Saturday, 14 December 2013

[www.keralites.net] ???????????? ????

 

ഉത്സവങ്ങളുടെ നാട്

ഉത്സവങ്ങളുടെ നാട് എന്നാണ് നാഗാലാന്‍ഡിന്റെ വിളിപ്പേര്. ഇവിടത്തെ ഓരോ ഗോത്രവര്‍ഗത്തിനും ഉപഗോത്രങ്ങള്‍ക്കും അവരുടേതായ ഉത്സവങ്ങളുണ്ട്. വര്‍ഷത്തില്‍ എല്ലാ മാസവും ഏതെങ്കിലുമൊരു കൂട്ടരുടെ ആഘോഷമുണ്ടാവും. ഇങ്ങനെ വര്‍ഷം മുഴുവന്‍ ആഘോഷങ്ങളുണ്ടാകുന്നതുകൊണ്ടാണത്രെ നാഗാലാന്‍ഡിനെ 'ലാന്‍ഡ് ഓഫ് ഫെസ്റ്റിവല്‍സ്' എന്നു വിശേഷിപ്പിക്കുന്നത്. എല്ലാ ഗോത്രവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഉത്സവമാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. ഉത്സവങ്ങളുടെ ഉത്സവം എന്നാണ് ഇതിനുള്ള വിശേഷണം.
 

നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയ്ക്കടുത്തുള്ള കിസാമ ഹെറിറ്റേജ് വില്ലേജില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെയാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കാറ്. സംസ്ഥാനം നിലവില്‍ വന്നതിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായതുകൊണ്ട് ഇത്തവണത്തെ ആഘോഷം പത്തു ദിവസം നീണ്ടു. സഞ്ചാരികള്‍ക്കു മുന്നില്‍ നാഗാ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ജാലകം തുറന്നിട്ടൂ, ഈ മേള.
 


 
മംഗളോയ്ഡ് വംശത്തില്‍പ്പെട്ട പതിനാറു ഗോത്രങ്ങളാണ് നാഗാലാന്‍ഡിലുള്ളത്. ടിബറ്റന്‍-ബര്‍മീസ് വേരുള്ള വ്യത്യസ്ത ഭാഷകളാണവര്‍ സംസാരിക്കുന്നത്. വേഷത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഭിന്നതകളുണ്ടെങ്കിലും തിന്നും കുടിച്ചും പാട്ടുപാടിയും നൃത്തം ചെയ്തുമുള്ള ആഘോഷങ്ങളെത്തുമ്പോള്‍ എല്ലാര്‍ക്കും ഒരേ മനസ്സാണ്.
 

 
ശൈത്യകാലത്ത് വൈകീട്ടു നാലുമണിയോടെ ഇരുട്ടു വീഴുന്ന നാഗാലാന്‍ഡില്‍ അതിനു മുമ്പു തന്നെ എല്ലാവരും വീടണയുന്ന പതിവാണുള്ളത്. എന്നാല്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ വേളയില്‍ കൊടും തണുപ്പു വകവയ്ക്കാതെ, രാത്രിവൈകുവോളം അവര്‍ ആടിത്തിമിര്‍ത്തു.
 

 
ഓരോ ഗോത്രത്തിന്റെയും നൃത്ത-ഗാന രൂപങ്ങള്‍ വ്യത്യസ്തമാണ്. ലോഥാ വിഭാഗത്തിന്റെ ഈ നൃത്തത്തിന് എജാന്‍ ഷാരു എന്നാണു പേര്. സ്വന്തം ഗ്രാമത്തെ എന്തു വെല്ലുവിളികളില്‍ നിന്നും രക്ഷിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ട് യുവാക്കള്‍ നടത്തുന്ന ഈ നൃത്തം സംഘബോധത്തിന്റെ പ്രാധാന്യമാണ് വിളംബരം ചെയ്യുന്നത്.
 

 
പോരാട്ട വീര്യമാണ് കോന്യാക്ക് വിഭാഗത്തിന്റെ നൃത്തരൂപങ്ങളിലെല്ലാം നിറയുന്നത്. എതിരാളിയുടെ തല വെട്ടിയെടുത്ത് ആനന്ദ നടനമടിയിരുന്ന പഴയ കാലത്തിന്റെ ഓര്‍മപ്പെടുത്തലുകളാണവ. ഡാവോ എന്നു വിളിക്കുന്ന നാഗാ കത്തി മാത്രമല്ല, നിറതോക്കുകളും നര്‍ത്തകരുടെ കൈയിലുണ്ടാവും. നാടന്‍ തോക്കുകള്‍ നിറച്ചും തുരുതുരാ നിറയൊഴിച്ചുമാണ് നര്‍ത്തകര്‍ വേദി വിടുന്നത്.
 

 
വൈവിധ്യമാര്‍ന്ന നാഗാ വിഭവങ്ങള്‍ തനതു സ്വാദോടെ ആസ്വദിക്കാനുള്ള അവസരംകൂടിയാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. ഓരോ ഗോത്രത്തിന്റെയും കുടിലിനുള്ളില്‍ അവരുടേതായ രീതിയിലുള്ള അടുക്കളയുണ്ട്. കീറിയെടുത്ത പന്നിയിറച്ചിയും ലാര്‍വയോടുകൂടിയ തേനീച്ചക്കൂടുമാണ് അടുപ്പിനു മുകളില്‍ പുകയത്ത് തൂങ്ങിക്കിടക്കുന്നത്. പന്നി മാത്രമല്ല, ആടും മാടും കോഴിയും പട്ടിയുമെല്ലാമുണ്ട് വിഭവങ്ങളില്‍. പാതിവേവിച്ച ചോറില്‍ ചില പച്ച മരുന്നുകള്‍ ചേര്‍ത്ത് പുളിപ്പിച്ചെടുക്കുന്ന മധുവുണ്ട്. ഓരോ ഗോത്രക്കാരും ഇതിനെ ഓരോ പേരാണു വിളിക്കുന്നത്. സ്വാദിലും വീര്യത്തിലും വ്യത്യാസമുണ്ട് ഓരോന്നിനും. ഈ മധുവില്ലാതെ നാഗര്‍ക്ക് ആഘോഷമില്ല. കിസാമയില്‍ മധുവും നാഗാ വിഭവങ്ങളുമാസ്വദിക്കാനെത്തുന്നവരില്‍ നാഗരല്ല, പുറം നാട്ടുകാരാണ് കൂടുതല്‍.

 
സംഗീതവും നൃത്തവും മാത്രമല്ല, മത്സരങ്ങള്‍ പലതുണ്ട് ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍. എരിവിന്റെ രാജാവായ നാഗാമുളകു തീറ്റ മത്സരമായിരുന്നൂ അക്കൂട്ടത്തില്‍ ഏറ്റവും രസകരം. ഗുണ്ടൂര്‍ മുളകിന്റെ നാല്‍പതിരട്ടി എരിവുള്ള നാഗാ മുളക് മുറിച്ച് അടുത്തു വെച്ചാല്‍ തന്നെ കണ്ണും മുഖവും എരിയാന്‍ തുടങ്ങും. ഒരു കുടുംബത്തിനു വേണ്ട മുഴുവന്‍ കറിയ്ക്കും ഒരു മുളകു തന്നെ ധാരാളം. രണ്ടു മിനിറ്റുകൊണ്ട് ഇത്തരം 20 മുളകു തിന്നയാളാണ് ഒന്നാം സ്ഥാനത്തെത്തിയത്. പരമ്പരാഗതരീതിയില്‍ തീയുണ്ടാക്കുന്നതിനുള്ള മത്സരമായിരുന്നൂ മറ്റൊന്ന്. മുളങ്കമ്പുകള്‍ കൂട്ടിയുരസി തീയുണ്ടാക്കാന്‍ വെറും അമ്പതു സെക്കന്‍ഡേ വേണ്ടിവന്നുള്ളൂ. പാശ്ചാത്യ സംഗീത, നൃത്ത മത്സരങ്ങള്‍, മോട്ടോര്‍ സ്‌പോര്‍ട്‌സ്, മിസ് നാഗാലാന്‍ഡ് സൗന്ദര്യ മത്സരം, കാര്‍ഷികോത്പന്ന മത്സരം തുടങ്ങി പരിപാടികള്‍ പലതുണ്ടായിരുന്നൂ. എല്ലാ ഗോത്രവിഭാഗത്തില്‍പ്പെട്ടവരും കാണികളും ഒരുമിച്ചണിനിരന്ന യൂണിറ്റി ഡാന്‍സോടെയാണ് പരിപാടികള്‍ സമാപിച്ചത്.
 

 
കൊഹിമയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കിസാമ ഹെറിറ്റേജ് വില്ലേജ് നാഗാ സംസ്‌കാരത്തിന്റെ തുറന്ന കാഴ്ചബംഗ്ലാവാണ്. ഈ മലഞ്ചെരിവില്‍ സംസ്ഥാനത്തെ ഓരോ ഗോത്രവിഭാഗത്തിന്റെയും കുടിലുകള്‍ തനതു രീതിയില്‍ അതേ വലുപ്പത്തില്‍ പണിതുവെച്ചിട്ടുണ്ട്. ഇവിടെയാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഇത്തവണത്തെ ആഘോഷം ഉദ്ഘാടനം ചെയ്തത്. ആയിരം വിദേശികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 10,000 ടൂറിസ്റ്റുകളുമടക്കം രണ്ടു ലക്ഷത്തോളം പേര്‍ പരിപാടി കാണാനെത്തിയെന്നാണ് കണക്ക്. 2001ല്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യമാണിത്.
 


 

 

 
 





























 



www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___