ചില സ്ഥലത്തുവെച്ച് ചില നേതാക്കന്‍മാര്‍ പറയും: 'ചോദിക്ക്, ചോദിക്ക്'. ഞാന്‍ ചോദിക്കും: 'എന്ത് ചോദിക്കാന്‍?' 'വോട്ട്'.
ഇലക്ഷന് നിന്ന് ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ജയിക്കുമെന്ന് എനിക്ക് ഉറപ്പ് കിട്ടി. അത് ഇക്കാലംകൊണ്ട് പഠിച്ചെടുത്തതാണ്. ഒരാളെ കണ്ടുകഴിഞ്ഞാല്‍ ഇയാള് ചതിയനാണോ...കുഴപ്പക്കാരനാണോ...കലാകാരനാണോ...വെറുതെ അങ്ങനെ ആലോചിക്കും. എന്നിട്ട് ഒരു തീരുമാനത്തിലെത്തും. ഒരിക്കല്‍ ഒറ്റപ്പാലത്ത് ഷൂട്ടിങ്. കുറേ ആളുകള്‍ വരുന്നുണ്ട്. അതിലൊരാള്‍ തലയൊന്ന് ചെരിഞ്ഞ്... കാക്കയൊക്കെ ചെരിഞ്ഞ് നോക്കുന്നപോലെ. ഒരു കാലിലെ ഉപ്പൂറ്റി ഇത്തിരി പൊന്തിച്ച് വെച്ചിട്ടുണ്ട്. എതിര്‍ഭാഗത്ത് ഒരു ചെരിവുണ്ട്. ഞാന്‍ ജഗദീഷിനോട് ചോദിച്ചു.
''അയാള്‍ക്കെന്താ ജോലീന്ന് അറിയാമോ?''
''ഇല്ല. ഇന്നസെന്റ്‌ചേട്ടന് അയാളെ അറിയാമോ?''
''ഇല്ല. പക്ഷേ, അയാളെ കണ്ടിട്ട് ഒരു തടിപ്പണിക്കാരനാണെന്ന് തോന്നുന്നു.'' ചോദിച്ചുവന്നപ്പോള്‍ അത് ശരിയാണ്. സ്‌കൂളീ പഠിക്കുമ്പോഴേ എനിക്കീ മിടുക്കുണ്ട്. ആദ്യത്തെ ക്ലാസിലേ ഞാന്‍ കാര്യം പറയും. ''ഈ ടീച്ചര്‍ കുഴപ്പക്കാരിയാണ്... ഇത് പ്രശ്‌നമാണ്...നമ്മുടെ പരിപാടിയൊന്നും നടക്കില്ലാ...'' പിന്നീടാണ് അവര് യുദ്ധത്തിനുള്ള വെടിയായിട്ട് വരിക. ഇന്ന് ടി.വി. കാണുമ്പോഴും ഇതാണെന്റെ പരിപാടി. ഓരോ നേതാക്കന്മാര് വന്ന് പ്രസംഗിക്കും. മാര്‍ക്‌സിസ്റ്റുകാര്, കോണ്‍ഗ്രസ്‌കാര്, ബി.ജെ.പി.ക്കാര്.... ഓരോ ആള്‍ക്കാര് വരുമ്പോള്‍ ആ മുഖം ശ്രദ്ധിക്കും. ആ പറയുന്നത് നുണയാണല്ലോ... ആത്മാര്‍ഥമായി പറയുന്നത് ശരിയാണെന്നും തോന്നും. ചിലനേരം മൂന്ന് പേര് വന്ന് വാദിക്കില്ലേ. അതിനെന്താണ് പറയുക.''
സംവാദം....
''അതെ. സംവാദത്തില് അബദ്ധത്തില്‍ വന്ന് പെടുന്നവരുണ്ട്. ഒന്നുമറിയില്ല. പിന്നെ നുണമാത്രം പറയുന്ന കുറേ ആള്‍ക്കാരുണ്ട്. മര്യാദയില്ലെങ്കില്‍ അതുതന്നെ പറയുന്ന ആള്‍ക്കാരുണ്ട്. എന്നെ കാണുമ്പോള്‍ കൈ ഉയര്‍ത്തിയിട്ട് ഒരു നാണവും കൂടാതെ 'നിങ്ങള്‍ക്ക് ഞങ്ങളുടെ വോട്ട്' എന്ന് പറഞ്ഞ സ്ത്രീകളുണ്ട്. ആ മുഖത്ത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും അവരുടെ വോട്ട് എനിക്കാണെന്ന്. അങ്ങനെ ഞാന്‍ കണ്ടത് ലക്ഷം വോട്ടുകളാണ്. ഒരു ദിവസം 54 സ്ഥലത്ത് പ്രസംഗിച്ചിട്ടുണ്ട്. മൂന്ന് മിനുട്ടേയുള്ളൂ പ്രസംഗം. ഞാന്‍ പറയുന്നത് കേള്‍ക്കുമ്പോഴേ അവര്‍ക്ക് സത്യമാണെന്ന് മനസ്സിലാകും. ഞാന്‍ പറയും: ''ഒരു കാര്യം മനസ്സിലാക്കണം. ഞാനൊരു പ്രശസ്തിക്ക് വേണ്ടി വന്നതല്ല. പണമുണ്ടാക്കാനുമല്ല. അത്യാവശ്യം ജീവിക്കാനുള്ളതൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. എനിക്കിത്രയൊക്കെ മതി. എന്തിനാപ്പം ഇത്രയ്ക്ക് കാശ്? എത്രയോ വലിയ ആളുകളൊക്കെ മരിച്ചുപോയിട്ടുണ്ട്. അപ്പോള്‍ പണംകൊണ്ടുള്ള നേട്ടം എന്ന് പറയുന്നത് വലിയ കാര്യമൊന്നുമല്ല. എനിക്ക് ഒരു മകനേയുള്ളൂ. അവന്റെ കൈയിലും ജീവിക്കാനുള്ളത് ഉണ്ട്. ഇതിനിടയ്ക്കും അത്യാവശ്യം സിനിമയ്‌ക്കൊക്കെ പോകും. അല്ലെങ്കില്‍ കാശ് എന്റെ മുന്നില്‍ക്കൂടി പോകുമ്പോള്‍ കൈയിട്ട് എടുക്കാന്‍ തോന്നും. 15 വര്‍ഷം മുമ്പ് അസംബ്ലി ഇലക്ഷന് നില്‍ക്കാന്‍ പല പാര്‍ട്ടിക്കാരും ചോദിച്ചിട്ടുണ്ട്. അന്നൊക്കെ മാറിനില്‍ക്കാന്‍ ഒരു കാരണം ഇതാണ്. ജീവിക്കാനുള്ള പണം, വീട് ഒക്കെ ആകണം.
കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടുന്ന പണം ആള്‍ക്കാര്‍ക്ക് എത്തിക്കുക, കുറഞ്ഞ വിലയ്ക്ക് മരുന്ന് എത്തിക്കുക, പഞ്ചായത്ത് തോറും സൗജന്യ കാന്‍സര്‍ ടെസ്റ്റ് നടത്തുക... ഇതൊക്കെയാണ് ഇനിയെന്റെ സ്വപ്നം.
ഇക്കാര്യമൊക്കെ പാര്‍ലമെന്റില്‍ പോയി അവതരിപ്പിക്കാന്‍ ഭാഷ ഒരു പ്രശ്‌നമാകില്ലേ?
ഒരു സിനിമയില്‍ ആനയെ ഹിന്ദി പഠിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെയാകുമോയെന്നാണോ? മനസ്സിലായി, മനസ്സിലായി. ദാവണ്‍ഗരെയില്‍ ഉള്ള സമയത്ത് കന്നട കുറച്ച് പഠിച്ചു. മദ്രാസിലുള്ളപ്പോള്‍ തമിഴ് പഠിച്ചു. സ്‌കൂളീ പഠിക്കുന്ന കാലത്ത് എന്‍.സി.സി. മാഷുമാരായി പഞ്ചാബികള്‍ വരും. ആ മാഷുമാരോട് സംസാരിച്ച് കുറച്ചൊക്കെ ഹിന്ദിയറിയാം. വീടിനടുത്ത് കുറച്ച് ഹിന്ദിക്കാര് പണിക്കാരുണ്ടായിരുന്നു. അവരില്‍നിന്നും കിട്ടി കൊറച്ച് ഹിന്ദിയൊക്കെ. ഭാഗ്യത്തിന് ഇപ്പോള്‍ അറിഞ്ഞു, പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ പറയാനുമൊക്കെ സ്വന്തം ഭാഷ മതിയെന്ന്. തലേദിവസം നമ്മുടെ ചോദ്യം എഴുതിക്കൊടുത്താല്‍ മതി. അത് അതത് ഭാഷയിലാക്കിക്കൊടുത്തോളും. പതിനാറ് ഭാഷ പഠിച്ചിട്ടൊന്നും കാര്യമില്ല. നമ്മുടെ സ്വന്തം ഭാഷയില്‍ നമുക്ക് ബുദ്ധിയുണ്ടെങ്കി.... വിവരമുള്ള കാര്യമാണ് പറയുന്നതെങ്കില്‍ കുഴപ്പമില്ല. അല്ലെങ്കില്‍ ഏത് ഭാഷയിലും വിഡ്ഢിത്തം തന്നെ പറഞ്ഞുകൊണ്ടിരിക്കും.
താങ്കളുടെ വിജയം പലരേയും അസൂയപ്പെടുത്തുന്നുണ്ടാവാം?
ഉണ്ടാവാം. അതൊക്കെ മനുഷ്യസഹജമല്ലേ? ഒരിക്കല്‍ ദേശീയ അവാര്‍ഡിന്റെ വാര്‍ത്ത വരുന്നു. അവസാന റൗണ്ടില്‍ ഞാന്‍, അമിതാഭ് ബച്ചന്‍, മമ്മൂട്ടി. ഞാന്‍ ആലീസിനോട് പറഞ്ഞു: ''ഇത് നമുക്ക് കിട്ടുമോ ആലീസേ?'' കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ പോയി. പിന്നെ മമ്മൂട്ടിയായി. ആ സമയത്ത് എനിക്ക് തോന്നി, ഇത് അമിതാഭിന് കിട്ടിയാല്‍ മതിയായിരുന്നു. അല്പം കഴിഞ്ഞ് മമ്മൂട്ടിയും പോയി. ഞാന്‍ ആലോചിച്ചു. ഞാനെന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു? പിന്നെ ഉത്തരം കണ്ടെത്തി. 'ഇത്തരം കൊച്ചു കുശുമ്പുകളും കാര്യങ്ങളുമൊക്കെ ചേര്‍ന്നതാണ് മനുഷ്യന്‍.' ഇക്കാര്യം ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി പറഞ്ഞു, ഇങ്ങനെ തുറന്നുപറയാന്‍ ഇന്നസെന്റിനേ പറ്റൂവെന്ന്.
പ്രചാരണത്തിനിടയിലും ഇത്തരം തുറന്നുപറച്ചിലിലൂടെ ജനങ്ങളെ കൈയിലെടുത്തോ?
എനിക്ക് നിങ്ങള്‍ വോട്ട് ചെയ്യണമെന്ന് പല സ്ഥലത്തും ഞാന്‍ പറഞ്ഞിട്ടില്ല. ചില സ്ഥലത്തുവെച്ച് നേതാക്കന്മാര്‍ പറയും: ''ചോദിക്ക്... ചോദിക്ക്...'' ഞാന്‍ ചോദിക്കും: ''എന്ത് ചോദിക്കാന്‍?''
''വോട്ട്.''അതിന് അതേ ടോണില്‍ മൈക്കിലൂടെ ഞാന്‍ ചോദിക്കും: ''പിന്നെ വോട്ട് ചോദിക്കാനല്ലാതെ എന്റെ മകന്റെ കല്യാണം വിളിക്കാനാണ് ഞാന്‍ വന്നതെന്ന് വിചാരിക്കുമോ ഇവര്‍.'' അത് കേള്‍ക്കുമ്പോള്‍ അവര്‍ കൈയടിക്കും. അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ അവര്‍ക്കുണ്ട്.
ചില പെണ്ണുങ്ങള്‍ പറയുന്നത് കേള്‍ക്കാം. ''ഭാനൂ, നമ്മള്‍ സിനിമയില്‍ കാണുന്നതുപോലെയല്ല നമ്മുടെ ഇന്നസെന്റ് ചേട്ടന്‍. നേരിട്ട് കാണുമ്പോള്‍ സുന്ദരനാണ്.'' ഈ പറഞ്ഞത് ഞാന്‍ മൈക്കിലൂടെ പറയും. ഇത് കേള്‍ക്കുമ്പോള്‍ വലിയ ആരവമാണ്. നടീനടന്മാരെ കാണുമ്പോള്‍ പലരും ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. എനിക്കും ജനങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ ഉത്സാഹം തോന്നും. ചിലര്‍ മൈക്കിലൂടെ വിളിച്ചുപറയും. ''ചാലക്കുടിയുടെ മണിമുത്തേ.'' എന്നെയാണ് പറയുന്നത്. ചിലര് വന്ന് സങ്കടം പറയും. ''വെള്ളമില്ല...'' ഞാന്‍ അവരുടെ കൈയില്‍ പിടിച്ച് പറയും. ''ഞാനെല്ലാം ചെയ്യാം.'' ഇപ്പോള്‍ രാത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ ആലോചിക്കും. ''ഞാന്‍ പറഞ്ഞ വാഗ്ദാനമൊക്കെ കള്ളത്തരമാകുമോ. നടന്നില്ലെങ്കില്‍ അഞ്ചു കൊല്ലം കഴിയുമ്പോള്‍ ഞാനൊരു കള്ളനാകില്ലേ.'' രാഷ്ട്രീയക്കാരുടെ മനസ്സ് അത്ര അലിയേണ്ട കാര്യമില്ലല്ലോ. കാലങ്ങള്‍ കഴിയുമ്പോള്‍ ഞാനും ഇങ്ങനെയൊക്കെ ആകുമോ. അങ്ങനെ ഞാന്‍ ആകാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ഥിക്കണമെന്നാണ് ആഗ്രഹം.
No comments:
Post a Comment