Wednesday 20 November 2013

[www.keralites.net] ?????????? ???? ? ????????????? ??? ???? ??????? ??????

 

സരിതയെ ബന്ദിയാക്കുമ്പോള്‍

ഒ.കെ.ജോണി

സോളാര്‍ക്കേസിനെക്കുറിച്ചു ടെലിവിഷന്‍ ചാനലുകളില്‍ നിരന്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നതില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാക്കളും അസഹിഷ്‌ണുത പ്രകടിപ്പിച്ചതില്‍ അത്ഭുതമില്ല. പ്രതികളെ പാട്ടിലാക്കിയും ഭീഷണിപ്പെടുത്തിയും കേസ്‌ അട്ടിമറിച്ച്‌ ഉന്നതന്മാരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുതിനിടെ അതെല്ലാം അപ്പപ്പോള്‍ വാര്‍ത്തയാകുന്നതു സര്‍ക്കാരിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നറിയാനുള്ള സാമാന്യബുദ്ധിയൊക്കെ ഏതു കോണ്‍ഗ്രസുകാരനുമുണ്ട്‌. തൊലിക്കട്ടികൊണ്ടു മാത്രമല്ല, ഇത്തരം ചില അസാമാന്യബുദ്ധികൊണ്ടുകൂടിയാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനാധിപത്യമര്യാദകളില്‍നിന്ന്‌ അതിവേഗം, ബഹുദൂരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ കോണ്‍ഗ്രസുകാരെപ്പോലെ സോളാര്‍ക്കേസ്‌ വിചാരണ ചെയ്യുന്ന കോടതിയിലെ ന്യായാധിപന്‍ ആ കേസിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ക്കെതിരേ കോടതിമുറിയില്‍ വിമര്‍ശനം ഉന്നയിക്കുന്നതു കേട്ടപ്പോള്‍ മലയാളികള്‍ അത്ഭുതപ്പെട്ടിരിക്കണം. മാധ്യമവിമര്‍ശനം എന്ന നിരൂപണശാഖയ്‌ക്കു കനപ്പെട്ട സംഭാവന നല്‍കാന്‍ ബഹുമാനപ്പെട്ട കോടതികളും മുന്നിട്ടിറങ്ങുന്നതുകണ്ടു രോമാഞ്ചമണിഞ്ഞവരുമുണ്ട്‌. മജിസ്‌ട്രേറ്റിന്റെ ആ മാധ്യമവിമര്‍ശനം തികച്ചും സോദ്ദേശ്യപരമായിരുന്നുവെന്നു ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാരുടെ അന്വേഷണ റിപ്പോര്‍ട്ട്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ്‌ ഇതെഴുതുന്നയാള്‍ക്കു ബോധ്യപ്പെട്ടത്‌. സരിത നല്‍കിയ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിന്റെ ഗുരുതരമായ കൃത്യവിലോപത്തിനു പിന്നിലെ നിക്ഷിപ്‌തതാല്‍പര്യത്തെക്കുറിച്ച്‌ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറികൂടിയായ പ്രമുഖ രാഷ്ര്‌ടീയനിരീക്ഷകന്‍ അഡ്വ. എ. ജയശങ്കറും ബി.ജെ.പി. നേതാവ്‌ കെ. സുരേന്ദ്രനും നല്‍കിയ പരാതിയെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ്‌ എറണാകുളം എ.സി.ജെ.എം: എന്‍.വി. രാജുവിന്റെ കോടതിമുറിയിലെ മാധ്യമവിമര്‍ശനം, സോളാര്‍ക്കേസില്‍ ബോധപൂര്‍വം അദ്ദേഹം വരുത്തിയ മറ്റു വീഴ്‌ചകളുടെ ഭാഗമായുള്ള ഒരു വീഴ്‌ചയാണെന്ന നിരീക്ഷണമുള്ളത്‌.

മജിസ്‌ട്രേറ്റിന്റെ വീഴ്‌ചകളുടെ യഥാര്‍ഥചിത്രം വെളിപ്പെടാന്‍ ഹൈക്കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടിവരുമെങ്കിലും മാധ്യമങ്ങളിലൂടെ ഇതിനകം പുറത്തുവന്ന ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാറുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ മുന്‍നിര്‍ത്തിപ്പറയാവുന്ന ഒരു കാര്യമുണ്ട്‌. ന്യായാധിപന്‍ ഗുരുതരമായ നാലു വീഴ്‌ചകള്‍ വരുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ബാഹ്യസമ്മര്‍ദത്തിനു വഴങ്ങിയെന്നതിനു തെളിവില്ലെന്നതാണത്‌. ബാഹ്യസമ്മര്‍ദമില്ലാതെതന്നെ വരുത്തിയതായിപ്പറയുന്ന ആ ഗുരുതരമായ വീഴ്‌ചകളുടെ സ്വഭാവം കണക്കിലെടുത്താല്‍, അതിനു മറ്റൊരു കാരണമേ കാണാനാവൂ. ആഭ്യന്തരസമ്മര്‍ദത്താല്‍ പ്രകടിപ്പിച്ച സ്വജനപക്ഷപാതമായിരിക്കണം ആ കാരണം. എങ്കില്‍ ആ വീഴ്‌ച, ഒരു ന്യായാധിപന്‍ എന്ന പദവിയിലിരിക്കാന്‍ അദ്ദേഹത്തെ അനര്‍ഹനാക്കുന്നതുമാണ്‌. അഡ്വക്കേറ്റ്‌ രാംകുമാറിനെപ്പോലുള്ള മുതിര്‍ന്ന നിയമജ്‌ഞര്‍ നേരത്തേതന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നതുമാണ്‌.

സോളാര്‍ക്കേസുമായും അതിലെ പ്രതികളുമായും പലമട്ടില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംസ്‌ഥാന-കേന്ദ്ര മന്ത്രിമാരെയും രക്ഷിക്കാന്‍ സര്‍ക്കാരും പോലീസും നടത്തുന്ന അട്ടിമറിശ്രമങ്ങളില്‍ ചില ജുഡീഷ്യല്‍ ഉദ്യോഗസ്‌ഥരും പങ്കാളികളാണെന്ന ആരോപണം അടിസ്‌ഥാനരഹിതമല്ലെന്നാണു വിജിലന്‍സ്‌ രജിസ്‌ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നത്‌. സരിത നല്‍കിയ രഹസ്യമൊഴി രേഖപ്പെടുത്താതെ ഉന്നതന്മാര്‍ക്ക്‌ അനുകൂലമായ വിധത്തില്‍ കേസിനെ വഴിതിരിച്ചുവിടാന്‍ സഹായിക്കുകയായിരുന്നു, എറണാകുളം എ.സി.ജെ.എം: എന്‍.വി. രാജുവെന്ന ആരോപണവും അതിനെ പരോക്ഷമായെങ്കിലും ശരിവയ്‌ക്കുന്ന അന്വേഷണ റിപ്പോര്‍ട്ടും, പോലീസിനെയെന്നപോലെ ജുഡീഷ്യറിയെയും സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്ന ഭയാനകസത്യത്തിലേക്കാണു ചൂണ്ടുന്നത്‌. ജൂഡീഷ്യറിയുടെ വിശ്വാസ്യതയ്‌ക്കു കളങ്കമുണ്ടാക്കിയ ഇത്തരം ന്യായാധിപന്മാര്‍ ഹൈക്കോടതിയുടെ ശിക്ഷാനടപടികള്‍ക്കെന്നപോലെ ജനകീയവിചാരണയ്‌ക്കും വിധേയരാകേണ്ടതാണ്‌. ടെലിവിഷന്‍ ചാനലുകളാണ്‌ ഒട്ടെങ്കിലും ആ കൃത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌.

താന്‍ ലൈംഗികചൂഷണത്തിനു വിധേയയായതായി വാക്കാല്‍ നല്‍കിയ രഹസ്യമൊഴിയില്‍ സരിത വെളിപ്പെടുത്തിയിട്ടും അതു രേഖപ്പെടുത്തുകയോ നടപടിയെടുക്കുകയോ ചെയ്യാതിരുന്ന ന്യായാധിപന്റെ നടപടി വെറും വീഴ്‌ചയാണെന്നു കരുതാന്‍ സാധാരണയില്‍ക്കവിഞ്ഞ ബുദ്ധിമാന്ദ്യം വേണ്ടിവരും. പ്രമുഖരാണു തന്നെ പീഡിപ്പിച്ചതെന്നു കേട്ടതോടെ എ.സി.ജെ.എം, അതെല്ലാം പിന്നീട്‌ എഴുതി നല്‍കിയാല്‍മതി എന്നു പറഞ്ഞു മൊഴി രേഖപ്പെടുത്തി വാങ്ങാന്‍ ജയില്‍ വാര്‍ഡനെ ചുമതലപ്പെടുത്തിയതിന്റെ പിന്നിലെ താല്‍പര്യം പകല്‍പോലെ വ്യക്‌തമാണ്‌. പോലീസിനു സരിതയെ ബ്ലാക്‌മെയില്‍ചെയ്‌ത് ഉന്നതര്‍ക്കു ദോഷമില്ലാത്തവിധത്തിലുള്ള മൊഴി എഴുതിവാങ്ങാന്‍ കഴിഞ്ഞു എന്നതു ന്യായാധിപന്റെ ബോധപൂര്‍വമായ വീഴ്‌ച ഫലം കണ്ടു എന്നതിന്റെ തെളിവാണ്‌. സരിതയുടെ മൊഴിയെടുക്കുമ്പോള്‍ മുറിയിലുണ്ടായിരുന്ന വനിതാ കോണ്‍സ്‌റ്റബിളിനെ പോലീസ്‌ ആസ്‌ഥാനത്തു വിളിച്ചുവരുത്തിയതെന്തിനെന്ന ചോദ്യം ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും കേട്ടതായി നടിക്കുന്നില്ല. സരിതയെ പത്തനംതിട്ട ജയിലില്‍നിന്നു തിടുക്കത്തില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റിയതും അവരുടെ മൊഴി എഴുതിവാങ്ങാന്‍ ജയില്‍ വാര്‍ഡനെ ചുമതലപ്പെടുത്തിയതും ഇരുപത്തിയൊന്നു പേജുണ്ടായിരുന്ന മൊഴി പിന്നീടു മൂന്നു പേജായി ചുരുങ്ങിയതുമെല്ലാം ന്യായാധിപന്റെ വീഴ്‌ചയുടെ അനന്തരഫലങ്ങളാണ്‌. അതുകൊണ്ടാണ്‌ ആ വീഴ്‌ച സംശയാസ്‌പദമാകുന്നതും. ടെലിവിഷന്‍ ചാനലുകളാണ്‌ ഇത്തരം വീഴ്‌ചകളെ നിര്‍ഭയം ജനമധ്യത്തിലെത്തിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധി വികസിപ്പിക്കാന്‍ ഉത്സാഹിക്കുകയും ചെയ്യുന്നത്‌. അതുകൊണ്ടാണ്‌ എന്‍.വി. രാജു എന്ന ന്യായാധിപനും മാധ്യമവിമര്‍ശകന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടേണ്ടിവന്നത്‌.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചുനടന്ന സോളാര്‍ത്തട്ടിപ്പിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണനും രണ്ടാം പ്രതി സരിത എസ്‌. നായരും ഉന്നതര്‍ക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ അവരുടെ തടവറവാസം അനന്തമായി നീളുമെന്ന സൂചനയാണു നല്‍കുന്നത്‌. കേസില്‍ അകപ്പെടാനിടയുള്ളതായി ഇതിനകം മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉന്നതന്മാരുടെ പേരുകള്‍ കാണുമ്പോള്‍ തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്ന സരിതയുടെയും ബിജു രാധാകൃഷ്‌ണന്റെയും ഭയം ന്യായമാണെന്ന്‌ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. സരിതയും ബിജുവും പുറത്തുവന്നാല്‍ അപകടമാണെന്നതുകൊണ്ട്‌ ഇരുവരെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമക്കുരുക്കുകളില്‍പ്പെടുത്തി ബന്ദികളാക്കിയിരിക്കുകയാണ്‌. തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നു കോടതിയിലും പുറത്തും ഒന്നിലേറെത്തവണ അവര്‍ ആവലാതി പറഞ്ഞിരുന്നെങ്കിലും കോടതിയും പോലീസും അത്‌ അവഗണിച്ചത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള പരോക്ഷമായ ഉത്തരംകൂടിയാണു ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാറുടെ അന്വേഷണത്തിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ആരില്‍നിന്നാണ്‌ ആ ഭീഷണി? അവര്‍ പേരുവെളിപ്പെടുത്താനിടയുള്ള ഉന്നതരെയല്ലാതെ വേറെയാരെയാണു സരിതയും ബിജുവും ഭയപ്പെടേണ്ടത്‌? ആ ഉന്നതന്മാരുടെതന്നെ തടവില്‍ക്കിടക്കുമ്പോള്‍, തടവറയിലും അവര്‍ സുരക്ഷിതരായിരിക്കുമെന്ന്‌ എന്താണുറപ്പ്‌? കുറ്റവാളികളാണെങ്കിലും സരിതയും ബിജുവും ഇപ്പോള്‍ നേരിടുന്ന ഈ ഭീഷണിയെ മനുഷ്യാവകാശപ്രവര്‍ത്തകരെങ്കിലും അനുഭാവപൂര്‍വം കാണേണ്ടതല്ലേ?

വാസ്‌തവത്തില്‍ സരിത എന്ന സ്‌ത്രീ സഹതാപമാണ്‌ അര്‍ഹിക്കുന്നത്‌. ബിജു രാധാകൃഷ്‌ണന്‍ എന്ന കുറ്റവാളിയുടെ ഒരിരയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതയായ ആ സ്‌ത്രീയെ രാഷ്‌ട്രീയക്കാരും ചൂഷണം ചെയ്യുകയായിരുന്നു. ഇപ്പോഴാകട്ടെ, അവരെല്ലാവരും ചേര്‍ന്നു സ്വയരക്ഷയ്‌ക്കായി അവളെ വീണ്ടും കുരുക്കിലകപ്പെടുത്തിയിരിക്കുന്നു. സരിത എന്ന സാമ്പത്തികത്തട്ടിപ്പുകാരിയേക്കാള്‍, അവളെ ഒരിരയാക്കി പീഡിപ്പിക്കുന്ന, അധികാരക്കസേരകളിലിരിക്കുന്ന പകല്‍മാന്യന്മാരല്ലേ യഥാര്‍ഥ ക്രിമിനലുകള്‍? അവരെ സംരക്ഷിച്ചുകൊണ്ടാണു നിസഹായയായ ഒരു സ്‌ത്രീയെ നമ്മള്‍ ക്രൂശിക്കുന്നത്‌. സങ്കടകരമാണത്‌.

കഥാശേഷം

ഉന്നതന്മാര്‍ സരിത എസ്‌. നായരുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണു ബിജു രാധാകൃഷ്‌ണന്‍ പറയുന്നത്‌. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ അത്‌ അന്വേഷണോദ്യോഗസ്‌ഥര്‍ക്കു കൈമാറാന്‍ തയ്യാറാണെന്ന്‌ അയാളുടെ അഭിഭാഷകനും പറയുണ്ട്‌. സരിതയുടെ അഭിഭാഷകന്റെ പക്കലുണ്ടായിരുന്നതായി അയാള്‍ അവകാശപ്പെട്ട സരിതയുടെ 21 പേജ്‌ മൊഴി മൂന്നു പേജായതുപോലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ലോകപ്രശസ്‌തമായ സിസി ടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതുപോലെയും ഈ തെളിവുകളും രൂപാന്തരപ്രാപ്‌തിനേടുമെന്ന്‌ ആര്‍ക്കാണറിയാത്തത്‌!

 

 

 

Abdul Jaleel


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment