Saturday 26 October 2013

[www.keralites.net] =?UTF-8?B?4LSH4LSo4LWN4oCNIOC0leC1geC0tuC0vuC0suC1jeKAjeC0qOC0l

 

ഇന്‍ കുശാല്‍നഗര്‍ ഓണ്‍ ബൈക്ക്

അന്‍ഷാദ് അലി. എം.എ


Fun & Info @ Keralites.net


കേരളത്തില്‍ പച്ചപ്പട്ടിലും കോടമഞ്ഞിലും മലകളിലും പുതഞ്ഞു കിടക്കുന്ന വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തെ നെടുംകരണയിലാണ് ഞങ്ങള്‍ താമസം.

നോമ്പുകാലമായതിനാല്‍ പകല്‍ സമയത്ത് പ്രത്യേകിച്ച് പണിയൊന്നും തന്നെയില്ല. ആഗസ്റ്റ് 6 രാത്രി ഞാനും എന്റെ പ്രിയ സുഹൃത്ത് ഉബൈദ്ക്കയും നെടുംകരണ ടൗണില്‍ സംസാരത്തിനിടെ ഒരു യാത്രക്ക് തീരുമാനമെടുത്തു. ആഗസ്റ്റ് 7 രാവിലെ 5.30 മണിക്ക് എന്തു കാലാവസ്ഥയാണെങ്കിലും ഇന്ത്യക്കുള്ളിലെ ടിബറ്റന്‍സ് താമസമുറപ്പിച്ച കുശാല്‍നഗറും പരിസരവും ചുറ്റിക്കാണാന്‍ മോട്ടോര്‍ സൈക്കിളില്‍ ഒരു യാത്ര.

ആഗസ്റ്റ് 7 രാവിലെ 4 മണിക്ക് നോമ്പെടുക്കുവാന്‍ അത്താഴത്തിനായി ഉമ്മ വിളിച്ചു. ന്റെ റബ്ബേ, അന്നുവരെ കാണാത്തത്രയും ഊക്കാന്‍ മഴ. ഞാന്‍ ഉബൈദ്ക്കായെ ഫോണില്‍ വിളിച്ചു ചോദിച്ചു. എന്താ പരിപാടി? എന്തായാലും പുള്ളി റെഡി. പിന്നൊന്നും നോക്കീല്ല. ട്രാവല്‍ ബാഗില്‍ ക്യാമറയും സണ്‍ഗ്ലാസും കൂടുതലായി ഒരു ജോഡി ഡ്രസ്സും ഒരു ടവലും കരുതി.

 

രാവിലത്തെ സുബഹ് നമസ്‌ക്കാരത്തിന് ശേഷം ഡ്രസ്സും കോട്ടും ഹെല്‍മറ്റും ധരിച്ച് വീട്ടില്‍ യാത്രയും പറഞ്ഞ് പുറത്തിറങ്ങി. നല്ല മഴ. യാത്രയോടുള്ള അടങ്ങാത്ത ആവേശം. മഴ ഒരു പ്രശ്‌നക്കാരനല്ലാതായി.പുതുതായി വാങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ഉബൈദ്ക്കാന്റെ വീട്ടിലേക്ക്. ഇക്ക എന്നെയും കാത്ത് സിറ്റൗട്ടില്‍ കോട്ടും സ്യൂട്ടും സണ്‍ഗ്ലാസ്സും ഹെല്‍മറ്റുമെല്ലാമായി റെഡിയായിരിക്കുന്നു. ഞാന്‍ എത്തിയതും വേഗത്തില്‍ എന്റടുത്തുവന്നു, എന്നിട്ടു പറഞ്ഞു 'ന്താ മഴ! നമുക്ക് മണ്‍സൂണ്‍ ടൂര്‍ ആക്കാം ല്ലേ?'.

തോരാതെ പെയ്യുന്ന ആ മഴത്തുള്ളികളുടെ ഇടയിലേക്ക് ഞങ്ങള്‍ ഇറങ്ങി ചെന്നു. മഴ പെയ്താല്‍ ഇവിടെ തണുപ്പിന് ഇരട്ടി ശക്തിയാണ്. 5.30 മണിയോടെ തന്നെ നെടുംകരണയില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടു. ആദ്യ ലക്ഷ്യം പെട്രോള്‍ പമ്പാണ്. മേപ്പാടി-കാപ്പംകൊല്ലി വഴി കല്‍പ്പറ്റയില്‍ എത്തി. മഴക്ക് കുറവൊന്നും കാണുന്നില്ല. 500 രൂപക്ക് പെട്രോള്‍ അടിച്ചു.

 

തലേ ദിവസം പ്ലാന്‍ ചെയ്ത റൂട്ട് മാപ്പ് ഒന്നു കൂടെ നോക്കി. നെടുംകരണയില്‍ നിന്നും 158 കിലോമീറ്റര്‍ ദൂരത്താണ് കുശാല്‍നഗര്‍ ഉള്ളത്. ആഗസ്റ്റ് 7ന് കുശാല്‍ നഗറില്‍ കാലാവസ്ഥ നല്ല വെയില്‍ ആയിരിക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതെല്ലാം മനസ്സില്‍ കരുതി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഉബൈദ്ക്ക പറഞ്ഞു കുട്ട (കേരള-കര്‍ണ്ണാടക അതിര്‍ത്തി) കഴിഞ്ഞാല്‍ മഴ ഉണ്ടാവില്ല. കമ്പളക്കാട്, പനമരം, കൊയിലേരി കുറുവാ ദ്വീപ് റോഡ് വഴി ഞങ്ങള്‍ കാട്ടിക്കുളത്തെത്തി. അവിടെ നിന്നും തോല്‍പ്പെട്ടി- കുട്ട റോഡ് വഴിയാണ് യാത്ര.

കാട്ടിക്കുളത്തു നിന്നു തന്നെ ഞാന്‍ പറഞ്ഞു. മഴയായത് കൊണ്ട് മൃഗങ്ങള്‍ ഉള്‍ക്കാട്ടിലായിരിക്കും... എന്തായാലും പടപട ശബ്ദത്തില്‍ ഞങ്ങള്‍ മുന്നോട്ടു കുതിച്ചു.

 

വീട്ടില്‍ നിന്ന് ഇറങ്ങിയപ്പൊ മുതല്‍ കാട്ടിക്കുളം വരെ പെയ്ത മഴയ്ക്ക് കുറവുണ്ട്. അങ്ങിനെ 8.00 മണിയോടെ കാനന ഭംഗി ആസ്വദിച്ച് മനോഹരമായ റോഡിലൂടെ ഞങ്ങള്‍ ചീറിപ്പാഞ്ഞു. പെട്ടെന്ന് ഞങ്ങളുടെ മുന്നിലേക്ക് ഒരു പുള്ളിമാന്‍കൂട്ടം . കാടിന്റെ പച്ചപ്പിലേക്ക് ഓടി മറഞ്ഞു. അതു ക്യാമറയില്‍ പകര്‍ത്താന്‍ പറ്റാത്ത വിഷമത്തില്‍ അടുത്ത ഒരവസരത്തിനായി ഞാനും എന്റെ ക്യാമറയും കാത്തിരുന്നു. പക്ഷെ കാലാവസ്ഥ വീണ്ടും മഴ പൊടുന്നനെ പെയ്യാന്‍ തുടങ്ങി. ക്യാമറ വീണ്ടും ട്രാവല്‍ ബാഗില്‍ കയറിയിരുന്നു. തിരുനെല്ലി റോഡ് ജംഗ്ഷന്‍ എത്തി. കാടിന്റെ നടുവിലാണ് ആ പാത രണ്ടാവുന്നത്. അവിടെ രാമേട്ടന്റെ പ്രശസ്തമായ ഉണ്ണിയപ്പം കിട്ടുന്ന കടയുണ്ട്. നോമ്പായതുകൊണ്ട് അതൊഴിവാക്കി മുന്നോട്ടു നീങ്ങി.

യാത്ര വെറുതെയായില്ല റോഡിന്റെ ഇടതു ഭാഗത്ത് രണ്ടു മൂന്നടി റോഡില്‍ നിന്നും മാറി ഒരൊറ്റ കൊമ്പന്‍ .. അതു കണ്ടതും എന്റെ ഉള്ളില്‍ കാളല്‍ തുടങ്ങി. ന്റെമ്മോ ബൈക്ക് യാത്രയില്‍ ഇതുവരെ ആനയെ കണ്ടിട്ടില്ല. ഞങ്ങള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ പലതവണ ആനയെ കണ്ടിട്ടുണ്ട്. ഫോട്ടോയും എടുത്തിട്ടുണ്ട്. ഇതിപ്പോ ഫോട്ടോ എടുക്കാന്‍ പോയിട്ട്... ഞാന്‍ വണ്ടി ഓടിക്കാത്തത് ഭാഗ്യം.... മഴ കൊണ്ട് നല്ല മൊഞ്ചനായിട്ടാണ് കൊമ്പന്റെ നില്‍പ്പ്.

 

കൊമ്പനെയും പിന്നിട്ട് പടപട മുഴക്കി തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിന്റെ അടുത്തെത്തി. മഴപെയ്ത് തണുത്ത് വിറച്ച് പീടികതിണ്ണയില്‍ അഭയം തേടിയ ആളുകളും പൂച്ചക്കുട്ടിയും. കര്‍ണ്ണാടക ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ എത്തി. ഒരു പോലീസുകാരന്‍ ഞങ്ങളോട് മലയാളവും കന്നടയും മിക്‌സ് ചെയ്ത ഭാഷയില്‍..... എങ്കോട്ടാ?..

ഉബൈദ്ക്ക മറുപടി പറഞ്ഞു. കുശാല്‍ നഗര്‍ക്ക് പോവാ... ആ പോലീസുകാരന്‍ പോസ്റ്റ് പൊക്കി തന്നു. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള പാത പിന്നിട്ട് വീണ്ടും യാത്ര തുടര്‍ന്നു. മഴ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. കുട്ട എത്തിയാല്‍ മഴ നില്‍ക്കും എന്ന സ്വപ്നത്തിന് ഫലം ഉണ്ടായില്ല. അത് സ്വപ്നം മാത്രമായി അസ്തമിച്ചു.

കുട്ട പോലീസ് സ്റ്റേഷന്‍ പരിസരത്തെത്തി അവിടെ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞു വേണം ഞങ്ങള്‍ക്ക് യാത്ര തുടരാന്‍. പ്ലാന്‍ ചെയ്ത യാത്രക്ക് ഇനിയും പകുതി ദൂരം ബാക്കിയുണ്ട്. സമയം ഏതാണ്ട് 9 മണി കഴിഞ്ഞു. പേരുകേട്ട കുട്ടയിലെ കാപ്പിത്തോട്ടങ്ങള്‍. അവിടത്തെ മണ്ണ് കാപ്പികൃഷിക്ക് അനുയോജ്യമായ മണ്ണാണ്. അതു കൊണ്ടാവാം ഇത്രക്ക് കൂടുതല്‍ വിളവ്.

 

അവിടെ നിന്നും ഒന്നു രണ്ടു കിലോമീറ്റര്‍ നാഗര്‍ഹോള റോഡിലൂടെ നീങ്ങി. ഇടതു ഭാഗത്തേക്ക്...... ചൂരില്‍ക്കാട് സ്‌കൂളും പിന്നിട്ട് യാത്ര തുടര്‍ന്നു. റോഡ് വളരെ മോശം കുണ്ടും കുഴിയും നിറഞ്ഞ ദുര്‍ഘട പാത. വളരെ ശ്രദ്ധയോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ബസഗോര്‍ ജംഗ്ഷനില്‍ നിന്നും ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച കോണിക്കട്ടി - തിരുമല്ലി റൂട്ടിലൂടെയുള്ള യാത്ര മഴകാരണം ശ്രദ്ധകിട്ടാതെ റൂട്ടു മാറി ഗോണിക്കുപ്പ വഴിയാക്കേണ്ടി വന്നു.

ഗോണിക്കുപ്പ എത്താനായപ്പോള്‍ ബൈക്ക് ഓടിച്ചു കൊണ്ടിരുന്ന ഉബൈദ്ക്കാക്ക് ഒരു സംശയം.. ബൈക്ക് റിസര്‍വ്വ് ആയോന്ന്... മേല്‍കൂരയില്ലാത്ത ഒരു പെട്രോള്‍ പമ്പില്‍ കയറി. വീണ്ടും 500 രൂപക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ടാങ്ക് തുറന്നപ്പോള്‍ മനസ്സിലായി വേറെന്തോ മിസിംഗ് ആണ്.. പെട്രോളിന്റെ കുറവല്ല.

അങ്ങിനെ ഗോണിക്കുപ്പ കഴിഞ്ഞ് മുന്നോട്ടു നീങ്ങിയപ്പോഴാണ് തോരാത്ത മഴയില്‍ വെള്ളത്തിനടിയില്‍പെട്ട നെല്‍പാടങ്ങളും ... എന്തു ചെയ്യണമെന്നറിയാതെ നിസ്സഹയതയില്‍ നില്‍ക്കുന്ന കര്‍ഷകരെയും കണ്ടത്. മുന്നോട്ടുള്ള സഞ്ചാരത്തില്‍ റോഡിനു കുറുകെ ഒരു കൂറ്റന്‍ അയ്‌നി പ്ലാവ് കടപുഴകി വീണിരിക്കുന്നു. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ചെറിയ ബൈക്കും കാറുമെല്ലാം റോഡിന്റെ ഓരത്തു കൂടി പോകുന്നുണ്ട്. വലിയ വാഹനങ്ങള്‍ യാത്ര തടസ്സപ്പെട്ട് കിടക്കുന്നു. ആ കടപുഴകി വീണ മരത്തിന്റെ വശം ചേര്‍ന്ന് ഞങ്ങള്‍ പോന്നു.

 

കൊടുകന്‍മാരുടെ നാടും അവിടത്തെ ജനതയുടെ സംസ്‌കാരവും പിന്നിട്ട് യാത്ര തുടര്‍ന്നു. പേരിയ പട്‌നയുടെ സമീപ പ്രദേശങ്ങളിലെ പുകയില പാടങ്ങള്‍ എന്റെ ആദ്യത്തെ കാഴ്ച്ചയായിരുന്നു. പുകയില വിളയുന്ന നിരവധി പാടങ്ങള്‍. അവിടത്തെ ജനതയുടെ ജീവിത മാര്‍ഗം അതായിരിക്കാം.

സമയം 10 മണി കഴിഞ്ഞു. മഴ പൂര്‍ണ്ണമായും നിലച്ചു. പുകയില പാടങ്ങളുടെ ഇടയിലൂടെയുള്ള ഒരു കുഞ്ഞു റോഡിലൂടെയാണ് യാത്ര. ലക്ഷ്യം മൈസൂര്‍ മടിക്കേരി ഹൈവേയില്‍ കയറണം. കുറച്ചു ദൂരം സഞ്ചരിച്ചപ്പോള്‍ വാഹനങ്ങള്‍ ചീറിപ്പായുന്നത് കണ്ടു. അതു ഹൈവേയാണെന്ന് ഉറപ്പായി.

അങ്ങനെ മൈസൂര്‍ -മടിക്കേരി റോഡിലൂടെ ബുള്ളറ്റ് പട-പട ശബ്ദത്തില്‍ ഓടിക്കൊണ്ടിരുന്നു. പൈലറ്റ് ഞാനാണ്. ഉബൈദ്ക്ക പുറകില്‍ വിശ്രമത്തിലാണ്. 20 മിനിറ്റ് യാത്രക്കൊടുവില്‍ തേടിക്കൊണ്ടിരുന്ന ആ ബോര്‍ഡ് കണ്ടു. 'വെല്‍ക്കം ടു ഗോള്‍ഡണ്‍ ടെമ്പിള്‍ '.

 

കുശാല്‍ നഗര്‍ ടൗണ്‍ എത്തുന്നതിന്റെ 3-4 കിലോമീറ്റര്‍ മുമ്പ് തന്നെ ഇടത്തോട്ടുള്ള ഒരു റോഡിലേക്ക് തിരിഞ്ഞു. 2 കിലോമീറ്റര്‍ മുമ്പിലോട്ടു പോയപ്പോള്‍ ഞങ്ങള്‍ ആകെ അമ്പരന്നു. ഇന്ത്യക്കുള്ളിലെ ടിബറ്റ് ഇത്രക്കധികം സംഭവമാണോന്ന്. എന്റെ മനസ്സിലുള്ള ടിബറ്റന്‍ കോളനിക്കും ഗോള്‍ഡന്‍ ടെമ്പിളിനും ഇത്രക്കധികം വലിപ്പം ഉണ്ടായിരുന്നില്ല.

പാര്‍ക്കിംഗില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു. ഒരു നേപ്പാളിക്കാരന്‍ ഗൂര്‍ക്ക ചേട്ടന്‍ വന്ന് 5 രൂപ പാര്‍ക്കിംഗ് ടിക്കറ്റ് തന്നു. മഴയില്ലെന്ന് കരുതി വന്ന ഞങ്ങളുടെ പ്രതീക്ഷ വീണ്ടും തെറ്റി. ചെറിയ തോതില്‍ മഴ തുടങ്ങി. അങ്ങനെ അതിമനോഹരമായ വര്‍ണ്ണം വാരി വിതറിയ കൂറ്റന്‍ കവാടത്തിലൂടെ അകത്ത് പ്രവേശിച്ചു. ഒരു വലിയ കോണ്‍ക്രീറ്റ് മുറ്റം അതിനു ചുറ്റും ടിബറ്റന്‍സ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളാണെന്ന് തോന്നുന്നു. വീണ്ടും കെട്ടിട സമുച്ചയത്തിന്റെ ഇടതുഭാഗത്തെ വഴിയിലൂടെ മുന്നോട്ടു സഞ്ചരിച്ചു. അതി സുന്ദരമായ മറ്റൊരു ടിബറ്റാണെന്നു തോന്നും.

ഞങ്ങള്‍ പരസ്പരം പറഞ്ഞു. 'വേറേതോ രാജ്യത്ത് പോയപോലെയുണ്ട്'

 

സുന്ദരമായ ഒരു പൂന്തോട്ടത്തിലൂടെ കയ്യില്ലാത്ത മഞ്ഞ ഷര്‍ട്ടും മെറൂണ്‍ നിറത്തിലുള്ള മുണ്ടും അതേ നിറത്തിലുള്ള ഒരു ഷാളും പുതച്ച്, മനോഹരമായ കുടയും ചൂടി ഒരു ടിബറ്റന്‍ യുവാവ് കടന്നു വന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചു. ഒരു മടിയും കൂടാതെ എന്റെ ക്യാമറക്ക് അദ്ദേഹം പോസ്സ് ചെയ്തു.

ഉദ്യാനത്തിനു നടുവിലൂടെയുള്ള കോണ്‍ക്രീറ്റ് ചെയ്ത മഴ വെള്ളം കെട്ടി നില്‍ക്കുന്ന പാതയിലൂടെ മുന്നില്‍ കാണുന്ന ക്ഷേത്ര സമുച്ചയത്തെ ലക്ഷ്യം വെച്ച് നീങ്ങി.

ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തെ മുകള്‍ ചുമരില്‍ മണ്‍മറഞ്ഞു പോയ ടിബറ്റന്‍ ഗുരുവിന്റെ ഫോട്ടോ കാണാം. ക്ഷേത്ര മുറ്റത്തിന്റെ വലതു ഭാഗത്തായി ടിബറ്റന്‍ കോളനിയുടെ ക്ലേ മോഡല്‍ മാതൃക. ക്ഷേത്രത്തിന്റെ ഇടതു ഭാഗത്തായി അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠന ക്ലാസ്സുകള്‍.

 

പുകഞ്ഞു കൊണ്ടിരിക്കുന്ന സാമ്പ്രാതിരി അടുപ്പുകള്‍ക്ക് അരികിലൂടെ പഠന ക്ലാസ്സിന്റെ അടുത്തേക്ക് നടന്നു. ദൂരെ നിന്നു തന്നെ അവ്യക്തമായി കേള്‍ക്കാം. മുസ്‌ലീംങ്ങള്‍ക്കിടയിലെ ഖുര്‍ആന്‍ പോലെ, ഹിന്ദുക്കള്‍ക്കിടയിലെ രാമായണം പോലെ, ക്രസ്ത്യന്‍സിന്റെ ബൈബിള്‍ പോലെ. ടിബറ്റന്‍ ജനതക്കും ഒരു ഗ്രന്ഥം ഉണ്ട്. സല്‍ഗ്രന്ഥം.

500-ല്‍ അധികം വരുന്ന വിദ്യാര്‍ത്ഥികള്‍ ആ വലിയ ഹാളില്‍ ഇരുന്ന് ഒരേ സ്വരത്തില്‍ ഗ്രന്ഥവായനയിലാണ്. 50-60 മീറ്റര്‍ ഉയരം വരുന്ന ആ വലിയ ഹാളില്‍ 3 വിഗ്രഹങ്ങള്‍ . മനോഹരമായ ചുമര്‍ ചിത്രങ്ങള്‍ . അതിനുള്ളില്‍ കയറിയ ഞങ്ങള്‍ ചുവന്ന വസ്ത്രധാരികളായ അവരുടെ ഒന്നു രണ്ടു ഫോട്ടോ പകര്‍ത്തി.

 

പുറത്തു വന്നപ്പോഴാണ് ഒരു മണി ശ്രദ്ധയില്‍ പെട്ടത്. ടിബറ്റന്‍ ലിപിയില്‍ എഴുതി വെച്ച ഒരു കൂറ്റന്‍ മണി. കൈ അടങ്ങി നില്‍ക്കാത്ത വിനോദ സഞ്ചാരികളെ പേടിച്ച്. മണി അടിക്കാന്‍ പറ്റാത്ത വിധം ലോക്ക് ചെയ്തിട്ടുണ്ട്. ആ കൂറ്റന്‍ മണിക്ക് ഒരു ഐതിഹ്യം കൂടി ഉണ്ട്. രാവിലെ എണീറ്റ് പ്രഭാത കൃത്യത്തിനു ശേഷം കുളിച്ചൊരുങ്ങി വന്ന് ആ മണിയില്‍ മൂന്നു പ്രാവശ്യം അടിച്ചാല്‍ ആഗ്രഹം സഫലമാകുമെന്ന്. അറിയില്ലാട്ടോ, ക്ഷേത്രത്തിനു പുറത്തുള്ള ചായക്കടയിലെ മലയാളി ചേട്ടന്‍ പറഞ്ഞതാ.

ഗോള്‍ഡന്‍ ടെമ്പിള്‍ എന്ന പേര് വളരെ അര്‍ത്ഥവത്തായി തന്നെയാണുള്ളത്. ആ ക്ഷേത്ര ചുമരും മേല്‍ക്കൂരയുടെ ഏതാനും ചില ഭാഗങ്ങളും ഗോള്‍ഡന്‍ കളറിലാണ് കാണാന്‍ കഴിഞ്ഞത്. എന്തായാലും ഇവിടെ കണ്ടത് ജീവിതത്തിലെ ഒരു വ്യത്യസ്ഥ അനുഭവമാണെന്ന് തീര്‍ച്ച.

 

ടിബറ്റന്‍ ജനങ്ങളെയും ഗോള്‍ഡന്‍ ടെമ്പിളും കണ്ട് പുറത്തോട്ടു നടക്കാന്‍ തീരുമാനിച്ചു. ആ കോമ്പൗണ്ടില്‍ തന്നെ അവരുടെ സൊസൈറ്റിയുടെ 3 കടകള്‍ കണ്ടു. ഒന്നും വാങ്ങാതെ കവാടത്തിനു പുറത്തു കടന്നു.

വിനോദ സഞ്ചാരികള്‍ക്കായി തുറന്നൊരുക്കിയ നിരവധി അനവധി കച്ചവടക്കാര്‍, എല്ലാവരും ടിബറ്റന്‍ ജനങ്ങളാണ്. ഒന്നും വാങ്ങാന്‍ ആഗ്രഹിക്കാതെ അതിലൂടെ വെറുതെ ഒന്നു നടന്നു. നടത്തം വെറുതെയായില്ല. മനോഹരമായ ഒരു കുട. ഇത്തരത്തിലുള്ള ഒരു കുടയാണ് അകത്ത് ടിബറ്റുകാരന്‍ ചേട്ടന്റെ അടുത്ത് കണ്ടത്. എന്തായാലും 200 രൂപയും കൊടുത്ത് ആ കുട വാങ്ങി. കാലാവസ്ഥയില്‍ ചെറിയ മാറ്റം, മഴ കുറയുന്നുണ്ട്.

 

അങ്ങനെ മടങ്ങാന്‍ ആരംഭിക്കുമ്പോഴാണ് ഒരു ചേട്ടന്‍ മാലയുടെ മുത്തുകളില്‍ കൗണ്ട് ചെയ്ത് എന്തോ പ്രാര്‍ത്ഥനയില്‍ മുഴുകിയിട്ടുണ്ട്. മുസ്‌ലീം സമുദായത്തിലെ തസ്ബി മാല പോലെ ഒരു മാല..

തിരിച്ച് ബൈക്കിന്റെ പാര്‍ക്കിംഗിലേക്ക് നടക്കുമ്പോള്‍ കുട ചൂടി ഒരു ടിബറ്റന്‍ മുത്തശ്ശി ഒരു കളിപ്പാട്ടം പോലത്തെ കുഞ്ഞു സാധനം കറക്കി വരുന്നു. ഞാന്‍ ക്യാമറ മുത്തശ്ശിക്കു നേരെ തിരിച്ചതും എനിക്ക് പോസ് ചെയ്തു തന്നു. ഞാന്‍ കുനിഞ്ഞു ഒരു നന്ദി പറഞ്ഞു. മുത്തശ്ശി ചിരിച്ചു കൊണ്ട് നടന്നു മറഞ്ഞു. ബൈക്കിനരികില്‍ എത്തിയ ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചു. ഇനി എങ്ങോട്ടാ പോവ?

 

തലേ ദിവസം പ്ലാന്‍ ചെയ്ത ചാര്‍ട്ടില്‍ ഗോള്‍ഡന്‍ ടെമ്പിള്‍ കഴിഞ്ഞാല്‍ , കുശാല്‍ നഗര്‍ ടൗണ്‍ , ടുബാര്‍ ഫോറസ്റ്റ്, ഹാരംഗി റിസര്‍വോയര്‍ , കാവേരി നിസര്‍ഗദം, വാലനൂര്‍ ഫിഷിംങ്ങ് ക്യാമ്പ് എന്നിവയും ഉണ്ടായിരുന്നു. പക്ഷെ കാലാവസ്ഥ മഴയില്‍ കുതിര്‍ന്നതായതിനാല്‍ പ്ലാന്‍ പെട്ടെന്ന് മാറ്റി.

ഗോള്‍ഡന്‍ ടെമ്പിളില്‍ നിന്ന് 95 കിലോ മീറ്റര്‍ ദൂരത്തിലുള്ള മൈസൂര്‍ നഗരവും, മൈസൂര്‍ കൊട്ടാരവും, ചാമുണ്ടി മലയും പ്ലാനിംഗ് ഉറപ്പാക്കി. വളരെ നല്ല റോഡാണ് മൈസൂര്‍ - മടിക്കേരി സ്റ്റേറ്റ് ഹൈവേ 88. 11.30 മണിയോടെ ഗോള്‍ഡന്‍ ടെമ്പിളിനോട് യാത്ര പറഞ്ഞു. ടിബറ്റ്‌സിന്റെ ചോള കൃഷി തോട്ടത്തിന്റെ ഇടയിലൂടെ ഹൈവേയിലേക്ക് പ്രവേശിച്ചു. മഴക്ക് കുറവുണ്ട്.

പൂര്‍ണ്ണമായും മഴ നിലച്ചിട്ടില്ല. ഹൈവേയിലൂടെ പേരിയ പട്‌നയും ഹൊന്‍സൂര്‍ നഗരവും പിന്നിലാക്കി നല്ല വേഗതയില്‍ ഞങ്ങള്‍ മുന്നോട്ട് ഓടിക്കൊ ണ്ടേയിരുന്നു. ബില്ലിക്കരെ ടൗണ്‍ കഴിഞ്ഞതും ഹൈവേയിലെ സ്ഥിരം കാഴ്ചയായ ഒരു ആക്‌സിഡന്‍റ്. രാവിലെ വരുമ്പൊഴേ മനസ്സില്‍ പറഞ്ഞതാണ് അപകടം കാണിക്കരുത്, അപകടം വരുത്തരുതെന്ന്. രണ്ട് ലോറികള്‍ പരസ്പരം ഉരഞ്ഞതാണ്. നിസാര പരിക്കുകളോടെ ഡ്രൈവര്‍മാര്‍ സുരക്ഷിതം. ഹാവൂ കുഴപ്പമൊന്നുമില്ല.

 

ഹൈവേയിലൂടെ ഓടുന്നതിനിടയില്‍ ആ ബോര്‍ഡ് ശ്രദ്ധയില്‍പെട്ടു. 'ഹാസന്‍ '. ഇഞ്ചി കൃഷിക്ക് പേരെടുത്ത സ്ഥലമാണ്. ഹൈവേയില്‍ നിന്നും ഇടത്തോട്ടാണ് റോഡ്. പിന്നീടൊരിക്കല്‍ പോവാമെന്ന് മനസ്സില്‍ തീരുമാനമെടുത്തു. അങ്ങനെ ഒന്നര മണിക്കൂര്‍ നീണ്ട ബൈക്ക് യാത്ര മൈസൂര്‍ പട്ടണത്തിന്റെ തിരക്കുകള്‍ക്കിടയിലേക്ക് എത്തിച്ചു. മൈസൂര്‍ . എത്ര കണ്ടാലും മതിവരാത്ത നഗരമാണ്. ശരിക്കും കാണാന്‍ ഭംഗിയുള്ള നഗരം.

ഞങ്ങള്‍ പ്ലാന്‍ചെയ്ത പ്രകാരം മൈസൂര്‍ പാലസാണ് ആദ്യം പേകേണ്ടത്. അനവധി ട്രാഫിക് സിഗ്നലുകള്‍ താണ്ടി ഒടുവില്‍ ഞങ്ങള്‍ മൈസൂര്‍ പാലസിന്റെ പാര്‍ക്കിംഗില്‍ എത്തി. കാലാവസ്ഥ വീണ്ടും. ചാറ്റല്‍ മഴ തുടങ്ങി. അങ്ങനെ ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചു. അതി മനോഹാരിതയും, വാസ്തു കലകളുടെ പ്രൗഢ ഗംഭീരമായി ഉയര്‍ത്തി കാട്ടുന്ന മൈസൂര്‍ പാലസിന്റെ വിശാലമായ മുറ്റത്തു നിന്ന് ഒന്നു രണ്ടു ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തി. മഴക്കാറുണ്ട്.

 

പെട്ടെന്ന് മുന്നറിയിപ്പില്ലാതെ എന്താ മഴ. ഞങ്ങള്‍ കുട നിവര്‍ത്തി. അവിടെയുണ്ടായിരുന്ന സഞ്ചാരികള്‍ ഭൂരിഭാഗം പേരും കുട കയ്യില്‍ കരുതിയിരുന്നില്ല. കുറച്ചു സമയം പാലസിനു പുറത്തു ചിലവിട്ട ഞങ്ങള്‍ കൊട്ടാരത്തിനുള്ളിലേക്ക് ക്യാമറ പ്രവേശിപ്പിക്കാത്തതിനാല്‍ പുറത്തുള്ള ക്യാമറ സൂക്ഷിപ്പു കൗണ്ടറില്‍ ക്യാമറയും ട്രാവല്‍ ബാഗും ഏല്‍പ്പിച്ച് കൊട്ടാരത്തിനകത്തേക്ക് നടന്നു. ഇതിനു മുമ്പ് പലതവണ കൊട്ടാരം കണ്ടിട്ടുണ്ട്. എന്നാലും ഓരോ തവണ കാണുമ്പോഴും വീണ്ടും ഒരു പുതുമ കാണാം.

വാസ്തുകല എല്ലാ വിധത്തിലും പ്രയോഗത്തില്‍ വരുത്തിയ ചുമര്‍ ചിത്രങ്ങള്‍. വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ കല്‍ഭിത്തികള്‍ . ആകെക്കൂടെ ഒരു ക്ലാസിക്ക് ഫീലിംങ്ങ്. പുസ്തകത്തില്‍ വായിച്ചറിഞ്ഞ മൈസൂര്‍ രാജാക്കന്‍മാരുടെ പാദരക്ഷകളുടെ ശബ്ദവും വാളിന്റെ ഉരസല്‍ ശബ്ദവുമെല്ലാം അകത്ത് എവിടെയോ കേള്‍ക്കുന്നത് പോലെ.

 

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഫര്‍ണിച്ചര്‍ ഫിനിഷിംഗ്. (തച്ചു ശാസ്ത്രത്തിന്റെ കഴിവ്). അങ്ങനെ കൊട്ടാര കാഴ്ച പൂര്‍ണ്ണമായും ആസ്വദിച്ച് പുറത്തേക്ക് നടന്നു. പുറത്ത് വലിയ രണ്ട് സിംഹത്തിന്റെ കല്‍ബിംബങ്ങള്‍ കൊത്തി വെച്ചിട്ടുണ്ട്. അത് ടിപ്പു സുല്‍ത്താനെ ഓര്‍ക്കാന്‍ ഇടയാക്കി. കൊട്ടാരത്തോട് ഗുഡ്‌ബൈ പറഞ്ഞ് ഞങ്ങള്‍ ചാമുണ്ഡി മലയുടെ മനോഹാരിത നുകരാന്‍ തയ്യാറായി.

മൈസൂര്‍ നഗര മധ്യത്തിലൂടെ പട പട താളത്തില്‍ ചാമുണ്ഡേശ്വരി മലമുകളിലേക്ക്. മൈസൂര്‍ നഗര മധ്യത്തില്‍ നിന്ന് 2 കിലോമീറ്റര്‍ കാലിക്കറ്റ് ഹൈവേയിലേക്ക് മാറി ഇടത്തോട്ടു തിരിഞ്ഞാലാണ് ചാമുണ്ഡേശ്വരി മലയിലേക്കുള്ള റോഡ്. നല്ല ഭംഗിയില്‍ ടാര്‍ ചെയ്ത മലമ്പാതയിലൂടെ യാത്ര. റോഡ് കണ്ടപ്പോള്‍ നമ്മുടെ സ്വന്തം താമരശ്ശേരി ചുരത്തിലൂടെ പോകുന്ന പോലെ തോന്നി. ഭംഗിയുള്ള വനത്തിനിടയിലൂടെയുള്ള റോഡ് ഇരുഭാഗത്തും കല്ലു കൊണ്ടു ഭിത്തികെട്ടി വെള്ള പൂശിയിട്ടുണ്ട്. 3-4 കിലോമീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ ചാമുണ്ഡി ക്ഷേത്ര കവാടത്തില്‍ എത്തി മഴ ചാറ്റലും കോടമഞ്ഞും കാരണം ദൂരകാഴ്ച വ്യക്തമല്ല. നല്ല തണുപ്പുണ്ട്.

 

പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന ഒട്ടനവധി കച്ചവടക്കാരെ കണ്ടു. എല്ലാവരും മുന്‍പരിചയം പോലെ ഞങ്ങളെ വിളിച്ചു. അങ്ങനെ ക്ഷേത്രപരിസരവും ക്ഷേത്രത്തിന്റെ കച്ചവട സംഘങ്ങളേയും ക്യാമറയില്‍ പകര്‍ത്തി. അരമണിക്കൂര്‍ ചുറ്റിത്തിരിഞ്ഞു. പടവാളും ഒരു സര്‍പ്പത്തിനേയും ഇരു കയ്യിലും എടുത്തു നില്‍ക്കുന്ന ഒരു വലിയ പ്രതിമയും കണ്ടു. ചാമുണ്ഡി ക്ഷേത്രത്തില്‍ നിന്നും തിരികെ വരുന്ന വഴി ഒരു ബോര്‍ഡ് കാണാനിടയായി... 'വേ ഫോര്‍ കൗ സ്റ്റാച്യൂ'

എന്തായാലും അവിടെയും കാണാമെന്ന ആഗ്രഹത്തില്‍ വണ്ടി അങ്ങോട്ടെടുത്തു. ഒരു പശുവിന്റെ വലിയ രൂപം. അവിടെയും ഒരു ഐതിഹ്യം കേള്‍ക്കാന്‍ ഇടയായി. ആ പശു ഭഗവാന്റെ ചുറ്റും മൂന്നുതവണ നടന്നാല്‍ മംഗല്യഭാഗ്യം ലഭിക്കാത്ത സ്ത്രീകള്‍ക്ക് കല്ല്യാണം വേഗം വരുമെന്ന്. മലമുകളില്‍ നിന്നും മൈസൂര്‍ പട്ടണത്തിന്റെ പൂര്‍ണ്ണ കാഴ്ച്ച കോടമഞ്ഞ് തടസ്സം സൃഷ്ടിച്ചു. സാരമില്ല, കോടമഞ്ഞിലൂടെ മൈസൂര്‍ പട്ടണത്തെ നോക്കിക്കാണാന്‍ വേറിട്ട കൗതുകം തോന്നി. മഴ തീരെ ഇല്ല. കാലാവസ്ഥ യാത്രക്ക് അനുകൂലം. ചാമുണ്ഡി മലയില്‍ നിന്നും താഴ്‌വാരത്തേക്കുള്ള യാത്രയില്‍ ഒന്നു രണ്ടു ഫോട്ടോകള്‍ പകര്‍ത്തി.

 

സമയം മൂന്നുമണി കഴിഞ്ഞു നോമ്പു തുറക്കാന്‍ വീട്ടിലെത്താനാണ് ലക്ഷ്യം. വീട്ടില്‍ നിന്നും ഉമ്മ വിളിച്ചിരുന്നു. നോമ്പു തുറക്കാന്‍ വീട്ടില്‍ എത്തുമെന്ന് വാക്കു കൊടുത്തു. ചാമുണ്ഡി ക്ഷേത്രത്തിലേക്കുള്ള റോഡില്‍ നിന്നും മൈസൂര്‍ -കാലിക്കറ്റ് ഹൈവേയില്‍ കയറി. ഇവിടെ നിന്നും 137 കിലോമീറ്റര്‍ സഞ്ചരിച്ചാലേ വീട് എത്താന്‍ പറ്റൂ. യാത്രാ മാര്‍ഗം പ്ലാന്‍ ചെയ്തു.

നഞ്ചന്‍കോട്, ഗുണ്ടില്‍പേട്ട, മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ , വടുവന്‍ചാല്‍ വഴി നെടുംകരണ. യാത്രക്കിടയില്‍ മൈസൂര്‍ എയര്‍പോര്‍ട്ട് കവാടം കാണാന്‍ സാധിച്ചു.

 

നഞ്ചന്‍കോടു കഴിഞ്ഞ് 10 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ബൈക്ക് സൈഡാക്കി, 3-4 മിനിറ്റ് വിശ്രമിച്ചു. അതിനിടയില്‍ മുറിച്ചിട്ട ഒരു കൂറ്റന്‍ മരത്തിന്റെ മുകളില്‍ ക്യാമറ വെച്ച് സെല്‍ഫ് മോഡില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു, യാത്ര തുടര്‍ന്നു. ഗുണ്ടല്‍പേട്ട എത്തുന്നതിനു മുമ്പ് തന്നെ തണ്ണിമത്തന്‍ കൂമ്പാരം പോലെ കൂട്ടിയിട്ട് കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാര്‍.

ഗുണ്ടില്‍പേട്ട ആര്‍ടിഒ ചെക്ക് പോസ്റ്റ് കഴിഞ്ഞ് വലതു ഭാഗത്തേക്ക് തിരിഞ്ഞാലാണ് കാലിക്കറ്റ് റോഡ്. നേരെയുള്ളത് ഊട്ടി റോഡും. അങ്ങിനെ 4.30 മണിയോടെ ഗുണ്ടില്‍പേട്ട കവര്‍ ചെയ്തു.

 

കൃഷിക്ക് സമ്പന്നമായ ഗുണ്ടില്‍പേട്ടില്‍ ഓരോ സീസണില്‍ ഓരോ കൃഷിയാണ്. ഓണം പ്രമാണിച്ച് ഇപ്പോള്‍ പൂ കൃഷിയും കൂടുതലാണ്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള മല്ലിക വിളയുന്ന പാടങ്ങളെ ക്യാമറയില്‍ പകര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് മുന്നോട്ടു പാഞ്ഞു.

കര്‍ണാടക ഫോറസ്റ്റിലേക്ക് പ്രവേശിച്ചു. ഏതാണ്ട് 20 കിലോമീറ്ററില്‍ കൂടുതല്‍ കാടാണ്. പകുതി കര്‍ണാടകയും പകുതി കേരളവും. അങ്ങിനെ ചെറിയ ഭയം ഉള്ളില്‍ ഒതുക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഭയം മറ്റൊന്നുമല്ല, വന്യമൃഗങ്ങള്‍ . മൈസൂര്‍ മുതല്‍ ഗുണ്ടില്‍പേട്ട വരെ മഴയില്ലാത്തത് യാത്രാ വേഗം കൂട്ടുന്നതിന് സഹായകരമായി.

സംസ്ഥാനഅതിര്‍ത്തിയിലെ ചെക്ക് പോസ്റ്റും പിന്നിട്ട് കേരളത്തിലെത്തി. കുറേ സമയത്തെ കര്‍ണാടക യാത്ര ഒടുവില്‍ കേരളത്തില്‍ എത്തിച്ചു.

 

ചെക്ക് പോസ്റ്റ് കഴിഞ്ഞതും ഒന്നു രണ്ടു മയിലിനെ കണ്ടു. പറയത്തക്കവണ്ണം ഞങ്ങള്‍ വന്യ മൃഗങ്ങളെയൊന്നും കണ്ടില്ല. മുത്തങ്ങ വൈല്‍ഡ് ലൈഫ് സാംക്ച്വറി കവാടവും പിന്നിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

സമയം 5.00 മണി കഴിഞ്ഞു. ഞങ്ങള്‍ യാത്രയുടെ വേഗം കുറച്ചു. വീട്ടില്‍ എന്തായാലും എത്തുവാന്‍ സാധിക്കും. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ എത്തി. ബൈക്കിന്റെ പെട്രോള്‍ ചെക്ക് ചെയ്തു. പെട്രോള്‍ ഉണ്ട്. ഇത്രയും ദൂരം കുറഞ്ഞ മണിക്കൂര്‍ കൊണ്ട് കവര്‍ ചെയ്യുകയും ഓരോ സ്ഥലങ്ങളും ആസ്വദിക്കാന്‍ പറ്റിയ സന്തോഷത്തിലുമായിരുന്നു ഇരുവരും.

സമയം ലാഭിക്കാന്‍ കാരണം ഉണ്ട്. ഭക്ഷണപ്രിയരായ ഞങ്ങള്‍ക്ക് നോമ്പായതിനാല്‍ കുറേ സമയം ലാഭിക്കാന്‍ സാധിച്ചു.

 

അമ്പലവയലും വടുവന്‍ചാലും പിന്നിട്ട് യാത്ര പുറപ്പെട്ട ഞങ്ങളുടെ സ്വന്തം സിറ്റിയായ നെടുംകരണയില്‍ 6.35 ന് എത്തി. യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലാതെ യാത്ര അവസാനിപ്പിക്കുവാന്‍ എനിക്കും ഉബൈദ്ക്കക്കും സാധിച്ചു.

ഉബൈദ്ക്കയോട് യാത്ര പറഞ്ഞ് എന്റെ വീട്ടിലേക്ക് യാത്ര തുടര്‍ന്നു. ബുള്ളറ്റിന്റെ ശബ്ദം കേട്ടതും നുഫമോള്‍ (പെങ്ങളുടെ മോള്‍ ) ഓടി വന്നു. ബൈക്ക് പോര്‍ച്ചിലേക്ക് കയറ്റിയതും അകലെ പള്ളിയില്‍ നിന്നും വാങ്ക് വിളിയുടെ ശബ്ദം കാതില്‍ മുഴങ്ങി. ഉമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ പറ്റി. നോമ്പു തുറക്കാന്‍ വീട്ടിലെത്തി.

യാത്രാ മെയ് ലക്കത്തിലെ മേജര്‍ ഹസീനയുടെ ഓള്‍ ഇന്ത്യന്‍ ബുള്ളറ്റ് സഫാരി ഈ യാത്രയ്ക്ക് പ്രധാന പ്രചോദനമായി.13 മണിക്കൂര്‍ കൊണ്ട് 443 കിലോമീറ്റര്‍ ബുള്ളറ്റില്‍ യാത്ര ചെയ്ത് ഇത്രയധികം കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു എന്റെ മനസ്സ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment