ഇന്ന് അന്തര്‍ദേശീയതലത്തില്‍ തനതെന്ന് കേരളത്തിന് സംശയമെന്യേ അവകാശപ്പെടാവുന്ന ഒരു കലാരൂപമേയുള്ളു. കഥകളി. കേരളത്തിന് അടുത്ത കാലം വരെ തനതെന്നു പൂര്‍ണ്ണമായല്ലെങ്കിലും അവകാശപ്പെടാവുന്ന ഒരു ദുരാചാരമേ ഉണ്ടായിരുന്നുള്ളു. അയിത്തം. ഉത്തരേന്ത്യയിലും അയിത്തം ഉണ്ടായിരുന്നു. ചാതുര്‍വര്‍ണ്ണ്യത്തിന്റെ പ്രായോഗിക പരിണാമത്തില്‍ പ്പെട്ടതായിരുന്നു അവിടുത്തെ അയിത്തമെങ്കിലും കേരളത്തില്‍ അത് കൂടതല്‍ കര്‍ശനമായിരുന്നു. ജാതി ഉപജാതി അതിര്‍വരമ്പുകളുടെ ഭ്രാന്തമായ അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. അത് തികച്ചും ഭയാനകവുമായിരുന്നു റോട്ടി, കപ്ഡാ, മകാന്‍ (ഭക്ഷണം, വസ്ത്രം, വീട്) എന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഇത്ര വിവേചനവും വ്യത്യസ്തതയും നിയമം തെറ്റിച്ചാലുള്ള കടുത്ത ശിക്ഷയും വേറെങ്ങും ഉണ്ടായിരുന്നില്ല. സ്വാഭാവികമായി ഈ വേര്‍തിരിവ് കലാസാംസ്‌ക്കാരികരംഗത്തും നിലനിന്നിരുന്നു. ഇവിടെ കലയ്ക്കും ഭാഷയ്ക്കും ജാതി വരമ്പുകള്‍ക്കുള്ളില്‍നിന്ന് പുറത്തു ചാടാന്‍ ശക്തിയില്ലായിരുന്നു.
ഭരതമുനിയാണ് ഇന്നറിയപ്പെടുന്ന ഭാരതീയ നാട്യശാസ്ത്ര സങ്കല്പങ്ങളുടെ ആദിഗുരു. സംസ്‌ക്യതമാണ് ഭാഷ. സംസ്‌ക്യതത്തിലല്ലാത്തതെല്ലാം അസംസ്‌ക്യതം. അപൂര്‍വമായി മിന്നല്‍ പോലെ വെട്ടിത്തിളങ്ങിയ അസംസ്‌ക്യതരെല്ലാം ഏകലവ്യന്മാര്‍. മുഗള്‍ അധിനിവേശം പോലും ഈ ഘടനയ്ക്കു കാതലായ മാറ്റം വരുത്തിയില്ല. പക്ഷെ വലിയ ഒരു കൂട്ടം ജനം, സംസ്‌ക്യതരുടെ നൂറിരട്ടി എണ്ണത്തില്‍ വരുന്നവര്‍, ചരിത്രത്തില്‍ ഒരു വരി പോലും ഇടം കണ്ടെത്താതെ മണ്‍മറഞ്ഞു കൊണ്ടിരുന്നു. നൂറ്റാണ്ടുകള്‍ മെല്ലെ ഇഴഞ്ഞു നീങ്ങി. ഇതിനിടയില്‍ സാവധാനം സംസ്‌ക്യതത്തില്‍ നിന്നു വ്യത്യസ്തമായി വളര്‍ന്നു വന്ന ഭാരതീയ നാടന്‍ ഭാഷകളില്‍ സംസാരിച്ചു വന്ന സമൂഹം തങ്ങളുടെ പ്രാദേശികവും വര്‍ഗ്ഗപരവുമായ ആര്‍ജ്ജിത ദ്യശ്യശ്രാവ്യ കലാ സംസ്‌ക്കാരവുമായി ബന്ധപ്പെടുത്തി തങ്ങളുടേതായ വിവിധതരം ദ്യശ്യശ്രാവ്യകലാരൂപങ്ങള്‍ സ്യഷ്ടിച്ചു. കന്നഡയും, തമിഴും, ബംഗാളിയും, ഒറിയയും, ഹിന്ദിയും പോലെ യക്ഷഗാനവും, തെരുക്കൂത്തും, കഥക്കും, കുച്ചിപ്പുടിയുമെല്ലാം രൂപപ്പെട്ടു. അതതു പ്രദേശങ്ങളുടെ വ്യത്യസ്തമായ ആചാരക്രമങ്ങളുടെയും, ഭാഷാ പരിണാമത്തിന്റെയും , നാടന്‍ ന്യത്ത സംഗീത പാരമ്പര്യത്തിന്റെയും വാദ്യോപകരണ വൈദഗ്ദ്ധ്യത്തിന്റെയും ക്രമാഗതമായ കൊടുക്കല്‍ വാങ്ങലുകളാണ് ഇവിടെ സംഭവിച്ചത്. കേരളത്തിന് ഇവിടെയും പ്രത്യേകത ഉണ്ടായി. എട്ടാം നൂറ്റാണ്ട് മുതല്‍ തന്നെ കേരളക്കരയുടെ ഭൗതികവും ആത്മീയവുമായ നേത്യത്വം ഒരു തുള്ളി ചോര പോലും വീഴ്ത്താതെ, ഒരു ആയുധം പോലും വീശാതെ വടക്കു നിന്നു കുടിയേറിയ നമ്പൂതിരി ബ്രാഹ്മണര്‍ കൈയടക്കി. തുളുവും, കൊങ്ങണിയും തമിഴും സംസാരിക്കുന്ന ബ്രാഹ്മണരെപ്പോലും അവര്‍ തങ്ങളെക്കാള്‍ അധമന്മാരായി അകറ്റി നിര്‍ത്തി. നാടുവാഴികളുടെയും, നാട്ടുപ്രമാണികളുടെയും സ്ത്രീകളുമായിതങ്ങള്‍ക്കു മാത്രമായി ഒതുക്കിയ ലൈംഗിക സംബന്ധം അധികാരികളുടെ പിത്യത്വം എപ്പോഴും തങ്ങളില്‍ ഒതുക്കി. ഭൂസ്വത്ത് ബ്രഹ്മസ്വം വകയാക്കി സ്ഥിരപ്പെടുത്തി.
കര്‍ശനമായ ജാതിവ്യവസ്ഥയുടെ നിയമങ്ങള്‍ ദൈവത്തിന്റെയും തങ്ങളുടെ പുത്രന്മാരുടെആയുധശക്തിയുടെയും ബലത്തില്‍ അനുസരിപ്പിച്ചു. ഇങ്ങിനെ സമൂഹനേത്യത്വംകൈപ്പിടിയിലാക്കിയ നമ്പൂതിരിമാര്‍ സ്വാഭാവികമായും കലാരംഗത്തും സ്വന്തമായ ശൈലിയെ മുറുകെ പിടിച്ചു. അധികാരത്തിന്റെ ഭാഷ സംസ്‌ക്യതം മാത്രം. നാടന്‍കലകളില്‍ നിന്നും ഉണ്ടായ പ്രചോദനം പോലും സംസ്‌ക്യതരൂപത്തിലായപ്പോള്‍ ജനങ്ങളില്‍ നിന്ന് അവയ്ക്ക് അകന്നു നില്‍ക്കാനേ കഴിഞ്ഞുള്ളു. ഒരു ചിലപ്പതികാരമോ ദശരൂപകമോ കേരളത്തില്‍ രചിക്കപ്പെട്ടില്ല. മലയാളം എന്ന ഭാഷ പോലും മറ്റു പ്രദേശങ്ങളിലെ ഭാഷകള്‍ രൂപപ്പെട്ട് ശതാബ്ദങ്ങള്‍ കഴിഞ്ഞാണ് സ്വന്തമായി തലയുയര്‍ത്താന്‍ ശ്രമിച്ചത്.
കൂടിയാട്ടമായിരുന്നു കേരളക്കരയിലെ ആദ്യത്തെ പ്രധാന ദ്യശ്യശ്രാവ്യ രംഗാവിഷ്‌ക്കാരരൂപം. പക്ഷെ അവിടെയും സംസ്‌ക്യതത്തിന്റെ നീരാളിപ്പിടുത്തവും നമ്പൂതിരിബ്രാഹ്മണരൊഴികെ മറ്റെല്ലാവര്‍ക്കും രംഗവേദിയില്‍ കല്പിച്ചിരുന്ന അയിത്തവും കാരണം കൂടിയാട്ടത്തിന് മറ്റു പ്രദേശങ്ങളിലെ കലാരൂപങ്ങള്‍ ആര്‍ജ്ജിച്ച ജനകീയതയും സംയോജനീയതയും നേടാന്‍ കഴിഞ്ഞില്ല. ഉന്നതകുലങ്ങളിലെ സംസ്‌ക്യത പാണ്ഡിത്യത്തിന് മാന്ദ്യം സംഭവിച്ചപ്പോഴാകണം കൂടിയാട്ടത്തിലെ വിദൂഷകനെക്കൊണ്ട് നായകന്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ക്ക് പ്രതിശ്ലോകം മലയാളത്തില്‍ ആവര്‍ത്തിപ്പിക്കുന്ന രീതി പോലും നടപ്പില്‍ വന്നത്. കൂത്തും, പാഠകവും കൂടിയാട്ടത്തിന്റെ ആഢ്യതയ്ക്കു മുന്നില്‍ നമ്പൂതിരിമാര്‍ക്ക് സഹിക്കേണ്ടി വരുന്ന അമ്പലവാസികളായ ചാക്യാര്‍, നമ്പ്യാര്‍ ഉപജാതികളുടെ മട്ടായി. അപ്പോഴാണ് കഥകളിയുടെ കേളികൊട്ട് മെല്ലെ ഉയര്‍ന്നത്. കൂടിയാട്ടത്തില്‍ നിന്ന് കഥകളി എത്രത്തോളം രംഗാനുഭവം സ്വായത്തമാക്കി എന്നത് ഗവേഷകരുടെ വ്യത്യസ്താഭിപ്രായങ്ങള്‍ കാരണം നമുക്ക് ക്യത്യമായി പറയാന്‍ പറ്റുകില്ല. അത് സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അപ്രസക്തവുമാണ്.
മലയാളം മാത്രം അറിയാവുന്നവന് കഥ മനസ്സിലാകുന്ന രീതിയില്‍ കഥാകഥനം കൊണ്ടുവന്നപ്പോഴാണ് കഥകളിയുടെ ജനകീയസ്വഭാവത്തിന് തുടക്കമിട്ടത്. രാമനാട്ടത്തില്‍ നിന്നാരംഭിച്ച് വെട്ടത്തുനാടന്‍, കല്ലടിക്കോടന്‍, കപ്ലങ്ങാടന്‍ എന്നീ പരിഷ്‌ക്കരണങ്ങള്‍ക്കു ശേഷം കല്ലുവഴി ചിട്ടയിലൂടെ കേരളകലാമണ്ഡലെത്തി. അവിടെ വച്ച് കേരളത്തിലുടനീളം ഉണ്ടായിരുന്ന ശൈലീഭേദങ്ങളെ സമന്വയിപ്പിച്ചാണല്ലോ ഇന്നത്തെ കഥകളിച്ചിട്ട ഉണ്ടായത്. എന്തിനും ഏതിനും കുലത്തൊഴില്‍ എന്ന നമ്പൂതിരിച്ചിട്ട യില്‍ നിന്നു മാറി സാധന ചെയ്ത ആര്‍ക്കും കഥകളിയില്‍ രംഗത്തോ പിന്നണിയിലോ പ്രവര്‍ത്തിക്കാമെന്ന നില വന്നത് വാസ്തവത്തില്‍ ഒരു സാമൂഹ്യവിപ്ലവം തന്നെയാണ്. ഒപ്പം മഹാഭാരത, രാമായണ, ഭാഗവതപുരാണങ്ങളില്‍ നിന്ന് സംഘര്‍ഷപ്രധാനമായ കഥാ സന്ദര്‍ഭങ്ങള്‍ തിരഞ്ഞെടുത്ത് രംഗാവതരണത്തിന് പാകത്തിലാക്കി കഥകളിക്കഥകളാക്കിയപ്പോള്‍ യാതൊരു മടിയും കൂടാതെ രംഗം കൊഴുപ്പിക്കാനുതകുന്ന മാറ്റങ്ങള്‍ കഥയില്‍ വരുത്താനും പുതിയ കഥാപാത്രങ്ങളെ സ്യഷ്ടിക്കാനും രചയിതാക്കള്‍ ധൈര്യം കാട്ടി.
രണ്ടു തരം പ്രേക്ഷകരുണ്ടായിരുന്നു കഥകളിക്കു തുടക്കം മുതല്‍. കൂടിയാട്ടത്തിന്റെ വിജ്ഞരായ കാണികള്‍ക്കു മാത്രം സംവേദനക്ഷമമായ അവതരണശൈലിയില്‍ ഏറെയൊന്നും വെള്ളം ചേര്‍ക്കാന്‍ പറ്റാതെ നാലു നൂറ്റാണ്ടു കാലത്തെ വളര്‍ച്ചയ്ക്കിടയില്‍ ക്യഷ്ണനാട്ടവും രാമനാട്ടവും നാടുവാഴികളുടെ കമ്പവും
ഇഷ്ടവും ഇഷ്ടക്കേടുകളും രസികത്വവും അഹന്തയും എല്ലാം കൂടി ചേര്‍ന്ന് മെല്ലെ രൂപപ്പെട്ട കഥകളിയെന്ന കലാരൂപം ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോള്‍ സ്വാഭാവികമായും ഈ രംഗപ്രകടനത്തെ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിവുള്ളവരുടെ എണ്ണം തുലോം കുറവായിരുന്നു. ബഹുഭൂരിപക്ഷം കാണികള്‍ക്കും കഥകളി ഒരു
ഉത്സവക്കാഴ്ച്ച മാത്രമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ആധുനികസാങ്കേതിക സൗകര്യങ്ങളും പ്രചരണാത്മകവും വാണിജ്യാധിഷ്ഠിതവുമായ കലാസമീപനവും എല്ലാ രംഗാധിഷ്ഠിതമായ കലാരൂപങ്ങളെയും അടിമുടി മാറ്റിമറിച്ചു. ഇക്കൂട്ടത്തില്‍ കഥകളി ഹൈന്ദവാഢ്യ കുടുംബങ്ങളുടെ വിശാലമായ മുറ്റത്തുനിന്നും അമ്പലങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നും അകന്നത് വെറും സ്വാഭാവികപരിണാമത്തിന്റെ ഒരു പടിയായി കണക്കാക്കിയാല്‍ മതി. കഥകളിവേഷങ്ങളുടെ അദ്ഭുതപ്പെടുത്തുന്ന ആകര്‍ഷണീയത ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളുകളിലും ടൂറിസ്റ്റ് പാക്കേജ്‌ഷോകളിലും ക്ലാസിക്ക് കലാപ്രദര്‍ശനങ്ങളിലും ടെലിവിഷന്‍ പരസ്യരംഗത്തും നിറയാന്‍ തുടങ്ങി. സന്ധ്യയ്ക്കുള്ള കേളികൊട്ടില്‍ത്തുടങ്ങി അത്താഴം കഴിഞ്ഞ് രാത്രി ഒമ്പതു മണിക്ക് ശുദ്ധമദ്ദളത്തിന്റെ താളത്തില്‍ ആരംഭിക്കുന്ന കളി തീരുമ്പോള്‍ സൂര്യന്‍ ഉദിച്ച് കാത്തിരിക്കുകയാവും. പത്തു മണിക്കൂര്‍ നീണ്ടു നിന്നിരുന്ന ഈ കലാപ്രകടനം കാലത്തിന്റെ അപ്രതിഹിതമായ ഒഴുക്കില്‍ മറ്റു കലാരൂപങ്ങളുടെ മാത്യകയിലേക്ക് വന്നു വീണ കാഴ്ച്ചയാണ് നാം ഇന്ന് കാണുന്നത്. രണ്ടു മണിക്കൂറാണ് മനുഷ്യന്റെ ശരീരത്തിനും മനസ്സിനും എന്തു കാര്യത്തിലും ശ്രദ്ധ ഏകാഗ്രമാക്കി വയ്ക്കാനുള്ള പരമാവധി കഴിവ് എന്നാണ് ശാരീരികശാസ്ത്രവിദഗ്ദ്ധര്‍ പറയുന്നത്. വൈദ്യതിയില്ലാതെയും കാറില്ലാതെയും ഒരു കാലമുണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് പറ്റില്ലല്ലോ. അതുപോലെ പത്തു മണിക്കൂര്‍ ഒരേയിരുപ്പിലിരുന്ന് ഒരു കലാപ്രകടനം ആസ്വദിക്കുന്ന ഒരു കാലമുണ്ടായിരുന്നു എന്നതും അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റില്ല.
ഇന്ന് കഥകളിയുടെ പ്രചാരം ഏറിയിട്ടുണ്ട്. രണ്ടു മണിക്കൂറില്‍ തീര്‍ക്കാനായി രാത്രി മുഴുവന്‍ കൊണ്ട് ആടേണ്ട കഥയെ രംഗങ്ങളുടെ എണ്ണവും ദൈര്‍ഘ്യവും കുറച്ച് വേഷങ്ങളിലെയും ദ്യശ്യങ്ങളിലേയും ആകര്‍ഷണീയതയ്ക്കു പ്രാധാന്യം നല്‍കുന്ന രീതിയിലേക്കു നാം എത്തിയിട്ടുണ്ട്. അതില്‍ നാം തെറ്റു ചെയ്യുന്നെന്ന കുറ്റബോധത്തിന്റെ ആവശ്യമില്ല. മഹത്തായ കലയിലും കഥയിലും രഹസ്യങ്ങളില്ല. നാം വീണ്ടും വീണ്ടും കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നവയാണ് അവ. അപ്രതീക്ഷിതമായ രോമാഞ്ചമോ സംഭ്രമമോ അന്ത്യമോ ഇവിടെ ഉണ്ടാകില്ല എന്നു നമുക്കറിയാം. നമ്മളെ കബളിപ്പിച്ച് മുള്‍മുനയില്‍ നിര്‍ത്തി കൈയടി വാങ്ങുന്ന കഥകളല്ല കഥകളിയില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് പത്തു മണിക്കൂര്‍ കൊണ്ട് അവതരിപ്പിച്ചത് രണ്ടു മണിക്കൂറായാലും ആസ്വാദ്യതയ്ക്ക് കോട്ടം വരികില്ല. വരും കാലത്ത് കഥകളി കൂടുതല്‍ പ്രചാരത്തിലെത്തും എന്ന് പ്രവചിക്കാന്‍ സൂക്ഷ്മദൃക്കുകള്‍ക്ക് സാധിക്കുന്നതിന്റ കാരണവും കഥകളിയുടെ ഈ ആധുനികതയുമായി രമിക്കാനുള്ള നൈസര്‍ഗ്ഗിക ഘടനയാണ്.
നാട്യം, ന്യത്തം, ന്യത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നീ അഭിനയോപോധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ കഥകളിയുടെ മര്‍മ്മം. സംഭാഷണവും, ആത്മഗതവും, മനോധര്‍മ്മവും പിന്നില്‍നിന്നു പാട്ടുകാരന്‍ ആലപിക്കുന്ന പദങ്ങളുടെ അര്‍ത്ഥവ്യാപ്തിയുടെ വലയത്തില്‍ നിന്നു വിട്ടു മാറാതെ ആംഗ്യപ്രകടനങ്ങള്‍കൊണ്ടു വ്യക്തമാക്കുന്ന നടനാണ് കഥ പറയുന്നത്. ശിരസ്സ്, മാറ്, അരക്കെട്ട്, കൈത്തലം, കാലുകള്‍ തുടങ്ങിയ അംഗങ്ങളും, കഴുത്ത്, തുട, കൈ തുടങ്ങിയ പ്രത്യംഗങ്ങള്‍ ചേര്‍ന്നുള്ള ആംഗികാഭിനയവും, പുരികം, കവിള്‍ തുടങ്ങിയ ഉപാംഗങ്ങളെക്കൊു സാധിക്കുന്ന സാത്വികാഭിനയവും, വേഷഭൂഷാദികളിലൂടെ പ്രകടനം സാധിതമാക്കുന്ന ആഹാര്യാഭിനയവും സ്ഥായീഭാവങ്ങളവലംബിച്ച് രസസ്ഫുരണം ചെയ്ത് കഥ നടിക്കുന്ന രസാശ്രയമായ നാട്യവും ഇതിനൊക്കെ ഉപരിയായി പാട്ടുകാരന്‍ പാടുന്ന പദങ്ങളുടെഓരോ ഖണ്ഡം അവസാനിക്കുമ്പോഴും വാക്കുകളുടെ സംവേദനത്വമില്ലാതെ താളലയങ്ങളെ മാത്രം ആശ്രയിച്ച് നടത്തുന്ന കരചരണവിക്ഷേപമായ കലാശവും എല്ലാ പ്രേക്ഷകനിലെത്തുമ്പോള്‍ അത് തികച്ചും സ്വകീയമായ ആസ്വാദകാനുഭൂതിയിലൂടെയാണ് അവന്‍ ഉള്‍ക്കൊള്ളുന്നത്. വിവിധപാളികളിലാണ് നമ്മുടെ ആസ്വാദനക്ഷമത.
ഒന്നാലോചിച്ചാല്‍ സംവേദനക്ഷമതയുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ചാണല്ലോ കഥകളി ആസ്വാദനവും. പിക്കാസോയുടെ ചിത്രവും ജെയിംസ് ജോയ്‌സിന്റെ നോവലും, ബെണ്‍സ്റ്റിന്റെ സംഗീതവും നാം ഉള്‍ക്കൊള്ളുന്നതും ആസ്വദിക്കുന്നതും പോലെ ആ ജനുസ്സില്‍ ഉള്‍പ്പെടുന്ന ദ്യശ്യശ്രാവ്യരംഗ കലാരൂപമല്ലേ കഥകളിയും.
No comments:
Post a Comment