Sunday 19 January 2014

[www.keralites.net] ????????????? ???? ??????

 

നമ്പൂതിരിയുടെ സ്ത്രീകള്‍
 


മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍ നമ്പൂതിരി പല കാലങ്ങളിലായി നോവലുകള്‍ക്കും കഥകള്‍ക്കുമായി വരച്ച ചിത്രങ്ങളില്‍ നിന്ന് 101 സ്ത്രീകഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ 'നമ്പൂതിരിയുടെ സ്ത്രീകള്‍ '. ആറു പതിറ്റാണ്ടായി രേഖാചിത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന നമ്പൂതിരിയുടെ സ്ത്രീകള്‍ വൈവിധ്യവും സൗന്ദര്യവും കൊണ്ട് വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ചിത്രമെഴുത്തിലെ പെണ്മയെക്കുറിച്ച് സംസാരിക്കുന്നു. തിരഞ്ഞെടുത്ത ചില നമ്പൂതിരി ചിത്രങ്ങളും ചുവടെ.

നമുക്ക് വി.കെ.എന്നില്‍നിന്നു തുടങ്ങാം. തന്റെ രണ്ടു കഥകള്‍ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ കണ്ട വി.കെ.എന്‍. എഴുതിയ കത്തു നോക്കാം.
'ചിത്രത്തില്‍ കണ്ടത്ര കേമിയാണ് ചിന്നമ്മുവെങ്കില്‍ അവളുടെ കര്‍ത്താവായ എനിക്ക് അവകാശപ്പെട്ടതല്ലേ കുലട? അവളെ ഇങ്ങോട്ട് അയച്ചുതരുമോ?' (20.10.1972)
'വെളിപാടിലെ ചിത്രങ്ങള്‍ ഉഗ്രോഗ്രം. തടിച്ചികള്‍ ടെംപ്റ്റിങ്.'(26.4.82)
എവിടെനിന്നാണ് ഈ സൗന്ദര്യം ആവാഹിക്കുന്നത്?


മദിരാശിയില്‍ പഠിക്കുന്ന കാലത്തുതന്നെ ഫോമിനെക്കുറിച്ച് സാമാന്യധാരണ ഉണ്ടായിരുന്നു. അവിടെ മോഡല്‍ സ്റ്റഡിതന്നെയുണ്ട്. മോഡല്‍ വരയ്ക്കുമ്പോള്‍ത്തന്നെ നമ്മുടെതായ ശൈലീകരണം വരും. അത് എങ്ങനെ എന്നു പറയുക വയ്യ. നമ്മുടെ ഉള്ളില്‍ ഒരു സൗന്ദര്യസങ്കല്പം ഉണ്ടാവുമല്ലോ. ആ നിലയ്ക്ക് നമുക്കു തോന്നുന്ന ശാരീരികസൗന്ദര്യം നല്കുന്നു. അവയവങ്ങള്‍ക്ക് പ്രത്യേക ഭംഗി നല്കാനൊക്കെ ശ്രമിക്കും. അങ്ങനെ കുറെ ചെയ്തപ്പോള്‍ സ്വാഭാവികമായ ഒഴുക്കു വന്നു. രേഖകളുടെ താളവും കാണുന്ന വസ്തുവിന്റെ താളവും ഒന്നാകുന്ന അവസ്ഥ വന്നു. ഇതിനു സമയം പിടിക്കും.

മോഡലുകളായി ഇരിക്കുന്ന സ്ത്രീകളെ വരയ്ക്കുന്ന രീതി എങ്ങനെയായിരുന്നു?


ആദ്യം ലൈഫ് മോഡല്‍ വരയ്ക്കാന്‍ പറയും. മോഡലുകള്‍ മാറിമാറി ഇരിക്കും. കാണുന്നത് എന്തോ അതു നിങ്ങളുടെ രീതിയില്‍ പകര്‍ത്താനായിരിക്കും നിര്‍ദേശം. സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഫിഗറുകള്‍ക്കൊക്കെ ഒരു താളം കാണാം. അതിനനുസരിച്ചാണ് ഘടന വരിക. ആ നിലയ്ക്ക് ഘടന മനസ്സിലാക്കലാണ് പ്രധാനം. അപ്പോള്‍ അറിഞ്ഞുകൊണ്ടുള്ള ഒരു മാറ്റംവരുത്തലില്‍ കലയുണ്ടാകുന്നു. എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് അതു വ്യക്തമാവണം എന്നതുപോലെ വരയും വ്യക്തമായിരിക്കണം. 'കല്പിച്ചുകൂട്ടിയ മാറ്റം' ആവാം എന്നര്‍ഥം. എന്നെ സംബന്ധിച്ച് ഒരു വസ്തു കാണുമ്പോള്‍ അതിന്റെ മൊത്തത്തിലുള്ള സൗന്ദര്യാംശത്തിലാണു ശ്രദ്ധ വരിക. ഘടനയുടെ സൗന്ദര്യം എന്നും പറയാം. ഇതു വരകളിലും വരും.
 

അന്നു മോഡലുകളായ സ്ത്രീകളുടെ മുഖങ്ങള്‍ ഓര്‍മയുണ്ടോ?

എല്ലാവരും ദരിദ്രരായിരുന്നു. ഘടനയിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ആ നിലയ്ക്ക് മുഖസൗന്ദര്യം മുഖ്യമായി എടുത്തിരുന്നില്ല. അതല്ലല്ലോ വിഷയം. പരന്ന തലത്തിലാണല്ലോ ചെയ്യുന്നത്. പരന്ന തലത്തില്‍ ഘനമാനം സൃഷ്ടിക്കുകയാണ്. ഫോട്ടോഗ്രാഫിയില്‍ നിഴലും വെളിച്ചവും പ്രധാനമാകുന്നത് ശ്രദ്ധിക്കുക. പേഴ്‌സ്​പക്ടീവാണ് പ്രധാനം. ആധുനിക ചിത്രകലാസങ്കല്പത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഫ്ലറ്റ് സര്‍ഫസില്‍ ഫ്ലറ്റ് നിലനിര്‍ത്തണം എന്ന വാദവും ഉണ്ടായിരുന്നു. ഇംപ്രഷന്‍ പ്രധാനമാണ് എന്ന അഭിപ്രായവും ഉണ്ടായി.

ആദ്യമായി വരച്ചു പ്രസിദ്ധീകരിച്ച സ്ത്രീചിത്രം ഓര്‍മയിലുണ്ടോ?


അങ്ങനെ ഇന്ന ചിത്രം എന്നു കൃത്യമായി ഓര്‍മിക്കുന്നില്ല. വരയ്ക്കുമ്പോള്‍ നല്ല പരിഭ്രമമായിരുന്നു. വീക്കായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പുസ്തകങ്ങളില്‍ ചേര്‍ക്കാനായിട്ടൊക്കെ വരയ്ക്കാന്‍ തുടങ്ങി. ആത്മവിശ്വാസം വരാന്‍ തുടങ്ങി. ആദ്യമൊക്കെ പരിചയക്കുറവ് ഉണ്ടായിരുന്നു. കഥ വായിച്ച് കഥാപാത്രത്തെ നമ്മുടെതായ രീതിയിലേക്കു മാറ്റും. അപ്പോഴും വിശദാംശങ്ങളിലേക്കു പോകാറുണ്ടായിരുന്നില്ല. ഘടനതന്നെ പ്രധാനം. മൊത്തം കാരക്ടറാണു വരേണ്ടത്. എഴുത്തുകാര്‍ കഥാപാത്രത്തെ വിവരിക്കുമ്പോള്‍ സാഹിത്യാധിഷ്ഠിതമായിട്ടാണു കാണുക. ദൃശ്യാത്മകമായി കാണുന്നവരും ഉണ്ട്. വാസുദേവന്‍ നായരും വി.കെ.എന്നുമൊക്കെ ദൃശ്യപ്രധാനമായിക്കൂടി എഴുതുന്നതായിട്ടാണു തോന്നുന്നത്. ആ നിലയ്ക്ക് വര എളുപ്പമാണ്. ചിത്രംകൂടി വരണം എന്ന ഉദ്ദേശ്യത്തോടെയല്ലല്ലോ പലരും എഴുതുന്നത്. ആ നിലയ്ക്ക് കഥാപാത്രത്തിന്റെ വേഷം അടക്കം നിശ്ചയിച്ച് മറ്റൊരു മാനം നല്‌കേണ്ടത് ചിത്രകാരന്റെ ചുമതലയാകുന്നു.
 

പല പ്രായത്തിലുള്ള, പല പ്രകാരത്തിലുള്ള സ്ത്രീകളെ വരയ്‌ക്കേണ്ടിവരുമ്പോള്‍...?


അപ്പോഴും കാഴ്ചയാണ് പ്രധാനം. ഓരോരുത്തരെ കാണുമ്പോള്‍ അവരുടെ നടത്തം, നില്പ് ഒക്കെ അവരറിയാതെ നമ്മളങ്ങനെ നിരീക്ഷിക്കും. ഓരോ കാലത്തിലും വന്ന മാറ്റങ്ങള്‍ നമ്മുടെ ഉള്ളിലുണ്ട്. ഇന്ന് വള്ളിട്രൗസറിട്ട് നടക്കുന്ന കുട്ടികളില്ല. പാവാടക്കാരികളും കുറവാണ്. പ്രായത്തിനനുസരിച്ച് വേഷത്തിലും വ്യത്യാസമുണ്ട്. അറുപതുകഴിഞ്ഞവരൊക്കെ ചുരിദാറിട്ട് നടക്കുന്നത് കാണാറുണ്ടല്ലോ. അതൊക്കെ സാധാരണമായി വരികയാണ്.

വൈരൂപ്യമുള്ള സ്ത്രീകളെ വരയ്ക്കുമ്പോഴോ?


വൈരൂപ്യം വരയ്ക്കാന്‍ എളുപ്പമാണ്. പക്ഷേ, കഥകളില്‍ ആ നിലയ്ക്കുള്ള കഥാപാത്രങ്ങള്‍ അധികം വരാറില്ല. മെലിഞ്ഞിട്ടാണ് എന്ന വിശേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിരൂപയായി വരയ്ക്കാന്‍ കഴിയില്ലല്ലോ. മുഷിഞ്ഞ വേഷം, കീറിയ മുണ്ട് എന്നൊക്കെ വിവരണത്തില്‍ വരുമ്പോഴും സൗന്ദര്യാംശം ഇല്ലാതാകുന്നില്ല. ചിത്രങ്ങള്‍ കഴിയുന്നത്ര സുന്ദരമായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുക. എല്ലാ സ്ത്രീകള്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സൗന്ദര്യമുണ്ട്. അതിന്റെ വ്യത്യസ്തതയാണ് ശ്രദ്ധിക്കേണ്ടത്. വൈരൂപ്യം എന്നത് അപൂര്‍വമായ ഒന്നാണ് എന്നു തോന്നുന്നു. സൗന്ദര്യത്തിന് അടിസ്ഥാനതാളമുണ്ട്. അതില്‍ ഏറ്റക്കുറച്ചില്‍ വരും. പെരുമാറ്റംകൊണ്ട് സൗന്ദര്യം സൃഷ്ടിക്കുന്ന സ്ത്രീകളുണ്ട്. അന്തസ്സും ആഭിജാത്യവും സൗന്ദര്യത്തിന്റെ ഭാഗമാണ്. സംസാരത്തില്‍, ആംഗ്യത്തില്‍ എല്ലാം ഇതു കാണാം. ശാരീരികസൗന്ദര്യത്തിനപ്പുറമുള്ള സൗന്ദര്യഘടകങ്ങളായി ഇവയെ കാണാം. മറിച്ച് സുന്ദരികളായാല്‍ത്തന്നെ വ്യക്തിത്വമില്ലാതെ വര്‍ത്തമാനം പറയുമ്പോള്‍, ഇടപെടുമ്പോള്‍ ആ സൗന്ദര്യാംശം നഷ്ടമാവുകയാണ്. വ്യക്തിത്വമാണ് സൗന്ദര്യം എന്നും പറയാം.
 

നമ്പൂതിരിയുടെ വരകള്‍ നിരീക്ഷിക്കുമ്പോള്‍ നില്പിനും നോട്ടത്തിനുമുള്ള സൗന്ദര്യം എടുത്തുപറയേണ്ടതാണ്. ഇത് എങ്ങനെ സാധിക്കുന്നു?

അങ്ങനെ വരുന്നു എന്നേ പറയാനാവൂ. ശില്പകലയുടെ സ്വാധീനമാവാം. വസ്തുക്കളെ സോളിഡ് ആയി കാണാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാവാം. കണ്ണുകള്‍ വരയ്ക്കുമ്പോഴേ ആ നോട്ടം ഉണ്ടാക്കാം. ചിരിയും അങ്ങനെത്തന്നെ. ഒരാളെ നോക്കുമ്പോള്‍ നമ്മള്‍ കണ്ണിലാണ് ആദ്യം ശ്രദ്ധിക്കുക. കണ്ണുകളാണ് ആശയവിനിമയം നടത്തുന്നത്. ഭാവം നല്കുന്നത് കണ്ണുകളാണ്. അതിന്റെ ചലനശേഷിയിലും സൗന്ദര്യമുണ്ട്. കണ്ണുകള്‍ മാത്രമല്ല പുരികവും മുഖവും പ്രധാനമാണ്. ചെറിയ കോറലുകള്‍കൊണ്ട് നോട്ടങ്ങളില്‍ വൈവിധ്യമുണ്ടാക്കാം.

വ്യത്യസ്ത സമുദായങ്ങളിലെ സ്ത്രീകളെ വരയ്ക്കുമ്പോള്‍ ആഭരണം, വേഷം എന്നിവയൊക്കെ കൃത്യമാകാറുണ്ട്?


അതും നിരീക്ഷണത്തിന്റെ ഭാഗമാണ്. ആന്ത്രോപ്പോളജിക്കലായ ചിന്തയും പ്രധാനമാണ്. വിശേഷങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ഇങ്ങനെയുള്ളവരെ കാണും. അവരൊക്കെ നമ്മളോട് വന്ന് സംസാരിക്കും. പരിചയക്കാരും അല്ലാത്തവരും ഉണ്ടാകും. അന്തസ്സ്, തറവാടിത്തം ഒക്കെ ഒറ്റനോട്ടത്തില്‍നിന്നുതന്നെ മനസ്സിലാകും.
 

നമ്പൂതിരിച്ചിത്രങ്ങളിലെ പ്രണയമുഹൂര്‍ത്തങ്ങള്‍ വാക്കുകള്‍ക്കും വരകള്‍ക്കും അപ്പുറം വൈകാരികമാവാറുണ്ടല്ലോ?

കഥകളിലെയോ നോവലുകളിലെയോ ഒരു ഭാവം മാത്രം എടുത്തു വരയ്ക്കുമ്പോള്‍ സംഭവിക്കുന്നതാണത്. കവിതയുടെ സങ്കല്പം ഇക്കാര്യത്തില്‍ പ്രചോദനമായിട്ടുണ്ടാകാം. കവിതയില്‍ മുഴുവന്‍ പറയാത്തതിലാണ് സൗന്ദര്യം. പൂരിപ്പിക്കുന്നത് വായനക്കാരനാണല്ലോ.

സ്ത്രീകളുടെ വസ്ത്രസങ്കല്പത്തിലും വസ്ത്രധാരണത്തിലും കാലത്തിനൊത്ത മാറ്റങ്ങള്‍ വന്നിട്ടില്ലേ?


പണ്ട് നാട്ടിന്‍പുറത്തെ സ്ത്രീകള്‍ മുണ്ടു ചുറ്റുമ്പോള്‍ മടി താഴത്തേക്കിടുമായിരുന്നു. ഇന്ന് അവരുടെ വേഷവിധാനത്തില്‍ മാറ്റംവന്നിട്ടുണ്ട്. സാരി ഇപ്പോഴും നിലനില്ക്കുന്നുണ്ട്. സാരിയുടെ നിറവുമായി യോജിക്കുന്ന ബ്ലൗസ്സിന്റെ നിറം എന്നതിലൊക്കെ നിഷ്‌കര്‍ഷ ഏറിയതായി കാണുന്നു.
നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പാകത വന്നതായി തോന്നുന്നു. വര്‍ണബോധം കൂടി എന്നും പറയാം. ദേഹത്തിന്റെ നിറത്തോടു യോജിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൊക്കെ ശ്രദ്ധ കൂടിയുണ്ട്. നാഗരികതയിലെ പരിഷ്‌കാരങ്ങള്‍ ഗ്രാമങ്ങളിലേക്കു വേഗം പടരും.
 

പണ്ട് ദാവണിയുടുത്ത പെണ്‍കുട്ടികള്‍ നാട്ടിന്‍പുറങ്ങളിലെ കാഴ്ചയായിരുന്നു. ഇന്ന് ദാവണിയണിഞ്ഞ പെണ്‍കുട്ടികളെ വരയ്‌ക്കേണ്ടിവരാറില്ലല്ലോ? ചിലതു വരുമ്പോള്‍ ചിലത് പൊയ്‌പ്പോകുന്ന അവസ്ഥയില്ലേ?

ദാവണി കേരളീയമെന്നു പറയുകവയ്യ. സാരിയടക്കം പുറത്തുനിന്നു വന്നതാണെന്നാണു തോന്നുന്നത്. ഒന്നരയും മുണ്ടുമാണ് തനി കേരളീയ സ്ത്രീവേഷം. മാറിടം മറയ്ക്കലാണ് ദാവണിയുടെ ലക്ഷ്യം. ദാവണിയുടുത്ത ഒരു പെണ്‍കുട്ടിയുടെ ചിത്രം ഈയിടെ വരയ്‌ക്കേണ്ടിവന്നു. ചുരിദാറിന്റെ സമ്പ്രദായം മാറുന്നുണ്ട്. കൈയിന്റെ നീളം കുറഞ്ഞു. ഈ മാറ്റം ഒരേകാലത്ത് ഒരേരീതിയില്‍ എല്ലാ സ്ഥലത്തും സംഭവിക്കുന്നു എന്നതാണ് പ്രത്യേകത. തുന്നല്‍ക്കാരും ഈ മാറ്റത്തില്‍ ഭാഗഭാക്കാവുന്നുണ്ട്. നഗരസ്വാധീനം ഇവിടെ പ്രകടമാണ്. ബോംബെയിലും ബാംഗ്ലൂരിലും എന്ന വ്യത്യാസം ക്ഷണത്തില്‍ തൃശ്ശൂരും കോഴിക്കോട്ടും എത്തുന്നു. ഒരു ഒഴുക്കാണത്. പെണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ നല്ല ഒതുക്കമുള്ള വേഷമായി തോന്നിയിട്ടുണ്ട്.

ആഭരണങ്ങളില്‍ വന്ന വ്യത്യാസം, ഉപയോഗരീതിയിലെ വൈവിധ്യം ഒക്കെ ശ്രദ്ധിക്കാറില്ലേ?


സ്ത്രീകളില്‍ സ്വര്‍ണഭ്രമം കുറഞ്ഞതായി തോന്നുന്നു. ഫാന്‍സി മെറ്റീരിയലിനോടാണ് അവര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. പ്രായമായവര്‍ക്കുവരെ സ്വര്‍ണത്തോട് ആര്‍ത്തി ഉണ്ടായിരുന്നു. ഒരു ലോഹം എന്നതിനപ്പുറം സ്വര്‍ണത്തില്‍ എന്താണുള്ളത്? ഇത്ര ആകര്‍ഷണം തോന്നാന്‍? നിറമല്ല വിലയാവും ആകര്‍ഷണം എന്നു തോന്നുന്നു. ഡിസൈനുകളിലും സ്ത്രീകള്‍ക്ക് താത്പര്യം കൂടിയിട്ടുണ്ട്. ചെരിപ്പ്, ബാഗ് ഒക്കെ പുതിയരീതിയില്‍ വരുന്നുണ്ട്. പരിഷ്‌കാരത്തിന്റെ അടയാളങ്ങള്‍ അതിലുണ്ട്. എങ്കിലും പെണ്‍കുട്ടികള്‍ക്ക് സിംപ്ലിസിറ്റി വന്നതായി തോന്നുന്നു. ആര്‍ഭാടം അല്പം കുറഞ്ഞതുപോലെ. അശ്രദ്ധമായ നടപ്പാണ് എന്നു പറയാം. പക്ഷേ, ശ്രദ്ധാപൂര്‍വമായ അശ്രദ്ധയാണത്. മുടികെട്ടിവെക്കലൊക്കെ മാറി. എണ്ണ തേച്ചുകുളിയൊക്കെ കുറവായിത്തുടങ്ങി. ഷാംപൂ ഉപയോഗിച്ചു കുളിച്ച് മുടി ഉതര്‍ത്തിയിടുന്ന സമ്പ്രദായം കാണുന്നുണ്ട്. ചില കഥകളില്‍ ഈ രീതിയിലുള്ള പെണ്‍കുട്ടികളെ വരയ്‌ക്കേണ്ടിവരും. ഐ.ടി. മേഖലയിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വേഷം ഉദാഹരണമായി പറയാം. അതിലൊക്കെ നാഗരികതയുടെ മുദ്രകളുണ്ട്.
 

എഴുത്തുകാരന്റെ സൃഷ്ടിക്കപ്പുറം നമ്പൂതിരിയുടെതായി സ്ത്രീസൃഷ്ടി സങ്കല്പം വരയില്‍ യാഥാര്‍ഥ്യമാവുന്നത് എങ്ങനെയാണ്?


സ്ത്രീയെക്കുറിച്ച് നമ്മുടെയുള്ളില്‍ ഒരു ബോധമുണ്ട്. ആകൃതി മാത്രമല്ല സൗന്ദര്യം. സൗന്ദര്യത്തില്‍ വൈവിധ്യങ്ങളുണ്ടല്ലോ. പലവിധ സൗന്ദര്യച്ചേരുവകളില്‍നിന്നു പുതുതായി ഒന്നു സൃഷ്ടിക്കാം. ഈ കഥാപാത്രത്തിന്റെ സൗന്ദര്യം ഇങ്ങനെ എന്ന ഒരു തോന്നല്‍ വരും. അതില്‍നിന്നാണ് വരയ്ക്കാന്‍ തുടങ്ങുക. വീണവായിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ഒരു കഥയ്ക്കുവേണ്ടി വരച്ചു. പലരും അത് അസ്സലായിട്ടുണ്ട് എന്നു പറഞ്ഞു. മെല്ലിച്ച ഒരു സ്ത്രീ വീണവായിക്കുന്നത് സങ്കല്പിക്കാന്‍ പ്രയാസമാണ്. വീണ നന്നായി വായിക്കാറാവണമെങ്കില്‍ അതിനു തക്ക പ്രായം വരണം. പ്രായവും പക്വതയുമുള്ള ഒരു സ്ത്രീയെ സങ്കല്പിക്കും. വീണയ്ക്കുതന്നെ ഒരു സ്‌ത്രൈണതയും ആര്‍ഭാടവുമുണ്ട്. ഒരു വൈണികയെ തടിച്ച പ്രകൃതക്കാരിയായി വരയ്ക്കുന്നതാണ് നല്ലത്. അപ്പോഴേ ആസ്വാദനപ്രധാനമാവൂ.
 

വി.കെ.എന്‍ . കഥകളിലെ അല്ലെങ്കില്‍ നോവലുകളിലെ സ്ത്രീകളെ വരയ്ക്കുമ്പോള്‍ ഈ ആസ്വാദനം എപ്രകാരമായിരുന്നു?

വി.കെ.എന്നിന്റെ വാചകങ്ങളില്‍ത്തന്നെ നമുക്കു വരയ്ക്കാനുള്ള രൂപം ഒളിഞ്ഞിരിക്കുന്നുണ്ടാകും. നങ്ങേമ, ലേഡി ഷാറ്റ് തുടങ്ങിയ കഥാപാത്രങ്ങള്‍ പുരുഷകഥാപാത്രങ്ങളെപ്പോലെ നിറഞ്ഞു നില്ക്കുന്നവരാണ്. സര്‍ ചാത്തുവും വെളിച്ചപ്പാടുമൊക്കെ ഒന്നാംകിടക്കാരാണ്. ഈ ഒന്നാംകിടഭാവം സ്ത്രീകഥാപാത്രങ്ങള്‍ക്കും ഉണ്ട്. അവരും വിട്ടുകൊടുക്കില്ല. ഒരു സാധുസ്ത്രീയെ വി.കെ.എന്നിന്റെ കഥകളില്‍ കാണാന്‍ കഴിയില്ല. വി.കെ.എന്‍. സൗന്ദര്യബോധമുള്ള എഴുത്തുകാരനായിരുന്നു. വി.കെ.എന്നിന്റെ ശരീരഭാഷയും സുന്ദരമായിരുന്നു. ഏതുനിലയ്ക്കും അതികായന്‍തന്നെ. രസമായി വരച്ചുപോന്നിട്ടുണ്ട് വി.കെ.എന്‍. കഥകളിലെ സ്ത്രീകളെ. അദ്ദേഹം ഉദ്ദേശിച്ചപോലെ വന്നിട്ടുണ്ട് എന്ന് അറിയിക്കുമായിരുന്നു.
 

എം.ടി. വാസുദേവന്‍ നായരുടെ വാനപ്രസ്ഥം പുസ്തകമായപ്പോള്‍ ആ കഥയ്ക്കുവേണ്ടി 'വിനോദിനി'യെ വരച്ചിട്ടുണ്ടല്ലോ?

കുറച്ച് പ്രായമായ സ്ത്രീയായിട്ടാണു വരച്ചത്. കരുണാകരന്‍ മാസ്റ്ററെ വരയ്ക്കുമ്പോള്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ രൂപം മനസ്സിലുണ്ടായിരുന്നു. ഉള്ളില്‍ തിങ്ങിനില്ക്കുന്നു എങ്കിലും പ്രകടിപ്പിക്കാന്‍ പറ്റാത്ത സ്‌നേഹവുമായി ഇരുവരും കുടജാദ്രിയില്‍ പോകുന്നു. നല്ല കഥയാണത്. വിനോദിനിയുടെ കുട്ടിക്കാലമല്ല വരച്ചത്. കഥയിലെ പ്രായം കണക്കിലെടുത്തു. നല്ല മുഹൂര്‍ത്തങ്ങളും.

നമ്പൂതിരിച്ചിത്രങ്ങള്‍ പൊതുവെ ചലനാത്മകമാണ്. അതിലെ കലാരഹസ്യം എന്താണ്?


ചിത്രങ്ങള്‍ക്ക് ചലനം പ്രധാനമാണ്. ചലനാത്മകത വേണം എന്നത് ഡ്രോയിങ്ങിന്റെ തത്ത്വംകൂടിയാണല്ലോ. പ്രത്യേകിച്ച് ശരീരത്തിന്റെ ചലനാത്മകത. ഒരാള്‍ ഇരിക്കുകയാണെങ്കില്‍ക്കൂടി അതിലൊരു ചലനമുണ്ട്. ആലിംഗനമൊക്കെ വരയ്ക്കുമ്പോള്‍ ഒരു ചടുലത തോന്നിക്കണം. അതു സ്വാഭാവികമായി വരേണ്ടതാണ്. ആലിംഗനം, ചുംബനം ഒക്കെ വരയ്ക്കുമ്പോള്‍ സ്ത്രീയുടെയും പുരുഷന്റെയും മുഖം മറയുകയുമരുത്. ആ ഫീലിങ് വരികയും വേണം. കൈയിന്റെ ചലനമൊക്കെ ശ്രദ്ധിക്കണം. അശ്ലീലമാണ് എന്നു തോന്നരുത്. സദാചാരവിരുദ്ധം ആവരുത്. അങ്ങനെ പലതും ശ്രദ്ധിക്കണം. എഴുത്തിനെക്കാള്‍ വരയില്‍ തോന്നാന്‍ എളുപ്പമാണ്.
 

എഴുത്തിനോളം എളുപ്പമല്ല വര എന്നാണോ?


അതെ. മുന്‍പു പറഞ്ഞ ചലനാത്മകത തോന്നുന്നു എങ്കില്‍ അതു വരയുടെ വിജയമാണ്. വരയ്ക്കുന്ന സമയത്തെ മാനസികാവസ്ഥയും പ്രധാനമാണ്.

നമ്പൂതിരി വരച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഓര്‍മയില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ഉണ്ടോ?


അങ്ങനെ ചിത്രങ്ങള്‍ ഓര്‍മിച്ചുവെക്കുക ശീലമല്ല. ഒന്നു വരച്ചു തീര്‍ന്ന് അടുത്തത് വരയ്ക്കുമ്പോള്‍ മറ്റൊരു മാനസികാവസ്ഥയിലായിരിക്കും. പഴയ ചിത്രങ്ങള്‍ ചിലതു കാണുമ്പോള്‍ വരച്ച കാലം, സാഹചര്യം, കഥ ഒക്കെ ഓര്‍മയില്‍ വരാറുണ്ട്. ചില ഭാവങ്ങളും തെളിഞ്ഞുവരും. നോവല്‍ച്ചിത്രങ്ങളാണ് അധികമായി ഓര്‍മയില്‍ നില്ക്കുക. വരയ്ക്കുന്നതിനുമുന്‍പ് ആ പ്രകൃതത്തോടു സാദൃശ്യമുള്ളവര്‍ ഉള്ളിലൂടെ കടന്നുപോയി ഒരു ചിത്രസങ്കല്പം രൂപപ്പെടാറുണ്ട്. ആ നിലയ്ക്ക് നോവലിലെ കഥാപാത്രങ്ങളുടെ നില്പ്, നടപ്പ്, സംസാരം ഒക്കെ ഇന്നയിന്നതരത്തിലാവും എന്നൊരു തോന്നല്‍ വരും. സ്ഥിരമായി കാണുന്നവരുടെ മാനറിസങ്ങള്‍ ഇതിലേക്ക് അന്വയിക്കും. കണ്ടുമുട്ടുന്നവരില്‍ പലരും ചിത്രത്തിലൂടെ വരും. എഴുത്തുകാരും ഇങ്ങനെയൊക്കെയാവുമെന്നു തോന്നുന്നു. വാസുദേവന്‍ നായരുടെ നിശ്ശബ്ദമായ ഇരിപ്പില്‍ അദ്ദേഹം എല്ലാം ശ്രദ്ധിക്കുന്നുണ്ടാകും. വാനപ്രസ്ഥത്തിലെ വിനോദിനിയുടെ സൃഷ്ടിയിലൊക്കെ ഈ ശ്രദ്ധയുടെ നല്ല അംശങ്ങള്‍ ഉണ്ട്.
 

ചിത്രരചനയുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ എങ്ങനെ കാണുന്നു?


ആകര്‍ഷണീയത സ്ത്രീത്വത്തിന്റെ ഭാഗമാണ്. പെണ്‍കുട്ടികള്‍ പെട്ടെന്നു വളരുന്ന ഒരു കാലമുണ്ടല്ലോ. അവരുടെ ശരീരപ്രകൃതി, സംസാരം, നോട്ടം എല്ലാം അപ്രതീക്ഷിതമായ വേഗത്തില്‍ മാറും. ആണിന് വളര്‍ച്ച ഇത്ര പെട്ടെന്നു കാണുന്നില്ലല്ലോ. 'മരം തളിര്‍ക്കാന്‍ തുടങ്ങുമ്പോഴേക്ക്/ ഒപ്പം മുളച്ചീടിന വല്ലി പൂത്തു' എന്നു നാലപ്പാട് എഴുതിയിട്ടുണ്ടല്ലോ. ഈ വളര്‍ച്ച ഏറെക്കാലം ഉണ്ടാകും. അവര്‍ക്കത് നിലനിര്‍ത്താനും കഴിയും. സൃഷ്ടിയില്‍ത്തന്നെ സ്ത്രീത്വം വേറിട്ടതാണല്ലോ.

വിവാഹത്തിനുമുന്‍പ്, വിവാഹത്തിനുശേഷം ഇങ്ങനെ സ്ത്രീവരയില്‍ വ്യത്യാസം വന്നിട്ടുണ്ടോ?


അങ്ങനെയൊന്നുമില്ല. ആദ്യം വരച്ചിരുന്നതില്‍നിന്ന് ഇപ്പോഴത്തേതിന് കാലംകൊണ്ടുള്ള മാറ്റം വന്നിട്ടുണ്ട്. ആദ്യകാലസങ്കല്പം മാറി എന്നര്‍ഥം. വിശദാംശങ്ങള്‍ കുറച്ച് ഭാവകേന്ദ്രിതമാക്കി. ആദ്യകാലത്തൊക്കെ പഠനാത്മകം എന്നു തോന്നാവുന്ന, അല്ലെങ്കില്‍ പറയാവുന്ന രീതിയില്‍ വരച്ചിരുന്നു. ഇപ്പോള്‍ കഥയിലെ പ്രത്യേകഭാവത്തില്‍ അധിഷ്ഠിതമായി വരച്ചാല്‍ മതി എന്നു തോന്നിത്തുടങ്ങി.
 

കലാസങ്കല്പത്തില്‍ വന്ന മാറ്റം കൂടിയായി ഇതിനെ കണ്ടുകൂടേ?

അങ്ങനെയും പറയാം. മാറ്റം എപ്പോഴും ആവശ്യമാണല്ലോ.

സ്ത്രീശില്പങ്ങള്‍ ചെയ്യുമ്പോഴുള്ള കലാസങ്കല്പം എന്താണ്?


രേഖകളിലെ സ്ത്രീകള്‍തന്നെയാണ് ശില്പങ്ങളിലും വരുന്നത്. ഇതേ ശരീരശാസ്ത്രംതന്നെയാണ് ശില്പത്തിലും ഉപയോഗിക്കുന്നത്. ദിവാകരന്‍ സ്മാരകത്തില്‍ സിമന്റില്‍ ചെയ്തപ്പോഴും മഹാഭാരതം ചെമ്പില്‍ ചെയ്തപ്പോഴും ഇതേ സങ്കല്പംതന്നെയായിരുന്നു. 'ലോഹഭാരത'ത്തിലെ സ്ത്രീകള്‍ പൗരാണികസങ്കല്പത്തിലായി എന്നു മാത്രം. വരയില്‍നിന്നും വേറിട്ട സ്വഭാവം ശില്പങ്ങള്‍ക്കില്ല. മാറ്റാന്‍ ശ്രമിച്ചാലും മാറുന്നില്ല എന്നര്‍ഥം. തിരിഞ്ഞുവന്ന് അവസാനം അങ്ങനെത്തന്നെയാവും.
 

സ്ത്രീയെ വരയ്ക്കുക എളുപ്പമാണോ? അതില്‍ ആനന്ദം ഉണ്ടോ?


അങ്ങനെയില്ല. സ്ത്രീയായാലും പുരുഷനായാലും ഒരുപോലെത്തന്നെ. കഥാപാത്രങ്ങള്‍ എങ്ങനെവേണം എന്നതിനെക്കുറിച്ചേ ആലോചന വേണ്ടിവരുന്നുള്ളൂ. നോവലാകുമ്പോള്‍ കുറെ ലക്കങ്ങള്‍ കൊണ്ടുപോവാനുള്ളതാണ്. പ്രായം, കാലം ഇവ ശ്രദ്ധിക്കണം. ഫിഗര്‍ പ്രധാനമായി കാണണം. പ്രായമാറ്റമൊക്കെ ചിത്രത്തില്‍ വരണം.

സ്‌ത്രൈണതയെ എങ്ങനെ വിലയിരുത്തുന്നു?


പുരുഷശരീരത്തില്‍നിന്ന് സ്ത്രീശരീരത്തിനു പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടല്ലോ. ശരീരഭാഷ നോക്കുക. ഉദാഹരണത്തിന് പുരുഷന്റെത് ബലിഷ്ഠമായ കൈകളാകും. സ്ത്രീയുടെത് അങ്ങനെയാവില്ല. അവയവങ്ങളില്‍ത്തന്നെ ഈ സ്‌ൈത്രണതയുണ്ട്. തിരിച്ചുംകാണാം. പൗരുഷപ്രകൃതിയുള്ള സ്ത്രീകള്‍. സ്‌ത്രൈണതയുള്ള പുരുഷന്മാര്‍.
 

കേരളീയകലകളിലെ സ്ത്രീഅരങ്ങുകള്‍ ശ്രദ്ധിച്ചിട്ടുണ്ടല്ലോ. കഥകളിയിലെ സ്ത്രീവേഷം, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയെ എങ്ങനെ നോക്കിക്കാണുന്നു?

പുരുഷന്‍ കെട്ടുന്ന സ്ത്രീവേഷം സ്ത്രീവേഷമായിട്ടേ നില്ക്കുകയുള്ളൂ. വേഷംകെട്ടലേ ആവുന്നുള്ളൂ എന്നര്‍ഥം. ഒരു സ്ത്രീ 'കത്തി' വേഷം ചെയ്യുമ്പോഴും ഈ പോരായ്മ കാണാം. സ്ത്രീവേഷത്തിന് മുഖം മിനുക്കായതിനാല്‍ അഭിനയസാധ്യത പ്രയോജനപ്പെടുത്താം.

നമ്പൂതിരി കഥകളിയിലെ സ്ത്രീവേഷം വരയ്ക്കുമ്പോള്‍ സ്ത്രീയെ വരച്ച് സ്ത്രീവേഷമാക്കുകയാണല്ലോ പതിവ്?

പുരുഷനെ വരച്ച് സ്ത്രീവേഷമാക്കേണ്ടതില്ലല്ലോ. സ്ത്രീ, കഥകളിവേഷമാവലേ വരയില്‍ വേണ്ടൂ.
 

കോട്ടയ്ക്കല്‍ ശിവരാമന്റെ സ്ത്രീവേഷം ഓര്‍മയിലുണ്ടല്ലോ? എങ്ങനെയാണ് കണ്ടിരുന്നത്?


ശിവരാമന് നാടകത്തോടായിരുന്നു അടുപ്പം. നാടകസങ്കല്പമാണ് ശിവരാമനെ ഭരിച്ചിരുന്നത്. നളചരിതം, രുഗ്മാംഗദചരിതംപോലെയുള്ള കഥകള്‍ ഈ നാടകദര്‍ശനം വിജയിപ്പിക്കാന്‍ സാധ്യമായ കഥകളുമാണ്. അസാധാരണമായ ആവിഷ്‌കാരമാണ് കഥകളിയില്‍ ഉള്ളത്. അത്തരമൊരു സങ്കല്പത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയല്ലേ നല്ലത്? യുക്തി, ചിന്ത ഇവയൊക്കെ ഒരു പരിധിവരെ പോരേ? മോഹിനിയാട്ടം ഭംഗിയുള്ള കലാരൂപമാണ്. ലാസ്യഭാവം കൂടുതലുണ്ട്. മറ്റൊന്ന് കൈകൊട്ടിക്കളിയാണ്. അതില്‍ കലയുടെ അംശം അധികമില്ല.
 

നമ്പൂതിരി പല കാലങ്ങളില്‍ വരച്ച സ്ത്രീരേഖാചിത്രങ്ങളില്‍നിന്ന് തിരഞ്ഞെടുത്തവ പുസ്തകരൂപത്തില്‍ വരികയാണ്. നമ്പൂതിരി ചിത്രം എഴുതുകയാണ് എന്നാണല്ലോ പറയുക. ആ നിലയ്ക്ക് ഈ ചിത്രമെഴുത്തുപുസ്തകത്തിന്റെ വരകളിലൂടെയുള്ള വായന എങ്ങനെയായിരിക്കും?


പലരും ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീചിത്രങ്ങള്‍ കേമമായിട്ടുണ്ട് എന്ന് അഭിപ്രായപ്പെടാറുണ്ട്. ആ നിലയ്ക്ക് അവര്‍ക്ക് ഇഷ്ടമാകുമെന്നു വിചാരിക്കുക. കഥ എന്തായിരുന്നുവെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായാല്‍ നന്ന്. ആ നിലയ്ക്ക് ചിത്രമായി വായിക്കാം.
 
 

 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment