Wednesday 28 May 2014

[www.keralites.net] ചില ദാമ്പത്യഫലിതങ് ങള്‍

 

ചില ദാമ്പത്യഫലിതങ്ങള്‍

 

പുനര്‍ജന്മം

രാമന്റെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടുപോകുകയാണ്. ശ്മശാനം കുറച്ചകലെയായിരുന്നു. ഇതുപോലെ വാഹനങ്ങളൊന്നുമില്ലാത്ത കാലമാണത്. മൃതദേഹം ഒരു മഞ്ചലില്‍ കയറ്റി നാലുപേര്‍ ചുമന്നാണ് ശ്മശാനത്തിലേക്കു പോകുന്നത്. ശവസംസ്‌കാരത്തിനു കൂടാന്‍ കുറേപേര്‍ ഒരു ജാഥപോലെ മഞ്ചലിനൊപ്പമുണ്ട്.
ഭഗവതിക്കാവിന്റെ അരികിലൂടെ വേണം ശ്മശാനത്തിലെത്താന്‍, ധാരാളം ആല്‍വൃക്ഷങ്ങളുള്ള സ്ഥലമായിരുന്നു അത്. മൃതദേഹം വഹിച്ച് ആ വഴിയിലെത്തിയപ്പോള്‍ മഞ്ചല്‍ ചുമന്ന ഒരാള്‍ ആല്‍വൃക്ഷത്തിന്റെ വേരു തടഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തില്‍ മഞ്ചലിലുള്ള മൃതദേഹം തെറിച്ചുപോയി. മഞ്ചലില്‍നിന്നു തെറിച്ചുവീണ മൃതദേഹം ചെറുതായി അനങ്ങുന്നതുപോലെ ആരോകണ്ടു. ഉടനെ വൈദ്യനെ വരുത്തി. ശുശ്രൂഷ തുടങ്ങി. പതിയെ ആ സ്ത്രീ സുഖംപ്രാപിച്ചു. പിന്നീട് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍കൂടി രാമന്റെ ഭാര്യ ജീവിച്ചു. അതുകഴിഞ്ഞ് ഒരു ദിവസം സ്വാഭാവികമായി അവര്‍ മരിച്ചു.
മൃതദേഹം സംസ്‌കരിക്കുന്നതിനായി ദൂരെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയാണ്. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞിട്ടും ശ്മശാനത്തിലേക്കുള്ള ആ വഴിക്കൊന്നും യാതൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. നാലുപേര്‍ ചുമന്നു നീങ്ങുന്ന മഞ്ചലില്‍ത്തന്നെയായിരുന്നു മൃതദേഹം കൊണ്ടുപോയത്.
ശവഘോഷയാത്ര ഭഗവതിക്കാവിന്റെയരികിലെത്തിയപ്പോള്‍ പിറകില്‍നിന്ന് രാമന്‍ വിളിച്ചു പറഞ്ഞു: 'ശ്രദ്ധിക്കണേ! അവിടെ ആലിന്റെ വേരുണ്ട്!'

വിശ്വാസം


ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള ആവേശമായിരുന്നു മനസ്സു നിറയെ.
എന്നാല്‍ ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു. അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ 'എടീ' എന്ന് അലറി വിളിച്ചു.
തെല്ലുനേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവുണ്ട് നില്ക്കുന്നു. പെട്ടെന്നുണ്ടായ പരിഭ്രമം മറച്ച് സന്തോഷമഭിനയിച്ചുകൊണ്ട് ഭാര്യ അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ആ ചെരിപ്പ് ആരുടേതാണെന്ന് അയാള്‍ ചോദിച്ചു. ഭാര്യ പറഞ്ഞു: 'ചേട്ടന്‍ മറന്നോ, ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസം ഒരു ജോഡി ചെരിപ്പു വാങ്ങിയത്? അത് വളരെ വലിപ്പം കൂടിയെന്നു പറഞ്ഞ് ചേട്ടന്‍ ഇവിടെയിട്ടു പോയതല്ലേ? ഓര്‍ക്കുന്നില്ലേ?'
എത്രയാലോചിച്ചിട്ടും അങ്ങനെയൊരു സംഗതി ഓര്‍ത്തെടുക്കാന്‍ ബേബിക്കായില്ല. പിന്നെ, ഭാര്യയെ കണ്ട സന്തോഷത്തില്‍ തനിക്കാ കാര്യം മറന്നു പോയതായിരിക്കുമെന്ന് കരുതി അയാള്‍ അകത്തേക്ക് കയറി.
അപ്പോള്‍ കോലായിലുള്ള ടീപ്പോയില്‍ ചായ കുടിച്ചുവെച്ച രണ്ടു കപ്പുകള്‍ ബേബി കണ്ടു. അയാള്‍ക്ക് വീണ്ടും സംശയമുണ്ടായി.
ബേബി: 'ഇതാരാണെടീ രണ്ടു പേര്‍ ചായ കുടിച്ചത്?'
ഭാര്യ: 'ഓ, അതും ചേട്ടന്‍ മറന്നോ? മൂന്നു കൊല്ലം മുന്‍പ് ചേട്ടന്‍ പോകുമ്പോള്‍ നമ്മള്‍ രണ്ടുപേരുംകൂടി ചായകുടിച്ചത് ഓര്‍മയില്ലേ? ആ സുന്ദര നിമിഷം എപ്പോഴും ഓര്‍മിക്കാന്‍ ഞാന്‍ ആ കപ്പുകള്‍ അങ്ങനെ തന്നെ വെച്ചതാണ്.'
ഭാര്യയെ കണ്ടതിന്റെ ആവേശത്തില്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. താന്‍ ആ കാര്യം മറന്നുപോയതാകുമെന്നു കരുതി.
അകത്തെത്തിയപ്പോള്‍ ആഷ്‌ട്രേയില്‍ ഒരു സിഗരറ്റു കുറ്റി കണ്ടു.
'ആരാണെടീ ഇവിടെ സിഗരറ്റു വലിക്കുന്നത്?' ബേബി ദേഷ്യത്തോടെ ചോദിച്ചു.
പരിഭ്രമത്തോടെ ഭാര്യ പറഞ്ഞു: 'ങാ! ചേട്ടന്‍ അതും മറന്നോ! മൂന്നുവര്‍ഷം മുന്‍പ് പോകുമ്പോള്‍ ചേട്ടന്‍ അവസാനമായി വലിച്ച സിഗരറ്റ് കുറ്റിയല്ലേ അത്? ഞാന്‍ ചേട്ടന്റെ ഓര്‍മയ്ക്കുവേണ്ടി അതുപോലെ അവിടെ സൂക്ഷിച്ചു വെച്ചതല്ലെ...'
അതു താന്‍ വലിക്കാറുള്ള ബ്രാന്റ് സിഗരറ്റല്ല എന്നു ബേബിക്കു മനസ്സിലായെങ്കിലും ആ നേരത്ത് ഭാര്യ പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. കാരണം, ഗള്‍ഫിലേക്ക് പോകുന്ന തിരക്കിനിടയില്‍ ഒരു പക്ഷേ താന്‍ ബ്രാന്‍ഡുമാറി സിഗരറ്റ് വാങ്ങി വലിച്ചു പോയതാകും.
പക്ഷേ, കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'
അങ്കലാപ്പിലായിപ്പോയ ഭാര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു: 'ഇതു നല്ല കൂത്ത്! ചേട്ടനല്ലേ അന്നു ഗള്‍ഫില്‍ പോകുന്ന ദിവസം കുറേ ജോഡി വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു വന്നത്? അതില്‍ ഈ ജോഡി വലിപ്പം കൂടിപ്പോയെന്നും ഇനി അതു കൊണ്ടുപോയി മാറ്റി വാങ്ങാന്‍ നേരമില്ലെന്നും പറഞ്ഞ് ഇതവിടെ തൂക്കിയിട്ടത് ഓര്‍മയില്ലേ? ചേട്ടന്റെ ഓര്‍മയ്ക്കു വേണ്ടി ഞാനത് അവിടെ നിന്നും എടുത്തതേയില്ല.'
ഭാര്യ പറയുന്ന ആ കാര്യം ബേബിക്ക് ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. പക്ഷേ, തന്റെ ഓര്‍മശക്തി ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്ന് അയാള്‍ക്കറിയാം. ഭാര്യ പറയുന്നത് ശരിയായിരിക്കാം. പ്രേമത്തോടെ അവളെ നോക്കിക്കൊണ്ട്, അവള്‍ പറഞ്ഞ കാര്യം തനിക്ക് ഓര്‍മ വന്നെന്ന മട്ടില്‍ അയാള്‍ പറഞ്ഞു 'ങാ ഉവ്വ്... ഞാനോര്‍ക്കുന്നു.'
പക്ഷേ, കിടപ്പുമുറിയിലെ വലിയ അലമാര തുറന്ന ബേബി തരിച്ചുനിന്നുപോയി!
അലമാരയ്ക്കുള്ളിലുണ്ട് വലിയ ശരീരമുള്ള ഒരു അപരിചിതന്‍ നില്ക്കുന്നു.
'ആരാണെടാ താന്‍ റാസ്‌കല്‍?' ബേബി അയാളോട് അലറി.
എന്നാല്‍ വളരെ ശാന്തനായി ആ അപരിചിതന്‍ ബേബിയോട്
ചോദിച്ചു: 'ഇത്രനേരവും താങ്കളുടെ ഭാര്യ പറഞ്ഞതെല്ലാം താങ്കള്‍ വിശ്വസിച്ചില്ലേ?'
ബേബി: 'ഉവ്വ്.'
പെട്ടെന്ന് ഭാവം മാറ്റി, വിനീതനായി തൊഴുകൈയോടെ അപരിചിതന്‍ പറഞ്ഞു: 'എന്നാല്‍ ഞാനീ പറയുന്നതു കൂടിയൊന്നു വിശ്വസിക്കൂ സാര്‍, ഞാന്‍ സത്യമായിട്ടും കൂത്താട്ടുകുളത്തിനുള്ള ബസ്സ് കാത്തു നില്ക്കുകയാണ്.'

മെട്രോ ദാമ്പത്യം


ഒരു പ്രഭാതത്തില്‍ ഇന്ത്യയിലെ ഒരു മെട്രോ നഗരത്തിലെ ഫ്ലറ്റില്‍ ദമ്പതികളുടെ സംസാരം.
ഭര്‍ത്താവ്: 'ഏയ് ഹണി! ഇന്നു നമുക്ക് ജോലിക്കു പോകാതെ ഒന്നു പുറത്തുപോയി കറങ്ങിയാലോ?'
ഭാര്യ: 'ഗുഡ് ഐഡിയ! ഞാനിപ്പോള്‍ത്തന്നെ ലീവു വിളിച്ചു പറഞ്ഞേക്കട്ടെ.'
ഭര്‍ത്താവ്: 'ശരി, എന്നാല്‍ റെഡിയായിക്കൊള്ളൂ. പിന്നൊരു കാര്യം, രാത്രിയില്‍ ആദ്യം ഇവിടെ തിരിച്ചെത്തുന്നതു നീയാണെങ്കില്‍ മുന്‍വശത്തെ ലൈറ്റ് ഓണ്‍ ചെയ്തിട്ടേക്കണം.'

അപകടം


ദേഹത്ത് കാര്യമായ പരിക്കുകളോടെ ഒരാളെ കുറേപേര്‍ ചേര്‍ന്ന് ഹോസ്​പിറ്റലിലെത്തിച്ചു.
അയാളോട് ഡ്യൂട്ടി ഡോക്ടര്‍: പേരുപറയൂ-
'സുഗുണന്‍' അവശതയോടെ അയാളുടെ മറുപടി.
'വയസ്സെത്രയായി?'
'മുപ്പത്.'
'വിവാഹിതനാണോ?'
'അല്ല സാര്‍, റോഡിലൂടെ നടക്കുമ്പോള്‍ ബൈക്ക് തട്ടിയതാണ്.'

ഗള്‍ഫില്‍നിന്നുള്ള കത്ത്


ഗള്‍ഫില്‍ ജോലിതേടിപ്പോയ സുകുമാരന് കാര്യമായ ജോലിയൊന്നും അവിടെ ലഭിച്ചില്ല. വല്ലപ്പോഴും ഓരോ ജോലികള്‍ കിട്ടുന്നതുകൊണ്ട് തട്ടിമുട്ടിക്കഴിയുകയാണയാള്‍. അതുകൊണ്ടുതന്നെ ഭാര്യയ്ക്ക് കുറച്ചു പണമെങ്കിലും അയച്ചുകൊടുക്കാന്‍ അയാള്‍ക്കു കഴിയാറില്ല. പക്ഷേ, ഇടയ്ക്കിടയ്ക്ക് അയാള്‍ ഭാര്യയ്ക്ക് എഴുത്തുകളയയ്ക്കും. കൂടെ 'നൂറു ചുടുചുംബനങ്ങള്‍' അല്ലെങ്കില്‍ 'ഇരുനൂറു ചുടുചുംബനങ്ങള്‍' എന്നിങ്ങനെയുമുണ്ടാകും. ഇങ്ങനെ കുറേ ചുംബനങ്ങള്‍ മാത്രമായപ്പോള്‍ ഒരിക്കല്‍ സുകുമാരന് ഭാര്യ മറുപടിയയച്ചു:
'അയച്ച കത്തും ചുടുചുംബനങ്ങളും കിട്ടി. ഇന്നലെ കിട്ടിയ ഇരുനൂറു ചുടുചുംബനങ്ങളില്‍നിന്ന് അമ്പതെണ്ണം പാല്‍ക്കാരനും എഴുപത്തിയഞ്ചെണ്ണം പലചരക്കു കടക്കാരനും ഇരുപത്തിയഞ്ചെണ്ണം പത്രക്കാരനും കൊടുത്തു. ഇനിയും ചില ആവശ്യങ്ങളുണ്ട്, കുറച്ചുകൂടി ചുടുചുംബനങ്ങള്‍ ഉടനെ അയയ്ക്കുമല്ലോ...'
മാതൃകാ ദാമ്പത്യം
ടെലിവിഷന്‍ ചാനലിലെ മാതൃകാദമ്പതികള്‍ എന്ന പരിപാടിയുടെ സമ്മാനവിതരണദിവസം, തിരഞ്ഞെടുക്കപ്പെട്ട ഭാര്യാഭര്‍ത്താക്കന്മാരില്‍ ഭാര്യമാത്രം സമ്മാനം വാങ്ങാന്‍ എത്തിച്ചേര്‍ന്നതുകണ്ട് പരിപാടിയുടെ പ്രൊഡ്യൂസര്‍: എവിടെപ്പോയി നിങ്ങടെ ആ മാതൃകാ ഭര്‍ത്താവ്?
സ്ത്രീ: ഓ, ഞങ്ങളങ്ങ് ഡൈവോഴ്‌സ് ചെയ്തു. സമ്മാനം വാങ്ങാന്‍ അതിയാന്‍ എത്തിയിട്ടുണ്ടോ എന്ന് അറിയത്തില്ല.

മാതൃകാപുരുഷന്‍


തെരുവില്‍വെച്ച് ഒരുത്തന്‍ അനിലിനോട് ഒരു രൂപ ഭിക്ഷ ചോദിച്ചു. എത്രയോ ദിവസമായി കുളിക്കാത്ത, മുഷിഞ്ഞുനാറിയ വസ്ത്രം ധരിച്ച, താടിയും മുടിയും നീട്ടിവളര്‍ത്തിയ വൃത്തികെട്ട ഒരു ചെറുപ്പക്കാരനായിരുന്നു അത്.
അനില്‍ ആ വൃത്തികെട്ട ചെറുപ്പക്കാരനോട് ചോദിച്ചു: 'നീ മദ്യപിക്കുമോ?'
'ഇല്ല' ചെറുപ്പക്കാരന്‍ പറഞ്ഞു.

'ബീഡിവലിക്കുമോ?'
'ഇല്ല.'
'ചീട്ടുകളിക്കുമോ?'
'ഇല്ല.'
ഒരു രൂപ ചോദിച്ച ആ ചെറുപ്പക്കാരന് അഞ്ചുരൂപ കൊടുത്തുകൊണ്ട് അനില്‍ ചോദിച്ചു: 'നിനക്കെന്റെ കൂടെയൊന്ന് വീടുവരെ വരാമോ? എങ്കില്‍ നിനക്കു ഞാന്‍ അഞ്ചുരൂപ അധികം തരാം.'
ചെറുപ്പക്കാരന്‍ സമ്മതിച്ചു.
അനില്‍ അവനേയും കൂട്ടി വീട്ടിലെത്തി. ആ വൃത്തികെട്ട, നാറുന്ന സത്വത്തെ കണ്ട ഭാര്യ അനിലിനെ മാറ്റിനിര്‍ത്തി ചോദിച്ചു: 'ഇതെന്തിനാ ഈ സാധനത്തിനെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നത്? നിങ്ങക്കെന്താ തലയ്ക്ക് ഓളമുണ്ടോ?'
'നീ പറയാറുള്ള മാതൃകാപുരുഷന്‍ എങ്ങിനെയിരിക്കുമെന്ന് കണ്ടോളൂ' അനില്‍ മറുപടി പറഞ്ഞു 'ഇവന്‍ കുടിക്കില്ല, ബീഡിവലിക്കില്ല, ചീട്ടുകളിക്കില്ല.'

പതിവ്രത


ഭാര്യയെ ഒന്നമ്പരപ്പിക്കാനായി ഗള്‍ഫില്‍നിന്നും യാതൊരറിയിപ്പുമില്ലാതെ അതിരാവിലെ സഹദേവന്‍ വീട്ടിലെത്തി.
ഭാര്യ അടുക്കളയിലായിരുന്നു.
പതുക്കെ, ശബ്ദമുണ്ടാക്കാതെ അടുക്കളയിലെത്തിയ സഹദേവന്‍, ഭാര്യയുടെ പിന്നില്‍ച്ചെന്ന് കണ്ണുപൊത്തിപ്പിടിച്ചു. എന്നിട്ടു ശബ്ദം മാറ്റിപറഞ്ഞു: 'പറ, ഞാനാരെന്ന്'
ഉടനെ ഭാര്യ പറഞ്ഞു: 'പാല്‍ക്കാരന്‍ സോമേട്ടന്‍' പെട്ടെന്ന് ദേഷ്യം പിടിച്ച ഭര്‍ത്താവ് അന്താളിപ്പോടെ ചോദിച്ചുപോയി: 'ങേ?'
ഉടനെ ഭാര്യ പറഞ്ഞു: 'സോമേട്ടനല്ലെങ്കില്‍ പത്രമിടാന്‍ വരുന്ന നൗഫല്‍.'
ഇപ്പോള്‍ ദേഷ്യംകൊണ്ട് ശരിക്കും ഒരു മുരള്‍ച്ചയാണ് സഹദേവന്റെ ഉള്ളില്‍നിന്നുമുണ്ടായത്. അതു കേട്ടപ്പോള്‍ ഉത്സാഹത്തോടെ ഭാര്യ പറഞ്ഞു: 'പിടികിട്ടി പിടികിട്ടി, ഇന്നു വ്യാഴാഴ്ച, അപ്പോള്‍ ആഴ്ചപ്പിരിവിന് വരുന്ന അണ്ണാച്ചി.'

(ഫാമിലി ജോക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്)

 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment