Thursday, 10 October 2013

[www.keralites.net] =?utf-8?B?4LS44LS/4LS44LWH4LSx4LS/4LSv4LSo4LWN4oCNIOC0quC1jeC0s

 

സിസേറിയന്‍ പ്രസവം മിഥ്യയും സത്യവും

Story Dated: Wednesday, October 9, 2013 07:31

സിസേറിയനെക്കുറിച്ച്‌ പൊതുവേ സ്‌ത്രീകള്‍ക്കിടയില്‍ ചില തെറ്റായ ധാരണകളുണ്ട്‌. അത്തരം മിഥ്യാ ധാരണകളും അവയുടെ യഥാര്‍ഥ കാരണങ്ങളും.

അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യങ്ങളിലാണ്‌ സിസേറിയന്‍ ശസ്‌ത്രക്രിയ നടത്തുന്നത്‌. വയറുകീറി ഗര്‍ഭാശയത്തില്‍ മുറിവുണ്ടാക്കി കുഞ്ഞിനെ പുറത്തേക്കെടുക്കുന്ന രീതി. ഇന്ന്‌ സിസേറിയന്‍ ശസ്‌ത്രക്രിയ തികച്ചും സുരക്ഷിതമാണ്‌. നടുവേദന വിട്ടുമാറില്ല, സിസേറിയനുശേഷം അധികം വെള്ളം കുടിക്കാന്‍ പാടില്ല ഇങ്ങനെ സിസേറിയനെക്കുറിച്ച്‌ തെറ്റായ ചില ധാരണകള്‍ സ്‌ത്രീകള്‍ക്കിടയിലുണ്ട്‌. പലതും പ്രായമായവര്‍ പറഞ്ഞറിഞ്ഞ കാര്യങ്ങളായിരിക്കും. അത്‌ ശരിയായിക്കൊള്ളണമെന്നില്ല. സാധാരണ പ്രസവത്തിന്റെ കരുതലും പരിചരണവും തന്നെയാണ്‌ സിസേറിയനുശേഷവും ആവശ്യം.

ജനറല്‍ അനസ്‌തേഷ്യയോ സ്‌പൈനല്‍ അനസ്‌തേഷ്യയോ എപ്പിഡ്യൂറല്‍ അനസ്‌തേഷ്യയോ നല്‍കിയാണ്‌ സിസേറിയന്‍ ചെയ്യുന്നത്‌. ജനറല്‍ അനസ്‌തേഷ്യയില്‍ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ തിയേറ്ററില്‍നിന്ന്‌ ഇറക്കുന്നതിനുമുമ്പുതന്നെ ബോധം വീഴുന്നതാണ്‌. എങ്കിലും അമ്മ പാതി മയക്കത്തിലായിരിക്കും. അതിനാല്‍ രണ്ട്‌ മണിക്കൂറിനുശേഷം മാത്രമേ കുഞ്ഞിന്‌ പാല്‍ കൊടുത്തു തുടങ്ങാന്‍ സാധിക്കൂ. നട്ടെല്ലില്‍ കുത്തിവച്ചു മരപ്പിച്ച്‌ ചെയ്യുന്നതാണ്‌ സ്‌പൈനല്‍ അനസ്‌തേഷ്യയും എപ്പിഡ്യൂറല്‍ അനസ്‌തേഷ്യയും. വയറിനു താഴേക്ക്‌ മരിവിപ്പിച്ചു ചെയ്യുന്നതിനാല്‍ ബോധം നഷ്‌ടമാകുന്നില്ല. അതിനാല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഉടന്‍തന്നെ കുഞ്ഞിന്‌ പാല്‍ കൊടുത്തു തുടങ്ങാവുന്നതാണ്‌.

സിസേറിയന്‍ ശസ്‌ത്രക്രിയ രണ്ടു രീതിയില്‍ നടത്താറുണ്ട്‌. പ്രസവത്തിനുമുമ്പ്‌ ഗര്‍ഭിണിയ പരിശോധിച്ചശേഷം സിസേറിയന്‍ ആവശ്യമാണെന്ന്‌ കണ്ടുപിടിക്കുന്നതും പ്രസവസമയത്ത്‌ അപ്രതീക്ഷിതമായി വേഗത്തില്‍ നടത്തേണ്ടി വരുന്നതും. മുന്‍കൂട്ടി സിസേറിയന്‍ നിശ്‌ചയിക്കുന്നവരില്‍ ഏതുതരം അനസ്‌തേഷ്യ വേണമെന്ന്‌ ശസ്‌ത്രക്രിയക്കുമുമ്പ്‌ അവരുമായി സംസാരിക്കുന്നു. ഓരോന്നിന്റെയും ഗുണങ്ങളും അപകട സാധ്യതയും പറഞ്ഞു മനസിലാക്കി ഗര്‍ഭിണിയുടെ ആരോഗ്യസ്‌ഥിതിയും മനസിലാക്കിയാണ്‌ ഏതുതരം അനസ്‌തേഷ്യ വേണമെന്ന്‌ തീരുമാനിക്കുന്നത്‌.

രക്‌തസമ്മര്‍ദ്ദം, ശ്വാസംമുട്ടല്‍, ചുമ എന്നിവയുള്ളവര്‍ക്കു സ്‌പൈനല്‍ അനസ്‌തേഷ്യയാണ്‌ നല്ലത്‌. ഇതില്‍ ശസ്‌ത്രക്രിയ ചെയ്യുമ്പോള്‍ രക്‌തസ്രാവത്തിന്റെ അളവും കുറവായിരിക്കും. ആഹാരം കഴിച്ചയുടന്‍ ശസ്‌ത്രക്രിയ നടത്തേണ്ടിവന്നാല്‍ സ്‌പൈനല്‍ അനസ്‌തേഷ്യയാണ്‌ സാധാരണ നല്‍കുന്നത്‌.

നട്ടെല്ലിന്‌ എടുക്കുന്ന കുത്തിവയ്‌പ്പ് ഭാവിയില്‍ നടുവേദനയ്‌ക്ക് കാരണമാകും

നട്ടെല്ലിനെടുക്കുന്ന കുത്തിവയ്‌പ്പിനെ കുറിച്ച്‌ സ്‌ത്രീകള്‍ക്ക്‌ പല തെറ്റായധാരണകളും ഉണ്ട്‌. പഴയകാലത്ത്‌ വലിയ സൂചി ഉപയോഗിച്ചാണ്‌ കുത്തിവയ്‌പ്പ് എടുത്തിരുന്നത്‌. ഇപ്പോള്‍ നേര്‍ത്ത സൂചിയാണ്‌ കുത്തിവയ്‌പ്പിന്‌ ഉപയോഗിക്കുന്നത്‌. അതിനാല്‍ ഇത്‌ ശരീരത്തു കയറുന്നതുപോലും അറിയില്ല. സൂചിയുടെ വലിപ്പം കുറവായതിനാല്‍ സ്‌പൈനല്‍ ഫ്‌ളൂയിഡില്‍ എത്തിയാലും അത്‌ പുറത്തേക്ക്‌ ഒഴുകുമെന്ന ഭയം വേണ്ട.

ശസ്‌ത്രക്രിയക്കുശേഷം പൂര്‍ണ വിശ്രമം ആവശ്യമാണ്‌

ശസ്‌ത്രക്രിയക്കുശേഷം എപ്പോഴും കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഒരു ദിവസത്തിനുശേഷം എഴുന്നേറ്റ്‌ നടന്നു തുടങ്ങാം. ബാത്ത്‌റൂമില്‍ പോകുന്നതിനും കുഴപ്പമില്ല. വെറുതെ കിടക്കാന്‍ അനുവദിക്കരുത്‌. എഴുന്നേറ്റ്‌ നടക്കുന്നതുകൊണ്ട്‌ പല ഗുണങ്ങളുണ്ട്‌. ഡീപ്‌ വെയിന്‍ ത്രോപോസിസ്‌ പോലുള്ള അപകടകരമായ അവസ്‌ഥ ഉണ്ടാകാതിരിക്കാന്‍ ഇത്‌ സഹായിക്കും. സ്‌റ്റിച്ചിട്ട ഭാഗത്തേക്കുള്ള രക്‌തയോട്ടം നന്നായി നടക്കുന്നതിനാല്‍ വേദന കുറയും. മുറിവ്‌ വേഗത്തില്‍ ഉണങ്ങാനും സഹായകരമാണ്‌. എപ്പോഴും ഉന്മേഷവതിയായിരിക്കാന്‍ നടക്കുന്നതിലൂടെ സാധിക്കും.

ശസ്‌ത്രക്രിയ കഴിഞ്ഞ ദിവസം കഞ്ഞി മാത്രമേ നല്‍കാവൂ

ശസ്‌ത്രക്രിയ കഴിഞ്ഞ ദിവസം കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍, മസാല അധികം അടങ്ങിയ ഭക്ഷണം, എരിവ്‌, പുളി, ഉരുളക്കിഴങ്ങ്‌, പരിപ്പ്‌ ഇവയൊക്കെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ദോശ, ഇഡലി എന്നിവപോലുള്ള ആവിയില്‍ പുഴുങ്ങിയ ആഹാരങ്ങള്‍, ചോറ്‌, കഞ്ഞി എന്നിവ കൊടുക്കാവുന്നതാണ്‌. സിസേറിയന്‍ കഴിഞ്ഞ്‌ മൂന്നാം ദിവസം മുതല്‍ എല്ലാ ഭക്ഷണവും കഴിച്ചു തുടങ്ങാം.

ധാരാളം വെള്ളം കുടിച്ചാല്‍ വയറുചാടും

വെള്ളം കുടിച്ചാല്‍ വയറുചാടുമെന്നത്‌ തെറ്റായ ധാരണയാണ്‌. സിസേറിയനുശേഷം വെള്ളം നന്നായി കുടിച്ചില്ലെങ്കില്‍ മൂത്രത്തില്‍ അണുബാധ, അമ്മയ്‌ക്ക് ഉന്മേഷക്കുറവ്‌, മുലപ്പാലിന്റെ അളവ്‌ കുറയുക ഇതിനൊക്കെ കാരണമാകാം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. കാപ്പിയും ചായയും അമിതമായി കുടിക്കുന്നത്‌ അസിഡിറ്റിക്കു കാരണമാകുമെന്നതിനാല്‍ പരമാവധി ഒഴിവാക്കുക.

കുഞ്ഞിനെ കിടന്നുകൊണ്ട്‌ മുലയൂട്ടാവുന്നതാണ്‌

വേദനയും എഴുന്നേറ്റിരിക്കാനുള്ള ബുദ്ധിമുട്ടും കാരണം കുഞ്ഞിന്‌ കിടന്നുകൊണ്ട്‌ പാലൂട്ടാമെന്നു അമ്മ വിചാരിക്കും. ഇത്‌ ശരിയായ രീതിയല്ല. ഇരുന്നുകൊണ്ട്‌ പാല്‍ കൊടുക്കുന്നതാണ്‌ നല്ലത്‌. നട്ടെല്ലിന്റെ ആയാസം കുറയ്‌ക്കാനും ഇത്‌ സഹായിക്കും. ഒരു സ്‌തനത്തില്‍നിന്ന്‌ പൂര്‍ണമായും പാല്‍ കുടിപ്പിച്ചശേഷമേ അടുത്ത സ്‌തനത്തിലേ കൊടുക്കാവൂ.

ശസ്‌ത്രക്രിയക്കുശേഷം മുറിവ്‌ നനച്ച്‌ കുളിക്കരുത്‌

സിസേറിയന്‍ കഴിഞ്ഞ ദിവസം ദേഹം തുടച്ചു കൊടുക്കാവുന്നതാണ്‌. മുറിവിന്റെ മുകളിലെ ഡ്രസിംഗ്‌ മാറ്റുന്നതു മുതല്‍ മുറിവ്‌ നന്നായി നനച്ച്‌ കുളിക്കണം. പൊടിയും അഴുക്കും കയറാതെ മുറിവ്‌ വൃത്തിയാക്കിവയ്‌ക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായി കെട്ടിവയ്‌ക്കരുത്‌. ത്വക്കിന്റെ അടിയില്‍ കൂടി പോകുന്ന നേര്‍ത്ത സ്‌റ്റിച്ചാണ്‌ സിസേറിയനുശേഷം മിക്കവരിലുംഇടുന്നത്‌. അതിനാല്‍ ഇത്‌ തനിയെ പോകുന്നതാണ്‌.

ധാരാളം പാല്‌ കുടിക്കുന്നത്‌ മുലപ്പാല്‍ കൂടുതല്‍ ഉണ്ടാകാന്‍ സഹായിക്കും

കൂടുതല്‍ പാല്‍ കുടിച്ചാല്‍ മുലപ്പാല്‍ ഉണ്ടാകുമെന്നു പറയുന്നത്‌ ശരിയല്ല. സിസേറിയന്‍ ശസ്‌ത്രക്രിയ കഴിഞ്ഞയുടന്‍ അമിതമായി പാല്‍ കുടിപ്പിക്കരുത്‌. പാല്‍ കൂടുതലായി കുടിക്കുന്നത്‌ ദഹനക്കുറവിന്‌ കാരണമായേക്കാം.

സിസേറിയനുശേഷം വ്യായാമം ചെയ്യരുത്‌

സിസേറിയന്‍ കഴിഞ്ഞ്‌ രണ്ടു മാസത്തിനുശേഷം ചെറിയ തോതിലുള്ള വ്യായാമം ചെയ്‌തു തുടങ്ങാം. രണ്ടു മാസത്തേക്ക്‌ അമിത ഭാരം എടുക്കുക, കുനിഞ്ഞിരുന്നു ചെയ്യുന്ന ജോലികള്‍ ഒഴിവാക്കുക, ദൂരയാത്ര ഒഴിവാക്കുക, കുണ്ടും കുഴിയുമുള്ള റോഡിലൂടെയുള്ള യാത്ര കുറയ്‌ക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്‌.

സിസേറിയന്‍ കഴിഞ്ഞ്‌ ലൈംഗികബന്ധത്തിന്‌ ഇടവേള ആവശ്യമാണ്‌

രണ്ടു മാസത്തിനുശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്‌ നല്ലത്‌. മുറിവ്‌ ഉണങ്ങുന്നതിനും അസ്വസ്‌ഥതകള്‍ മാറുന്നതിനും ഈ ഇടവേള അഭികാമ്യമാണ്‌. എന്നാല്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ ആഗ്രഹിക്കുന്ന സമയത്ത്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. അടുത്ത ഗര്‍ഭധാരണത്തിന്‌ ഒന്നര വര്‍ഷത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കുന്നതാണ്‌ ആരോഗ്യകരം. അതിനായുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്‌.

ഒരുതവണ സിസേറിയന്‍ ശസ്‌ത്രക്രിയ ചെയ്‌താല്‍ വീണ്ടും സിസേറിയന്‍ ചെയ്യേണ്ടിവരും

ഒരുതവണ സിസേറിയന്‍ ചെയ്‌തു എന്നതുകൊണ്ട്‌ അടുത്ത തവണയും അതു നടത്തണമെന്നില്ല. എന്ത്‌ കാരണത്താലാണ്‌ ആദ്യ തവണ സിസേറിയന്‍ ചെയ്‌തത്‌ എന്നതിനെ ആസ്‌പദമാക്കിയാണ്‌ അടുത്തതിനും അത്‌ ആവശ്യമായിവരുമോ എന്ന്‌ നിര്‍ണയിക്കുന്നത്‌.

ഒന്നിലധികം തവണ സിസേറിയന്‍ ചെയ്യാന്‍ പാടില്ല

സ്‌ത്രീയുടെ ആരോഗ്യ സ്‌ഥിതി അനുസരിച്ച്‌ എത്ര കുട്ടികളെ ആഗ്രഹിക്കുന്നുവോ അത്രയും തവണ ശസ്‌ത്രക്രിയ ചെയ്യാവുന്നതാണ്‌. എന്നാല്‍ ഓരോ തവണ ശസ്‌ത്രക്രിയ നടത്തുമ്പോഴും ഒരേ ഭാഗംതന്നെ കീറേണ്ടി വരുന്നതിന്റെ ചില ഭവിഷ്യത്തുകള്‍ക്ക്‌ സാധ്യതയുണ്ട്‌.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌ :

ഡോ. ഷെറിന്‍ വര്‍ഗീസ്‌

കണ്‍സള്‍ട്ടന്റ്‌ ഗൈനക്കോളജിസ്‌റ്റ്

 

 

 

Abdul Jaleel
Office Manager


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment