Monday, 28 April 2014

[www.keralites.net] നമ്മള്‍ കാണാനിഷ്ടപ ്പെടാത്ത ചിത്രങ്ങള്‍

 

നമ്മള്‍ കാണാനിഷ്ടപ്പെടാത്ത ചിത്രങ്ങള്‍
 

എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയില്‍ മധുരാജ് എന്ന ഫോട്ടോഗ്രാഫര്‍ വീണ്ടും എത്തുന്നു. 2001-ലും 2006-ലും നടത്തിയ കാസര്‍കോട് യാത്രകളുടെ തുടര്‍ച്ച. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്‌പ്രേയിങ് നിര്‍ത്തിവെച്ച കാലഘട്ടം കൂടിയാണ്. പക്ഷേ, ഇവിടത്തെ മനുഷ്യജീവിതങ്ങള്‍ക്ക് കാര്യമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങള്‍. മനുഷ്യന്റെ ജനിതകഘടനയെത്തന്നെ മാറ്റിമറിക്കുന്ന ദുരന്തങ്ങള്‍ വരുംതലമുറകളിലും ആവര്‍ത്തിക്കുമെന്ന സൂചനകളാണിത്. പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരങ്ങളുടെ പൊള്ളത്തരങ്ങള്‍ ഇവിടെ തുറന്നുകാട്ടപ്പെടുന്നു. തങ്ങളുടെ ദുരിതത്തിനുകാരണം എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയാണെന്ന യാഥാര്‍ഥ്യം അറിയാത്ത അനേകര്‍ ഇപ്പോഴും ഇവിടെയുണ്ട്. ഒരു സര്‍വേകളിലും ഇവരുള്‍പ്പെട്ടിട്ടില്ല. കാസര്‍കോട് ജില്ലയില്‍ ഏരിയല്‍ സ്‌പ്രേയിങ് നടന്ന 11 ഗ്രാമപ്പഞ്ചായത്തുകളില്‍ നാലെണ്ണത്തിലാണ് മധുരാജ് ഫോട്ടോസര്‍വേ നടത്തിയത്. ദുരന്തത്തിന്റെ വ്യാപ്തി ഇതിലും എത്രയോ വലുതാണ്. പാലക്കാട്ടെ കാര്‍ഷികമേഖലയായ മുതലമടയിലും ഇടുക്കിയിലെ കട്ടപ്പനയിലും മധുരാജ് നടത്തിയ യാത്രകളുടെ ചിത്രങ്ങളും ഒപ്പമുണ്ട്. കീടനാശിനി പ്രയോഗം വ്യാപകമായ ഈ പ്രദേശങ്ങളില്‍നിന്നുള്ള വളരെ കുറച്ച് ചിത്രങ്ങള്‍, ദുരന്തമലയുടെ അറ്റം മാത്രമാണിത് എന്ന തിരിച്ചറിവോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.
 

Fun & Info @ Keralites.net
ദുരന്തത്തിന്റെ ദൂരയാത്രകള്‍

കാസര്‍കോട്: കശുമാവിന്‍തോട്ടങ്ങളും ഇടയ്ക്കുള്ള വീടുകളും വിജനമായ പാറനപ്രദേശങ്ങളും കടന്ന് നീങ്ങവെയാണ് മുഹമ്മദ് റഫീഖിനെ (12) കാണുന്നത്. ക്രച്ചസില്‍ നടക്കുന്ന റഫീഖിന്റെ വീട് തൊട്ടടുത്താണ്.
റഫീഖിന്റെ കഥ ഇങ്ങനെ: ചെങ്ങളായി പഞ്ചായത്തിലെ പുണ്ടൂര്‍കോടിമൂല ഒരു പ്ലാന്റേഷന്‍ ഏരിയയാണ്. ഉമ്മ ഫാത്തിമത്ത് സുഹറ. ഉപ്പ കൂലിപ്പണിക്കാരനായ മൊയ്തീന്‍. മൊയ്തീന്റെ വീടാണ് പുണ്ടൂര്‍കോടിമൂലയിലുള്ളത്. അഞ്ചാംക്ലാസു മുതലാണ് റഫീഖിന് കാലുവേദന തുടങ്ങിയത്. പിന്നീട് വലിഞ്ഞ് നടക്കാന്‍ തുടങ്ങി. കുറേക്കാലം ആശുപത്രിയില്‍ കിടന്നു. കാസര്‍കോട് ഡോ. രാജയുടെ കീഴില്‍ ഒരു ശസ്ത്രക്രിയയും കഴിഞ്ഞു. രോഗം എന്താണെന്നു മാത്രം വ്യക്തമായില്ല. ഒരു വര്‍ഷമായി കുട്ടി സ്‌കൂളില്‍ പോകുന്നില്ല.
വിഷംതീണ്ടിയ ഗ്രാമങ്ങളിലൂടെയുള്ള യാത്രകളില്‍ എത്രയോ നിഷ്‌കളങ്കരായ മനുഷ്യരെ കണ്ടുമുട്ടുന്നു. അവര്‍ കടന്നുപോകുന്ന ദുരന്തത്തെക്കുറിച്ചറിവില്ലാത്ത പാവങ്ങള്‍. ഈ യാത്രയില്‍ അത്തരക്കാരുടെ പട്ടികയിലേക്ക് കുറിച്ചിടാന്‍ ഒരു ബാലന്റെ പേരുകൂടി.'


 
Fun & Info @ Keralites.net
കാഴ്ചയ്‌ക്കൊരു ബലി

കാസര്‍കോട്: പ്ലാന്റേഷന്‍ തൊഴിലാളിയായിരുന്ന വി. അമ്പുവിന്റെ മകളാണ് കാര്‍ത്ത്യായനി. ഇപ്പോള്‍ 31 വയസ്സുള്ള കാര്‍ത്ത്യായനി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കാഴ്ച കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍ പെടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പൂര്‍ണമായും അന്ധയായി. പിന്നീട് അര്‍ബുദത്തിന്റെ തേരോട്ടമായിരുന്നു ആ ശരീരത്തില്‍. വലത്തേ മാറിടം നീക്കംചെയ്തപ്പോള്‍ വയറ്റില്‍ ക്യാന്‍സര്‍ വന്‍ മുഴയായി വന്നു. അത് കഴുത്തിലേക്ക് പടരുകയാണ്. തല പിളരുന്ന വേദന. അമ്മ വെള്ളച്ചിക്ക് ഈ വേദന കണ്ടുനില്ക്കാന്‍ വയ്യ. അവിവാഹിതയായ ഈ പെണ്‍കുട്ടിക്ക് ആശ്വാസമായി അമ്മ മാത്രം. 1964-ല്‍ വെള്ളച്ചിയെ കല്യാണം കഴിക്കുമ്പോള്‍ അമ്പു പ്ലാന്റേഷനിലെ തൊഴിലാളിയായിരുന്നു. 1990-ല്‍ 55-ാം വയസ്സില്‍ മരിച്ചു. 50 വയസ്സ് മുതല്‍ ഗുരുതരമമായ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. അച്ഛനോടൊപ്പം ജോലിചെയ്ത പല തൊഴിലാളികളും, അവരുടെ മക്കളും രോഗികളാണെന്ന് കാര്‍ത്ത്യായനി പറയുന്നു.
അമ്മ വെള്ളച്ചിക്ക് രണ്ടുകണ്ണിനും സുഖമില്ല. ആദ്യം പ്രഷര്‍ എന്നുപറഞ്ഞാണ് ചികിത്സ തുടങ്ങിയത്. പിന്നീടത് തിമിരമെന്നായി. പുറത്തേക്ക് നോക്കിയാല്‍ കണ്ണ് വട്ടംചുറ്റും. പൊട്ടിത്തെറിക്കുമ്പോലെ വേദനിക്കും.
കൃഷിചെയ്തും പശുവിനെ വളര്‍ത്തിയും കുടുംബം താങ്ങിനിര്‍ത്തുന്നത് ഈ സാധുസ്ത്രീയാണ്.
വെള്ളച്ചിയുടെ മൂന്നു മക്കളില്‍ രണ്ടാമത്തേതാണ് കാര്‍ത്ത്യായനി. മൂത്ത മകള്‍ രുഗ്മിണിയെ വിവാഹംചെയ്തത് നീലേശ്വരത്താണ്. വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുണ്ട്. ആതിരയും നീതുവും. ഇളയവളായ നീതുവിന് അപസ്മാരം വിട്ടുമാറുന്നില്ല. ആതിരയുടെ കാലിന്റെ പാദങ്ങള്‍ പൊട്ടിക്കീറിയ അവസ്ഥയിലാണ്. രണ്ടു കുട്ടികളും നീലേശ്വരത്തായതിനാല്‍ അധികൃതര്‍ നടത്തിയ ഒരു സര്‍വേയിലും പെട്ടിട്ടില്ല. ജില്ലമാറി ദുരിതം തിന്നുന്ന എത്രയോ കേസുകള്‍ ഈയിടെ പത്രങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. തലശ്ശേരി വെസ്റ്റ് പൊന്നിയത്തുള്ള രാഘവന്റെയും പ്രീതയുടെയും മകന്‍ അമിത് (22) ഒരുദാഹരണം.
മൂന്ന് തലമുറയെ വേട്ടയാടുന്ന ഭീകരതയുടെ ചിത്രമാണ് ഇത്.


 
Fun & Info @ Keralites.net
മഴ നനഞ്ഞ പൂമ്പാറ്റ

കാസര്‍കോട്: ബോവിക്കാനത്ത് ആലൂരിലാണ് ആയിഷത്ത് ഷാഹിന (15) യുടെ വീട്. മലഞ്ചെരിവിലൂടെ ഇറങ്ങുന്ന ദുര്‍ഘടപാത. കൂലിപ്പണിക്കാരനായ അബ്ദുള്‍റഹ്മാന്റെ ആറു മക്കളില്‍ നാലാമത്തവളാണ് ഷാഹിന. മൂത്ത സഹോദരന്‍ അഷ്‌റഫ് (22) അജ്ഞാതരോഗം വന്ന് മരിച്ചു. പത്തു വയസ്സുവരെ ആരോഗ്യവാനായിരുന്നു അവന്‍. തളര്‍ച്ചയും വിറയലും നടക്കാന്‍ വയ്യാത്ത അവസ്ഥയുമായിരുന്നു തുടക്കം. പിന്നീട് ശരീരം ക്ഷീണിക്കാന്‍ തുടങ്ങി. നെഞ്ച് വീര്‍ത്തു. വിടര്‍ന്ന കണ്ണുകള്‍ ചെറുതായി കോങ്കണ്ണായി. വൈകാതെ സ്‌കൂളില്‍ പോകാനാകാതെ കിടപ്പിലായി. അവസാനനാളുകളില്‍ കാഴ്ചയും പോയി. ഭക്ഷണം കഴിക്കാനാകാതെ, ഉറങ്ങാനാകാതെ....
''പ്ലാന്റേഷനില്‍ മരുന്ന് തളിക്കുന്നകാലത്ത് വീടിനു മുകളില്‍ ഹെലികോപ്റ്റര്‍ വന്ന് ഇങ്ങനെ കറങ്ങും. മഞ്ഞ് പരക്കുംപോലെ മരുന്ന് (എന്‍ഡോസള്‍ഫാന്‍) വന്ന് മുറ്റത്ത് വീഴും. അക്കാലത്ത് ആലൂരിലെ പല വീടുകളിലെയും കാലികളും ആടുകളും ചത്തിരുന്നു.'' ഷാഹിനയുടെ ഉപ്പ അബ്ദുള്‍ ഖാദര്‍ ഓര്‍ക്കുന്നു.
ആറാംവയസ്സിലാണ് ഷാഹിനയെയും അജ്ഞാതരോഗം പിടികൂടിയത്. ആദ്യം കണ്ണിനു മാറ്റംവരാന്‍ തുടങ്ങി. കൈയും കാലും വിറയ്ക്കാനും. കൈപിടിക്കാതെ ഇപ്പോള്‍ നടക്കാന്‍ വയ്യ. ഷാഹിനയുടെ ദുരിതകഥ മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞ് കാലമേറെയായെങ്കിലും പഞ്ചായത്ത് നല്കിയ സൈക്കിളും വികലാംഗപെന്‍ഷനും മാത്രമാണ് ഇതേവരെ കിട്ടിയ സര്‍ക്കാര്‍ സഹായം.
സ്‌നേഹവും കരുതലുംകൊണ്ട് എല്ലാ ദുഃഖങ്ങളെയും അതിജീവിക്കുകയാണ് ഈ നിര്‍ധനകുടുംബം. വീട്ടുമുറ്റത്തെത്തുന്ന ഓട്ടോവിലേക്ക് സഹോദരങ്ങളുടെ കൈത്താങ്ങില്‍ വീല്‍ചെയറിലെത്തുന്ന ഷാഹിന ബോവിക്കാനം യു.പി.എസ്സിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അവള്‍ സഹോദരങ്ങളുടെ സഹായത്തോടെ സ്‌കൂളില്‍ പോകുന്ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഇറങ്ങാന്‍ തുടങ്ങവെ ഷാഹിന ചോദിച്ചു: ''എന്റെ കുറച്ച് ചിത്രങ്ങള്‍ എടുത്തുതരുമോ?'' എന്തിനാണ് എന്ന ചോദ്യത്തിന്, ''വെറുതെ, എന്റെ സ്‌കൂളിലെ കുട്ടികളെ കാട്ടാനാണ്.'' നാണം കലര്‍ന്ന ചിരിയോടെ അവള്‍ പറഞ്ഞു. വീട്ടുമുറ്റത്തേക്കിറങ്ങുന്ന കല്ലൊതുക്കില്‍ ഇരുത്തി അവളുടെ ഒരു പോര്‍ട്രെയ്റ്റ് എടുത്തു. ചേട്ടനും അനുജത്തിയും അവളെ ആശ്ലേഷിക്കുന്ന ചിത്രവും.
പഠിക്കാന്‍ മിടുക്കിയായ ഷാഹിനയ്ക്ക് കവിത വായിക്കുന്നതും എഴുതുന്നതും ഇഷ്ടമാണ്.
'പൂമ്പാറ്റ' എന്ന ഒരു കവിത എഴുതി ടീച്ചര്‍ക്ക് കൊടുത്ത കാര്യം ഞങ്ങളോട് പറയുമ്പോള്‍
ലജ്ജപുരണ്ട ഒരു ചിരി ആ മുഖത്ത് പരക്കുന്നു.'


 
Fun & Info @ Keralites.net
കാര്‍ത്ത്യായനി - കാസര്‍കോട് യാത്രയെക്കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കുന്നതിനിടയില്‍ ബുധനാഴ്ച രാവിലെ (15.12.2010) എന്‍ഡോസള്‍ഫാന്‍ സമരനായികയായ ലീലാകുമാരി യമ്മയുടെ ഒരു ഫോണ്‍കോള്‍ വന്നു. അയല്‍വാസിയായ കാര്‍ത്ത്യായനി മരിച്ചു എന്ന ദുരന്തവാര്‍ത്ത അറിയിക്കാന്‍.


 
Fun & Info @ Keralites.net
അമ്മയെ ഉറക്കാത്തവന്‍

കാസര്‍കോട്: കണ്ണു കീറാത്ത, മലദ്വാരമില്ലാത്ത കുഞ്ഞിനെയാണ് കടിഞ്ഞൂല്‍പ്രസവം ഫൗസിയയ്ക്ക് നല്കിയത്. ''കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ഹോസ്‌പിറ്റലില്‍വെച്ചായിരുന്നു പ്രസവം. ദിവസങ്ങള്‍ക്കകമുള്ള ഓപ്പറേഷന്‍കൊണ്ട് മലദ്വാരമുണ്ടായി. തലച്ചോറിനും ബുദ്ധിക്കും തീരെ വളര്‍ച്ചയില്ല. മംഗലാപുരത്ത് ചികിത്സയ്ക്ക് കൊണ്ടുപോയിട്ടും കാര്യമില്ല എന്ന് ഡോക്ടര്‍ പറഞ്ഞു.'' ഫൗസിയ ഓര്‍ക്കുന്നു.
ഫായിസിന് കണ്ണുകാണില്ല, കേള്‍ക്കില്ല, സംസാരിക്കില്ല. കശുവണ്ടിയുടെ രൂപമാണ് ഫായിസിന്റെ തലയ്ക്ക്. അത്യുത്‌പാദന സാങ്കേതികവിദ്യ ഇവര്‍ക്ക് നല്കിയ 'സമ്മാനം'.
''പകല്‍ മുഴുവന്‍ ഉറക്കമാണ്. രാത്രിയില്‍ തീരെ ഉറങ്ങില്ല. ഇരുട്ടത്ത് എന്തൊക്കെയോ ശബ്ദമുണ്ടാക്കി നടക്കും. മറ്റാര്‍ക്കും ഉറങ്ങാനും പറ്റില്ല. ഒരു മാസം ആയിരം രൂപയോളം മരുന്നിന് ചെലവാകും.'' ഫായിസിന്റെ പിതാവ് ഷെരീഫ് പറയുന്നു. ഓട്ടോ ഡ്രൈവറാണ് ഷെരീഫ്.
മൂന്ന് മക്കളുണ്ട്. ഫൗസിയ-ഷെരീഫ് ദമ്പതിമാര്‍ക്ക്. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പുളിക്കല്‍ മൂന്നാംകടവില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ വെച്ചുനല്കിയ വീട്ടിലാണ് ഇവരുടെ താമസം. 250 രൂപ വികലാംഗ പെന്‍ഷന്‍ മാത്രമാണ് ഇവര്‍ക്കു കിട്ടുന്ന സര്‍ക്കാര്‍ സഹായം.
ഫായിസിന്റെ ഉമ്മ ഫൗസിയ നാലുവരെ പഠിച്ചത് പെരിയയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ നവീന്‍ ബാലവിദ്യാഭവനിലായിരുന്നു. പ്ലാന്റേഷനു നടുവിലാണ് സ്‌കൂള്‍. യു.പി.യും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും കഴിഞ്ഞത് പ്ലാന്റേഷന്‍ മേഖലയിലെ പെരിയ ഗവണ്‍മെന്റ് എച്ച്.എസ്.എസ്സിലാണ്. വിവാഹംചെയ്ത് എത്തിയതും പ്ലാന്റേഷന്‍ മേഖലയായ മൂന്നാംകടവില്‍.'


 
Fun & Info @ Keralites.net
പൂത്തുമ്പി

കാസര്‍കോട്: മുഹമ്മദ് ഫായിസിന്റെ വീട്ടിനു മുന്നിലെ റോഡ് മുറിച്ചുകടന്നാല്‍ മുത്താടുക്കം അങ്കണവാടിയായി. അങ്കണവാടിയില്‍ പാറിനടക്കുന്ന പൂമ്പാറ്റകള്‍ക്കിടയില്‍ ആരെയും ആകര്‍ഷിക്കുന്ന ഓമനത്തമുള്ള മുഖമാണ് ഷഹാനയുടേത്. പഠനം അങ്കണവാടിയിലാണെങ്കിലും വയസ്സ് 8 ആയി. ശരീരത്തിന് ഒരു കൊച്ചുകുഞ്ഞിന്റെ പ്രകൃതം. എന്തു ചോദിച്ചാലും ഉത്തരം കുസൃതിയുള്ള ചിരി മാത്രം. കൂടുതല്‍ ചോദിച്ചാല്‍ അവള്‍ക്കുമാത്രം അറിയുന്ന ഭാഷയില്‍ മറുപടിതരും. ഫായിസിന്റെ വീടിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള അബ്ദുള്ളയുടെയും ബീബിയുടെയും അഞ്ചു മക്കളില്‍ ഇളയവളാണ് ഷഹാന.
ഷഹാനയെക്കുറിച്ച് അമ്മ പറയുന്നു: ''ഒരു സ്ഥലത്തും ഓള് അടങ്ങിയിരിക്കില്ല. വീട്ടിലെന്തെങ്കിലും വെച്ചാല്‍, മറ്റ് കുട്ടികളുടെ പുസ്തകമോ പെന്‍സിലോ, അവള്‍ക്കിഷ്ടമുള്ളതെന്തും ഒളിപ്പിച്ചുവെക്കും. അല്ലെങ്കില്‍ പുറത്തുകളയും. സ്‌കൂളില്‍ ഉച്ചവരെ അടങ്ങിയിരിക്കും. ഉച്ചയ്ക്കുശേഷം ഇരിക്കില്ല. കുപ്പായമിട്ടുകൊടുത്താല്‍ ഊരിക്കളയും. പ്രാഥമിക കാര്യങ്ങള്‍ക്കുപോലും പരസഹായം വേണം. പറഞ്ഞാല്‍ ഒന്നും അനുസരിക്കില്ല. മറുപടിയുമുണ്ടാകില്ല.'' ബീബി ഭാഗ്യവതിയാണ്. കാരണം ഷഹാന ആകെ വിളിക്കുന്നത് 'ഉമ്മ' എന്നു മാത്രമാണ്. അതിനുപോലും ഭാഗ്യമില്ലാത്ത നിര്‍ഭാഗ്യവതികളായ അമ്മമാരുടെ നാട്ടില്‍ ഭാഗ്യവതി.
ഷഹാനയ്ക്ക് സര്‍ക്കാറില്‍നിന്ന് കിട്ടുന്നത് മാസംതോറുമുള്ള വികലാംഗപെന്‍ഷന്‍ മാത്രം.'
ഷഹാനയുടെ അയല്‍വീട്ടിലെ കുട്ടിയാണ് അബു ഷാമില്‍. ഷഹാനയുടെ കളിക്കൂട്ടുകാരന്‍. ടിപ്പര്‍ലോറി ഡ്രൈവറായ മുഹമ്മദ്കുഞ്ഞിയുടെയും താഹിറയുടെയും രണ്ടു കുട്ടികളില്‍ മൂത്തവന്‍.
ജനിക്കുമ്പോഴേ ഷാമില്‍ ഹൃദ്‌രോഗിയായിരുന്നു. മൂന്നാമത്തെ വയസ്സില്‍ നാട്ടുകാരുടെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി ഒരു ഓപ്പറേഷന്‍ കഴിഞ്ഞു. മൂന്നുലക്ഷത്തോളം രൂപ ചെലവുവരുന്ന ഒരു ശസ്ത്രക്രിയകൂടി ഷാമിലിനു നടത്തണം. മിടുക്കനായ ഷാമില്‍ അങ്കണവാടിയില്‍ പഠിക്കുന്നു. നടക്കാനും ഓടാനും വിഷമമാണ്. എങ്കിലും ആരെയും മോഹിപ്പിക്കുന്ന പെരിയയിലെ മഞ്ഞപ്പുല്‍വിരിച്ച മൈതാനം അവന്റെ കാലുകള്‍ക്ക് ചിറകുനല്കും. ഷഹാനയുടെ കൂടെ അവനും പാറിനടക്കും. പ്രാര്‍ഥനയോടെ നോക്കിനില്ക്കാനേ നിര്‍ധനരായ ഈ ദമ്പതിമാര്‍ക്ക് പറ്റൂ. സര്‍ക്കാര്‍വക യാതൊരു ധനസഹായവും ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഹമ്മദ്കുഞ്ഞി പറയുന്നു.


 
Fun & Info @ Keralites.net
പാട്ടുവറ്റിയ വാനമ്പാടി

കാസര്‍കോട്: മുളിയില്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് മല്ലംപള്ളിക്ക് സമീപമുള്ള പ്ലാന്റേഷന്‍ ഏരിയയിലെ പാരമ്പര്യവൈദ്യനായ അബ്ദുള്‍ റഹ്മാന്റെ മൂത്ത മകളാണ് ഫാത്തിമ. അഞ്ചാമത്തെ വയസ്സില്‍ കുട്ടിക്ക് ഒരു പനി വന്നു. കേള്‍വിയും മിണ്ടാട്ടവും ഇല്ലാതായി. കുറേക്കാലം ബോധമില്ലാതെ കിടപ്പിലായിരുന്നു. ഇന്ന് പരസഹായമില്ലാതെ എഴുന്നേറ്റുനില്‍ക്കാനോ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനോ വയ്യ. ''ചെറുപ്പത്തില്‍ ചുറുചുറുക്കുള്ള കുട്ടിയായിരുന്നു അവള്‍. നന്നായി പാടും.'' ഉമ്മ ഫാത്തിമ ഓര്‍ക്കുന്നു.
ജുമാനയുടെ ചുണ്ടില്‍ ഇന്ന് പാട്ടില്ല. ഉമിനീരൊഴുകുന്ന വായില്‍നിന്ന് വരുന്നത് ആര്‍ക്കും മനസ്സിലാകാത്ത ചില അപസ്വരങ്ങള്‍.
ഒരു പതിറ്റാണ്ടിലേറെയായി കിടപ്പിലായ ഫാത്തിമയ്ക്ക് കിട്ടുന്ന ഏകസഹായം സര്‍ക്കാര്‍ നല്‍കുന്ന 250 രൂപ വികലാംഗ പെന്‍ഷന്‍ മാത്രം.


 
Fun & Info @ Keralites.net
മെരുങ്ങാത്ത ഉടല്‍

കാസര്‍കോട്: കൂട്ടിലടച്ച ഒരു മെരുങ്ങാത്ത മൃഗത്തെ ഓര്‍മിപ്പിക്കുന്നതാണ് ഉണ്ണികൃഷ്ണന്റെ ചേഷ്ടകള്‍. നിന്നിടത്ത് നില്‍ക്കില്ല, മിണ്ടില്ല, കേള്‍ക്കില്ല. അസ്വസ്ഥനായി കറങ്ങിക്കൊണ്ടേയിരിക്കും.
കൂലിപ്പണിക്കാരനായ കെ. ബാബുവിന്റെയും പ്രേമയുടെയും രണ്ടാമത്തെ കുട്ടിയാണ് ഉണ്ണി. ചേച്ചി സ്വാതി (13) എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ഉണ്ണികൃഷ്ണന്‍ ഒന്‍പതു വയസ്സുവരെ സംസാരിച്ചിരുന്നു. പ്ലാന്റേഷനു സമീപമാണ് ഇവരുടെ വീട്. ഗര്‍ഭംധരിച്ച നാളില്‍ വീടിനുമുകളിലൂടെ വിഷം തളിച്ചുകൊണ്ട് ഹെലികോപ്റ്റര്‍ വട്ടമിട്ടു പറന്നത് പ്രേമ ഓര്‍ക്കുന്നു.
''എന്തെങ്കിലും കഴിക്കണമെങ്കില്‍ വാരിക്കൊടുക്കണം. ഒരാള് എപ്പോഴും അടുത്ത് വേണം.'' പ്രേമ പറയുന്നു.
2005-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ ഡിസ്എബിലിറ്റി സര്‍ട്ടിഫിക്കറ്റ് 2009-ലും 2010-ലും എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ ആരോഗ്യവകുപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റും കൈയിലുണ്ടെങ്കിലും ഇന്നേവരെ ഒരു വികലാംഗ പെന്‍ഷന്‍പോലും
സ്വന്തം കുഞ്ഞിന്റെ പേരില്‍ കിട്ടിയിട്ടില്ല. അവന് നല്ല ചികിത്സയും കിട്ടിയിട്ടില്ല.'


 
Fun & Info @ Keralites.net
മുതലപ്പാറയിലെ ജീവിതം

കാസര്‍കോട്: ബോവിക്കാനത്തുള്ള മുതലപ്പാറ എസ്.ഇ.എസ്.ടി. കോളനിയിലാണ് സുജാതയുടെ വീട്. ജയന്തിയുടെ നാലു മക്കളില്‍ മൂത്തവള്‍. എഴുന്നേറ്റ് നില്ക്കാനോ നടക്കാനോ വയ്യ. കൂലിപ്പണി ചെയ്താണ് കുടുംബം പുലരുന്നത്.
ഏക്കറുകളോളം പരന്നുകിടക്കുന്ന കുന്നിന്‍പുറമാണ് മുതലപ്പാറ. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മഞ്ഞപ്പുല്ലുകൊണ്ട് മൂടിയ പാറപ്രദേശം. പട്ടികജാതിയില്‍പ്പെടുന്ന മൊകേരറാണ് കോളനിയിലെ അന്തേവാസികള്‍. കോളനി സ്ഥാപിച്ചിട്ട് 75 വര്‍ഷമായി. അത്രതന്നെ പ്രായമുണ്ട് കോളനിയിലെ പൊതുകിണറിനും.
''മരുന്നു തളിക്കുന്ന സമയത്ത് ഓലകൊണ്ട് മൂടിവെക്കും. എന്നിട്ട് എന്ത് കാര്യം?'' സുജാതയെ നോക്കി ഇളയച്ഛന്‍ ഐത്തപ്പന്‍ പറയുന്നു.
സുജാതയ്ക്ക് സര്‍ക്കാറില്‍നിന്ന് ആകെ കിട്ടുന്നത് വികലാംഗ പെന്‍ഷന്‍ മാത്രം.'


 
Fun & Info @ Keralites.net
വളരുന്ന ബാല്യം വളരാത്ത ബാല്യം

കാസര്‍കോട്: 2006-ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കാണാന്‍ ഒരു ദിവസം യാത്രചെയ്തത് ഓട്ടോയിലായിരുന്നു. യാത്രയുടെ അവസാനം ഓട്ടോഡ്രൈവറായ ഹമീദ് എന്നോട് പറഞ്ഞു. 'സാറെ എന്റെ വീട്ടിലും രോഗം വന്ന ഒരു കുഞ്ഞുണ്ട്'. മനസ്സിന് വിഷമം തോന്നിയ നിമിഷമായിരുന്നു അത്. ഒരു ദിവസം മുഴുവന്‍ ദുരിതബാധിതരുടെ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ ഒരിക്കല്‍പോലും അയാള്‍ തന്റെ സ്വകാര്യദുഃഖം പങ്കുവെച്ചിരുന്നില്ല.
ഹമീദിന്റെ മകന്‍ സുഹൈലിന് അന്ന് പത്തുവയസ്സ് കാണും.
ഇത്തവണ സുഹൈലിന്റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ കൂടെ ഉപ്പ ഇല്ല. മുതലപ്പാറയിലാണ് സുഹൈലിന്റെ വീട്. സുഹൈല്‍ എന്‍മകജെയിലെ ഹര്‍ഷിതിനെയും ഉദയനെയും പോലെ എന്നെ തിരിച്ചറിഞ്ഞു. മുന്‍പ് ഫോട്ടോയെടുക്കുമ്പോള്‍ പിന്നില്‍ ഇഴഞ്ഞുനടന്ന കുഞ്ഞനുജത്തി വളര്‍ന്ന് എല്‍.കെ.ജി.യില്‍ എത്തി. സുഹൈലിന് വലിയ മാറ്റമൊന്നുമില്ല. അനുജത്തിയോടൊത്ത് കളിക്കാനും തമാശപറയാനും അവന്റെ മനസ്സ് കൊതിക്കുന്നുണ്ട്. പക്ഷേ, എന്തുചെയ്യും?
സുഹൈലിന് സര്‍ക്കാരില്‍ നിന്ന് കിട്ടുന്നത് വെറും വികലാംഗ പെന്‍ഷന്‍.'


 
Fun & Info @ Keralites.net
കാലക്ഷരങ്ങള്‍

കാസര്‍കോട്: ജി.എച്ച്.എസ്.എസ്. ചീമേനിയിലെ വിദ്യാര്‍ഥിയാണ് വൈശാഖ്. പത്താംക്ലാസില്‍ പഠിക്കുന്ന വൈശാഖ് ചിത്രകാരനാണ്. പക്ഷേ, രണ്ടു കൈകളുമില്ല. നന്നായി പഠിക്കും. ഞങ്ങള്‍ സ്‌കൂളിലെത്തുമ്പോള്‍ ക്ലാസ് നടക്കുകയാണ്. ക്ലാസ്മുറിയില്‍ ഡെസ്‌കില്‍ പുസ്തകംവെച്ച് കാലുകൊണ്ട് എഴുതുകയാണ് വൈശാഖ്. വടിവൊത്ത മനോഹരമായ 'കാലക്ഷരം'. വൈശാഖ് എന്‍ഡോസള്‍ഫാനെ തോല്‌പിക്കുന്നത് ഇങ്ങനെയാണ്.


 
Fun & Info @ Keralites.net
എന്‍ഡോസള്‍ഫാന്റെ കളിപ്പാട്ടങ്ങള്‍

കാസര്‍കോട്ടെ കുന്നിന്‍പരപ്പുകളില്‍ ആകാശത്തുകൂടി മരുന്നടിച്ച് ഇടയ്ക്കിടെ കടന്നുപോകുന്ന വലിയ പക്ഷിയെ (ഹെലികോപ്ടര്‍) കാണാന്‍ കൂട്ടംചേര്‍ന്ന് ആഘോഷപൂര്‍വം ഓടിപ്പോയ ഒരു തലമുറയുണ്ടായിരുന്നു... ബാല്യത്തിന്റെ കുതൂഹലങ്ങളൊഴിഞ്ഞു. ആഘോഷങ്ങളടങ്ങി. ലോഹപ്പക്ഷി വട്ടമിട്ടു പറന്ന ഇടങ്ങളില്‍ ദുരിതങ്ങളുടെ കാഹളം മുഴങ്ങുകയാണ്. അജ്ഞാത രോഗങ്ങളും മരണവുമായി അത് ഒരു തലമുറയെ മുഴുവന്‍ വേട്ടയാടുന്നു.
ബോവിക്കാനത്തിനടുത്തുള്ള മുതലപ്പാറയില്‍ പ്ലാന്റേഷന്‍ കെട്ടിടത്തിന് സമീപമുള്ള പാറപ്പരപ്പില്‍ ഹെലികോപ്ടര്‍ പറത്തിക്കളിക്കുന്ന കുട്ടികള്‍.'


 
Fun & Info @ Keralites.net
സായാഹ്ന വെയില്‍

കാസര്‍കോട്: ചീമേനി ടൗണില്‍ പെട്ടിക്കട നടത്തുന്ന കുഞ്ഞിക്കണ്ണേട്ടന്റെ ചായയും കഞ്ഞിയും കുടിക്കാത്തവരില്ല. പക്ഷേ, കുഞ്ഞിക്കണ്ണന്റെ ജീവന് വെച്ചുവിളമ്പുന്ന കഞ്ഞിപോലെ കണ്ണീരിന്റെ ഉപ്പാണ്.
നാലുമക്കളില്‍ അവിവാഹിതയായ മൂത്ത മകള്‍ മിനി 2010 മെയ് 5ന് സ്തനാര്‍ബുദം വന്ന് മരിച്ചു. മകള്‍ മരിച്ച വേദനയില്‍ കഴിയവേ, ഒരുമാസം മുന്‍പ് ഭാര്യയെയും മൂത്രാശയ കാന്‍സര്‍ കീഴ്‌പ്പെടുത്തി. വീടും പറമ്പും ഉള്ളതുമുഴുവനും വിറ്റ് ചികിത്സിച്ചു. സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
തുടര്‍ച്ചയായ രണ്ടു മരണങ്ങള്‍ തളര്‍ത്തിയ കുഞ്ഞിക്കണ്ണന്‍ കച്ചവടം മതിയാക്കിയെങ്കിലും ചീമേനി ടൗണില്‍ ഒരു ഷെഡ്ഡുകെട്ടി വീണ്ടുമൊരു ജീവിതത്തിലേക്ക് പിച്ചവെക്കുകയാണ്. വീട്ടില്‍ ചെറിയ ഒരു ജോലിയുമായി അച്ഛനോടൊപ്പം മകന്‍ മനോജും ഒപ്പം വിദ്യാര്‍ഥിനിയായ മകള്‍ മഞ്ജുഷയും.
ചുട്ടുപൊള്ളുന്ന ഉച്ചവെയില്‍ പിന്നിട്ട് ചീമേനിയുടെ പാറപ്പരപ്പിലെത്തുന്ന സായാഹ്നം സ്വച്ഛവും സുന്ദരവുമാണ്. എന്നാല്‍ വേദനിപ്പിക്കുന്ന ഓര്‍മകളിലാണ് കുഞ്ഞിക്കണ്ണന് ജീവിത സായാഹ്നം.'


 
Fun & Info @ Keralites.net
കനമുള്ള നോട്ടങ്ങള്‍

പാലക്കാട്: മുതലമട പഞ്ചായത്തിനടുത്തുള്ള കൊല്ലങ്കോട് പഞ്ചായത്തിലെ ബംഗ്ലാവ് മേട്ടിലാണ് ശരണ്യയും (7) ജ്യേഷ്ഠന്‍ സഞ്ജുവും (14) താമസിക്കുന്നത്. വീട്ടിലെത്തുമ്പോള്‍ ശരണ്യയെ കുളിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അമ്മ രുഗ്മിണി. ഉടലിനേക്കാള്‍ വലിയ തലയുള്ള ശരണ്യക്ക്, ഇരിക്കാന്‍ വിഷമമാണ്. തലയുടെ ഭാരം ഉടലിന് താങ്ങാന്‍ പറ്റില്ല. അതുകൊണ്ട് കൈപൊട്ടിയ ഒരു കസേരയുടെ മേലെ ശരണ്യ ഇരിക്കുകയല്ല, കിടക്കുകയാണ്.
നാലു കുട്ടികളില്‍ മൂന്നാമത്തവളാണ് ശരണ്യ. രുഗ്മിണിയുടെ ആദ്യകുട്ടി സഞ്ജുവിനുമുണ്ട് പ്രശ്‌നം. ബുദ്ധിവികാസമില്ല. മകന്റെ പേരിലുള്ള വേദന തിന്ന് കഴിയുമ്പോഴാണ് വീണ്ടും വേദന നല്‍കാന്‍ കുഞ്ഞുശരണ്യ വരുന്നത്.
കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ചന്ദ്രന്‍ ലക്ഷദ്വീപിലാണ്. രോഗികളായ രണ്ടു കുട്ടികളെയും കൊണ്ട് ഉഴലുകയാണ് രുഗ്മിണി.'


 
Fun & Info @ Keralites.net
പൂക്കുന്ന ശരീരം

പാലക്കാട്: ചെമ്മണാമ്പതി മാന്തോപ്പിനിടയിലൂടെ പോയാല്‍ ചുമട്ടുതൊഴിലാളിയായ മണിയുടെ വീട്ടിലെത്താം. ഈ വീട്ടിലാണ് ത്വക്‌രോഗിയായ ഒന്നര വയസ്സുള്ള ജയചന്ദ്രനുള്ളത്. മണി- സെല്‍മ ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയാണ് ജയചന്ദ്രന്‍. ആദ്യത്തെ കുട്ടി ഇതേപോലെ ത്വക്‌രോഗം ബാധിച്ച് മരിച്ചു. എത്രയോ തലമുറയായി ഈ മണ്ണില്‍ കഴിഞ്ഞു കൂടുന്നവരാണിവര്‍. അവരുടെ പരമ്പരയില്‍ ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥ മണിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.


 
Fun & Info @ Keralites.net
വേദന പകരുന്ന കണ്ണുകള്‍

ഇടുക്കി: പ്രകാശം പരത്തുന്ന കണ്ണുകളാണ് രഞ്ജിത (6) യുടേത്. സെറിബ്രല്‍ പാള്‍സിയാണ് അവളുടെ രോഗം. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോട് വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രതികരിക്കാനാകാത്ത അവളുടെ കണ്ണുകളില്‍ എല്ലാമുണ്ട്. ബുദ്ധിയുള്ള കുട്ടിയാണവള്‍. ദുരിതമേഖലകളിലൂടെയുള്ള ദിവസങ്ങള്‍ നീണ്ട യാത്രകളില്‍ ഏറ്റവും വേദന പകര്‍ന്ന മുഖങ്ങളിലൊന്ന്.
മകളെ പ്രസവിച്ചശേഷം അമ്മ ശുഭലക്ഷ്മി തോട്ടംപണി നിര്‍ത്തി. ഏലത്തോട്ടത്തിലായിരുന്നു പണി. കുഞ്ഞുരഞ്ജിത വയറ്റില്‍ കിടക്കുമ്പോള്‍ എട്ടുമാസംവരെ കീടനാശിനികള്‍ക്കിടയിലായിരുന്നു. ഭര്‍ത്താവ് കുമാരവേലുവിന് കൂലിപ്പണിയാണ്. രണ്ടാമത്തെ മകളാണ് രഞ്ജിത. എപ്പോഴും അവളെ നോക്കാന്‍ ഒരാള്‍ വേണം. റോഡിനോടു ചേര്‍ന്ന വീടിന്റെ ഒരു മുറി കൊച്ചുപീടികയാക്കി. ഇത്രയും കാലമായിട്ട് സര്‍ക്കാരില്‍ നിന്ന് ഈയിടെ 600 രൂപ പെന്‍ഷന്‍ വകയില്‍ കിട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ കണ്ണില്‍ അവള്‍ വെറുമൊരു വികലാംഗയാണ്. ശുഭലക്ഷ്മിയുടെ സഹോദരന്‍ അഴകുദുരൈ തോട്ടം തൊഴിലാളിയാണ്. വിവാഹം കഴിഞ്ഞ് ഒരു ദശകം പിന്നിട്ടു. ഇതുവരെ കുഞ്ഞുങ്ങളില്ല.'


 
Fun & Info @ Keralites.net
ഒറ്റമുറിയിലെ രാജകുമാരി

ഇടുക്കി: മരിയ എസ്റ്റേറ്റ് കോളനിയിലെ ഗോവിന്ദരാജിന്റെയും വിജയമ്മയുടെയും മൂന്നുമക്കളില്‍ ഇളയവളാണ് രാജലക്ഷ്മി (15). തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നു വന്നവരാണിവര്‍. ഈ കട്ടിലിലാണ് രാജലക്ഷ്മിയുടെ ജീവിതം. ഈ വീടും അതിനകത്തെ മുറികളും മാത്രമാണ് അവളുടെ ലോകം.'


 
Fun & Info @ Keralites.net
മായക്കാഴ്ചയും വറ്റുമ്പോള്‍

ഇടുക്കി: മാണിയുടെയും മറിയയുടെയും മകള്‍ മാതു (8) സെന്റ്‌ജോര്‍ജ് യു.പി.എസ്. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. തോട്ടത്തിനു നടുവിലാണ് മാതുവിന്റെ വീട്. നേത്രരോഗിയാണ്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ പലരും അകാല മൃത്യുവിന്നിരയാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിസ്സമ്മ പറയുന്നു. കേള്‍ക്കുന്നതെല്ലാം കാന്‍സര്‍ മരണങ്ങളാണെന്നും അവര്‍ പറഞ്ഞു.

 
മധുരാജിന്റെ ഇ-മെയില്‍ : madhurajmbi@yahoo.com
മധുരാജിന്റെ സൈറ്റ്് : http://madhurajsnaps.com
 
 

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___