Wednesday 15 January 2014

[www.keralites.net] ????????????????? ? ?????????

 

സൂര്യകാന്താരത്തിലെ കൊമ്പന്‍
 


സണ്‍സിറ്റി. ആഫ്രിക്കയിലെ ഏറ്റവും സുന്ദരമായ തീം പാര്‍ക്കും ഗെയിം സാങ്ച്വറിയും. സഞ്ചാരികളുടെ പ്രിയവനം. സൂര്യനഗരത്തിലേക്കുള്ള യാത്രയെ പക്ഷെ ഇന്നും ഓര്‍മയില്‍ നിര്‍ത്തുന്നത് കൊലവിളിച്ചെത്തിയ ഒരു കൊമ്പന്റെ ചിത്രമാണ്

സണ്‍സിറ്റി എന്നാല്‍ ആഫ്രിക്കയില്‍ സൂര്യനഗരം എന്നല്ല, സൂര്യവനം എന്നായിരിക്കണം അര്‍ഥം. കാടിനകത്തെ മനോഹരമായ കൊട്ടാരവും ചുറ്റും നിറയുന്ന മൃഗയാവനവും ചേര്‍ന്ന ഒരു നഗരകാന്താരമാണ് ഈ സണ്‍സിറ്റി. ആഫ്രിക്കയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന്.

ലോസ്റ്റ് പാലസ് (വിസ്മൃതരാജധാനി) എന്നറിയപ്പെടുന്ന കാടിനു നടുവിലെ തീം പാര്‍ക്കും ലോകത്തെ ഏറ്റവും മനോഹരമായ സാങ്ച്വറി റിസോര്‍ട്ടുകളിലൊന്നും ഇവിടെയാണ്. ചുറ്റിലും നിറയുന്ന പീലാനിസ്ബര്‍ഗ് സാങ്ച്വറിയുടെ മരച്ഛായകളും ഹരിതാഭകളും മൃഗയാ സാധ്യതകളും അതിനെ കൂടുതല്‍ പ്രലോഭനീയമാക്കുന്നു. കാടിനു നടുവില്‍ ഒളിച്ചു പാര്‍ക്കാന്‍ ഇത്ര സുന്ദരമായ സ്ഥലം വേറെ അധികം ഞാന്‍ കണ്ടിട്ടില്ല. ലോകത്തേറ്റവും സഞ്ചാരികളെത്തുന്ന ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇന്ന് ദക്ഷിണാഫ്രിക്കയിലെ സണ്‍സിറ്റി.

രണ്ടാഴ്ച നീണ്ടുനിന്ന ആഫ്രിക്കന്‍ യാത്രക്കിടെയാണ് സണ്‍സിറ്റിയിലെത്തിയത്. ജോഹന്നാസ്ബര്‍ഗില്‍ നിന്ന് കേപ്ടൗണിലേക്കും അവിടെ നിന്ന് ഗാബറോണ്‍ വഴി കസാനെയിലേക്കും ഛോബെയിലേക്കും ക്രൂഗറിലേക്കും പോയ ശേഷമായിരുന്നു സണ്‍സിറ്റിയിലേക്കുള്ള യാത്ര. കാടുകളില്‍ നിന്നു കാടുകളിലേക്കും കാഴ്ചകളില്‍ നിന്നു കാഴ്ചകളിലേക്കും സഞ്ചരിച്ച ദിനങ്ങള്‍. വിശപ്പു തീരാത്ത ക്യാമറയുമായി കാട്ടിലലഞ്ഞു നടന്ന ദിവസങ്ങള്‍. കാടുകളുടെ നാടായ ആഫ്രിക്കയില്‍ ഇന്ന് ഏറ്റവും വലിയ ടൂറിസം വ്യവസായമാണ് വൈല്‍ഡ് ലൈഫ് സാങ്ച്വറികള്‍. ഓരോ വ്യക്തിക്കും സ്വന്തമായി കാടു കൈവശം വെക്കാനും സാങ്ച്വറി നടത്താനും മൃഗങ്ങളെ പരിപാലിക്കാനും സഞ്ചാരികളെ ക്ഷണിച്ചു വരുത്തി അതു കാട്ടിക്കൊടുക്കാനും അവിടെ സ്വാതന്ത്ര്യമുണ്ട്. അവയെല്ലാം മികച്ച രീതിയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നടത്തപ്പെടുന്നവയുമാണ്. വനാധിഷ്ഠിത വിനോദസഞ്ചാരത്തില്‍ മികച്ച മാതൃകയാണ് ഇന്നു ദക്ഷിണാഫ്രിക്ക.

 

ഒരാഴ്ച നീണ്ട ആഫ്രിക്കന്‍ കാടുകളിലെ യാത്രക്കു ശേഷം തിരിച്ചു വീണ്ടും ജോഹന്നാസ്ബര്‍ഗിലെത്തിയ ശേഷമാണ് സണ്‍സിറ്റിയിലേക്കു പുറപ്പെട്ടത്. അപ്പോഴേക്കും കസാനെയിലും ഛോബെയിലുമുള്ള കാടുകളില്‍ നിന്ന് പുലിയും സിംഹവും ആനയുമുള്‍പ്പെടെ നിരവധി വന്യമൃഗങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സണ്‍സിറ്റി വലിയൊരു പ്രലോഭനമായി ആദ്യം തോന്നിയില്ല. എന്നാല്‍ സണ്‍സിറ്റിക്കടുത്തുള്ള പീലാനിസ്ബര്‍ഗ് സാങ്ച്വറിയില്‍ മറ്റിടങ്ങളില്‍ കാണാത്ത ഇനം പക്ഷികളും മൃഗങ്ങളുമുണ്ടെന്നും അവ താരതമ്യേന അക്രമകാരികളല്ലെന്നും അതിനാല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കൂടുതല്‍ അനുയോജ്യമായ ഇടം ഇതാണെന്നും ഗൈഡ് പറഞ്ഞത് പ്രലോഭനമായി തോന്നി. പിന്നെ ആലോചിച്ചില്ല. ക്യാമറയുമെടുത്ത് സണ്‍സിറ്റിയിലേക്കു തിരിച്ചു.

ജോഹന്നാസ്ബര്‍ഗില്‍ നിന്ന് 187 കിലോമീറ്ററാണ് സണ്‍സിറ്റിയിലേക്ക്. ലോകത്തെ അപൂര്‍വമായ ഫോറസ്റ്റ് റിസോര്‍ട്ടുകളിലൊന്നിലേക്കാണ് യാത്ര. 830 മില്യണ്‍ റാന്‍ഡ് ചിലവഴിച്ചു നിര്‍മിച്ച 'ലോസ്റ്റ് സിറ്റി പാര്‍ക്ക്' എന്നറിയപ്പെടുന്ന ഇവിടത്തെ റിസോര്‍ട്ട് ഒരു കാഴ്ച തന്നെയാണ്. ലോകത്തെ ഏറ്റവും മനോഹരമായ തീംപാര്‍ക്കുകളിലൊന്നും ഇവിടെയാണ്. മനുഷ്യനിര്‍മിത വനവും കടല്‍ പോലെ പരന്നുകിടക്കുന്ന വേവ്പൂളും ഈ പാര്‍ക്കിനെ ലോകോത്തരമാക്കുന്നു. ലോസ്റ്റ് സിറ്റിയിലാണ് ഇപ്പോള്‍ റിസോര്‍ട്ടായി മാറിയ പാലസുള്ളത്. പാലസിനെ ചുറ്റി 25 ഹെക്ടര്‍ വരുന്ന കൃത്രിമവനവും അതിനുമപ്പുറത്ത് 55000 ഹെക്ടറില്‍ പരന്നു കിടക്കുന്ന പീലാനിസ്ബര്‍ഗ് സാങ്ച്വറിയുമുണ്ട്. 18-ഹോള്‍ ഗോള്‍ഫ് കോഴ്‌സുകള്‍ ഒന്നല്ല രണ്ടെണ്ണമാണ് ഇവിടെയുള്ളത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ച കണ്‍വെന്‍ഷന്‍ സെന്ററുകളും ഇവിടെയാണുള്ളത്. സഞ്ചാരികളെ സ്വീകരിക്കാന്‍ വൈല്‍ഡ് ലൈഫ് ടൂര്‍ ഓപ്പറേറ്റര്‍മാരും സഫാരി സംഘങ്ങളും ധാരാളം.

 

തീം പാര്‍ക്കോ റിസോര്‍ട്ടിലെ പഞ്ചനക്ഷത്ര സുഖസൗകര്യത്തോടു കൂടിയ താമസമോ അല്ല, വൈല്‍ഡ് ലൈഫ് സഫാരിയായിരുന്നു മറ്റിടങ്ങളിലെന്ന പോലെ ഇവിടെയും എന്റെ ലക്ഷ്യം. അതിനാല്‍ തന്നെ കൂടെയുള്ളവരെ റിസോര്‍ട്ടില്‍ വിട്ട് ആദ്യദിവസം മുതലേ ഞാന്‍ സഫാരിക്കിറങ്ങി. ആറു പേര്‍ക്കിരിക്കാവുന്ന ലാന്‍ഡ്ക്രൂസറിലാണ് ഇവിടെ യാത്ര. മണ്‍ചതുപ്പില്‍ കുത്തി മറിയുന്ന കണ്ടാമൃഗങ്ങളും കാടിനെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാക്കുന്ന സീബ്രകളും കൊമ്പുകുത്തിക്കളിക്കുന്ന കാട്ടാനകളും വിഹരിക്കുന്ന റോഡുകളിലൂടെയുള്ള യാത്ര ഹരം പകരുന്നതായിരുന്നു. ചെറിയ കുന്നിന്‍ചെരുവുകളിലൂടെയും പുഴക്കരയിലൂടെയും നീളുന്ന പാത. കുറ്റിക്കാടുകളും ചതുപ്പുകളുമാണ് ചുറ്റും. ഇടയ്ക്കു കടന്നു പോകുന്ന ചില മാനുകളും ജിറാഫുകളും മരക്കൊമ്പിലെ വിചിത്ര പക്ഷികളും. ഇടയ്‌ക്കൊരു കണ്ടാമൃഗത്തിന്റെ സമീപദൃശ്യങ്ങളും കിട്ടി. അപ്പോഴും വലിയ ആഹ്ലാദമൊന്നും തോന്നിയില്ല. കാരണം, തലേ ദിവസങ്ങളില്‍ കസാനെയില്‍ കണ്ട കാട്ടാനക്കൂട്ടവും ഛോബെയില്‍ കണ്ട സിംഹവേട്ടയുമൊക്കെ പകര്‍ത്താന്‍ കഴിഞ്ഞതിന്റെ ത്രില്‍ ഉള്ളില്‍ കെട്ടടങ്ങിയിരുന്നില്ല. ചെറിയ മടുപ്പ് അനുഭവപ്പെടുന്നതു പോലെ. വലിയ ക്യാച്ച് ഒന്നും കിട്ടാതെ മടങ്ങേണ്ടി വരുമോ എന്ന ആശങ്കയും ഉള്ളില്‍ വളര്‍ന്നു. അപ്പോഴാണ് അതു കണ്ടത്. പുഴക്കരയില്‍ മരക്കുടിലില്‍ മുഖം പൂത്തിനില്‍ക്കുന്നു വമ്പനൊരു കൊമ്പന്‍.

വണ്ടി നിര്‍ത്തി ഞങ്ങള്‍ കൊമ്പനെ പകര്‍ത്താന്‍ തുടങ്ങി. സാധാരണ ഗതിയില്‍ ഗെയിം റിസര്‍വുകളിലെ കൊമ്പന്മാരൊന്നും അത്ര അപകടകാരികളല്ല. സഞ്ചാരികളെ വല്ലപ്പോഴും വിരട്ടിയേക്കാമെന്നല്ലാതെ അവ ആക്രമിക്കാറില്ല. യാത്രക്കാരെ കണ്ടുകണ്ട് ശീലമായിരിക്കുന്നു അവയ്ക്ക്. സഞ്ചാരികളുടെ വണ്ടിക്കു സമാന്തരമായി റോഡരികിലൂടെ തന്നെ അവയും നടക്കുന്നതു കാണാം. എന്നെയും ക്യാമറയില്‍ പകര്‍ത്തൂ എന്ന ഭാവത്തോടെ. അതേ മൂഡിലാണ് ഇവന്റെയും നില്‍പ്പ്. അതിനാല്‍ ഗൈഡിനോ ട്രാക്കര്‍മാര്‍ക്കോ പ്രത്യേകിച്ച് അപകടമൊന്നും തോന്നിയില്ല. അവനെ പിന്‍തുടര്‍ന്ന് പുഴക്കരയിലൂടെയും മുളങ്കാടുകളിലൂടെയും ഞങ്ങള്‍ ഏറെനേരം ക്യാമറയുമായി യാത്ര ചെയ്തു. ഞങ്ങളെ അവഗണിച്ചു കൊണ്ട് മരങ്ങളൊടിച്ചും മണ്ണുവാരിയെറിഞ്ഞും ഇടയ്ക്കിടെ ഞങ്ങളെ ഒളികണ്ണിട്ടു നോക്കിയും പാതയ്ക്കും പുഴയ്ക്കും സമാന്തരമായി അവനും നീങ്ങിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ അവനുമായുള്ള ദൂരം മീറ്ററുകള്‍ മാത്രമായി ചുരുങ്ങുക വരെ ചെയ്തു.

 

അതാണോ അവനെ അസ്വസ്ഥനാക്കിയതെന്നറിയില്ല. പെട്ടെന്നായിരുന്നു ഭാവമാറ്റം്. സൂം ചെയ്ത ക്യാമറയിലൂടെ അവന്റെ ചലനങ്ങള്‍ നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് എന്തോ പന്തികേടു തോന്നി. ഗൈഡിനു സൂചന കൊടുക്കാന്‍ പോലും കഴിയും മുമ്പ് അവന്‍ നിന്നിടത്തു നിന്ന് ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു. അതുവരെ കണ്ട രൂപമായിരുന്നില്ല അപ്പോള്‍. ചെവികള്‍ വലുതാവുകയും കൊമ്പുകള്‍ക്ക് വലുപ്പം കൂടുകയും ചെയ്ത പോലെ. കണ്ണുകളില്‍ ക്രൗര്യവും കോപവും തിളയ്ക്കുന്നു. കാടിനെ നടുക്കുന്ന ഒരു ചിന്നം വിളിയും. ഞങ്ങളെ മാത്രമല്ല പരിസരത്തുള്ള മൃഗങ്ങളെയും മറ്റു വാഹനങ്ങളില്‍ അകലെയായി നിന്നിരുന്നവരെയും നടുക്കുന്ന കൊലവിളിയായിരുന്നു അത്. അലറുക മാത്രമല്ല, അടുത്ത നിമിഷം അവന്‍ ഞങ്ങള്‍ക്കു നേരെ കുതിക്കാനും തുടങ്ങി.

അത്രയടുത്ത് ഒരു കാട്ടാനയെ ട്രാക്ക് ചെയ്യുക എന്നത് ഒട്ടും സുരക്ഷിതമായ ഏര്‍പ്പാടായിരുന്നില്ല. എന്നിട്ടും അതു ചെയ്തുപോയി. ആനകള്‍ ഇവിടെ അങ്ങിനെ പിണങ്ങാറില്ലെന്നാണ് ഗൈഡ് ആവര്‍ത്തിച്ചു പറഞ്ഞത്. പറഞ്ഞിട്ടെന്തു കാര്യം, ആനക്കതറിയണ്ടേ? ഒരു നിമിഷം. കൈയെത്തിയാല്‍ തൊടാവുന്ന ദൂരമേയുള്ളൂ ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കെ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആന അപ്പോഴേക്കും അടുത്തെത്തിക്കഴിഞ്ഞു. റോഡിലേക്കു നീങ്ങാന്‍ ശ്രമിച്ച വാഹനത്തിനു കുറുകെ കയറി അവന്‍ ഒറ്റ നില്‍പ്പ്. മുഖത്തോടു മുഖം കണ്ണിമവെട്ടാതെ പരസ്പരം നോക്കിക്കൊണ്ട് മിനുട്ടുകളോളം. എല്ലാവരും പൊടുന്നനെ നിശ്ചലരായിപ്പോയി. ഹൃദയമിടിപ്പു പോലും ആനയെ ശല്യപ്പെടുത്തുമെന്നു തോന്നുന്ന അത്ര ഉച്ചത്തിലായി. ക്യാമറയുടെ ചലനങ്ങളും നിലച്ചു. വണ്ടി മുന്നോട്ടെടുക്കാനാവാതെയുള്ള ആ നില്‍പ്പ് മിനുട്ടുകളോളം തുടര്‍ന്നു. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് യുദ്ധസജ്ജനായി അവന്‍ ഒറ്റച്ചുവടുകള്‍ വെച്ച് മെല്ലെ മെല്ലെ വണ്ടിയോടടുത്തു. തൊട്ടടുത്ത്, ഇതാ ഇപ്പോള്‍ വണ്ടി കുത്തിമറിക്കുമെന്ന തോന്നലോടെ അവന്‍.. അമര്‍ത്തിപ്പിടിച്ച ഒരു നിലവിളിയോടെ എല്ലാവരും കണ്ണുകള്‍ ഇറുക്കിയടച്ചു.

 


ഇഴഞ്ഞു നീങ്ങിയ നിമിഷങ്ങള്‍ക്കൊടുവില്‍ കണ്‍തുറക്കുമ്പോള്‍ ഉയര്‍ത്തിയ തുമ്പി അതു പോലെ വെച്ച് നിശ്ചലനായി നില്‍ക്കുന്നു അവന്‍. ചൂരലോങ്ങി നില്‍ക്കുന്ന അധ്യാപകനെപ്പോലെ. ജീവനും കൊണ്ടു പൊയ്‌ക്കോ എന്നു കല്‍പ്പിക്കുന്ന ഗുണ്ടയെപ്പോലെ. വെറുപ്പും അവജ്ഞയും നിറഞ്ഞ മുഖത്തോടെ. ഇപ്പോള്‍ തോന്നുന്നു, അവന്റെ കണ്ണില്‍ അപ്പോള്‍ ഓളം വെട്ടിയിരുന്നത് പകയോ ക്രൗര്യമോ അല്ല, ശാസനയോ കാഴ്ചപ്പണ്ടമാവുന്നതിലെ അസഹ്യതയോ ആവര്‍ത്തിച്ചു വേട്ടയാടപ്പെടുന്നവന്റെ ദൈന്യതയോ ആയിരുന്നു. നിമിഷങ്ങള്‍ നീണ്ട ആ ഭീഷണിപ്പെടുത്തലില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ അവനെ പ്രേരിപ്പിച്ചതെന്താണെന്ന് ഇന്നും ഊഹിച്ചെടുക്കാനാവുന്നില്ല. ഒരു പക്ഷെ, ധിക്കാരിയും വിശ്വവിജയിയുമാണെന്നു ഭാവിക്കുന്ന മനുഷ്യന്‍ യഥാര്‍ഥ വെല്ലുവിളിക്കു മുന്നില്‍ എത്ര ദയനീയമായ ഒരു കാഴ്ചയാണ് എന്നു നേരില്‍ കണ്ടറിഞ്ഞപ്പോഴുണ്ടായ പുച്ഛമായിരിക്കാം തിരിഞ്ഞു നടക്കും വഴിക്ക് ഉതിര്‍ത്ത ഒരു ചിന്നം വിളിയില്‍ അവന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചത്.

സണ്‍സിറ്റിയെക്കുറിച്ചെഴുതാന്‍ തുടങ്ങിയതാണ്. എന്നാല്‍ അതൊരു കൊമ്പനാനയെക്കുറിച്ചുള്ള കുറിപ്പായിപ്പോയി. സണ്‍സിറ്റിയിലേക്കുള്ള യാത്രയുടെ ഓര്‍മകള്‍ ഇപ്പോഴും ആ കൊമ്പനിലാണ് ചെന്നുമുട്ടുന്നത്. മറ്റു വിശദാംശങ്ങളൊക്കെ ഓര്‍മയില്‍ നിന്നു മാഞ്ഞു പോയിരിക്കുന്നു. എന്നാല്‍ കൊമ്പുകുലുക്കി തൊട്ടുമുന്നിലെത്തിയ ആ സൂര്യവനത്തിന്റെ മകന്‍ ഇന്നും മായാത്ത ചിത്രമായി നില്‍ക്കുന്നു.

കൊലയാനകള്‍ ഉണ്ടാകുന്നത്


 

ഒരു കാട്ടാന എത്ര വേഗതയില്‍ ഓടും? 40 മുതല്‍ 48 കിലോമീറ്റര്‍ വരെ എന്നാണ് ഒരു കണക്ക്. മനുഷ്യനോ? 25ല്‍ താഴെ മാത്രം. ആന ഓടിച്ചാല്‍ മനുഷ്യന്‍ എന്തു ചെയ്യും?

നാഷണല്‍ ജിയോഗ്രഫി ചാനലിന്റെ പഠനമനുസരിച്ച് പ്രതിവര്‍ഷം ലോകത്ത് 500 പേര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്. ഇതില്‍ അധികവും ആഫ്രിക്കയിലാണ്. സഫാരികള്‍ പൊതുവെ സുരക്ഷിതമാണെങ്കിലും ആക്രമണത്തിന് ഇരയാവുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട് എന്നതൊരു സത്യമാണ്. കഴിഞ്ഞ മാസം കെനിയയിലെ മസായിമാര വന്യമൃഗസങ്കേതത്തില്‍ 50 കൊലയാനകളെ പുനരധിവസിപ്പിക്കുകയുണ്ടായി. ഇവ സഫാരി വാഹനങ്ങളിലെ മനുഷ്യരോട് പ്രത്യേക ശത്രുത പുലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സഫാരി യാത്രക്കാര്‍ മാന്യത പുലര്‍ത്താതെ പെരുമാറുന്നതാണ് പലപ്പോഴും അപകടത്തിനു കാരണം. ആനകളുടെ എണ്ണത്തിലുള്ള വര്‍ധന, കാടിന്റെ ശോഷണം, ഭക്ഷണത്തിന്റെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളും ഇതിനു പിന്നിലുണ്ട്. സാങ്ച്വറികളിലൂടെ മനുഷ്യരെ കൂട്ടമായി കൊണ്ടുപോകുന്നതും കാട്ടാനകളെ പ്രദര്‍ശനവസ്തുവാക്കുന്നതും ഈ അപകടം വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്.

 

എന്നാല്‍ ആനയും മനുഷ്യനുമായുള്ള പോരില്‍ കൂടുതല്‍ മരണം ആനകളുടെ ഭാഗത്തു തന്നെയാണ്. ആനക്കൊമ്പു വ്യാപാരം പോലുള്ള മനുഷ്യന്റെ ക്രൂരതകളാണ് ഇതിനു പിന്നില്‍. ആയിരത്തോളം ആനകള്‍ ആഫ്രിക്കയില്‍ മാത്രം പ്രതിവര്‍ഷം കൊല്ലപ്പെടുന്നു. മുമ്പ് ഇത് വളരെ കൂടുതലായിരുന്നു. 1970ല്‍ 1.3 മില്യണായിരുന്ന ആനകളുടെ എണ്ണം 1989ല്‍ ആറു ലക്ഷമായി ചുരുങ്ങി. പിന്നീട് കര്‍ശനമായ നിയമങ്ങളിലൂടെ ഈ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഏറ്റുമുട്ടല്‍ അടുത്ത കാലത്തായി വര്‍ധിച്ചു വരികയാണ്. ഹ്യൂമന്‍ - എലിഫന്റ് കോണ്‍ഫ്ലാക്ട് സ്റ്റഡീസ് എന്ന ഒരു പുതിയ മേഖല തന്നെ 1990കളോടെ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ ആനകളാല്‍ കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം 9500ലധികമാണെന്ന് ഒരു കണക്കില്‍ കണ്ടു.

ആഫ്രിക്കന്‍ കാട്ടാനകളെക്കുറിച്ചു നടന്നിട്ടുള്ള സമാപകാല പഠനങ്ങള്‍ പലതും ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്. അവയുടെ ആവാസ -കുടുംബ വ്യവസ്ഥകള്‍ താളം തെറ്റിയിരിക്കുന്നു. മിക്കതും കൂട്ടം തെറ്റി ജീവിക്കുന്നവയാണ്. അവരാണ് ആക്രമണകാരികള്‍. വെജിറ്റേറിയനായ ആന ഭക്ഷണത്തിനു വേണ്ടി ആരെയും കൊല്ലാത്ത ജീവിയാണ്. എന്നിട്ടും ഇത്രയധികം കൊലകള്‍ക്ക് ആനകള്‍ തുനിയുന്നു.

 

കാട്ടാനകള്‍ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കു കൂടുതലായി കടന്നു കയറാനും തുടങ്ങിയിരിക്കുന്നു. ആനകളെക്കുറിച്ചു പഠനം നടത്തുകയും അവയുടെ സ്വഭാവമാറ്റങ്ങളെക്കുറിച്ച് പുതിയ ഒരു ന്യൂറോബയോട്ടിക് സിദ്ധാന്തം അവതരിപ്പിക്കുകയും ചെയ്ത ചാള്‍സ് സിയോബര്‍ട് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനം ഞെട്ടിക്കുന്നതാണ്. ആഫ്രിക്കന്‍ കാടുകളില്‍ താമസിച്ചുള്ള തന്റെ നീണ്ട പഠനകാലത്ത് മാംസം തിന്നുന്ന ആനകളെയും കണ്ടാമൃഗത്തെ ബലാല്‍സംഗം ചെയ്യുന്ന ആനകളെയും വരെ താന്‍ കണ്ടതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു!

കാട്ടിലേക്ക് പോകുമ്പോള്‍ ഓര്‍ക്കുക, അത് ആനയുടെ സ്ഥലമാണ് നമ്മുടെയല്ല. അവിടെ സന്ദര്‍ശകന്‍ പുലര്‍ത്തേണ്ട മാന്യതകള്‍ പുലര്‍ത്തുക തന്നെ വേണം. ഇല്ലെങ്കില്‍ ആതിഥേയന്റെ സ്വഭാവം മാറും.
 
 

 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment