മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണി മാഷിന് ഇന്ന് എണ്‍പത്തിയേഴാം ജന്മദിനം. തന്റെ തൂലികയിലൂടെ ചെറിയ വരികളില്‍ വലിയ ആകാശം തീര്‍ത്ത കവി. കുഞ്ഞുങ്ങളുടെ കവിയാക്കി മാഷിനെ മാറ്റാനായിരുന്നു കപട വായനാസമൂഹത്തിന് ഏറെ താല്‍പര്യം. ഞാന്‍ ആരുടെ തോന്നലാണ് എന്ന ഒറ്റ വരിയുടെ വലുപ്പത്തിനൊപ്പം നില്ക്കുന്ന എത്ര കവികളുടെ വരികളുണ്ടാവും ഇവിടെ എന്ന ചോദ്യമുണ്ട്. 'ഒരു തുള്ളിയമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം' എന്ന വരി വായിച്ച് സ്നേഹം കൊണ്ട് നിറഞ്ഞ് പോവാത്ത മനസ്സുകളുണ്ടാകില്ല. കപടലോകത്തിലെന്റെ കാപട്യങ്ങള്‍ സകലരും കാണ്‍മതാണെന്‍ പരാജയം- എന്ന് ചങ്ങമ്പുഴയെ മറിച്ചിട്ട് ചിരിപ്പിച്ച് ചിന്തിപ്പിച്ച, എന്താണ് ഞാന്‍ എന്ന ഉത്തരം കിട്ടാത്ത പ്രശ്‌നത്തിന് പല വഴികള്‍ തുറന്ന് തന്ന, ദാര്‍ശനികത കടല്‍ പോലെ കവിതകളില്‍ കൊണ്ട് വന്ന കവിയാണ് അദ്ദേഹം. മാഷിന് പകരക്കാരനായി മറ്റാരുമില്ല. മലയാളിക്കും മലയാള കവിതയ്ക്കും എന്നും ഊര്‍ജ്ജവും തേജ്ജസ്സും പകര്‍ന്ന് നല്‍കുന്നതാണ് മാഷിന്റെ കവിതകള്‍. മലയാളി എന്നും മനസ്സില്‍ കൊണ്ടുനടക്കുന്ന മാഷിന്റെ ചില വരികളിതാ.....കുഞ്ഞുണ്ണിമാഷിന് ഇന്ന് എണ്‍പത്തിയേഴാം ജന്മദിനം
'ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കാന്‍
ധാരാളമാണെനിക്കെന്നും'
'പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകള്‍'
'എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം'
'ആയി ഠായി മിഠായി
തിന്നപ്പോഴെന്തിഷ്ടായി
തിന്നുകഴിഞ്ഞാല്‍ കഷ്ടായി'
'കപടലോകത്തിലെന്റെ കാപട്യങ്ങള്‍
സകലരും കാണ്‍മതാണെന്‍ പരാജയം'
'ഒരു തുള്ളിയമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം'
'ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍'
'ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകില്‍
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം'
'കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.'
കുഞ്ഞുങ്ങള്‍ക്ക് വാത്സല്യം വേണ്ടുവോളം വാരിക്കോരിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഭക്ഷണകാര്യത്തിലുള്ള മാഷിന്റെ ചിട്ടയും കണിശതയും അതി ഗംഭീരമാണ്. സ്വന്തം കവിതകള്‍ പോലെ തന്നെ എന്തും ആഹാരത്തോടു ചേര്‍ത്തേ മാഷ് കാണുകയുള്ളൂ. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-നാണ് കുഞ്ഞുണ്ണിമാഷിന്റെ ജനനം. ചേളാരി ഹൈസ്കൂളില്‍ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷന്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരില്‍ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു.
കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനം ചെലുത്തിയത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു.സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് തുള്ളല്‍ക്കഥകള്‍ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു. പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങുകയായിരുന്നു മാഷ്. വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും എന്ന് നമ്മോടു പറഞ്ഞ കുഞ്ഞുണ്ണി മാഷ് 2006 മാര്‍ച്ച് 26ന് ഈ മലയാള മണ്ണിനോട് തന്നെ വിടപറഞ്ഞു. ഈ കുഞ്ഞു ലോകത്തെ കവിതകളുടെ വലിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം ജന്മദിനാശംസകള്‍........ www.keralites.net
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment