ബിറ്റ്‌കോയിനുകളെക്കുറിച്ച് പറയുമ്പോള്‍ ഒരുപക്ഷേ ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതി ബിറ്റ്‌കോയിന്‍ ഖനനം അഥവാ ബിറ്റ്‌കോയിന്‍ മൈനിങ് ആയിരിക്കും.
ബിറ്റ്‌കോയിന്‍ എന്ന വെര്‍ച്വല്‍ ക്രിപ്‌റ്റോകറന്‍സിയുടെ ഇടപാടുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഒരു പ്രത്യേക വ്യക്തിയോ സ്ഥാപനമോ ഇല്ല. ഏതെല്ലാം അക്കൗണ്ടില്‍ എത്ര ബിറ്റ്‌കോയിനുകളുണ്ട് എന്ന വിവരം കുറിച്ചുവെച്ചിട്ടുള്ള ഒരു പൊതു കണക്കുപുസ്തകമാണ് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിന്‍ . ആ ബ്ലോക്ക് ചെയിനിലേക്ക് ഇടപാടുകള്‍ രേഖപ്പെടുത്തുന്നതാണ് യഥാര്‍ത്ഥത്തില്‍ ബിറ്റ്‌കോയിന്‍ മൈനിങ്.
ഇത്തരത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ടുതരത്തില്‍ പ്രതിഫലം സ്വീകരിക്കാം. ഒന്ന് ഇടപാടുകള്‍ പെട്ടന്ന് കണക്കില്‍ കൊള്ളിച്ചുകിട്ടാന്‍ നല്‍കുന്ന ഇടപാടുകാര്‍ നല്‍കുന്ന കമ്മീഷന്‍ . രണ്ട് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ ബിറ്റ്‌കോയിന്‍ സംവിധാനം സൃഷ്ടിക്കുന്ന കോയിനുകള്‍ .
ആര്‍ക്കും ഇടപെടാവുന്ന ഒരു പൊതുവിനിമയ സംവിധാനമെന്ന നിലയ്ക്ക് കയ്യാങ്കളിക്കുള്ള സാധ്യത പരമാവധി ഒഴിവാക്കപ്പെടേണ്ടതുണ്ട്. ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിന്‍ എന്ന കണക്കുപുസ്തകത്തെ അടിസ്ഥാനമാക്കി മാത്രം നിലനില്‍ക്കുന്ന ഒരു കറന്‍സി സംവിധാനമായതിനാല്‍ , അതിന്റെ സുരക്ഷിതത്വം വളരെ പ്രധാനമാണ്.
ഒരു വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികള്‍ക്കോ വ്യാജമായി സൃഷ്ടിക്കാനോ കയ്യാങ്കളി നടത്താനോ സാധിക്കാത്ത വിധം സുരക്ഷിതമാക്കപ്പെട്ടതാകണം ഇത്തരത്തിലുള്ള ഒരു പൊതുലെഡ്ജര്‍ . അതിനാല്‍ ബിറ്റ്‌കോയിനില്‍ ബ്ലോക്കുകള്‍ (ഒന്നില്‍ കൂടുതലുള്ള വിനിമയ രേഖകള്‍) കൂട്ടിച്ചേര്‍ക്കുന്നത് സങ്കീര്‍ണ്ണമായ ക്രിപ്‌റ്റോഗ്രാഫിക് സങ്കേതത്തിലൂടെയാണ്.
ഇതു മാത്രമല്ല 'ഡബിള്‍ സ്‌പെന്‍ഡിങ്' എന്ന ഗുരുതരമായ പ്രശ്‌നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. അതായത് ഒരു കക്ഷി മറ്റൊരു കക്ഷിക്ക് തന്റെ കയ്യിലുള്ള ബിറ്റ്‌കോയിനുകള്‍ നല്‍കുന്നു. തുടര്‍ന്ന് അതേ അക്കൗണ്ടില്‍ നിന്നുതന്നെ മറ്റൊരു ഇടപാടുകൂടി നടത്താന്‍ ശ്രമിക്കുന്നു. എന്നുവെച്ചാല്‍ , ഇല്ലാത്ത പണം ഉണ്ടെന്നു കാട്ടി ഇടപാട് നടത്താന്‍ ശ്രമിക്കുന്നു.
ഇത്തരം ഡബിള്‍ സ്‌പെന്‍ഡിങ് ഒഴിവാക്കിയേ തീരൂ. അതിനാല്‍ മുമ്പു നടന്ന ഇടപാടുകള്‍ ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയ്‌നില്‍ മൈനിങ് നടത്തുന്നവര്‍ ഉള്‍ക്കൊള്ളിച്ച ശേഷമേ പുതിയ ഇടപാടുകള്‍ നടത്താനാകൂ.
ബിറ്റ്‌കോയിന്‍ വിനിമയം
ഒരു ഉദാഹരണത്തിലൂടെ ബിറ്റ്‌കോയിന്‍ വിനിമയം അഥവാ ഇടപാട് വ്യക്തമാക്കാം.
ആലീസിന്റെ വാലറ്റില്‍ 10 ബിറ്റ്‌കോയിനുകളുണ്ട്. അതില്‍നിന്ന് അഞ്ച് ബിറ്റ്‌കോയിനുകള്‍ ബോബിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നു (ആലീസ്, ബോബ് എന്നീ പേരുകള്‍ ക്രിപ്‌റ്റോഗ്രാഫിക് ഉദാഹരണങ്ങളില്‍ പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്നതാണ്). അതിനായി ബോബ് തന്റെ ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ഒരു അഡ്രസ്സ് നിര്‍മ്മിച്ച് ആലീസിന് കൈമാറുന്നു.
ഇവിടെ ആലീസിന്റെ അക്കൗണ്ടില്‍ എത്ര ബിറ്റ്‌കോയിനുകളുണ്ടെന്ന വിവരം എവിടെ നിന്ന് ലഭിക്കും? ആ വിവരം രേഖപ്പെടുത്തിയിട്ടുള്ള കണക്കുപുസ്തകമാണ് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിന്‍ . ആ ബ്ലോക്ക് ചെയിന്‍ ബിറ്റ്‌കോയിന്‍ ശൃംഖലയിലുള്ള ആര്‍ക്കും പരിശോധിക്കാവുന്നതാണ്.
ആലീസ് തന്റെ പക്കലുള്ള 10 ബിറ്റ്‌കോയിനുകളില്‍ നിന്ന് അഞ്ചെണ്ണം ബോബിന്റെ വിലാസത്തിലേക്ക് മാറ്റുന്ന വിവരം, ബിറ്റ്‌കോയിന്‍ ശൃഖലയില്‍ പരസ്യപ്പെടുത്തുന്നു. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ചാണത് ചെയ്യുന്നത്. ഇവിടെ ഡിജിറ്റല്‍ സിഗ്‌നേച്ചറിലൂടെ പ്രസ്തുത ഇടപാടിന്റെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്നു.
അതായത് ബിറ്റ്‌കോയിന്‍ നെറ്റ്‌വര്‍ക്കിലുള്ള ആര്‍ക്കും ആലീസിന്റെ പബ്ലിക് കീ ഉപയോഗിച്ച് പ്രസ്തുത ഇടപാട് നടത്തിയിരിക്കുന്നത് ആലീസ് തന്നെയാണെന്ന് ഉറപ്പു വരുത്താനാകും.
ക്രിപ്‌റ്റോഗ്രാഫിക് ഹാഷിങ്, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ തുടങ്ങിയവയെപ്പറ്റി ചില ആമുഖ വിവരങ്ങള്‍ അറിയുന്നത് ബിറ്റ്‌കോയിന്‍ മൈനിങിന്റെ ഉള്ളുകള്ളികള്‍ അറിയാന്‍ സഹായിക്കും. .
ക്രിപ്‌റ്റോഗ്രാഫിക് ഹാഷിങ്
വാക്കുകളേയും വാചകങ്ങളേയും കാച്ചിക്കുറുക്കി നിശ്ചിത വലിപ്പമുള്ള ഒറ്റവാക്കാക്കി മാറ്റുന്നതിനെയാണ് ഹാഷിങ് എന്നു പറയുന്നത്.
ഡേറ്റയ്ക്കനുസരിച്ച് ഹാഷും വ്യത്യാസപ്പെടുമെങ്കിലും ഹാഷിന്റെ വലിപ്പം ഒന്നു തന്നെയായിരിക്കും. അതായത് ഒരു വാക്ക് ഹാഷ് ചെയ്താലും ഒരു വാക്യം ഹാഷ് ചെയ്താലും ഒരു പുസ്തകം മുഴുവന്‍ ഹാഷ് ചെയ്താലും ലഭിക്കുന്ന ഹാഷിന്റെ വലിപ്പം തുല്യമായിരിക്കും.
ഹാഷ് ചെയ്യാന്‍ പല സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് MD5, SHA-1, SHA-2 തുടങ്ങിയവ. ഒരു ഡേറ്റ എത്രതവണ ഹാഷ് ചെയ്താലും കിട്ടുന്ന ഉത്തരം ഒന്നുതന്നെ ആയിരിക്കും. അതായത് 'mathrubhumi' എന്ന വാക്ക് SHA-2 ഉപയോഗിച്ച് ഹാഷ് ചെയ്താല്‍ കിട്ടുന്നത്.
'84e8d09362030741321bf25b27b5b69d3f3fc594ca408875ab31324c8e2567ea ' എന്നായിരിക്കും.
ഹാഷിങ് എത്രതവണ ആവര്‍ത്തിച്ചാലും ലഭിക്കുന്ന കോഡ് ഇതു തന്നെ. മാത്രവുമല്ല, ലഭിച്ച ഹാഷില്‍നിന്ന് ഡേറ്റ ഊഹിച്ചെടുക്കാനുമാകില്ല. ഡേറ്റയിലുള്ള ചെറിയ മാറ്റം (ഒരു കുത്തോ കോമയോ വരെ) ഹാഷ് ചെയ്തുകിട്ടുന്ന ഫലത്തെ മുഴുവനായി മാറ്റിമറിച്ചേക്കാം. ഉദാഹരണത്തിന് 'Mathrubhumi' (M വലിയ അക്ഷരം ) യുടെ ഹാഷ് ശ്രദ്ധിക്കുക
'43cd57fe436eb0ac82bb2e33f2faddf78a8b6036b8eecf8c64106821c3cecffd'
ഇവിടെ ഹാഷ് പരിശോധിച്ച് ഡേറ്റയില്‍ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ എന്ന് അറിയാവുന്നതാണ്.
ഡിജിറ്റല്‍ സിഗ്‌നേച്ചര്‍
സാധാരണ പേനയും പേപ്പറും ഉപയോഗിച്ച് ഒപ്പിടുന്നതിന്റെ ഡിജിറ്റല്‍ പരിഭാഷയാണ് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ എന്ന് പേരില്‍ നിന്നുതന്നെ വ്യക്തം. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഒപ്പ് പരിശോധിച്ച് ഉടമയെ സ്ഥിരീകരിക്കുന്നതിന്റെ ഒരു ഡിജിറ്റല്‍ രൂപമാണ് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍.
ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാന ഘടകങ്ങള്‍ മൂന്നാണ് -
െ്രെപവറ്റ് കീ
പബ്ലിക് കീ
ഡോക്യുമെന്റ്
ഇവിടെ സുരക്ഷിതമാക്കേണ്ട ഡോക്യുമെന്റ് ഹാഷ് ചെയ്ത് ചെറുതാക്കിയതിനു ശേഷം െ്രെപവറ്റ് കീ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്യുന്നു. അപ്പോള്‍ ലഭിക്കുന്നതാണ് സിഗ്‌നേച്ചര്‍ .
ആര്‍ക്കാണോ ഡേറ്റ കൈമാറേണ്ടത് അയാള്‍ക്ക് ഡേറ്റയും സിഗ്‌നേച്ചറും പബ്ലിക് കീയും നല്‍കുന്നു. സ്വീകര്‍ത്താവിന് പബ്ലിക് കീ ഉപയോഗിച്ച പ്രസ്തുത ഡേറ്റ യഥാര്‍ത്ഥമാണോ എന്നു പരിശോധിക്കാവുന്നതാണ്. അതായത് ലഭിച്ച ഡേറ്റ നിശ്ചിത രീതിയില്‍ ഹാഷ് ചെയ്താല്‍ കിട്ടുന്ന ഉത്തരവും ഡിജിറ്റല്‍ സിഗ്‌നേച്ചറിനെ പബ്ലിക് കീ ഉപയോഗിച്ച് ഹാഷ് ചെയ്താല്‍ ലഭിക്കുന്ന ഉത്തരവും ഒന്നായാല്‍ ഡേറ്റ സൈന്‍ ചെയ്തിരിക്കുന്നത് യഥാര്‍ത്ഥ ഉടമസ്ഥന്‍ തന്നെയാണെന്ന് ഉറപ്പു വരുത്താം. ഗ്രാഫിക്‌സ് ശ്രദ്ധിക്കുക.
മേല്‍ സൂചിപ്പിച്ച ഇടപാട് കണക്കില്‍ ചേര്‍ത്താല്‍ (ബിറ്റ്‌കോയിന്‍ ലഡ്ജറായ ബ്ലോക്ക് ചെയിനില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ) മാത്രമേ വിനിമയം പൂര്‍ണ്ണമാകൂ.
ഓരോ നിമിഷവും ഇത്തരത്തില്‍ അനേകം ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടക്കുന്നു. അവയെല്ലാം ലഡ്ജറില്‍ ചേര്‍ക്കുന്നത് ബിറ്റ്‌കോയിന്‍ മൈനിങ് നടത്തുന്നവരാണ്. ഓരോ ഇടപാടുകളും പരിശോധിച്ച് ഒന്നില്‍ കൂടുതല്‍ ഇടപാടുകള്‍ ഒരു ബ്ലോക്ക് ആക്കി മാത്രമേ ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനില്‍ ചേര്‍ക്കാനാകൂ.
ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനിനെ ഒരു കണക്കുപുസ്തകമായി കണക്കാക്കിയാല്‍ , അതിലേ ഓരോ പേജിനേയും ഒരു ബ്ലോക്ക് എന്ന് വിളിക്കാം. ബ്ലോക്കിലെ ഓരോ വരിയും ഇടപാടുകളായി കണക്കാക്കാം. ഓരോ ബ്ലോക്കും അതിനു തൊട്ടു മുന്‍പത്തെ ബ്ലോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.
അടുത്ത് ചേര്‍ക്കപ്പെടേണ്ട ബ്ലോക്കിന്റെ നമ്പര്‍ ഏതാണെന്ന് ബ്ലോക്ക് ചെയിന്‍ നോക്കി മനസ്സിലാക്കാവുന്നതാണ്. ലളിതമായി പറഞ്ഞാല്‍ കണക്കു പുസ്തകത്തിലെ നിലവിലെ പേജ് നമ്പര്‍ 156 ആണെങ്കില്‍ , അടുത്ത നമ്പര്‍ 157 ആയിരിയ്ക്കുമല്ലോ? ബിറ്റ്‌കോയിന്‍ മൈനിങ് നടത്തുന്നവരുടെ ലക്ഷ്യം ഈ നമ്പര്‍ ആയിരിക്കും. അതായത് തങ്ങള്‍ തെരഞ്ഞെടുക്കുന്ന ഇടപാടുകളെയെല്ലാം ആറ്റിക്കുറുക്കി (ഹാഷിങ് നടത്തി) പ്രസ്തുത നമ്പര്‍ ഉണ്ടാക്കണം.
ഇത് വളരെ ശ്രമകരമായ ജോലിയാണ്. കാരണം നേരത്തേ സൂചിപ്പിച്ചതു പോലെ ഡേറ്റയില്‍ ചെറിയൊരു മാറ്റം വന്നാല്‍ പോലും ഹാഷ് ചെയ്‌തെടുത്ത ഫലത്തില്‍ കാര്യമായ വ്യത്യാസം വന്നേക്കാം അതിനാല്‍ മൈനിങ് നടത്തുന്നവര്‍ ക്രമമായി ഓരോ നമ്പറുകള്‍ എടുത്ത് പരീക്ഷിച്ച് ഫലം ലഭിച്ചോ എന്ന് പരിശോധിക്കുന്നു.
ഇത്തരത്തില്‍ ഏതു നമ്പര്‍ ഉപയോഗിച്ചാലാണ് ലക്ഷ്യമാക്കിയ ഉത്തരം ലഭിക്കുക എന്ന് ഒരിക്കലും മുന്‍കൂട്ടി കാണാനാകാത്തതിനാല്‍ , നമ്പര്‍ പൂട്ടിലെ നമ്പര്‍ വീണ്ടെടുക്കാന്‍ ഓരോ കോമ്പിനേഷനുകള്‍ പരിശോധിക്കുംപോലെ ക്രമമായി പരീക്ഷിച്ചേ മതിയാകൂ. ഇവിടെ ഭാഗ്യം പലപ്പോഴും തുണയാകാറുണ്ട്. മൂന്നക്ക നമ്പര്‍ പൂട്ടിലെ ലോക്കിങ് നമ്പര്‍ 356 ആണെങ്കില്‍ , 300 മുതലാണ് പരീക്ഷണം ആരംഭിച്ചത് എങ്കില്‍ അമ്പത്തിയാറ് തവണ പരീക്ഷിക്കുമ്പോള്‍ തന്നെ ഉത്തരം ലഭിച്ചേക്കാം.
ബിറ്റ്‌കോയിന്‍ പ്രോട്ടോക്കോളില്‍ ഒരു പ്രത്യേക സംഖ്യക്ക് പകരം നിശ്ചിത എണ്ണം പൂജ്യങ്ങളില്‍ തുടങ്ങുന്ന കോഡ് ആയിരിക്കണം ഉത്തരമായി ലഭിക്കേണ്ടത് എന്നുമാത്രം. എത്ര കൂടുതല്‍ പൂജ്യങ്ങള്‍ ആവശ്യമായി വരുന്നോ അത്രയും ഖനനവൈഷമ്യവും കൂടുന്നു. അതായത് ഖനനം ചെയ്യാനുള്ള വൈഷമ്യം, എത്രപേര്‍ ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നു അഥവാ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കമ്പ്യൂട്ടറുകളുടെ ശേഷിക്ക് ആനുപാതികമായി സ്വയമേവ ക്രമപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ഒരു ബ്ലോക്ക് 10 മിനിറ്റിനകം കണ്ടെത്തുന്ന രീതിയിലാണ് ബിറ്റ്‌കോയിന്‍ പ്രൊട്ടോക്കോള്‍ ക്രമീകരിച്ചിരിക്കുന്നത്.
ബിറ്റ്‌കോയിന്‍ മൈനിങ് നടത്തുന്നവര്‍ ഇത് എങ്ങിനെയാണ് കണ്ടെത്തുന്നതെന്ന് നോക്കാം. അതിനായി ഒരു പ്രായോഗിക ഉദാഹരണം തന്നെയാകട്ടെ.
ഒരു എസ് എച് എ 256 ഹാഷ് ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍ വെബ് പേജ് ആണ് http://www.xorbin.com/tools/sha256-hash-calculator ഇത്. ഇവിടെ പോയി
Alice transfers 5 bit coins to bob (code=1000000) എന്ന വാചകം പകര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന ഹാഷ്
b22786515b1f2813c80c86e9ff756e28bf1bc4966a35f549b97d95f47eaeccb0 ആയിരിക്കും.
ഇനി ഒരു ചോദ്യം. പൂജ്യത്തില്‍ തുടങ്ങുന്ന ഒരു കോഡ് ഉത്തരമായി ലഭിക്കണമെങ്കില്‍ code=1000000 നു പകരമായി ഏതു സംഖ്യ ഉപയോഗിക്കണം എന്നു കണ്ടെത്തുക. അത് യാതൊരു വിധത്തിലും ഊഹിച്ചെടുക്കാനാകില്ല. അതിനാല്‍ 1000001 മുതല്‍ മുകളിലോട്ട് ഓരോന്നായി പരീക്ഷിച്ചു നോക്കുക.
Alicet ransfers 5 bit coins to bob (code=1000005) ആകുമ്പോഴേയ്ക്കും ലക്ഷ്യം കാണാം.
ഇതുപോലെ, ഒരു നിശ്ചിത എണ്ണം പൂജ്യങ്ങള്‍ മുന്നില്‍ വരുന്ന കോഡ് ലഭിക്കുന്നതുവരെ, ബിറ്റ്‌കോയിന്‍ മൈനിങ് നടത്തുന്നവരുടെ കമ്പ്യൂട്ടറുകള്‍ ക്രമമായി നൗണ്‍സ് എന്നു വിളിക്കപ്പെടുന്ന ഒരു നിശ്ചിത സംഖ്യ ട്രാന്‍സാക്ഷന്‍ ബ്ലോക്കുകളോടു ചേര്‍ത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മേല്‍ സൂചിപ്പിച്ച ഉദാഹരണത്തില്‍ ഒരു പൂജ്യത്തില്‍ തുടങ്ങുന്ന കോഡ് ആണ് ആവശ്യപ്പെട്ടത്. അതിനാല്‍ ഉത്തരവും അധികം വിഷമമില്ലാതെ ലഭിച്ചു. പക്ഷേ ആറോ ഏഴോ പൂജ്യങ്ങളില്‍ തുടങ്ങുന്ന ഒരു കോഡ് ആണ് വേണ്ടതെങ്കിലോ? അതിവേഗ കമ്പ്യൂട്ടറുകള്‍ക്കു പോലും ഓരോരോ സംഖ്യകള്‍ ക്രമമായി പരീക്ഷിച്ച് ഫലം കണ്ടെത്താന്‍ ആഴ്ച്ചകളോ മാസങ്ങളോ വേണ്ടിവരും.
നിങ്ങള്‍ക്കുമാകാം ബിറ്റ്‌കോയിന്‍ ഖനനം
ബിറ്റ്‌കോയിന്‍ മൈനിങ് നടത്തുന്നതിന് മേല്‍പ്പറഞ്ഞ ബ്ലോക്ക് ചെയിന്‍, നൗണ്‍സ്, ക്രിപ്‌റ്റോഗ്രാഫി തുടങ്ങിയവയെക്കുറിച്ചൊന്നും അറിവുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. മാത്രവുമല്ല, അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നുമില്ല. നിങ്ങള്‍ അറിയേണ്ടത് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന് ഒരു സെക്കന്‍ഡില്‍ എത്ര കണക്കുകൂട്ടലുകള്‍ നടത്താനാകും, വൈദ്യുതി ചെലവ് എത്ര എന്നീ വിവരങ്ങള്‍ മാത്രം.
ബിറ്റ്‌കോയിന്‍ മൈനിങ് നടത്താന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതിനു മുമ്പ് കുറച്ചു കാര്യങ്ങള്‍ മനസിലാക്കുക.
1. ബിറ്റ്‌കോയിന്‍ സ്വന്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമല്ല ബിറ്റ്‌കോയിന്‍ ഖനനം.
2. പണച്ചിലവില്ലാത്ത ഒന്നല്ല ബിറ്റ്‌കോയിന്‍ ഖനനം (വൈദ്യുതി സൗജന്യമായാണ് ലഭിക്കുന്നതെങ്കില്‍ ഒരുപക്ഷേ പണച്ചിലവ് അധികമില്ലാതെ ബിറ്റ്‌കോയിനുകള്‍ കുഴിച്ചെടുക്കാം).
3. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിധി മുഴുവന്‍ ഒറ്റയ്ക്ക് കുഴിച്ചെടുത്ത് സ്വന്തമാക്കാമെന്ന വ്യാമോഹം വേണ്ട. (ഒരുപാട് വൈകിപ്പോയി. 2009 ലും 2010 ലും ഇത് സാധ്യമായിരുന്നു.)
4. വളരെയധികം മത്സരമുള്ള ഒരു മേഖലയാണിത്. മാത്രവുമല്ല ബിറ്റ്‌കോയിനുകളുടെ ലഭ്യത കുറഞ്ഞുകോണ്ടേ ഇരിക്കുന്നു. അതിനാല്‍ ലാഭകരമായി ബിറ്റ്‌കോയിന്‍ മൈനിങ് നടത്തണമെങ്കില്‍ വൈദ്യുതി കുറച്ചുപയോഗിക്കുന്നതും വിഭവശേഷി കൂടുതല്‍ ഉള്ളതുമായ കമ്പ്യൂട്ടറുകളോ പ്രത്യേകം നിര്‍മ്മിച്ച മൈനിങ് റിഗ്ഗുകളോ ഉപയോഗിക്കേണ്ടിവരും.
മൈനിങിനുള്ള ഉപകരണങ്ങള്‍
സി പി യു മൈനിങ് ഹാര്‍ഡ്‌വേര്‍
നമ്മളെല്ലാം ഉപയോഗിക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ സി പി യു മൈനിങ് ഹാര്‍ഡ്‌വേര്‍ ആയി ഉപയോഗിക്കാം. 2009 -10 വര്‍ഷങ്ങളില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ സി പി യു ഉപയോഗിച്ചു തന്നെ ബിറ്റ്‌കോയിന്‍ മൈനിങ് നടത്താവുന്നതായിരുന്നു. അന്ന് മൈനിങ് നടത്തുന്നവരുടെ എണ്ണവും ബിറ്റ്‌കോയിന്‍ വിനിമയവും വളരെ കുറവായിരുന്നു. മാത്രമല്ല ബിറ്റ്‌കോയിന്‍ പ്രോട്ടോക്കോള്‍ പ്രകാരം കൂടുതല്‍ ബിറ്റ്‌കോയിന്‍ മൈനിങ് മുഖേന ലഭ്യവുമായിരുന്നു.
2010 ല്‍ മാധ്യമങ്ങളിലൂടെ ബിറ്റ്‌കോയിന്‍ വളരെപ്പെട്ടന്ന് ലോക ശ്രദ്ധയാകര്‍ഷിച്ചു. ബിറ്റ്‌കോയിനുകള്‍ക്ക് വലിയ വിലയൊന്നുമില്ലാതിരുന്ന അക്കാലത്ത് പലരും ബിറ്റ്‌കോയിന്‍ മൈനിങ് ഒരു ഹോബിയായാണ് കണ്ടത്. സങ്കീര്‍ണ്ണമായ കണക്കുകൂട്ടല്‍ പ്രക്രിയ 'ടെക്കി'കളെ ഹരം കൊള്ളിച്ചു. കമ്പ്യൂട്ടറിന്റെ വിഭവശേഷി കൂട്ടിയും ഒന്നില്‍ കൂടൂതല്‍ കമ്പ്യൂട്ടറുകളെ കൂട്ടിയിണക്കിയും വാശിയോടെ നാണയങ്ങള്‍ സമ്പാദിക്കാന്‍ തുടങ്ങി. കൂടുതല്‍ പേര്‍ മൈനിങ് തുടങ്ങിയതോടെ സാധാരണ കമ്പ്യൂട്ടറുകള്‍ ഖനനത്തിനു മതിയാകാതെ വന്നു. തുടര്‍ന്ന് സി പി യു മൈനിങ് കൂടുതല്‍ വിഭവശേഷിയുള്ള ജി പി യു (ഗ്രാഫിക് പവര്‍ യൂണിറ്റ്) മൈനിങിനു വഴിമാറി.
പെന്റിയം ഡ്യുവല്‍ കോര്‍ E 5400- 2.2 മെഗാ ഹാഷ് പ്രതി സെക്കന്റ്.
ഇന്റല്‍ tImÀ i3-430 പ്രോസസ്സര്‍ 8.31 മെഗാ ഹാഷ് പ്രതി സെക്കന്റ്.
കോര്‍ i5-2500 K പ്രോസസ്സര്‍ 20.6 മെഗാ ഹാഷ് പ്രതി സെക്കന്റ്.
കോര്‍ i7-3930 K പ്രോസസ്സര്‍ 66.6 മെഗാ ഹാഷ് പ്രതി സെക്കന്റ്.
ജി പി യു മൈനിങ്
കൂടുതല്‍ വിഭവശേഷി ആവശ്യമുള്ള കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കുന്നതിനും വീഡിയോ/അനിമേഷന്‍/ഗ്രാഫിക്‌സ് എഡിറ്റിങ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകള്‍ക്ക് ബിറ്റ്‌കോയിന്‍ മൈനിങിന് വളരെ അനുയോജ്യമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് വിപണിയിലെ താരമായിരുന്ന ATI Radeon HD 5870 ചൂടപ്പം പോലെ വിറ്റഴിഞ്ഞു.
AMD/ATI Radeon HD 5450: 18.10 മെഗാ ഹാഷ് പ്രതി സെക്കന്റ്.
AMD/ATI Radeon HD 6670: 102.2 മെഗാ ഹാഷ് പ്രതി സെക്കന്റ്.
AMD/ATI Radeon HD 5870: 300 500 മെഗാ ഹാഷ് പ്രതി സെക്കന്റ്
Sapphire ATI Radeon HD7950: 500825 മെഗാ ഹാഷ് പ്രതി സെക്കന്റ്
പൂള്‍ഡ് മൈനിങ്
കിളയ്ക്കലും മണ്ണു കോരലും പാറപൊട്ടിക്കലുമെല്ലാം ഒറ്റയ്ക്ക് നടക്കില്ല എന്ന സ്ഥിതി വന്നപ്പോള്‍ മൈനിങ് നടത്താന്‍ , താത്പര്യമുള്ളവരെ കൂട്ടിയിണക്കി 'പൂള്‍ഡ് മൈനിങ്' ആരംഭിച്ചു. ഇവിടെ ലോകത്തെ വിവിധ ഭാഗങ്ങളിലെ കമ്പ്യൂട്ടറുകളുടെ വിഭവശേഷി കൂട്ടിയിണക്കി ലഭിക്കുന്ന നിധി പങ്കുവയ്ക്കുന്ന രീതിയാണ് കൂടുതല്‍ അനുയോജ്യമെന്ന് തിരിച്ചറിഞ്ഞു. ഇപ്പോഴും ഇതുതന്നെയാണ് കൂടുതല്‍ പേരും ഉപയോഗപ്പെടുത്തുന്നത്.
അപ്ലിക്കേഷന്‍ സ്‌പെസിഫിക് ഇന്റഗ്രേറ്റഡ് സര്‍ക്കീട്ട് (എ എസ് ഐ സി)
ബിറ്റ്‌കോയിന്‍ മൈനിങിന്റെ വ്യാവസായിക സാധ്യതകള്‍ തെളിഞ്ഞപ്പോള്‍ ബട്ടര്‍ഫ് ളൈ ലാബ്‌സിനെപ്പോലെയുള്ള കമ്പനികള്‍ മൈനിങിനു മാത്രമായുള്ള പ്രത്യേക ഉപകരണങ്ങള്‍ വിപണിയിലിറക്കി.
മൈനിങ് ലാഭകരമാകണമെങ്കില്‍ കുറഞ്ഞ വൈദ്യുത ചിലവില്‍ കൂടുതല്‍ കണക്കു കൂട്ടലുകള്‍ നടത്താന്‍ കഴിയണം. വെറും 350 വാട്ട് വൈദ്യുതി മാത്രം ഉപയോഗിച്ച് 600 ഗിഗാ ഹാഷ് പ്രതി സെക്കന്റ് കണക്കുകൂട്ടലുകള്‍ നടത്താന്‍ തക്ക ശേഷിയുള്ള ബിറ്റ്‌കോയിന്‍ റിഗ്ഗുകള്‍ക്ക് കഴിയും. അതായത് സാധാരണ ജി പി യു മൈനിങിന്റേതില്‍ നിന്നും നൂറുകണക്കിനു മടങ്ങ് ശക്തി, കുറഞ്ഞ ചെലവില്‍. പക്ഷേ ഇത്തരം മൈനിങ് റിഗ്ഗുകളുടെ വില രണ്ടു ലക്ഷം രൂപ മുതല്‍ മുകളിലോട്ടാണ്. ഇവയുടെ കണക്കുകൂട്ടല്‍ ശേഷി ഒന്നു കണ്ടു നോക്കൂ.
മൊണാര്‍ക്ക് ബി പിയു 300 സി ബട്ടര്‍ഫ് ളൈ ലാബ് 600 ഗിഗാ ഹാഷ് പ്രതി സെക്കന്റ്.
KnC Jupiter- 500 ഗിഗാ ഹാഷ് പ്രതി സെക്കന്റ്.
നിധിവേട്ട കൊഴുക്കുമ്പോള്‍ തൂമ്പയുണ്ടാക്കുന്ന കൊല്ലനു കോളാണെന്നു പറയുന്നതുപോലാണ് ബിറ്റ്‌കോയിന്‍ റിഗ്ഗുകള്‍ ഉണ്ടാക്കുന്ന കമ്പനികളുടെ കാര്യം.
രണ്ടു ലക്ഷം രൂപ വിലവരുന്ന ഒരു മൈനിങ് റിഗ് വാങ്ങിയാല്‍ ഒരുമാസം കൊണ്ട് കാശ് മുതലായേക്കാം പക്ഷേ ഇത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കും എന്ന് യാതൊരു ഉറപ്പുമില്ല. ഇത്തരം മൈനിങ് റിഗ്ഗുകള്‍ ചൂടപ്പം പോലെ വിപണിയില്‍ വിറ്റഴിയുന്നുണ്ട് പക്ഷേ അതുപോലെത്തന്നെ ധാരാളം പരാതികളും ഉയരുന്നു.
ഹോസ്റ്റഡ് മൈനിങ്
സ്വന്തമായി കമ്പ്യൂട്ടറും മൈനിങ് റിഗ്ഗും ഒന്നുമില്ലാത്തവരും വിഷമിക്കേണ്ട. മൈനിങ് റിഗ്ഗുകള്‍ വാടകയ്ക്കും ലഭിക്കും. അതായത് വലിയ കമ്പ്യൂട്ടറുകള്‍ നിങ്ങള്‍ക്ക് മൈനിങിനായി നിശ്ചിത തുക നല്‍കി വാടകയ്‌ക്കെടുക്കാം. ബിറ്റ്‌കോയിന്‍ മൈനിങ് ഹാര്‍ഡ്‌വേര്‍ രംഗത്തെ അതികായരായ ബട്ടര്‍ഫ് ളെ ലാബ്‌സ് ഇത്തരത്തില്‍ ഒരു ഗിഗാ ഹാഷ് പ്രതി സെക്കന്റിന് 10.83 ഡോളര്‍ എന്ന നിരക്കില്‍ മൈനിങ് റിഗ്ഗുകള്‍ വാടകയ്ക്ക് നല്‍കുന്നു.
മൈനിങ് ലാഭകരമോ
ഇവിടെ ഊഹത്തിനു സ്ഥാനമില്ല. ഒന്നു കണക്കുകൂട്ടി നോക്കാം. വേേു://ംംം.യശരേീശിഃ.രീാ/ എന്ന വെബ്‌സൈറ്റ് ഇതിനായി നല്ലൊരു കാല്‍ക്കുലേറ്റര്‍ ലഭ്യമാക്കുന്നു. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ ഖനനം ലാഭകരമാകുമോ എന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ ലഭിക്കും.
താഴെപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചാണ് ബിറ്റ്‌കോയിന്‍ ഖനനത്തിന്റെ ലാഭനഷ്ടക്കണക്കുകള്‍
ഖനന വൈഷമ്യം (Difficutly)
ഒരു പുതിയ ബിറ്റ്‌കോയിന്‍ ബ്ലോക്ക് കണ്ടെത്താന്‍ എത്രകണ്ട് വിഷമമാണ് എന്നതിനെ കുറിക്കുന്ന ഏകകം ആണ് ഖനന വൈഷമ്യം. ഓരോ 2016 ബ്ലോക്കുകള്‍ കൂട്ടിച്ചേക്കുമ്പോഴും ഇത് തിരുത്തപ്പെടുന്നു.
1. http://blockexplorer.com/q/getdifficutly ഈ ലിങ്കില്‍ നിന്നും തല്‍സമയ നിലവാരം അറിയാനാകും.
2. ഓരോ ബ്ലോക്കും കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലഭിക്കാവുന്ന പരമാവധി ബിറ്റ്‌കോയിനുകളുടെ എണ്ണം. നിലവില്‍ ഇത് 25 ആണ്.
3. ബിറ്റ്‌കോയിന്‍ വിനിമയ നിരക്ക്.
4. ഉപയോഗിയ്ക്കുന്ന കമ്പ്യൂട്ടറിന്റെ/ബിറ്റ്‌കോയിന്‍ റിഗ്ഗിന്റെ ശേഷി ഗിഗാ ഹാഷ്/മെഗാ ഹാഷ് പ്രതി സെക്കന്റില്‍.
5. ഇലക്ട്രിസിറ്റി നിരക്ക്.
6. കമ്പ്യൂട്ടറിന്റെ / മൈനിങ് റിഗ്ഗിന്റെ പവര്‍ .
7. മൈനിങ് നടത്താന്‍ ഉദ്ദേശിക്കുന്ന സമയം.
നിങ്ങള്‍ക്കുമാകാം സി പി യു മൈനിങ്
നിലവില്‍ ഒറ്റയ്ക്ക് സി പി യു മൈനിങ് നടത്തുന്നത് ലാഭകരമല്ലെങ്കിലും പൂള്‍ഡ് മൈനിങിലൂടെ നിങ്ങള്‍ക്കും ബിറ്റ്‌കോയിന്‍ മൈനിങിന്റെ ഭാഗമാകാവുന്നതാണ്. ബിറ്റ്‌കോയിനുകളെക്കുറിച്ച് കൂടുതള്‍ അറിയാനും ഇത് സഹായകമാകും.
ഇതിനായി ആദ്യം വേണ്ടത് ഒരു ബിറ്റ്‌കോയിന്‍ വാലറ്റ് അപ്ലിക്കേഷനാണ്. വിവിധ തരം ബിറ്റ്‌കോയിന്‍ വാലറ്റുകളെക്കുറിച്ച് കഴിഞ്ഞ ഭാഗത്ത് പ്രതിപാദിച്ചിരുന്നല്ലോ. ഓണ്‍ലൈന്‍ വാലറ്റുകളുടെ വിശ്വസനീയതയെക്കുറിച്ച് സംശയമുള്ള സ്ഥിതിക്ക് ആദ്യമായി ഓഫ്‌ലൈന്‍ വാലറ്റ് അപ്ലിക്കേഷനില്‍ തുടങ്ങാം. അതിനായി നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ചുള്ള ഒരു ബിറ്റ്‌കോയിന്‍ ക്ലയന്റ് അപ്ലിക്കേഷന്‍ ഇവിടെനിന്നും തെരഞ്ഞെടുക്കാം.
പൊതുവെ ഉപയോഗിക്കപ്പെടുന്ന ലളിതമായ സൗജന്യ സ്വതന്ത്ര ബിറ്റ്‌കോയിന്‍ ക്ലയന്റ് ആണ് മള്‍ട്ടി ബിറ്റ് (https://multibit.org/). ബിറ്റ്‌കോയിന്‍ ക്ലയന്റ് ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ വാലറ്റുകള്‍ നിര്‍മ്മിക്കാം. ബിറ്റ്‌കോയിന്‍ വാലറ്റിനെ സാധാരണ ഒരു പണപ്പെട്ടിയോട് ഉപമിക്കാം. െ്രെപവറ്റ് കീ എന്ന താക്കോല്‍ ഉടമസ്ഥന്റെ കൈവശം സുരക്ഷിതമായ പണപ്പെട്ടി.
ആ പണപ്പെട്ടിയുടെ വിലാസമാണ് ബിറ്റ്‌കോയിന്‍ അഡ്രസ്. നിങ്ങള്‍ക്ക് മറ്റൊരാളില്‍ നിന്നും പണം സ്വീകരിക്കുന്നതിന് ഈ വിലാസമാണ് നല്‍കേണ്ടത്. മള്‍ട്ടിബിറ്റ് സോഫ്റ്റ്‌വേറും അതിലൂടെ നിര്‍മ്മിച്ച വാലറ്റും വാലറ്റ് വിലാസവും ചിത്രത്തില്‍ ശ്രദ്ധിക്കുക.
സ്വന്തം കമ്പ്യൂട്ടറിനെ വിശ്വാസമില്ലാത്തവര്‍ക്ക് കോയിന്‍ ബേസിനെപ്പോലെയുള്ള (രീശിയമലെ.രീാ) ഏതെങ്കിലും നല്ലൊരു ഓണ്‍ലൈന്‍ വാലറ്റും പരീക്ഷിക്കാവുന്നതാണ്
പൂള്‍ഡ് മൈനിങ് അക്കൗണ്ട്
ഒറ്റയ്ക്ക് സിപിയു, ജിപിയു തുടങ്ങിയവ ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ മൈനിങ് നടത്താവുന്ന കാലം പോയ്ക്കഴിഞ്ഞു. ഇപ്പോള്‍ ചെയ്യാവുന്നത് ഏതെങ്കിലും ഒരു നല്ല ബിറ്റ്‌കോയിന്‍ മൈനിങ് കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് ഒരു വിഹിതം സ്വന്തമാക്കുക എന്നതാണ്. ഇത്തരം അനേകം പൂള്‍ഡ് മൈനിങ് വെബ്‌സൈറ്റുകള്‍ ഉണ്ട്. അതില്‍ ഏതെങ്കിലും ഒന്നില്‍ അംഗത്വം എടുക്കുക. 'സ്ലഷ് പൂള്‍ (https://mining.bitcoin.cz/)' ഈ അടുത്ത കാലത്തായി ബിറ്റ്‌കോയിന്‍ മൈനിങ് ചെയ്യുന്നവര്‍ക്കിടയില്‍ പ്രശസ്തമായ ഒന്നാണ്. സ്ലഷ് പൂളില്‍ ഒരു അംഗത്വം എടുത്തു വയ്ക്കുക.
സ്ലഷ് പൂള്‍ അക്കൗണ്ടില്‍ നിങ്ങളുടെ ബിറ്റ്‌കോയിന്‍ വാലറ്റ് അഡ്രസ്സ്, പേയ്മന്റ് ത്രഷോള്‍ഡ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ഒരു പുതിയ തൊഴിലാളിയെ സൃഷ്ടിക്കണം. അതിനായി 'Register new worker' എന്ന ലിങ്കില്‍ അമര്‍ത്തി ഇഷ്ടമുള്ളൊരു പേരും പാസ്‌വേഡും നല്‍കാം. ഇത്തരത്തില്‍ ഒന്നിലധികം ജോലിക്കാരെ സൃഷ്ടിക്കാവുന്നതാണ്. ഈ തൊഴിലാളികളെയാണ് ബിറ്റ്‌കോയിന്‍ മൈനിങിനായി ചുമതലപ്പെടുത്തേണ്ടത്. ഇവരുടെ യൂസര്‍ നേമും പാസ്‌വേഡും ബിറ്റ്‌കോയിന്‍ മൈനിങ് സോഫ്റ്റ്‌വേറില്‍ ചേര്‍ക്കേണ്ടതുണ്ട്. ഇനി ഒരു ബിറ്റ്‌കോയിന്‍ മൈനിങ് സോഫ്റ്റ്‌വേര്‍ കൂടിയുണ്ടെങ്കില്‍ ഖനനം തുടങ്ങാം.
മൈനിങ് സോഫ്റ്റ്‌വേറുകള്‍
ഓപ്പറേറ്റിംസ് സിസ്റ്റത്തിനനുസരിച്ച് അനേകം ബിറ്റ്‌കോയിന്‍ മൈനിങ് സോഫ്റ്റ്‌വേറുകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ വളരെ ലളിതമായ ഒന്നായ ജി യു ഐ മൈനര്‍ (http://guiminer.org/) എന്ന സോഫ്റ്റ്‌വേര്‍ നമുക്ക് ഉപയോഗിക്കാം.
ജി യു ഐ മൈനര്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അത് ഒരു ഫോള്‍ഡറിലേയ്ക്ക് അണ്‍ സിപ്പ് ചെയ്യപ്പെടുന്നു (വിന്‍ഡോസ് കണ്ട്രോള്‍ പാനലിലോ പ്രോഗ്രാം ലിസ്റ്റിലോ ഇത് കാണാന്‍ കഴിയില്ല). ഏത് ഫോള്‍ഡറിലേക്കാണോ അണ്‍ സിപ്പ് ചെയ്തത് പ്രസ്തുത ഫോള്‍ഡര്‍ തുറന്ന് guiminer.exe എന്ന ഫയല്‍ തുറക്കുക.
ഇവിടെ ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പൂള്‍ഡ് മൈനിങ് സെര്‍വ്വര്‍ (ലഭ്യമായ പ്രധാന പൂള്‍ഡ് മൈനിങ് സെര്‍വ്വറുകളെല്ലാം ഡ്രോപ് ഡൌണ്‍ മെനുവില്‍ ലഭ്യമാണ്). ഇവിടെ 'Slush's Pool' തെരഞ്ഞെടുക്കുക. അതിനു ശേഷം സ്ലഷ് പൂള്‍ വെബ് സൈറ്റില്‍ മുന്‍പേ നിര്‍മിച്ച മൈനിങ് വര്‍ക്കറുടെ യൂസര്‍ നേമും പാസ്‌വേഡും ഇവിടെ നല്‍കുക.
മൈനിങ് ഡിവൈസ് ആയി ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള ഗ്രാഫിക്‌സ് കാര്‍ഡ്, സി പി യു തുടങ്ങിയവ ഉപയോഗിക്കാം.
മൈനിങ് സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്ന സിപിയു വിന്‍ഡോസ് ടാസ്‌ക്ക് മാനേജറില്‍
തുടര്‍ച്ചയായി സിപിയു/ജിപിയു മൈനിങ് നടത്തിയാല്‍ ചെറിയ ഒരംശം ബിറ്റ്‌കോയിന്‍ സ്വന്തമാക്കാന്‍ കഴിയും. ചുരുങ്ങിയത് ഒരു സതോഷി (ബിറ്റ്‌കോയിനിന്റെ ഏറ്റവും ചെറിയ അംശം. 0.00000001BTC = 1 സതോഷി) എങ്കിലും കിട്ടും!
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment