എന്താണ് ആര്‍ട്ടിക്കിള്‍ 370
ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ 'താല്‍കാലിക വ്യവസ്ഥയാണ്' ആര്‍ട്ടിക്കിള്‍ 370.
താല്‍കാലികവും, പ്രത്യേകവും, മാറ്റത്തിനു വിധേയവുമായ വ്യവസ്ഥകള്‍ പ്രതിപാദിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 21ാം ഖണ്ഡം ജമ്മുകശ്മീരിന് പ്രത്യേക പദവിയാണ് നല്കുന്നത്. ഇതര സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഭരണഘടനയുടെ മുഴുവന്‍ വ്യവസ്ഥകളും കശ്മീരിന് ബാധകമല്ല. ഉദാഹരണത്തിന് 1965വരെ ജമ്മുകശ്മീരിന് ഗവര്‍ണര്‍ക്ക് പകരം സദ്റെ-രിയാസതും മുഖ്യമന്ത്രിക്ക് പകരം പ്രധാനമന്ത്രിയുമാണുണ്ടായിരുന്നത്.
ഭരണഘടനയുടെ ഈ അനുബന്ധം പ്രകാരം പ്രതിരോധം, വിദേശകാര്യം, ധനം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളുടെ കീഴില്‍ വരാത്ത നിയമങ്ങള്‍ ജമ്മുകശ്മീരില്‍ നടപ്പാക്കുന്നതിന് പാര്‍ലമെന്റിന് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വേണം. പൌരത്വം, സ്വത്തവകാശം, മൌലികാവകാശങ്ങള്‍ തുടങ്ങിയവ പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായ നിയമ വ്യവസ്ഥക്ക് കീഴിലാണ് ജമ്മുകശ്മീരിലെ ജനങ്ങള്‍ ജീവിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് ജമ്മുകശ്മീരില്‍ ഭൂമിയോ സ്വത്തുക്കളോ വാങ്ങാനാവില്ല. യുദ്ധമോ പുറത്തു നിന്നുള്ള മറ്റു അസ്വാരസ്യങ്ങളോ ഉണ്ടാവുന്ന സാഹചര്യങ്ങളിലല്ലാതെ ആര്‍ട്ടിക്കിള്‍ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥ ജമ്മുകശ്മീരില്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാറിനാവില്ല. ആഭ്യന്തര പ്രശ്നങ്ങള്‍ എത്രതന്നെ രൂക്ഷമായാലും സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അപേക്ഷയോ സമ്മതമോ കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറില്ല.
ജവഹര്‍ലാല്‍ നെഹ്‍റുവിന്റെയും മഹാരാജാ ഹരിസിംഗിന്റെയും നിര്‍ദേശപ്രകാരം 1947ല്‍ ശൈഖ് അബ്ദുല്ലയാണ് ആര്‍ട്ടിക്കിള്‍ 370ന്റെ കരടുരൂപം തയ്യാറാക്കിയത്. എന്നാല്‍ ഇത് ഭരണഘടനയുടെ താല്‍കാലിക വ്യവസ്ഥകളില്‍ പെടുത്തുന്നതിനെതിരായിരുന്നു ശൈഖ് അബ്ദുല്ല. ഒരു സാഹചര്യത്തിലും മാറ്റാനാവാത്ത സ്ഥിരമായ സ്വയം ഭരണമായിരുന്നു ശൈഖ് അബ്ദുല്ലയുടെ ആവശ്യം. എന്നാല്‍ കേന്ദ്രം ഇതിനോട് യോജിച്ചില്ല.
എന്തിനാണ് ഈ അനുബന്ധം ഭരണഘടനയില്‍ 'തിരുകികയറ്റിയിരിക്കുന്നതെന്ന്' 1949 ഒക്ടോബര്‍ 17ന് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ കവിയും ചിന്തകനുമായ ഹസ്രത്ത് മൊഹാനി ചോദിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370ന്റെ ശില്‍പികളിലൊരാലും നെഹ്റുവിന്റെ വിശ്വസ്തനുമായ ഗോപാലസ്വാമി അയ്യങ്കാര്‍ ആണ് മഹാകവിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത്. മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കശ്മീര്‍ ഇനിയും ഉദ്ഗ്രഥനത്തിന് പാകമായിട്ടില്ലെന്നായിരുന്നു അയ്യങ്കാര്‍ മറുപടി പറഞ്ഞത്. കശ്മീരിനെ ചൊല്ലി ഇന്ത്യ പാകിസ്താനുമായി യുദ്ധം ചെയ്തിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ പലഭാഗങ്ങളും ഇപ്പോഴും വിമതരുടെയും ശത്രുക്കളുടെയും കൈയിലാണെന്നും അയ്യങ്കാര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിലെ ജനങ്ങളുടെ താല്‍പര്യമാണ് സംസ്ഥാനത്തിന്റെ ഭരണഘടനയും സംസ്ഥാനത്ത് കേന്ദ്ര ഇടപെടലിന്റെ പരിധിയും നിര്‍ണയിക്കേണ്ടതെന്നുമായിരുന്നു അയ്യങ്കാരുടെ ഭാഷ്യം. മറ്റു സംസ്ഥാനങ്ങളെ പോലെ ജമ്മു കശ്മീരും ഇന്ത്യന്‍ യൂണിയനുമായി പരിപൂര്‍ണ്ണമായ ഉദ്ഗ്രഥിക്കാനുള്ള സാഹചര്യം താത്വികമായി നിലനില്‍കുന്നതു കൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370നെ ഭരണഘടനയുടെ താല്‍കാലിക വ്യവസ്ഥകളില്‍ പെടുത്തിയിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ സമാധാനം നിലവില്‍ വരുമ്പോള്‍ മാത്രമേ ഇത് സാധ്യമാവുമെന്ന് മാത്രം.
ആര്‍ട്ടിക്കിള്‍ 370ന്റെ ചരിത്രത്തിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ഇപ്പോള്‍ നിലവിലുള്ള അനുബന്ധം പഴയ ആര്‍ട്ടിക്കിള്‍ 370ന്റെ നിഴല്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ പറ്റും. 1950ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറും 1952ലെ ഡല്‍ഹി കരാറും കേന്ദ്ര-സംസ്ഥാന ബന്ധത്തെ പുനര്‍നിര്‍ണ്ണയിച്ചു. അതിനു ശേഷമുള്ള പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറുകളുടെ പരമ്പര ഒട്ടുമിക്ക കേന്ദ്ര നിയമങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്ഥിതിവിശേഷമുണ്ടാക്കി. അധികാരപരിധിയില്‍ ജമ്മു കശ്മീരില്ലാത്ത ഒരു ഭരണഘടനാ സ്ഥാപനവും ഇന്ന് ഇന്ത്യന്‍ റിപബ്ലിക്കിലില്ലെന്നതാണ് പരമാര്‍ഥം. സംസ്ഥാനത്തെ സ്ഥിരതാമസക്കാരെയും അവരുടെ അവകാശങ്ങളെയും കുറിച്ചുള്ള അനുബന്ധങ്ങളും ആഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് വിലങ്ങുനില്‍കുന്ന അനുബന്ധവും മാത്രമാണ് ഇതിനപവാദം. സംസ്ഥാനത്തിന്റെ പേരും അതിരുകളും സംസ്ഥാന നിയമസഭയുടെ അനുമതി കൂടാതെ മാറ്റാന്‍ പറ്റില്ലെന്ന നിയമവും പഴയ ആര്‍ട്ടിക്കിള്‍ 370ന്റെ ഭാഗമായി ഇപ്പോഴും നിലനില്‍കുന്നുണ്ട്. ജമ്മുകശ്മീര്‍ പറ്റുന്ന അനര്‍ഹമായ ഔദാര്യമായി ഇതിനെ കാണാതിരിക്കലാണ് ഉചിതം. ആര്‍ട്ടിക്കിള്‍ 371ന്റെയും ആര്‍ട്ടിക്കിള്‍ 371-എ, ആര്‍ട്ടിക്കിള്‍ 371-1 എന്നിവയുടെ കീഴില്‍ നിരവധി സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനയില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉള്ള കാര്യം മറക്കരുത്.
ഏകപക്ഷീയമായി ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കാനാവുമോ എന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ചോദ്യം. സംസ്ഥാന നിയമസഭയുടെ ശിപാര്‍ശയുണ്ടെങ്കില്‍ മാത്രമേ പ്രസിഡന്റിന് ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതായി പ്രഖ്യാപിക്കാനാവൂ. നിയമസഭ വിളിച്ചുകൂട്ടി രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയാലേ അതിനാവുമെന്ന് ചുരുക്കം. ഭരണഘടന ഭേദഗതി ചെയ്ത് ഈ വ്യവസ്ഥ മാറ്റാന്‍ പാര്‍ലമെന്റിനായേക്കും. എന്നാല്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നാല്‍ ജുഡീഷ്യല്‍ ഇടപെടലിനുള്ള സാധ്യത വളരെ കൂടുതലാണ്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന ശിലയാണിതെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ നീക്കം റദ്ധാക്കാനുള്ള സാധ്യതയും വളരെ ഉയര്‍ന്നതാണ്.
ആര്‍ട്ടിക്കിള്‍ 370 ല്‍ ലിംഗ അസമത്വമുണ്ടോ എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ചോദ്യം. ഈ സംശയവും അസ്ഥാനത്താണ്.അതേ സമയം സംസ്ഥാന ഭരണഘടനയില്‍ സ്ഥിരതാമസക്കാരുടെ നിര്‍വചനം വിവേചനപരമാണെന്ന ആക്ഷേപമുണ്ടായിരുന്നു. രാജഭരണക്കാലത്തെ 1927ലെയും 1932ലെയും വിജ്ഞാപനത്തിന്റെ ചുവടുപിടിച്ചാണ് സ്ഥിരതാമസക്കാരെ നിര്‍വചിച്ചിട്ടുള്ളത്. സംസ്ഥാനത്തിലെ പൌരന്റെ ഭാര്യയോ വിധവയോ അവര്‍ സംസ്ഥാനത്ത് ജീവിക്കുന്ന കാലത്തോളവും സ്ഥിരതാമസത്തിനായി സംസ്ഥാനം വിട്ടുപോവാത്ത കാലത്തോളവും സംസ്ഥാന പൌരന്‍ എന്ന നിലക്കുള്ള ഭര്‍ത്താവിന്റെ പദവിക്കര്‍ഹയാണ് എന്ന അനുബന്ധമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. സംസ്ഥാനത്തിനു പുറത്ത് വിവാഹിതയാവുന്ന സ്ത്രിയുടെ സംസ്ഥാന പൌരത്വം റദ്ധാക്കപ്പെടുമെന്ന നിലക്കാണ് ഇത് വായിക്കപ്പെട്ടത്. എന്നാല്‍ 2002 ഒക്ടോബറിലെ ചരിത്രപ്രധാനമായ വിധിയില്‍ ജമ്മുകശ്മീര്‍ ഹൈകോടതി സംസ്ഥാനത്ത് സ്ഥിരതാമസക്കാരനായ ഒരു വ്യക്തിയുടെ മകള്‍ സ്ഥിരതാമസക്കാരനല്ലാത്ത ഒരു വ്യക്തിയെ വിവാഹം ചെയ്താലും സ്വത്തവകാശമുള്‍പെടെയുള്ള മുഴുവന്‍ അവകാശങ്ങള്‍ക്കും അര്‍ഹയാവും എന്ന് വിധിച്ചതോടെ ഈ ആശങ്കകള്‍ക്കും അറുതിയായി.
ജമ്മുകശ്മിരിലെ വിഘടനവാദ പ്രവണതക്ക് ആര്‍ട്ടിക്കിള്‍ 370 വളം വെച്ചിട്ടുണ്ടോ എന്ന ചോദ്യവും സജീവമായി തന്നെ നിലനില്‍കുന്നുണ്ട്. തങ്ങളുടെ സ്വത്വത്തെ കുറിച്ച് അതീവ വ്രണിതരും ഭാവിയെ കുറിച്ച് തീര്‍ത്തും ആശങ്കാകുലരുമായ ഒരു ജനതക്ക് ഭരണതലത്തില്‍ മതിയായ ഇടം നല്‍കി ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് ആര്‍ട്ടിക്കിള്‍ 370 സഹായകമായിട്ടുണ്ടെന്നതാണ് സത്യം. ജമ്മുകാശ്മീരിലെ ജനങ്ങള്‍ കൂടി ഉള്‍പെടുന്ന വിശാല ദേശിയതയാണ് ഇന്ത്യ വിഭാവനം ചെയ്യുന്നതെന്ന് കശ്മീരി ജനതയെ ബോധ്യപ്പെടുത്താന്‍ ഇത് സഹായിച്ചു. പൊതു സ്ഥാപനങ്ങളുടെ വിശ്വാസത ഉറപ്പു വരുത്തുന്നതിന് ആര്‍ട്ടിക്കിള്‍ 370 ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തിന്റെ സുതാര്യമായ മറ്റൊരു വശം മാത്രമാണ് ആര്ട്ടിക്കിള്‍ 370. സ്വയം ഭരണാവകശം നിലനിര്‍ത്താനുള്ള കശ്മീരികളുടെ അഭിലാഷവും ജമ്മുകശ്മീരിനെ ദേശീയ മുഖ്യധാരയിലെത്തിക്കണമെന്ന ചിലരുടെ മുറവിളിയും തമ്മില്‍ യാതൊരു സംഘട്ടനവുമില്ലെന്ന് ചുരുക്കം.
No comments:
Post a Comment