വാര്‍ത്ത കടപ്പാട്: കേരളകൌമുദി (അൻസാർ എസ്. രാജ്)
തിരുവനന്തപുരം: ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് പോയ നമ്മുടെ കായികതാരങ്ങൾ റിസർവേഷനില്ലാതെ ജനറൽ കമ്പാർട്ട്മെന്റിൽ അനുഭവിച്ച നരകയാതനയുടെ കഥകൾക്കിടെ, ദേശീയ ഗെയിംസിന്റെ പേരിൽ വമ്പന്മാർ ലക്ഷങ്ങൾ ധൂർത്തടിച്ച് ഉലകം ചുറ്റിയതിന്റെ വിവരങ്ങൾ പുറത്തായി.
കേരളത്തിൽ നടക്കുന്ന അടുത്ത ദേശീയ ഗെയിംസിന്റെ സ്റ്റേഡിയം നിർമാണവും, നടത്തിപ്പുമൊക്കെ പഠിക്കാനെന്ന പേരിലാണ് ഉന്നതർ ലോകപര്യടനം നടത്തിയത്.
ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് ചീഫ് എൻജിനിയർ മോഹൻ കുമാർ, എക്സിക്യൂട്ടിവ് എൻജിനിയർ കിഷൻ ചന്തു, കോ-ഓർഡിനേറ്റർ അനിൽകുമാർ, കായികയുവജന കാര്യവകുപ്പ് ഡയറക്ടർ പുകഴേന്തി എന്നിവരാണ് ഭൂഖണ്ഡങ്ങൾതന്നെ ചുറ്റിയടിച്ചത്. മോഹൻകുമാറും കിഷൻ ചന്തുവും ജർമ്മനിയും കാനഡയും സന്ദർശിച്ചപ്പോൾ പുകഴേന്തിയും അനിൽകുമാറും യൂറോപ്യൻ രാജ്യങ്ങളിലാണ് പര്യടനം നടത്തിയത്. ഇതിന് ചെലവായ തുകയുടെ വിശദാംശങ്ങൾ കായിക യുവജനകാര്യ വകുപ്പിന്റെ പക്കൽ ഇല്ലെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നു.
ദേശീയ ഗെയിംസ് സ്റ്റേഡിയങ്ങളിൽ ഉപയോഗിക്കാനുള്ള സിന്തറ്റിക് സർഫസിന്റെ ഗുണമേന്മ പരിശോധിക്കാനെന്ന പേരിലായിരുന്നു വിദേശ യാത്രകൾ. ഓർഡർ നൽകിയാൽ സാമ്പിളുകൾ ഇവിടെ എത്തുമെന്നിരിക്കെയാണ് ആ പേരിൽ സ്‌പോർട്ട്സ് വാലിബന്മാർ ഉലകം ചുറ്റിയത്. യാത്രകൾക്കു ശേഷം ഇവർ സമർപ്പിച്ച റിപ്പോർട്ടുകൾ സർക്കാരിന്റെ പരിഗണനയിലാണത്രേ.
ഗെയിംസ് സ്റ്റേഡിയത്തിന്റെ നിർമാണം 80 ശതമാനത്തിലേറെ പൂർത്തിയായെന്നും 2014 ഫെബ്രുവരിയിൽ ഗെയിംസ് നടത്താൻ കേരളം സജ്ജമാണെന്നും മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ലക്ഷങ്ങൾ ചെലവിട്ട് അനാവശ്യ വിദേശയാത്രകൾ നടത്തിയത്. എന്നാൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് അന്താരാഷ്‌ട്ര വിലക്കുള്ളതിനാൽ ദേശീയ ഗെയിംസ് വൈകുകയാണ്. ഗെയിംസ് തുടങ്ങുന്നതിന് മുമ്പ് മറ്റൊരു വിദേശയാത്രയ്‌ക്ക് കൂടി അണിയറ നീക്കം നടക്കുന്നുണ്ടെന്നും അറിയുന്നു.
ഊരുചുറ്റൽ ആദ്യമല്ല
================
ദേശീയ ഗെയിംസിന്റെ പേരിൽ കായിക വകുപ്പിലെയും സ്പോർട്സ് കൗൺസിലിലെയും ഉന്നതർ ലോകം ചുറ്റുന്നത് ആദ്യമല്ല.
2012 ൽ ലണ്ടൻ ഒളിമ്പിക്‌സ് കാണാനും പഠിക്കാനും അന്നത്തെ കായികമന്ത്രി ഗണേശ്കുമാറും സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസും കായിക സെക്രട്ടറി എം. ശിവശങ്കറും സർക്കാർ ചെലവിൽ യാത്ര നടത്തി.
2010 ൽ ചൈനയിലെ ഏഷ്യൻ ഗെയിംസ് കാണാൻ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ്, സെക്രട്ടറി, കായിക വകുപ്പ് ഡയറക്ടർ, സെക്രട്ടറി എന്നിവരടങ്ങിയ സംഘമാണ് പോയത്.
ഈവർഷം ലോകകപ്പ് ഫുട്ബാൾ, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയവയ്‌ക്ക് പോകാൻ ചരട്‌വലി തുടങ്ങിക്കഴിഞ്ഞു.
ഒളിമ്പിക്‌സും ഏഷ്യൻ ഗെയിംസും കാണാൻ പോയവർ ഇതുവരെ യാത്രയുടെ റിപ്പോർട്ടുകളൊന്നും സമർപ്പിച്ചിട്ടില്ല.
അഞ്ച് മലയാളി താരങ്ങൾ മാത്രം മത്സരിച്ച 2008ലെ ബീജിംഗ് ഒളിമ്പിക്‌സിന് ഒഫിഷ്യൽസായി 10 പേർ സർക്കാർ ചെലവിൽ പോകാൻ ഒരുങ്ങിയിരുന്നു. ഇക്കാര്യം `കേരളകൗമുദി' വെളിപ്പെടുത്തിയതോടെയാണ് അത് പൊളിഞ്ഞത്.
ഒരു ലണ്ടൻ വീരവാദം
=================
ഒളിമ്പിക്‌സ് വേദിയിൽ കാണുന്നതെല്ലാം വീഡിയോയിൽ പകർത്തി ദേശീയ ഗെയിംസ് സംഘാടകർക്കായി പ്രദർശിപ്പിക്കുമെന്ന വീരവാദവുമായാണ് അന്നത്തെ കായികമന്ത്രി ഗണേശ്കുമാർ ലണ്ടനിൽ പോയത്. ആ വീഡിയോ ഇനിയും വെളിച്ചം കണ്ടിട്ടില്ല.
പേജ് ലിങ്ക് : https://www.facebook.com/keralakaumudidaily
.....................................................................................................................................
-- Nandakunmar
No comments:
Post a Comment