സ്നേഹിക്കപ്പെടുന്നവരെ കാണാതിരിക്കുമ്പോള്‍ മനസ് തളര്‍ന്നു പോകുന്നു. എന്തുചെയ്യും?
"വൈകുന്നേരം കുഞ്ഞുങ്ങള്‍ക്കു തീറ്റയുമായെത്തിയ അമ്മക്കിളി കണ്ടത് മരച്ചുവട്ടില്‍ വേടന്റെ കെണിയില്‍ വീണ മക്കളെയാണ്. അമ്മക്കിളി കരഞ്ഞു കൊണ്ട് കുഞ്ഞുങ്ങളുടെ സമീപം ചെന്ന് വിലപിച്ചു. ആ നിമിഷം വേടന്‍ അതിനേയും പിടികൂടി.
കുറേക്കഴിഞ്ഞപ്പോള്‍ ആണ്‍കിളി എത്തി. മക്കളുടേയും ഭാര്യയുടേയും ദുഃസ്ഥിതികണ്ട് ആണ്‍കിളിയുടെ ഹൃദയം തകര്‍ന്നു. അവര്‍ വിലപിച്ചു. "പ്രിയതമയും മക്കളും നഷ്ടപ്പെട്ട ഞാനെന്തിന് ഇനി ജീവിക്കണം? ഒരുവന്റെ ജീവിതം സ്വര്‍ഗമാകുന്നത് സുന്ദരിയും സുശീലയുമായ ഭാര്യയും മക്കളും കൂടിയാണ്." ഇങ്ങനെ വിലപിച്ച് ആണ്‍കിളി വേടന്റെ കെണിയില്‍ സ്വയം ചെന്ന് ചാടി. ഇന്നത്തെ കാര്യം കുശാല്‍ എന്നു കരുതി വേടന്‍ ആ പക്ഷികുടുംബവുമായി യാത്രയായി."
ഭാഗവതത്തിലെ ഒരു കഥയാണിത്. അതി സ്നേഹം അപകടവും മണ്ടത്തരവുമാണെന്ന് ഭാഗവതം മുന്നറിയിപ്പ് നല്കുന്നു.
കുട്ടിക്കോ, ഭാര്യക്കോ ഒരപകടം പറ്റിയെന്ന് കരുതുക. ഗൃഹനാഥന്‍ സ്നേഹം മൂലം കരഞ്ഞുതളര്‍ന്ന് വീണാലോ. അപകടം പറ്റിയവരുടെ ഭാവിയും കൂടി അപകടത്തിലാകും. മറിച്ച് സാഹചര്യം ഉള്‍ക്കൊണ്ട്, ഭാര്യയേയും മക്കളേയും ആശുപത്രിയില്‍ എത്തിക്കുകയല്ലേ ചെയ്യേണ്ടത്.
ഭാര്യയോടും മക്കളോടുമുള്ള അതിസ്നേഹം മൂലം അവരെ രക്ഷപ്പെടുത്താനുള്ള ഉപായം ആലോചിക്കുക കൂടി ചെയ്യാതെ ആണ്‍ കിളി സ്വയം കുരുതി കൊടുത്തു. ഒരുതരത്തിലുള്ള ആത്മഹത്യയാണത്. അതു കൊണ്ട് ഭാഗവതം പറയുന്നു. അതിസ്നേഹം ദുര്‍ബ്ബലതയാണ്, സ്വാര്‍ത്ഥതയുടെ മറ്റൊരു മുഖമാണ്. അത് സ്നേഹമല്ല. ശരിയായ സ്നേഹം ആത്മശക്തി വര്‍ദ്ധിപ്പിക്കും.
No comments:
Post a Comment