മുകുന്ദ് വരദരാജന്‍ 'കേരളത്തിന്റെ പുത്രന്‍'
ചെന്നൈ: മുകുന്ദ് പഠിച്ചതും വളര്‍ന്നതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ എനിക്കും കുടുംബത്തിനും കേരളവും മലയാളവും അന്യമല്ല. മകന്റെ മരണവാര്‍ത്ത ഉള്‍ക്കൊണ്ട് മേജര്‍ മുകുന്ദിന്റെ അച്ഛന്‍ ചെന്നൈയിലെ വീട്ടിലിരുന്ന് സംസാരിച്ചു. മുകുന്ദിന് കേരളത്തില്‍ നിരവധി വേരുകളുണ്ട്. അവനെക്കുറിച്ച് ഒരു ഭയവും ഞങ്ങള്‍ക്കില്ലായിരുന്നു. എവിടെപ്പോയാലും വിജയം അവനോടൊപ്പമുണ്ടാകുമെന്ന് സുനിശ്ചിതമായിരുന്നു. 2012-ല്‍ ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി ലബനനില്‍ സേവനമനുഷ്ഠിച്ച മുകുന്ദിന് തുടര്‍ന്ന് കശ്മീരിലായിരുന്നു നിയമനം. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മുന്നില്‍നിന്ന് പോരാടിയിരുന്ന മുകുന്ദ് ധീരനായിരുന്നുവെന്ന് സഹപ്രവര്‍ത്തകനും തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശിയുമായ മേജര്‍ വിദുമോഹന്‍ പറഞ്ഞു.
''ഭീകരരുമായുള്ള ഏറ്റുമുട്ടലിന് പോകുന്നതിനുമുമ്പ് മുകുന്ദ് വിളിച്ചിരുന്നു. ഏതിനെയും ധീരതയോടെ നേരിടുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. ഏത് കര്‍ത്തവ്യം ഏറ്റെടുത്താലും ഏറ്റവും നന്നായി പൂര്‍ത്തിയാക്കുകയെന്നതാണ് ലക്ഷ്യം. മുകുന്ദിന്റെ വിളിക്കായി കാത്തിരിക്കവെയാണ് ഏറ്റുമുട്ടല്‍ വിവരമറിയുന്നത്''-സേലയ്യൂര്‍ ഡിഫന്‍സ് കോളനിയിലെ മുകുന്ദിന്റെ വീട്ടിലെത്തിയ വിദുമോഹന്‍ പറഞ്ഞു.
തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിലാണ് എസ്.എസ്.എല്‍.സി. വരെ മുകുന്ദ് പഠിച്ചിരുന്നത്. തുടര്‍ന്ന് കുടുംബത്തോടൊപ്പം ചെന്നൈയില്‍ എത്തി. ശങ്കരവിദ്യാലയത്തില്‍ ബി. കോം പഠനം. ബിരുദപഠനത്തിനുശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ജേണലിസം ഡിപ്ലോമയ്ക്കുശേഷം 2012-ല്‍ സൈന്യത്തില്‍ ചേര്‍ന്നു.
കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കരേവ മാന്‍ട്രൂവിലെ വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 44 രജപുത് റൈഫിള്‍സിലെ മുകുന്ദ് വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. വീട്ടിനകത്ത് ഒളിച്ചിരുന്ന രണ്ട് ഭീകരെ വധിച്ചശേഷം വൈകീട്ട് ഏഴുമണിയോടെ മടങ്ങവേ സമീപത്തെ കാട്ടില്‍ ഒളിച്ചിരുന്ന ഭീകരന്‍ മുകുന്ദിനെ പിന്നില്‍നിന്ന് വെടിവെക്കുകയായിരുന്നു. ഏഴുമണിയോടെ ഇരുള്‍ പടരാന്‍ തുടങ്ങിയതോടെ ഭീകരന്റെ ചലനങ്ങളും ശ്രദ്ധയില്‍പെട്ടിരുന്നില്ല.
തിരുവനന്തപുരം പേരൂര്‍ക്കട കോലത്ത് ഹോസ്പിറ്റല്‍ ഉടമ കോലത്ത് പുളിയേക്കല്‍ ഡോ. വര്‍ഗീസിന്റെ മകള്‍ ഇന്ദു റബേക്ക വര്‍ഗീസ് ആണ് ഭാര്യ. ഏകമകള്‍ ആര്‍ഷ്യ. ബാംഗ്ലൂര്‍ ഓസ്റ്റിന്‍ ടൗണിലെ ഡിഫന്‍സ് കോളനിയില്‍ കഴിയുന്ന ഇന്ദുവും മകളും ചെന്നൈയിലെത്തി.
മകന്റെ അകാല വിയോഗത്തില്‍ കഴിയുന്ന അച്ഛന്‍ വരദരാജനെയും അമ്മ ഗീതയെയും കാണാനും ആശ്വസിപ്പിക്കാനും നിരവധി പേര്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന വരദരാജന്‍ ദീര്‍ഘകാലം ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഗീതയും സഹോദരങ്ങളും ജനിച്ചുവളര്‍ന്നത് കേരളത്തിലാണ്.
കശ്മീരില്‍നിന്ന് ന്യൂഡല്‍ഹിയില്‍ കൊണ്ടുവരുന്ന മുകുന്ദിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയോടെ ചെന്നൈയില്‍ എത്തിക്കും. ഔദ്യോഗിക ബഹുമതികളോടെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.
No comments:
Post a Comment