കേസില്‍ ശിക്ഷ ലഭിച്ച മുഹമ്മദ് ജാസിം, പീഡനത്തിനിരയായ കുഞ്ഞിനെ സംഭവദിവസം രാത്രി എടുത്തുകൊണ്ടുപോകുന്നത് കണ്ടെന്ന നബീസയുടെ സാക്ഷിമൊഴിയാണ് കേസിന് വഴിത്തിരിവായത്. മൂന്നു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത വന്നതുമുതല്‍ തെളിവുകള്‍ക്കായി കിണഞ്ഞുപരിശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ജാസിമാണ് പ്രതിയെന്ന സൂചന നല്കിയതും നാടോടികള്‍ക്കൊപ്പം അലയുന്ന നബീസയായിരുന്നു.
ആരുടെയും പ്രേരണയില്ലാതെ പോലീസിനുമുന്നില്‍ സ്വയം ഹാജരായാണ് അവര്‍ ജാസിമിനെക്കുറിച്ച് സൂചന നല്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ട് നിന്ന് ജാസിം പോലീസ് വലയിലായി. പിന്നീട് കേസ് കോടതിയിലെത്തിയപ്പോഴും പ്രതിഭാഗത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറാതെ നബീസ നല്കിയ കൃത്യവും സത്യസന്ധവുമായ വിവരണം പ്രോസിക്യൂഷന് കാര്യങ്ങള്‍ എളുപ്പമാക്കി. തെളിവുകളുടെ അഭാവത്തില്‍ ഒരു ഘട്ടത്തില്‍ തള്ളിപ്പോകുന്ന സ്ഥിതിവരെയെത്തിയ കേസില്‍ പ്രധാന വഴിത്തിരിവായത് ഈ മൊഴിയായിരുന്നു.
വിചാരണയ്ക്ക് കോടതിയില്‍ ഹാജരാക്കാനായി അന്ന് പൂര്‍ണഗര്‍ഭിണിയായിരുന്ന നബീസയെ പോലീസ് തവനൂര്‍ റസ്‌ക്യുഹോമില്‍ താമസിപ്പിച്ചത് വാര്‍ത്തയായിരുന്നു. നബീസയുടെ മൂന്നുവയസ്സുള്ള മകനെയും റസ്‌ക്യുഹോമില്‍ അമ്മയോടൊപ്പം താമസിപ്പിച്ചു എന്നാരോപിച്ച് ജില്ലയിലെ ചൈല്‍ഡ്‌ലൈന്‍ അധികാരികള്‍ ഇടപെടുകയും അവരെ മോചിപ്പിക്കുകയും ചെയ്തു. ഇതവരെ വീണ്ടും തെരുവിലാക്കി. ചൈല്‍ഡ്‌ലൈന്‍ അധികാരികള്‍ കുഞ്ഞിനെ ഏറ്റെടുത്തില്ലെന്നുമാത്രമല്ല, പ്രധാന സാക്ഷിയായിരുന്ന നബീസയെയും കുഞ്ഞിനെയും പിന്നീട് കാണാതാവുകയും ചെയ്തു.
മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ പോലീസ് നബീസയെ കണ്ടെത്തുമ്പോള്‍ പൊടിക്കുഞ്ഞിനൊപ്പം പെരിന്തല്‍മണ്ണയില്‍ ഭിക്ഷാടനം നടത്തുന്ന അവസ്ഥയിലായിരുന്നു. വിവാദങ്ങള്‍ ഭയന്നാണ് പിന്നീട് ഇവരെ ഏറ്റെടുക്കാതിരുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. പകരം വെയിറ്റിങ് ഷെഡ്ഡില്‍ത്തന്നെ താമസിക്കാന്‍ അനുവദിക്കുകയും നബീസയറിയാതെ അവരെ നിരീക്ഷിക്കുകയും ചെയ്തു. കോടതിയില്‍ മൊഴി നലേ്കണ്ട ദിവസം പോലീസ് വിളിച്ചപ്പോള്‍ ഒരു മടിയുമില്ലാതെ അവരോടൊപ്പം ജീപ്പില്‍ക്കയറി കോടതിയിലെത്തി നബീസ സംഭവങ്ങള്‍ സത്യസന്ധമായി വിവരിക്കുകയും ചെയ്തു.
ഒരു സാധാരണകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന നബീസ തെരുവില്‍ എത്തിപ്പെടുന്നതും വിധിയിലൂടെത്തന്നെയാണ്. ചെറുപ്രായത്തിലേ വിവാഹം കഴിഞ്ഞു. ഒന്നരവര്‍ഷത്തെ ദാമ്പത്യത്തില്‍ ഒരു കുഞ്ഞിനെ നല്കി ഭര്‍ത്താവ് നബീസയെ ഉപേക്ഷിച്ചു. ചില വീടുകളില്‍ ജോലി ചെയ്താണ് പിന്നീട് അവര്‍ ജീവിച്ചത്. തുടര്‍ന്ന് മണ്ണാര്‍ക്കാട്ടുള്ള ഒരാളുമായി ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയതോടെ നബീസയുടെ ജീവിതത്തിന്റെ താളം തെറ്റി. ആരുടെയും സഹായം ലഭിക്കാതെ കുഞ്ഞുങ്ങളുമായി തെരുവോരത്തേക്ക് അവര്‍ എടുത്തെറിയപ്പെട്ടു. പിന്നീട് നാടോടികളോടൊപ്പം അലഞ്ഞുതിരിഞ്ഞ നാളുകള്‍. തെരുവിലെ ജീവിതം നല്കിയ മക്കളുമായി, പെരിന്തല്‍മണ്ണയിലെ മൗലാനാ ആസ്പത്രിക്ക് സമീപമുള്ള ബസ് വെയിറ്റിങ് ഷെഡ്ഡില്‍ എത്തിനില്ക്കുന്നു ഇന്ന് നബീസയുടെ ജീവിതം.
രോഗപീഡകളില്‍ വലയുന്ന ക്ഷീണിച്ച ശരീരവുമായി, പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ മാറോടണച്ചിരിക്കുകയാണ് നബീസ ഇന്ന്. പ്രത്യാഘാതങ്ങളെ കൂസാതെ, മറ്റൊന്നിനും വഴങ്ങാതെ ചിരപരിചിതനായ ഒരാള്‍ക്കെതിരെ മൊഴിനല്കിയത് അവരിലെ അമ്മ മനസ്സാണ്. തെരുവില്‍ മയങ്ങുന്ന തന്റെ മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും തലോടി ഉറങ്ങാന്‍ പേടിച്ച് കാവലിരിക്കുകയാണ് ഇന്ന് അവര്‍. തന്റെയും സ്വന്തം കുഞ്ഞുങ്ങളുടെയും 'വിധി'യില്‍ അളവറ്റ് ദുഃഖിക്കുന്നുണ്ടെങ്കിലും പീഡനത്തിനിരയായ കുരുന്നിന് നീതികിട്ടിയ കോടതിവിധിയില്‍ നബീസ സന്തുഷ്ടയാണ്. www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment