഉപേക്ഷിച്ച് കടന്നുകളയുന്നവര്‍ ഏറെ. ദൂരദേശങ്ങളില്‍നിന്ന് പോലും സാറാമ്മയുടെ വീട്ടുപടിക്കലെത്തി 'അമ്മത്തൊട്ടിലില്‍' ഓമനമൃഗങ്ങളെ ഉപേക്ഷിക്കുന്നവരുണ്ട്.
പേയാട് ബി.പി. നഗര്‍ ഷൈനി നിവാസില്‍ സാറാമ്മയുടെ വീട്ടിലിപ്പോള്‍ 93 പട്ടികളുണ്ട്. കഴിഞ്ഞ പേമാരിയിലും കാറ്റത്തും തെങ്ങുവീണ് രണ്ട് പട്ടികള്‍ ചത്തു. തെങ്ങ് മാറ്റാന്‍പോലും അഗ്നിശമനസേനാംഗങ്ങള്‍ ഇവിടെയെത്താന്‍ മടിച്ചു. കാരണം സാറാമ്മയുടെ ദീനരായ ആശ്രിതര്‍ പരത്തുന്ന ദുര്‍ഗന്ധമാണത്രെ.
രോഗാതുരമായ സ്വന്തം ജീവിതാവസ്ഥയിലും മിണ്ടാപ്രാണികളെ ഉപേക്ഷിക്കാന്‍ സാറാമ്മ തയ്യാറല്ല. തെരുവില്‍നിന്ന് ലഭിച്ച ഈ 'അനാഥര്‍ക്ക്' വിശന്നാല്‍ നൊന്തുപെറ്റ മകളെ പോലും സാറാമ്മ മറക്കും. അതിന് സാറാമ്മയുടെ ന്യായീകരണം ഇതാണ്. അവള്‍ക്ക് വിശന്നാല്‍ ആരോടെങ്കിലും ഭക്ഷണം ചോദിക്കാം. യാചിക്കുകയെങ്കിലും ചെയ്യാം. ഈ പാവങ്ങള്‍ വിശന്ന് നടന്നാല്‍ അവയെ കല്ലെറിഞ്ഞ് കൊല്ലുകയാണ് ആളുകള്‍. ഒരിറ്റ് വെള്ളത്തിന് വേണ്ടി പൈപ്പിനടുത്ത് ചെന്നാല്‍ തല്ലിക്കൊല്ലും.
തെരുവില്‍ ആളുകളുടെ കല്ലേറിലും അടിയിലും അവശരായവയും വാഹനങ്ങളിടിച്ച് മൃതാവസ്ഥയിലെത്തിയവയുമാണ് അന്തേവാസികളിലധികവും. വി.ഐ.പി. കളുടെയും ധനികരുടെയും വീടുകളില്‍ നിന്ന് പ്രായമേറുമ്പോള്‍ പുറംതള്ളപ്പെടുന്നവയുമുണ്ട്. വിദേശയിനം ബ്രീഡുകളില്‍പ്പെട്ട ചിലതിനെ വാങ്ങാന്‍ ആളുകള്‍ എത്താറുണ്ട്. പക്ഷേ സാറാമ്മ വില്‍ക്കില്ല.
ചെറിയ കാറ്റത്തുപോലും പൊളിഞ്ഞുവീഴാവുന്ന സാറാമ്മയുടെ കൂരയ്ക്ക് മുന്നില്‍ അര്‍ധരാത്രിയിലും മറ്റും നായ്ക്കളെ ഉപേക്ഷിച്ചശേഷം കടന്നുകളയുകയാണ് പലരും. ആ കുടിലിന് മുന്നിലെ തെങ്ങില്‍ കെട്ടിയിട്ടിട്ട് പോകുകയാണ് പതിവ്. ഇതാണത്രേ സാറാമ്മയുടെ 'അമ്മത്തൊട്ടില്‍'. ഇവരിവിടെ വൈറ്റിയും ഫ്രെസ്‌കയും വെളുമ്പനും പിയേഴ്‌സനും അങ്ങനെ സാറാമ്മയിടുന്ന പേരുകളില്‍ ജീവിക്കുന്നു. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്താണ് അനാഥരായ തെരുവുനായ്ക്കളെ സാറാമ്മ പോറ്റുന്നത്.
ഡീസലൊഴിച്ച് കത്തിക്കുന്ന വിളക്കാണ് രാത്രിയില്‍ ഈ കൂരയ്ക്കുള്ള വെട്ടം. കടുത്ത ആസ്മാരോഗിയായി കഴിഞ്ഞു ഇവര്‍. പണ്ട് സമ്പന്നതയില്‍ ജീവിച്ചിരുന്ന ഇവരിപ്പോള്‍ സഹോദരിയുടെ സ്ഥലത്താണ് കൂരെവച്ച് താമസിക്കുന്നത്. ബന്ധുക്കളും നാട്ടുകാരുമെല്ലാം തെരുവുനായ്ക്കള്‍ക്കായുള്ള ഈ സന്നദ്ധപ്രവര്‍ത്തനത്തിനെതിരാണ്. വീട്ടുമുറ്റത്തെ ദുര്‍ഗന്ധം വമിക്കുന്ന ചെളിവെള്ളമാണ് ഇവരുടെ ആശ്രയം. രോഗത്തിന്റെ അവശതയില്‍ ദൂരെ പോയി ശുദ്ധജലം കൊണ്ടുവരാന്‍ കഴിയില്ല.
എസ്.ബി.ടിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് ഇവരുടെ ആശ്രയം. എന്നാല്‍ പ്രതിദിനം ആയിരത്തിലേറെ രൂപയാണ് ഈ ജീവികള്‍ക്കായി െചലവിടേണ്ടി വരുന്നത്. ചില സന്നദ്ധസംഘടനകള്‍ ഇടയ്ക്കിടെ സഹായവുമായി എത്തുന്നതുകൊണ്ട് ഈ 'കുടുംബം' ജീവിച്ചുപോകുന്നു. ബി.എസ്സിക്ക് ഉയര്‍ന്ന മാര്‍ക്ക് നേടി പാസായ മകള്‍ ഷൈനി കൊച്ചുകൂരയിലുണ്ട്. ഭൂതകാലത്തെ സമ്പന്നതയെക്കുറിച്ച് ചോദിച്ചാല്‍ സാറാമ്മ ഒഴിഞ്ഞുമാറും. ''സ്വന്തം കോണ്ടസ്സ കാറോടിച്ചാണ് ഞാന്‍ മുമ്പ് പൊയ്‌ക്കൊണ്ടിരുന്നത്'' എന്ന വാചകത്തിലൊതുക്കും.
ജീവികളെ കൂരയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചിട്ട് ഓടേണ്ടെന്നാണ് സാറാമ്മയുടെ പക്ഷം. തന്റെ 9387825395 എന്ന ഫോണ്‍നമ്പറിലേയ്ക്ക് വിളിച്ചാല്‍ മതി. വന്ന് കൊണ്ട് പൊയ്‌ക്കൊള്ളാം. സാറാമ്മയ്ക് സര്‍ക്കാരിനോട് ഒരഭ്യര്‍ത്ഥനയുണ്ട്. തന്റെ കാലശേഷം ഈ അന്തേവാസികള്‍ അനാഥരാകരുത്. ഇവയ്ക്കും തനിക്കും കേറിക്കിടക്കാനൊരിടം. അതെങ്കിലും സാധിച്ചുതരണം.
No comments:
Post a Comment