Wednesday, 15 January 2014

[www.keralites.net] ????????????? ? ?????????? ???? ??

 

മാറ്റത്തിന്റെ ആവേശത്തില്‍ ഡല്‍ഹി; നനഞ്ഞ പടക്കംപോലെ കേരളീയ യുവത്വം

ജിനേഷ്‌ പൂനത്ത്‌

''ഡല്‍ഹിയിലെ യുവാക്കള്‍ ഇപ്പോള്‍ ഏറെ മാറിക്കഴിഞ്ഞു.എന്തിനും ഏതിനും പ്രതികരിക്കുന്നവരാണ്‌ അവരിപ്പോള്‍. ആം ആദ്‌മി പാര്‍ട്ടിയാണ്‌ അവര്‍ക്കു പ്രചോദനം. ഞങ്ങളെപ്പോലുള്ളവര്‍ അതിനു പൂര്‍ണ പിന്തുണയും നല്‍കുന്നു''- അറുപതു പിന്നിട്ട ടാക്‌സി ഡ്രൈവര്‍ നിര്‍മല്‍ സിംഗ്‌ കാര്‍ ഓടിക്കുന്നതിനിടെ പറഞ്ഞുകൊണ്ടേയിരുന്നു. ഡല്‍ഹി രാഷ്‌ട്രീയത്തിലെ ഒരു സര്‍വവിജ്‌ഞാനകോശമാണു നിര്‍മല്‍ സിംഗ്‌. നിലവിലുള്ളവ മടുത്തപ്പോഴാണു യുവാക്കളടക്കമുള്ളവര്‍ ആം ആദ്‌മി പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടതെന്ന്‌ അദ്ദേഹം പറയുന്നു. ഉയര്‍ന്ന ഉദ്യോഗം രാജിവച്ച്‌ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതു നിര്‍മല്‍ സിംഗിന്റെ വാക്കുകള്‍ ശരിവയ്‌ക്കുന്നതു തന്നെ.

ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിക്ക്‌ അധികാരത്തിലെത്തിയാല്‍ മറ്റു മതങ്ങളെ തുല്യപ്രാധാന്യത്തോടെ കാണാന്‍ സാധിക്കുമോ..? കോണ്‍ഗ്രസാണെങ്കില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു. ചരിത്രത്തില്‍ ഇല്ലാത്ത വിധത്തിലാണു രണ്ടു പാര്‍ട്ടികളുടേയും ഇന്നത്തെ രൂപപരിണാമം. മോഡിയുടെ വര്‍ഗീയതയാണ്‌ ആശങ്കപ്പെടുത്തുന്നതെങ്കില്‍ സോണിയയുടെ അഴിമതിയാണ്‌ ഏറ്റവും വലിയ ഭീഷണി. ഇതു രണ്ടും ഇല്ലാത്ത ഒരു സംവിധാനമെന്ന നിലയ്‌ക്കാണു ഞങ്ങള്‍ കെജ്‌രിവാളിനെ കാണുന്നത്‌. അധികാരത്തില്‍ കയറിയതോടെ കെജ്‌രിവാള്‍ ഓരോ ദിവസവും ഇതു തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌-നിര്‍മല്‍ സിംഗ്‌ പറയുന്നു.

സമരങ്ങള്‍ക്കു വേണ്ടി നീക്കിവച്ച ജന്തര്‍മന്ദറില്‍ വാഹനം കാത്തുനിന്നപ്പോഴാണു നിര്‍മല്‍ സിംഗിന്റെ പഴഞ്ചന്‍ അംബാസിഡര്‍ കാറെത്തിയത്‌. ഡല്‍ഹിയിലെ ടാക്‌സിക്കാരില്‍ ഭൂരിഭാഗവും തന്റെ അതേ നിലപാടു പിന്തുടരുന്നവരാണെന്നാണു നിര്‍മല്‍സിംഗിന്റെ അവകാശവാദം. ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കമുള്ള താഴെക്കിടയിലുള്ളവര്‍ക്കു വലിയ കാര്യങ്ങളാണു കെജ്‌രിവാള്‍ മുന്നോട്ടു വയ്‌ക്കുന്നതെന്നു നിര്‍മല്‍സിംഗ്‌ പറയുന്നു.

ഡല്‍ഹി പെണ്‍കുട്ടിയെ ബസില്‍നിന്നു പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച സ്‌ഥലം യാത്രാമധ്യേ കാണിച്ചു തന്നതു മറ്റൊരു ടാക്‌സി ഡ്രൈവറായ ജിതേന്ദ്രനാഥാണ്‌. ''പെണ്‍കുട്ടി രാത്രി ആണ്‍ സുഹൃത്തിനൊപ്പം സിനിമ കണ്ടു വരുമ്പോള്‍ ആദ്യം കയറിയ ഓട്ടോയില്‍നിന്ന്‌ ഇറക്കിവിടുകയായിരുന്നു. പിന്നീടു കയറിയ ബസില്‍വച്ചാണു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്‌. രാത്രികാലത്തു പെണ്‍കുട്ടി ആണ്‍ സുഹൃത്തിനൊപ്പം കറങ്ങി നടക്കാന്‍ പാടുണ്ടോയെന്നു ഞങ്ങളാരും അന്വേഷിച്ചില്ല. ക്രൂരപീഡനത്തിന്‌ അതൊന്നും ന്യായീകരണവുമല്ല. ഡല്‍ഹിയില്‍ എല്ലാവരും രംഗത്തിറങ്ങി. അതില്‍ യുവാക്കളും കുട്ടികളും വൃദ്ധരുമുണ്ടായിരുന്നു. ആ ഒരു മൂവ്‌മെന്റ്‌ തന്നെയാണ്‌ ഇപ്പോള്‍ ആം ആദ്‌മിയിലൂടെ പ്രതിഫലിക്കുന്നതും.'' -ജിതേന്ദ്രനാഥ്‌ ആം ആദ്‌മി വളര്‍ന്നു വന്ന സാഹചര്യം വിശദീകരിച്ചു.

ജനപഥ്‌ റോഡിലെ വസ്‌ത്രവ്യാപാരി അലീഖാനു വര്‍ഷങ്ങളുടെ പരിചയമുണ്ട്‌ ഡല്‍ഹിയുമായി. കടയിലെ കാര്‍പ്പറ്റില്‍ പറ്റിയ പൊടിപടലം ചൂലുകൊണ്ട്‌ നീക്കുന്നത്‌ കണ്ട്‌, താങ്കളും ആം ആദ്‌മിയാണോയെന്നു തമാശയ്‌ക്കു ചോദിച്ചു. ''ഞാന്‍ മാത്രമല്ല, ഞങ്ങളെല്ലാവരും''- കടയിലെ മറ്റുള്ളവരെയും ചൂണ്ടി അലീഖാന്‍ പറഞ്ഞു. ''ചൂലുകൊണ്ടു ഞാനെന്റെ കട വൃത്തിയാക്കുന്നു. അതേപോലെ ആം ആദ്‌മിക്കാര്‍ ഡല്‍ഹിയെ വൃത്തിയാക്കി. ഇനി രാജ്യത്തെ വൃത്തിയാക്കണം. വാഗ്‌ദാനങ്ങള്‍ ചെയ്‌തു കാണിക്കാനുള്ളതാണെന്നു കെജ്‌രിവാള്‍ തെളിയിക്കുകയാണ്‌. അധികാരത്തിലെത്താന്‍ സാധിച്ചത്‌ ആം ആദ്‌മിയ്‌ക്ക്‌ ഏറെ ഗുണകരമായി''... കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അലീഖാന്‍ ആം ആദ്‌മിയ്‌ക്കാണു വോട്ട്‌ ചെയ്‌തത്‌. എന്നാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട്‌ ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല. ആം ആദ്‌മിയുടേതു പ്രാദേശിക പ്രാധാന്യമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമാണ്‌ അലിംഖാന്റെ നിരീക്ഷണം. ഇനി അങ്ങിനെയല്ലെന്നു തെളിഞ്ഞാല്‍ വോട്ട്‌ ആം ആദ്‌മിയ്‌ക്കു തന്നെയെന്നു അലീംഖാന്റെ ഉറപ്പും കൂടെവന്നു.

സര്‍ദാര്‍ പട്ടേല്‍ മാര്‍ഗ്‌ പാതയോരത്തെ തണുപ്പില്‍കണ്ട രാകേഷ്‌കുമാര്‍ എന്ന ചെറുപ്പക്കാരനോടു വിവരങ്ങള്‍ തിരക്കി. വോട്ടവകാശമില്ല. ഉണ്ടായിരുന്നെങ്കില്‍ ആം ആദ്‌മിയ്‌ക്കു ചെയ്യുമായിരുന്നുവെന്നു മറുപടി. പിന്നീട്‌ ഈ വഴി സഞ്ചരിക്കവെയാണു കരോള്‍ബാഗിലെയും ബുദ്ധപാര്‍ക്കിലേയും പാതയോരത്തെ റിസര്‍വ്‌ വനങ്ങളിലേയും ആണ്‍-പെണ്‍ കൂടിച്ചേരലുകളെക്കുറിച്ച്‌ അറിഞ്ഞത്‌.

പോലീസ്‌ ഇക്കാര്യത്തിലൊന്നും ഇടപെടില്ല. അവര്‍ കുട്ടികളെ വിരട്ടി പണം വാങ്ങി പോകും. ആം ആദ്‌മി വന്നതോടെ ഇതിനൊക്കെ മാറ്റം വരുമെന്നാണു പ്രതീക്ഷ- പരിചയപ്പെട്ട രാംപാലിന്റെ വാക്കുകളില്‍ പ്രത്യാശ. ഐ.എന്‍.എ മാര്‍ക്കറ്റില്‍ കച്ചവടക്കാരനായ രാംപാലിനു മൂന്ന്‌ പെണ്‍മക്കളാണ്‌. ആംആദ്‌മിയുടെ പോലീസില്‍ എല്ലാവരേയും പോലെ രാംപാലിനും പ്രതീക്ഷയേറെ. ഇല്ലെങ്കില്‍ ഒളികാമറയില്‍ കുടുക്കാനുള്ള സാധ്യതയും രാംപാല്‍ ഒരു മാധ്യമപ്രവര്‍ത്തകനെപോലെയാണ്‌ വിശദീകരിച്ചത്‌. അതു കൗതുകത്തോടെ കേട്ടുനിന്നു. ജന്തര്‍ മന്ദറില്‍ കേരളത്തിലെ കടലോരം സംരക്ഷിക്കാന്‍ സമരം നടത്തുന്ന ജസീറയും പ്രവാസി വോട്ടിനായി നിരാഹാരം കിടക്കുന്ന രാജീവ്‌ ജോസഫും ഒരേപോലെ കാത്തിരിക്കുന്നതും ആം ആദ്‌മിയുടെ സക്രിയ ഇടപെടല്‍ തന്നെ.

ജനകീയ മാറ്റത്തിലൂടെ രാജ്യതലസ്‌ഥാനത്തിന്റെ സത്വബോധം തന്നെ പുനര്‍നിര്‍മിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ നിസംഗാവസ്‌ഥയെക്കുറിച്ചു ചൂണ്ടിക്കാണിച്ചതും ഒരു മലയാളിതന്നെ. മൂവാറ്റുപുഴയില്‍നിന്നു പന്ത്രണ്ടു വര്‍ഷംമുമ്പെ ഡല്‍ഹിയിലെത്തി ജോലിയിലേര്‍പ്പെട്ട മനോജിന്റെ വാക്കുകളില്‍ മാറിയ ഡല്‍ഹിയും മാറാത്ത മലയാളിയും നിഴലിച്ചു.

കാല്‍തെറ്റി കിണറ്റില്‍വീണ ഒരാള്‍ വള്ളിയില്‍ തൂങ്ങിക്കിടന്നു തല്‍ക്കാല രക്ഷനേടിയെന്നു കരുതിയ ഒരു കഥ ഉപനിഷത്തിലുണ്ട്‌. അയാള്‍ താഴോട്ട്‌ നോക്കിയപ്പോള്‍ കണ്ടതു ഫണം വിടര്‍ത്തിനില്‍ക്കുന്ന വിഷ സര്‍പ്പങ്ങളെയാണ്‌. രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ മുകളിലേക്കു നോക്കുമ്പോള്‍ കണ്ടകാഴ്‌ചയാകട്ടെ, താന്‍ തൂങ്ങിനില്‍ക്കുന്ന വള്ളി ഒരു എലി കരളുന്നതും. ഏതാണ്ട്‌ ഇതേ അവസ്‌ഥയിലാണു സമകാലിക കേരളീയ യുവത്വമെന്ന്‌ പറയേണ്ടിവരും.. ആത്മഹത്യയ്‌ക്കും കൊലയ്‌ക്കും ഇടയിലെന്നു കവി എഴുതിയതുപോലെയായികാര്യങ്ങള്‍. എന്നിട്ടും കത്തിപ്പടര്‍ന്നു പൊട്ടിത്തെറിക്കേണ്ട കാലത്തു നനഞ്ഞുകുതിര്‍ന്ന പടക്കംപോലെ കിടക്കുന്ന കേരളീയ യുവാക്കള്‍ക്ക്‌ ദേശീയ രാഷ്‌ട്രീയത്തിലെ മാറ്റങ്ങള്‍ ടെലിവിഷന്‍ സ്‌ക്രീനുകളിലെ രസകരമായ കാഴ്‌ചമാത്രം.

നമ്മുടെ പുതിയ നളന്ദകളും തക്ഷശിലകളും നല്‍കുന്ന ദാസ്യത്തിന്റെ ബിരുദ സാക്ഷ്യപത്രങ്ങളുമായി അലഞ്ഞുനടക്കുന്ന ഒരു വിഭാഗം. മറുവശത്താകട്ടെ, ഐ.ടി. മേഖലയില്‍ ചേക്കേറി ഒന്നിനോടും കൂറും കടപ്പാടുമില്ലാതെ തന്നിലേക്ക്‌ ഉള്‍വലിഞ്ഞു സമൂഹത്തില്‍ ഒരു ചലനവും സൃഷ്‌ടിക്കാത്ത വിഭാഗവും. ഇതിനിടയിലാണു പറക്കമുറ്റാത്ത പെണ്‍ബാല്യങ്ങളുടെ ഇളമാംസം കൊത്തിവലിക്കാനായി തക്കംപാര്‍ത്തിരിക്കുന്ന പുത്തന്‍കൂറ്റുകാരും സജീവമാകുന്നത്‌.
ഭരണാധികാരികള്‍ പോലും ഇത്തരം കേസുകളില്‍കുടുങ്ങി സംശയനിഴലിലായപ്പോള്‍ വഴിയെ പോകുന്ന പെണ്‍കുട്ടികളേയും കൈവയ്‌ക്കാന്‍ വിടന്‍മാര്‍ക്കു തന്റേടം കിട്ടി. അപ്പോഴും നമ്മള്‍ ഐ.പി.എല്ലിന്റെ ആരവത്തെക്കുറിച്ചും ചിയര്‍ഗേള്‍സിനെക്കുറിച്ചും ചര്‍ച്ചചെയ്‌തു സമയംപോക്കി. അടുത്തകളിയില്‍ താരം സെഞ്ചുറിയടിച്ചാല്‍ അതിന്റെ മാര്‍ക്കറ്റിംഗ്‌ തന്ത്രത്തിന്റെ ആകര്‍ഷണവലയത്തില്‍ സ്വയം വീണുകൊടുത്തു. പെപ്‌സി കുടിച്ചാല്‍ എന്നെപോലെ കളിക്കാമെന്ന താരത്തിന്റെ മൊഴിയില്‍ യുവത്വം പെണ്ണിന്റെ നിലവിളി കേള്‍ക്കാതെ മറുകടയിലേക്ക്‌ പെപ്‌സിക്കായി ഓടി.

പെട്രോള്‍ വിലയുടെ പേരില്‍ ബസ്‌ചാര്‍ജ്‌ വര്‍ധിച്ചപ്പോഴും നമുക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവശ്യസാധനങ്ങള്‍ക്കു തീവിലയായതും യുവാക്കള്‍ ഈ തിരക്കിനിടയില്‍ അറിഞ്ഞില്ല. എന്നാല്‍ പുരനിറഞ്ഞു നില്‍ക്കുന്ന മക്കളെ തീറ്റിപ്പോറ്റാന്‍ ഓടിനടക്കുന്ന രക്ഷിതാക്കള്‍ അതറിഞ്ഞു. ചതിക്കുന്ന പൊന്നിന്റെ വില നാള്‍ക്കുനാള്‍ കുതിക്കുമ്പോള്‍ കല്ല്യാണപ്രായമായ മകളെയോര്‍ത്തു പിതാക്കന്‍മാര്‍ നെഞ്ചില്‍ കൈവച്ചു. രാജ്യമെങ്ങും പ്രക്ഷോഭം അലയടിക്കുമ്പോഴും കേരളത്തില്‍ കാര്യമായ ചലനം തീര്‍ക്കാന്‍ യുവാക്കള്‍ തയാറാകാത്തതിനു കാരണവും ഈ മടിതന്നെയാണ്‌.

ജീവിക്കാനുള്ള കേവലാവശ്യത്തിനായെങ്കിലും വിലപേശാന്‍ യുവാക്കള്‍ രംഗത്തിറങ്ങുമെന്നു കരുതിയെങ്കിലും പല സന്ദര്‍ഭങ്ങളിലും അതുണ്ടായതുമില്ല. ബദല്‍ ഇടപെടല്‍ നടത്തേണ്ട ഇടതുപക്ഷത്തിന്റെ സമരങ്ങള്‍ പോലും തുടര്‍ച്ചയായി പൊട്ടി. കരയുന്ന കുട്ടിക്കേ പാലുള്ളൂവെന്ന സത്യം പോലും പുതുതലമുറ മറന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ കേരളീയ സമൂഹത്തില്‍ ദേശീയ രാഷ്‌ട്രീയ മാറ്റം ഒരു സന്ദേശമാകുമോയെന്നു കണ്ടറിയണം.

 

 

 

Abdul Jaleel
Office Manager


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment