Tuesday, 8 October 2013

[www.keralites.net] =?UTF-8?B?4LS44LWL4LSz4LS+4LSw4LWN4oCNIOC0teC1huC0seC1geC0ruC1i

 

സോളാര്‍ വെറുമൊരു പേരല്ല; ഒരു വിപ്ലവമാണ്‌

Fun & Info @ Keralites.net

പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകള്‍ നേരിടുന്ന പ്രതിസന്ധികളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നീണ്ട പാരമ്പര്യമുണ്ട്. കടല്‍ത്തിര മുതല്‍ കാറ്റും മഴയുമൊക്കെ വൈദ്യുതി നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്ന വാര്‍ത്തകള്‍ പലതവണ പ്രാധാന്യം നേടുകയും ചെയ്തു. എന്നാല്‍ ബദല്‍ ഊര്‍ജ്ജോത്പാദന രംഗത്ത് അവയൊന്നും സോളാര്‍ വൈദ്യുതിയോളം പ്രചാരം നേടിയില്ല.

കാരണങ്ങള്‍ പലതാണ്. തുടക്കത്തില്‍ സാധാരണക്കാരന് ചിന്തിക്കാന്‍ പോലും പറ്റാത്തത്ര ചിലവേറിയ സോളാര്‍ വൈദ്യുതിക്ക് അനുദിനം വില കുറഞ്ഞു വരുന്നു. അതിലും വേഗത്തില്‍ പെട്രോളിയം തൊട്ട് കല്‍ക്കരി വരെയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ വില കൂടുകയും ചെയ്തു. അന്തരീക്ഷ മലിനീകരണം വേറെ. ആണവോര്‍ജ്ജത്തെ ഭാവിയുടെ ഊര്‍ജ്ജസ്രോതസ്സായി കണ്ട് ആണവ നിലയങ്ങള്‍ക്കു പിന്നാലെ പോയെങ്കിലും ഫുക്കുഷിമ അപകടത്തോടെ ലോകരാജ്യങ്ങള്‍ കളം മാറിച്ചവിട്ടി. (എന്നാലും ഇന്ത്യ കൂടംകുളം പദ്ധതി വിട്ടില്ല!). സസ്യഎണ്ണ, മൃഗക്കൊഴുപ്പ് തുടങ്ങിയവയെ ഇന്ധനമാക്കുന്ന വിദ്യ നിലവിലുണ്ടെങ്കിലും വേണ്ടത്ര പ്രചാരം നേടിയില്ല. എഥനോളും ഹൈഡ്രജനും പരീക്ഷിച്ചു വിജയിച്ചെങ്കിലും ചിലവ് കൂടും.

ഈ സാഹചര്യത്തിലാണ് ചെടികളും ചില ബാക്ടീരിയകളും സൂര്യപ്രകാശത്തെ ഊര്‍ജ്ജമാക്കി മാറ്റുന്ന ജൈവ പ്രക്രിയയുടെ ചുവടുപിടിച്ച് സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുന്ന പദ്ധതികള്‍ക്ക് പ്രാധാന്യമേറിയത്. ഒരു തരത്തില്‍ പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കു കൂടിയാണത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് 'വെളിച്ചം കണ്ട്' പ്രവര്‍ത്തിക്കുന്ന സോളാര്‍ വാച്ചുകള്‍ക്കപ്പുറം സാധരണക്കാര്‍ അധികമാരും സോളാര്‍ വൈദ്യുതിയേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പിന്നീട് വീടുകളുടെ മുകളില്‍ ചെറിയ സോളാര്‍ പാനലുകളും, വെയില്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ട്രാഫിക് സിഗ്നലുകളുമൊക്കെ നമ്മുടെ നാട്ടിലും സാധാരണമായി. ഇന്ന് ബുദ്ധിപൂര്‍വം വീട് നിര്‍മിക്കുന്നവര്‍ സൗരോര്‍ജത്തിനുള്ള പഴുതുകള്‍ കൂടി ഇട്ടാണ് വീടുകള്‍ ഡിസൈന്‍ ചെയ്യുന്നത് തന്നെ.കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സൗരവൈദ്യുതിയുടെ ചിലവ് വന്‍ തോതില്‍ കുറഞ്ഞു. ഉല്‍പ്പന്നങ്ങളിലുമുണ്ടായി വൈവിധ്യം.

2011 ല്‍ കേന്ദ്രസര്‍ക്കാര്‍ 500 മെഗാവാട്ട് സൗരവദ്യുതി പദ്ധതിക്കുവേണ്ടി ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ യൂണിറ്റിന് ഏതാണ്ട് 12.15 രൂപയാണ് കമ്പനികള്‍ വിലയിട്ടത്. അന്ന് കല്‍ക്കരി വൈദ്യുതി മൂന്നു രൂപയില്‍ താഴെ കിട്ടുന്ന കാലമായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം 2013 യില്‍ സൗരവൈദ്യുതിയുടെ വില ഏതാണ്ട് പകുതിയോളം കുറഞ്ഞ് യൂണിറ്റിന് ഏഴുരൂപയായി. കല്‍ക്കരിയില്‍ നിന്നുത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില അഞ്ചുരൂപയായി കൂടി. ഇവക്കിടയിലുള്ള വ്യത്യാസം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് ഒമ്പതു രൂപയില്‍ നിന്ന് രണ്ടു രൂപയായി!.പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് ചിലവേറുന്നതും സൗരോര്‍ജ്ജത്തിന് വില കുറയുന്നതുമാണ് നമ്മള്‍ കാണുന്നത്.

കല്‍ക്കരിക്ക് വിലകൂടാന്‍ കാരണം ആവശ്യത്തിനനുസരിച്ച് കല്‍ക്കരി കിട്ടാനില്ലാത്തതു തന്നെ. കല്‍ക്കരിയും പെട്രോളിയം ഉള്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യേണ്ടിവരുമ്പോള്‍ ചിലവ് സ്വാഭാവികമായും കൂടും. ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗത്തിന്റെ ഉന്നതാവസ്ഥയിലാണിപ്പോള്‍.

മണ്ണിനടിയിലെ ഇന്ധനത്തിന്റെ അളവും ആഗോള ഉപയോഗവും മുന്‍നിര്‍ത്തി അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞന്‍ കിങ് ഹബ്ബേര്‍ട്ട് ആവിഷ്‌കരിച്ച തിയറി വെച്ചു നോക്കുകയാണെങ്കില്‍ ( Hubbert Peak Theory) 2050 ല്‍ താഴെയെത്തുന്ന ഫോസില്‍ ഇന്ധന ഉദ്പാദനം 2075 ഓടെ ശുഷ്‌കമാകും. കമിഴ്ത്തിവെച്ച ബെല്ലിന്റെ ആകൃതിയിലായിരിക്കും ഫോസില്‍ ഇന്ധന ഉദ്പാദനത്തിന്റെ ഗ്രാഫ് എന്നാണ് തിയറി. തുടക്കത്തില്‍ ഉപയോഗം കുറവും സാങ്കേതികതയുടേയും മറ്റും വികസനത്തിന്റെ അഭാവം കൊണ്ടും ഉദ്പാദനം കുറവായിരുന്നു. പിന്നീട് ഉപയോഗം ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെത്തി പിന്നീട് ലഭ്യതയുടെ കുറവുമൂലം ഉദ്പാദനം കുറയുന്നു എന്നാണ് ഹബ്ബേര്‍ട് തിയറിയുടെ രത്‌നച്ചുരുക്കം.

സൗരവൈദ്യുതിയുടെ സ്ഥിതി അതല്ല. സൂര്യ കിരണങ്ങളെ വൈദ്യുതിയാക്കുന്ന സോളാര്‍ ഫോട്ടോവോള്‍ടെയ്ക് സെല്ലുകളുടെ (solar photovoltaic) വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സൂര്യകിരണങ്ങള്‍ക്ക് ആരും കണക്കുപറയില്ല. ആഗോളവിപണിയില്‍ ചാഞ്ചാടുന്ന വിലയില്ല. ഫോസില്‍ ഇന്ധനങ്ങള്‍ പോലെ അത് തീര്‍ന്നു പോകില്ല. ഇറക്കുമതി തീരുവ കൊടുക്കേണ്ട. നയാപൈസപോലും കൊടുക്കേണ്ട... അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സൗരവൈദ്യുതി പരമ്പരാഗത വൈദ്യുതിയുടെ വിലക്ക് സമാനമാകുമെന്നാണ് കണക്കുകൂട്ടല്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും എത്രപേര്‍ സൗരോര്‍ജ്ജത്തിനു പിന്നാലെ പോകുന്നു?

വ്യാവസായികാടിസ്ഥാനത്തില്‍ സൗരവൈദ്യുതി യൂണിറ്റിന് ഏഴുരൂപക്ക് കിട്ടുന്ന ഇപ്പോള്‍ തന്നെ ഇന്ത്യിലെ മെട്രോ നഗരങ്ങളിലെ ഷോപ്പിങ് മാളുകളും മള്‍ട്ടിപ്ലക്‌സുകളും ഫാക്ടറികളും പോലുള്ള വന്‍കിട വ്യാപാര സമുച്ചയങ്ങള്‍ക്ക് ലാഭം സൗര വൈദ്യുതി തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു. കാരണം സാധാരണ വൈദ്യുതിക്ക് അവരുടെ താരിഫ് പ്രകാരം ഒമ്പതു രൂപയോളം നല്‍കേണ്ടിവരുന്നുണ്ട്. സൗരവൈദ്യുതിയാകുമ്പോള്‍ യൂണിറ്റിന് രണ്ടുരൂപയോളം ലാഭം. ഉപയോഗിക്കുന്ന യൂണിറ്റുവെച്ച് കണക്കാക്കുമ്പോള്‍ വന്‍ ലാഭം തന്നെ.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കു പുറമേ ഗുജറാത്തും തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് സൗരോര്‍ജ്ജത്തെ ഗൗരവമായെടുത്ത് പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. അതില്‍ ഇന്ത്യയിലെ സൗരവൈദ്യുത നിലയങ്ങളുടെ പകുതിയും ഗുജറാത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ജവഹര്‍ലാല്‍ നെഹറു നാഷണല്‍ സോളാര്‍ മിഷന്റെ ചുവടുപിടിച്ചാണ് ഈ സംസ്ഥാനങ്ങളൊക്കെ സൗരവൈദ്യുത പദ്ധതികളാരംഭിച്ചത്.

എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും പഴയ നയം തന്നെ തുടരുകയാണ്. സര്‍ക്കാര്‍ സബ്‌സിഡികളുടെ വന്‍ നിരതന്നെ സൗരവൈദ്യുതി ഉല്‍പ്പന്നങ്ങള്‍ക്കും പദ്ധതികള്‍ക്കുമുണ്ടായിട്ടും പ്രചാരണം ഇപ്പോഴും കുറവാണ്. തട്ടിപ്പുകള്‍ പെരുകുന്നതും അവ വന്‍ രാഷ്ട്രീയ വിവാദമായി തീരുന്നതും അതുകൊണ്ടാണ്.

വലിയ പദ്ധതികള്‍ക്കു മാത്രമല്ല വീടുകളിലും വാണിജ്യ സമുച്ചയങ്ങളിലുമുപയോഗിക്കുന്ന ചെറിയ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ക്കും രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതില്‍ വലിയ സ്ഥാനമുണ്ട്. അഞ്ചു പേരുള്ള ഒരു കുടുംബം സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ദിവസം അഞ്ചുയൂണിറ്റ് വൈദ്യുതി ലാഭിക്കാം. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നര നാലു വര്‍ഷത്തിനകം മുടക്കു മുതല്‍ ലാഭമാകുമെന്നാണ് കണക്ക്. ഫാക്ടറികളിലാണെങ്കില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ ലാഭമാകും.

രാജ്യത്ത് സൗരവൈദ്യുതിക്ക് ഇത്രയൊക്കെ സാധ്യതകളുണ്ടായിട്ടും 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വൈദ്യുത ഉത്പാദനത്തില്‍ വെറും 6.4 ശതമാനമാണ് സൗരവൈദ്യുതിയുടെ സംഭാവന. 2010-11 വര്‍ഷത്തില്‍ 4.7 ശതമാനവും അടുത്ത വര്‍ഷം 5.5 ശതമാനവുമായിരുന്നു. നേരിയ വര്‍ദ്ധന മാത്രം. നിലവിലുള്ള സഹചര്യത്തില്‍ സൊളാര്‍ ഊര്‍ജ്ജ സ്രോതസ്സുകളെ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നുവെന്നു സാരം.

ചെറുതായെങ്കിലും അത്തരം പ്രോത്സാഹനങ്ങള്‍ രാജ്യത്തിന്റെ പല കോണിലുമുണ്ടാകുന്നു എന്നത് കാണാതിരിക്കാന്‍ കഴിയില്ല. രാജ്യത്ത് ആദ്യമായി സൗരോര്‍ജ്ജ എയര്‍കണ്ടീഷന്‍ കോച്ചുകള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍ വേ പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂണിലാണ്. ആഗസ്തിലാണ് രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ വൈദ്യുത പ്ലാന്റ് രാജസ്ഥാനിലെ ജോഥ്പുരില്‍ കമ്മീഷന്‍ ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിങ് സോളാര്‍ പവര്‍ പ്ലാന്റ് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ സ്ഥാപിക്കാന്‍ പോകുന്നു.

നമ്മള്‍ ഇവയെല്ലാം ചെയ്യാന്‍ പോകുമ്പോള്‍ ബെല്‍ജിയത്തിലെ തുറമുഖ നഗരമായ ആന്റ്‌വെര്‍പില്‍ രണ്ടുവര്‍ഷം മുമ്പേ പാരിസ് - ആംസ്റ്റര്‍ഡാം അതിവേഗ റെയില്‍ പാതയില്‍ സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ ടണല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഫ്രാന്‍സും ഓസ്‌ട്രേലിയയും സ്വിറ്റസര്‍ലാന്‍ഡുമൊക്കെ ഫ്ലോട്ടിങ് സോളാര്‍ പദ്ധതികളുമായി ബഹുദൂരം മുന്നിലെത്തി.

കെനിയയിലെ പാവപ്പെട്ടവര്‍ക്ക് സോളാര്‍വൈദ്യുതി എത്തിക്കാന്‍ എയ്റ്റ് 19 എന്ന് ബ്രിട്ടിഷ് കമ്പനി ആവിഷ്‌കരിച്ച വിദ്യ പുതിയതും അതിനൊപ്പം രസകരവുമാണ്. പത്തു ഡോളര്‍ ഡെപ്പോസിറ്റ് നല്‍കിയാല്‍ രണ്ടര വാട്ടിന്റെ സോളാര്‍ സെല്‍ കമ്പനി നല്‍കും. രണ്ടു മുറികളില്‍ വെളിച്ചം പകരാനും ഏഴു മണിക്കൂര്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുമുള്ള വൈദ്യുതി ഈ ബാറ്ററി നല്‍കും. പിന്നീട് കമ്പനിയുടെ സ്‌ക്രാച്ച് കാര്‍ഡ് വാങ്ങി അതിലെ റഫറന്‍സ് നമ്പറും അവര്‍ക്ക് നല്‍കിയ കോഡും ഉപയോഗിച്ച് കമ്പനിക്ക് എസ് എം എസ് ചെയ്യണം. സോളാര്‍ സംവിധാനം ഉപയോഗിക്കുന്നതിനുള്ള വാടകയാണിത്. കമ്പനിയുടെ സെര്‍വര്‍ അത് കൃത്യമായി കണക്കാക്കിക്കൊള്ളും. ഇങ്ങനെ 80 ഡോളറിന്റെ കാര്‍ഡ് വാങ്ങി ഉപയോഗിച്ചാല്‍ അവര്‍ക്ക് സോളാര്‍ സംവിധാനം സ്വന്തമായെടുക്കാം. പിന്നീട് ചിലവില്ലാതെ ഉപയോഗിക്കാം.

നാനോടെക്‌നോളജി സോളാര്‍ ഊര്‍ജ്ജ മേഖലയിലും വന്‍ വിപ്ലവമുണ്ടാക്കിയിട്ടുണ്ട്. നാനോസോളാര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ പുതിയ ശാഖയുടെ വിപണി വളരെ വലുതായിക്കഴിഞ്ഞു. തിന്‍ ഫിലിം സോളാര്‍ സെല്ലുകള്‍, ഓര്‍ഗ്ഗാനിക് സോളാര്‍ സെല്ലുകള്‍, ഡൈ സെന്‍സിറ്റീവ് സോളാര്‍ സെല്ലുകള്‍, ക്വാണ്ടം ഡോട്ട് സോളാര്‍ സെല്ലുകള്‍ തുടങ്ങി ചെറുതും ഫലപ്രദവുമായ പുത്തന്‍ സാങ്കേതികവിദ്യയുടെ ശ്രേണി തന്നെയുണ്ടിന്ന്. യാത്രക്കിടെയും വെയില്‍ കായുമ്പോഴും ഉപയോഗിക്കാന്ന സോളാര്‍ വസ്ത്രങ്ങള്‍ മുതലിങ്ങോട്ട് കൗതുകകരമായ ഒട്ടേറെ ഉല്‍പ്പന്നങ്ങളും. സോളാര്‍ വെറുമൊരു സാങ്കേതിക വിദ്യമാത്രമല്ല ഒരു വിപ്ലവം കൂടിയാണ്.

 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment