Tuesday 3 September 2013

[www.keralites.net] മഹാനന്മയുടെ മാറുന്ന കാലം

 

മഹാനന്മയുടെ മാറുന്ന കാലം

പൂക്കളവും ഊഞ്ഞാലും കുടുംബസംഗമവും സദ്യയും... മലയാളിയുടെ മനസ്സില്‍ ആഘോഷത്തിന്റെ ഭാവാന്തരീക്ഷത്തിന് മാറ്റമില്ല. പക്ഷേ ആഘോഷപ്പൊലിമയുടെ ഭാഷയും താളവും ഇന്ന് മാറിപ്പോയിരിക്കുന്നു... പൂക്കളവും ഊഞ്ഞാലും കുടുംബസംഗമവും സദ്യയും... മലയാളിയുടെ മനസ്സില്‍ ആഘോഷത്തിന്റെ ഭാവാന്തരീക്ഷത്തിന് മാറ്റമില്ല. പക്ഷേ ആഘോഷപ്പൊലിമയുടെ ഭാഷയും താളവും ഇന്ന് മാറിപ്പോയിരിക്കുന്നു...

Fun & Info @ Keralites.netഓണം മറ്റൊരു ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലായി മാറിക്കഴിഞ്ഞു. ആഘോഷപ്പൊലിമയുടെ ഭാഷയും താളവും ബിംബാവലിയും മുദ്രകളും ഉപചാരങ്ങളും വ്യത്യസ്തമാണിപ്പോള്‍. യാഥാര്‍ഥ്യം ഇതാണെങ്കിലും മറ്റൊരു ഓണാഘോഷത്തിന്റെ പാഠപുസ്തകചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ട് നാം വ്യാജസംതൃപ്തി നേടുകയും ചെയ്യുന്നു. സ്വയം വിശ്വസിപ്പിക്കാനെന്നപോലെ, പ്രായശ്ചിത്തംപോലെ, ആ വ്യാജ യാഥാര്‍ഥ്യത്തിന് അര്‍ഥം കൊടുത്ത് പൊലിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, അതിലുമുണ്ട് ഒരു മനഃശാസ്ത്ര യാഥാര്‍ഥ്യം. പുതിയ കാഴ്ചകള്‍ കാണുമ്പോഴും അവാസ്തവമായ ചിത്രങ്ങള്‍ കാണുമ്പോഴും 'നേതി, നേതി' എന്ന ശബ്ദവും എവിടെയോ ഉയരുന്നുണ്ട്.

പൂക്കളവും ഊഞ്ഞാലും ഓണക്കോടിയും കുടുംബ സംഗമവും സദ്യയുംകൊണ്ട് നിര്‍വചിക്കപ്പെടുമ്പോഴും വാര്‍ന്നുപോയ ഏതോ ലാവണ്യത്തെക്കുറിച്ച് നമുക്കൊരു നേരിയ ബോധ്യമുണ്ട്. പൂക്കളമുണ്ട്, അത് പക്ഷേ, മത്സരപ്പൂക്കളമാണെന്ന് മാത്രം. സദ്യയുണ്ട്, പക്ഷേ, ഹോട്ടലില്‍ നിന്ന് വരുത്തിയതാണെന്ന് മാത്രം. ഈ മാറ്റങ്ങള്‍ നന്നല്ല എന്നര്‍ഥമാക്കുന്നില്ല. മുത്തശ്ശി പറഞ്ഞുകേട്ട വിധമേ ഓണം ആഘോഷിക്കാവൂ എന്നുമില്ല. (പുതിയ മുത്തശ്ശിക്ക് പലതും അറിഞ്ഞുകൂടെന്നത് മറ്റൊരു കാര്യം.) മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുരൂപമാംവിധം ഒരുത്സവത്തിന് രൂപാന്തരം വരുന്നതില്‍ അസ്വാഭാവികതയുമില്ല. മാറാനുള്ള കഴിവാണല്ലോ നിലനില്‍പ്പിന്റെ കാതല്‍.
മാറ്റങ്ങള്‍ക്കുള്ളിലും, അനേകം വികാരങ്ങള്‍ ഇഴുകിച്ചേര്‍ന്ന് മലയാളിയുടെ മനസ്സില്‍ ഓണം സൃഷ്ടിക്കുന്ന ഭാവാന്തരീക്ഷത്തിന് മാറ്റമില്ല. പൂര്‍ണമായി നിര്‍വചിക്കാനാവാത്ത ഏതൊക്കെയോ ആഗ്രഹങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും താമരനൂലുകൊണ്ട് നെയ്‌തൊരുക്കിയതാണ് ആ ഭാവതലം. ആ സ്‌നിഗ്ധ സാന്ദ്രതയില്‍ വിരിയുന്ന പ്രകാശമുകുളമാണ് ഓണം. ഓണം ആഘോഷിക്കപ്പെടുന്ന ശൈലിയില്‍ എന്തു മാറ്റവും വന്നുകൊള്ളട്ടെ. പക്ഷേ, ഓണത്തിന്റെ ഉണ്മയ്ക്ക് മാറ്റമില്ല. ഓരോ മലയാളിയുടെ മനസ്സിലുമുണ്ട് മാറ്റമില്ലാത്ത ഒരു ഓണം. മനസ്സിന്റെ അബോധപാതാളത്തിലേക്ക് തിരോഭവിച്ച കുറേ നന്മകള്‍ തിരിച്ചുവരുമെന്ന, മൂഢമെങ്കിലും മധുരമായ ഒരു വിശ്വാസത്തിന്റെയോ കാമിതത്തിന്റെയോ നിറക്കൂട്ടാണത്. ഒരിക്കലും പുലരുകയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ, ആദര്‍ശാത്മകമായ ഒരു കാലത്തെ കിനാവിനാല്‍ ഉപാസിക്കാനുള്ള ഉപബോധ നിര്‍ണയത്തിന്റെ ഉത്സവമാണത്.

പരിചിതമായ ഒരു പഴമ്പാട്ടിലെ സൂചനകളിലൂടെ നാം വിടര്‍ത്തിയെടുത്ത മാവേലിനാടിന്റെയും ഓണത്തിന്റെയും അമര്‍ചിത്രകഥയില്‍ മലയാളി തന്റെ ഭരണരാഷ്ട്രീയസാമൂഹിക സങ്കല്പങ്ങള്‍ വായിച്ചെടുക്കുകയായിരുന്നു. പ്രജകള്‍ ഏവരും ഒരുപോലെ പുലര്‍ന്നിരുന്ന ഒരു രാഷ്ട്രസങ്കല്പത്തില്‍ നാം വ്യാമുഗ്ദ്ധരായിപ്പോയി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അഭിലഷണീയമല്ലെന്ന അറിവ് നമുക്ക് ബാഹ്യസ്വാധീനത്തില്‍ നിന്ന് ഉളവായതല്ല. (സഹജമായ ആ അറിവിനെ പ്രോജ്ജ്വലിപ്പിക്കാന്‍ ചരിത്രം പിന്നീട് തന്ന പ്രത്യയശാസ്ത്രങ്ങള്‍ക്ക് സാധിച്ചുവെന്ന് മാത്രം). വിദ്യാഭ്യാസവും ഭൂമിയും പാര്‍പ്പിടവും എല്ലാവരുടെയും അവകാശമാണെന്ന പുരോഗമനാശയം നാം സ്വാംശീകരിച്ചത് ഈ പുരാവൃത്തത്തില്‍ നിന്ന് കൂടിയാണ്. കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയെ നിര്‍ണയിച്ച ആശയസംഹിതയുടെ ജനിതകം തിരയേണ്ടത് 'മാവേലി നാടുവാണീടും കാല'ത്തെക്കുറിച്ചുള്ള ആ പഴയ പാട്ടില്‍തന്നെയാണ്. 'ആമോദത്തോടെ വസിക്കും കാലം' പുലരുന്നതെങ്ങനെയെന്നും ആ ഗാനം പറയുന്നുണ്ട്. കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത അവസ്ഥ കെട്ടുറപ്പുള്ള ഒരു നിയമവാഴ്ചയുടെ ലക്ഷണമാണ്. കള്ളത്തരങ്ങള്‍ ഒന്നുമില്ലാത്ത, സത്യമേവ ജയതേ എന്ന ആശയം യാഥാര്‍ഥ്യമായ അവസ്ഥ അങ്ങനെ ആസന്നമായതാണ്.

ഒരു ജനതയുടെ ആമോദം കവര്‍ന്നെടുക്കപ്പെടുകയും ആകുലത ഇടംനേടുകയും ചെയ്യുന്നത് കള്ളത്തരങ്ങള്‍ പെരുകുമ്പോഴാണെന്ന് ഇവിടെ ദീര്‍ഘദര്‍ശനം ചെയ്തിരിക്കുന്നു. കള്ളപ്പറയുടെയും ചെറുനാഴിയുടെയും നവീന അവതാരങ്ങളെക്കുറിച്ചാണ് 'ആം ആദ്മി'യും അണ്ണ ഹസാരെയും പറയുന്നത്.

ധര്‍മരാജ്യത്തിന്റെ നിര്‍വചനത്തിലെ കേന്ദ്രബിന്ദു ഭരണാധികാരിയാണ്. പ്രജാക്ഷേമം പരമധര്‍മമായിക്കരുതുന്ന ഒരു ഭരണാധിപനെക്കുറിച്ചുള്ള തേജോമയ ചിത്രം നമ്മുടെ മനസ്സില്‍ ഉറച്ചുപോയി. അധികാരത്തിന്റെ ച്യുതികള്‍ക്കും ന്യൂനതകള്‍ക്കും നേര്‍ക്ക് സദാ ജാഗരൂകരാവാന്‍ ഈ സങ്കല്പം നമ്മെ പ്രേരിപ്പിക്കുന്നു. മറ്റെങ്ങുമില്ലാത്തവിധം ഭരണസുതാര്യതയ്ക്ക് ഇത്രയേറെ മൂല്യം കല്പിക്കുന്നതിന്റെ കാരണവും ഇതുതന്നെ.

പ്രകൃതിയുടെ സമൃദ്ധിയിലാണ് ഓണസങ്കല്പം പൊലിക്കുന്നത്. പൂവേ പൊലിയുടെ നാളുകള്‍, പത്തായം നിറയുന്ന നാളുകള്‍, വറുതിമാറി ആകാശവും മനസ്സും പ്രസാദപൂര്‍ണമാവുന്ന ഋതുവിലാസം. ഇവയില്‍ നിറയുന്ന ഒരു പാരിസ്ഥിതിക ദര്‍ശനമുണ്ട്. പ്രകൃതി പ്രസീദയായെങ്കിലേ ജീവിതം ഐശ്വര്യപൂര്‍ണമാവൂ. പ്രകൃതിയുടെ അപാരകരുണയ്ക്ക് മുന്നില്‍ കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടെ നിന്ന നമ്മുടെ പൂര്‍വികരെ കാണാം. വിതയ്ക്കുകയും വിളവെടുക്കുകയും ചെയ്ത അത്തരത്തിലൊരു ജനതയുടെ വിനയബോധവും ധന്യവാദവും ചാണകമെഴുകിയ കളത്തില്‍ വൃത്തത്തില്‍ ഇറുത്തുവെച്ച ശംഖുപുഷ്പത്തിലും ചെമ്പരത്തിയിതളുകളിലും കതിരിട്ടുനിന്നിരുന്നുവല്ലോ.

Fun & Info @ Keralites.netപ്രജാക്ഷേമം സ്വധര്‍മമായി കാണുന്ന ഭരണാധികാരിക്ക് മേലാളന്മാരെ ഭയമുണ്ടാവുകയില്ല. എന്നാല്‍ അസഹിഷ്ണുതയെ പ്രതിരോധിക്കാന്‍ അത് മാത്രംകൊണ്ടാവില്ല. 'ജ്ഞാനേമൗനം, ക്ഷമാശക്തൗ, ത്യാഗേ ശ്ലാഘോ' (രഘുവംശം കാളിദാസന്‍) എന്ന മട്ടില്‍ പ്രശോഭിച്ചിരുന്ന മഹാബലിയുടെ കീര്‍ത്തി, അധീശത്വം ആഗ്രഹിക്കുന്നവരെയും സാമ്രാജ്യ മേല്‍ക്കോയ്മകളെയും അധികാര സഖ്യങ്ങളെയും ചൊടിപ്പിച്ചത് തികച്ചും സ്വാഭാവികമെന്ന് സമീപകാല ലോകചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കെട്ടുകഥകളുടെ ബലത്തില്‍ ഭരണകൂടങ്ങളെ മറിച്ചിട്ടശേഷം അത് ലോകനന്മയ്ക്കായിരുന്നുവെന്ന അഭിപ്രായ സമന്വയ നിര്‍മിതി എത്ര സുസാധ്യമാണെന്ന് നമുക്കിപ്പോള്‍ അറിയാം.

പ്രജകളെ സ്‌നേഹിച്ച ഭരണാധികാരി പരാജിതനാവുന്നുവെങ്കില്‍ പ്രജകളുടെ കൂറ് എവിടെയായിരിക്കുമെന്ന് മഹാബലിയുടെ കഥ വ്യക്തമാക്കുന്നുണ്ട്. നാടുകടത്തലിന്റെ കര്‍ശനനിബന്ധനകളില്‍ ഇളവ് തേടേണ്ടത് പ്രജാസമാഗമത്തിന് വേണ്ടിയായിരിക്കണമെന്ന ഭരണാധിപന്റെ നിഷ്‌കര്‍ഷ നമ്മുടെ മനസ്സിന്റെ ഇളംമണ്ണില്‍ കൃതാര്‍ഥതയുടെ നനവ് തീര്‍ക്കുന്നുണ്ട്. ഈ ബന്ധത്തിന്റെ നനുത്ത ഇഴകള്‍കൊണ്ട് നെയ്‌തെടുത്തതാണ് ഓണത്തിന്റെ വൈകാരികഭംഗി. ആ വാര്‍ഷിക സമാഗമത്തെയും ആഹ്ലാദത്തെയും കുടുംബസമാഗമമാക്കി പിന്നീടെപ്പോഴോ നാം പരിഭാഷപ്പെടുത്തുകയായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തും ജീവിക്കുന്ന പ്രവാസികളായ മലയാളികളുടെ മനസ്സിലും മഹാബലി വസിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ പ്രവാസിയാക്കി മാറ്റിയവര്‍ തിരിച്ചുവരവിന്റെ ഓണത്തിനായി കാത്തിരിക്കുന്നു.

ഉപജാപത്തില്‍ അധികാരഭ്രഷ്ടനായ ഭരണാധികാരിയുടെ ആദിരൂപത്തെ സ്‌നേഹിച്ചുപോയ മലയാളിയുടെ ഹൃദയം എപ്പോഴും പരാജിതനുവേണ്ടിയും പരിത്യക്തനുവേണ്ടിയും തുടിച്ചു. മുഷ്‌കിനെ എതിര്‍ക്കാനുള്ള ആത്മാഭിമാനത്തില്‍ നമ്മുടെ നായകസങ്കല്പത്തിന്റെ അടിവേരുകള്‍ ഇറങ്ങിച്ചെന്നു. ധീരോദാത്തനും അതിപ്രതാപഗുണവാനുമായ ക്ലാസിക്കല്‍ നായകന്റെ സ്ഥാനത്ത് മലയാളസാഹിത്യം പ്രതിഷേധിയെയും ഒറ്റയാനെയും പരുക്കനെയും പകയുള്ളവനെയും പ്രതിഷ്ഠിച്ചു. എതിര്‍ക്കുകയും ചോദ്യംചെയ്യുകയുമെന്നത് നമ്മുടെ സ്വത്വബോധത്തിന്റെ ഭാഗമായി. പുതിയ കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക നിര്‍മിതിയില്‍ ഈ മനോഭാവങ്ങള്‍ ചെലുത്തിയ സ്വാധീനം എത്ര ആഴമുള്ളതാണെന്ന് ഗവേഷണം നടത്തേണ്ടതാണ്.

ഓണം ഒരു ഉത്സവമല്ല. പരിചിതബിംബങ്ങളിലും പുതിയ ശീലങ്ങളിലും തടവിലായ ആഘോഷവുമല്ല, മലയാളിയുടെ ബോധാബോധമനസ്സിനെയും സാമൂഹികവ്യക്തിത്വത്തെയും ദൈനംദിന ജീവിതമനോഭാവങ്ങളെയും രാഷ്ട്രീയ മൂല്യങ്ങളെയും ഗാഢമായി സ്വാധീനിച്ചുകൊണ്ടേയിരിക്കുന്ന, നമ്മെ നിര്‍വചിക്കുന്ന ഒരു മഹാനന്മയുടെ ആദിരൂപമാകുന്നു ഓണം.

പാട്ടില്‍ തെളിയുന്ന ഓണം

മുന്നോട്ടുള്ള വഴികളിലെവിടെയോ വച്ച് കൈവിട്ടുപോയ ഗതകാലസ്വപ്നങ്ങളുടെ പ്രതീകമാണ് മലയാളിയുടെ ഓണം. ഓണം നമുക്ക് ഗൃഹാതുരതയുടെ വിളവെടുപ്പു കാലമാണ്. പോയ കാലത്തിന്റെ സ്മരണകളില്‍ ഭാവനയുടെ നിറക്കൂട്ടുകള്‍ ചാലിച്ച് മറിച്ചുനോക്കാന്‍ എന്നും നമുക്ക് ഒരുപാടിഷ്ടമാണ്. പുരാണങ്ങളും ഇതിഹാസങ്ങളുമായി ഭാരതത്തിലെ ഓരോ പ്രദേശത്തും പറഞ്ഞുകേള്‍ക്കാറുള്ള ദേവീദേവന്മാരുടെ കഥകളില്‍ നിന്നെല്ലാം ഒരുപാട് വ്യത്യസ്തമായി നില്ക്കുന്നതാണ് മാവേലിനാടിന്റെ കഥ. അസുരചക്രവര്‍ത്തി പോസിറ്റീവ് ക്യാരക്ടറും ദേവന്മാര്‍ നെഗറ്റീവുമായി മാറുന്നു എന്നതില്‍ തുടങ്ങുന്നു ആ വ്യത്യാസം. അങ്ങനെയൊരു കഥ പറയാന്‍ മറ്റാര്‍ക്കും ഉണ്ടാവില്ല. ദേവന്മാരുടെ പാടിപ്പുകഴ്ത്തപ്പെട്ട മഹത്വത്തേക്കാള്‍ യഥാര്‍ത്ഥത്തില്‍ നല്ലതായിരുന്നത് ഒരു അസുരന്റെ ഭരണകാലമായിരുന്നുവെന്നു പറയാനുള്ള ആര്‍ജവം.

 
ഗൃഹാതുരത്വം തന്നെ പലവിധത്തിലുണ്ട്. ഇവിടെ അത് കഴിഞ്ഞുപോയ കാലത്തോടും സംഭവങ്ങളോടുമുള്ള വൈകാരികബന്ധമാണ്. മലയാളികളില്‍ അത് ഓരോ തലമുറയുടേയും രക്തത്തിലലിഞ്ഞുചേര്‍ന്ന വികാരമാണ്. കൗമാരം പിന്നിടുന്നതിനു മുമ്പേ കഴിഞ്ഞുപോയ ബാല്യകാലത്തെയോര്‍ത്ത് നെടുവീര്‍പ്പിടാന്‍ തുടങ്ങുന്ന മനസ്സാണ് നമ്മുടേത്. സാഹിത്യലോകത്തെ ഇളമുറക്കാര്‍ പോലും ഏറ്റവും കൂടുതലായി എഴുതുന്നത് ജീവിതാനുഭവ കുറിപ്പുകളാണ്.

മഹാബലിയുടെ പുരാണകഥ കേരളത്തിന്റെ പ്രാചീനചരിത്രവുമായി പൊരുത്തപ്പെടുന്നതല്ലെങ്കിലും ഓണപ്പാട്ടുകളും ഓണക്കവിതകളും നാടോടിഗാനങ്ങളുടെ രൂപത്തില്‍ വളരെ പഴയകാലം മുതല്ക്കുതന്നെ പ്രചാരത്തിലുണ്ടായിരുന്നു.
'മുത്തശ്ശി വന്നീല, മുറ്റമടിച്ചില്ല,
എന്തെന്റെ മാവേലി ഓണം വന്നൂ?
അമ്മാവന്‍ വന്നീല, പത്തായം തുറന്നില്ല,
എന്തെന്റെ മാവേലി ഓണം വന്നൂ?
ഏട്ടനും വന്നില്ല, പുടവയും കിട്ടീല,
എന്തെന്റെ മാവേലി ഓണം വന്നൂ?'

'ഓണമാണല്ലോ വരുന്നതിപ്പോള്‍
നാണം മറയ്ക്കുവാനെന്തുവേണ്ടൂ?
ഓണപ്പുടവ തരാറുള്ളൊരേട്ടന്‍
ആണാക മൂലം പടക്കുപോയി.'
കേരളത്തിലെ നാടുവാഴികള്‍ തമ്മിലുണ്ടായ നിരന്തരസമരങ്ങളും അന്നത്തെ മരുമക്കത്തായ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയും ഈ പാട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. നിര്‍ബന്ധിതസൈനികസേവനം നിലവിലുണ്ടായിരുന്ന നൂറ്റാണ്ടുയുദ്ധകാലത്തിന്റെ പശ്ചാത്തലത്തിലാകാം ഈ പാട്ട് രചിക്കപ്പെട്ടത്.

വിഷയവൈവിധ്യം കൊണ്ടും ശീലുകളിലെ ഭാവസമ്പന്നതകൊണ്ടും വേറിട്ടുനില്ക്കുന്ന ഓണപ്പാട്ടുകള്‍ നിരവധിയാണ്.
കൊന്നപ്പൂവേ പൂത്തിരുളേ
നാളേക്കൊരുകെട്ടു പൂതരുമോ?
എന്നോടപ്പൂ ചോദിക്കേണ്ട,
കാക്കപ്പൂവോടു ചോദിക്കൂ...

പൂവായ പൂവൊക്കെ പിള്ളേര്‍ പറിച്ചു
പൂവാങ്കുറുന്തല ഞാനും പറിച്ചു
പിള്ളേരെ പൂവെല്ലാം വാടിക്കൊഴിഞ്ഞു
എന്നുടെ പൂവൊക്കെ ആടിത്തെളിഞ്ഞു
വിനോദരസം കലര്‍ന്ന ഗാനങ്ങളും പ്രചാരത്തിലുണ്ടായിരുന്നു.
ഓണത്തപ്പാ കുടവയറാ
ഓണക്കാലം വന്നല്ലോ
ഓണക്കൂട്ടാനെന്തെല്ലാം
ചേനക്കൂമ്പും ചെറുപയറും

കോഴിക്കോട്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരു ഗാനം ഇങ്ങനെ.
അത്തത്തിന്റുച്ചക്കൊരു പച്ചക്കണ കൊത്തി
ഏഴാക്കിച്ചീന്തിയൊരൊറ്റലു കുത്തി
മാനാഞ്ചിറക്കലു മീനൂറ്റാന്‍ പോയി
കാപ്പില് നല്ലോരു വാലേട്ട കിട്ടി
വാല് പിടിച്ചു വരമ്പത്തടിച്ചൂ...
അത്തക്കാ മുത്തക്കാ മുന്നാഴ്യരച്ചു
കോഴിക്കോടന്‍ മഞ്ഞളൊരാഴ്യരച്ചു
പാലുള്ള തേങ്ങാ പതിനെട്ടരച്ചു
നെയ്യുള്ള തേങ്ങയൊരമ്പതരച്ചു
പതിനെട്ടു പെണ്ണുങ്ങള്‍ ഉപ്പിട്ടു നോക്കുമ്പം
ഒരുപിടിച്ചോറിനു കൂട്ടാനില്ല.
മലബാറില്‍ പണ്ടേക്കു പണ്ടേ ഓണം നോണ്‍വെജ് ആയിരുന്നുവെന്നും മനസ്സിലാക്കാം.

കവികളുടെ വ്യക്തിത്വത്തിന്റേയും അനുഭവപശ്ചാത്തലങ്ങളുടേയും വൈവിധ്യങ്ങള്‍ അവരുടെ ഓണക്കവിതകളില്‍ നമുക്ക് ദര്‍ശിക്കാം. തിരുവോണനക്ഷത്രജാതനായ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ ഓണത്തെ ഭാര്‍ഗവഭൂമിയുടെ ഭാവനാവികാസമെന്നും കേരളസംസ്‌കാരത്തിന്റെ മഹോത്സവമെന്നും സത്യസമത്വസ്വാതന്ത്ര്യപ്രതിഷ്ഠാദിനമെന്നുമൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ചേര്‍ക്കുണ്ടിലൊളിഞ്ഞുകിടക്കുന്ന വെള്ളാമ്പലിനേയും വാനത്തൂഞ്ഞാലാടുന്ന നക്ഷത്രത്തേയും ഒപ്പമെടുത്തോമനിക്കുവാന്‍ ഈ ചിങ്ങത്തിരുവോണത്തിനേ കഴിയൂ എന്നാണ് കവി പാടിയത്. കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാഞ്ഞുപോകുന്നതും വിലാസിനിയായി പൊന്നിന്‍ചിങ്ങം കടന്നുവരുന്നതും ഒരു വര്‍ണചിത്രത്തിലെന്നപോലെ കവി വരച്ചുകാണിക്കുന്നു. നിലാവു ലാവുന്ന ഓണനിശയില്‍ വറുതിക്കും വേദനയ്ക്കും സ്ഥാനമില്ല. പ്രകൃതി തന്നെ വമ്പിച്ചൊരു ഓണസദ്യ ഒരുക്കുകയാണ്.

ആ ചൊല്‍ക്കാഴ്ചകളോരോന്നും വര്‍ണിച്ചിട്ടൊടുവില്‍ ഇടയ്‌ക്കെപ്പോഴോ 'ഇല്ല തിരിച്ചുവരില്ല പോയൊരു പൊന്നോണക്കാലം' എന്ന് കവി നിരാശനാകുകയും ചെയ്യുന്നുണ്ട്. യന്ത്രസംസ്‌കാരത്തിന് അടിമപ്പെട്ട നമ്മള്‍ പ്രകൃതിയെ മറന്നിരിക്കുന്നു. ഓണപ്പൂക്കളെഴുതുന്ന ഖണ്ഡകാവ്യങ്ങള്‍ വായിക്കാന്‍ നമുക്ക് സമയമില്ല. ഉഷസ്സന്ധ്യകള്‍ വരയ്ക്കുന്ന മനോഹരചിത്രങ്ങള്‍ ആസ്വദിക്കാന്‍ അവസരമില്ല. പൊയ്‌പോയ പൊന്നോണക്കാലങ്ങള്‍ എന്നന്നേക്കുമായി മറഞ്ഞുപോയിരിക്കുന്നു. ഇന്നും നമ്മുടെ ഓണാഘോഷങ്ങളുടെ അകക്കാമ്പില്‍ നിറയുന്ന അറിയാത്തൊരു നഷ്ടബോധവും ഗൃഹാതുരത്വവും അന്നുതന്നെ കവിമനസ്സിനെ മഥിച്ചിരുന്നു. എന്നിരിക്കിലും,
ഭൂതകാലത്തിന്‍ പ്രഭാവതന്തുക്കളാല്‍
ഭൂതിമത്തായൊരു ഭാവിയെ നെയ്ക നാം
എന്ന പ്രത്യാശയുടെ സ്വരം കേള്‍പ്പിക്കാനും കവിക്ക് കഴിയുന്നുണ്ട്.

അതേസമയം ഓണത്തെ വര്‍ഗ്ഗസമരത്തിന്റെ കണ്ണാടിയിലൂടെ മാത്രം നോക്കിക്കണ്ട കവികളും അന്നേയുണ്ടായിരുന്നു. അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തില്‍ ഓണം എന്ന ബിംബം സാമൂഹ്യവിമര്‍ശനത്തിനുള്ള മാധ്യമമായും മാറിയിരുന്നു. പോലീസിനെ ഭയന്ന് കേരളം സന്ദര്‍ശിക്കുവാന്‍ മഹാബലി ഭയപ്പെടുന്നതും മഹാബലിയെ പോലീസ് ലോക്കപ്പിലിട്ട് മര്‍ദിക്കുന്നതും ചിത്രീകരിക്കപ്പെട്ട കവിതകള്‍ ഇറങ്ങിയിരുന്നു. അടിയന്തിരാവസ്ഥക്കാലത്തെ കേരളം സന്ദര്‍ശിക്കുന്ന മഹാബലി തനിക്ക് വഴിതെറ്റിപ്പോയോ എന്ന് സംശയിക്കുന്ന ഒരു കവിത ചെമ്മനം ചാക്കോയുടേതായി പുറത്തിറങ്ങിയിരുന്നു. സമരങ്ങളും മുദ്രാവാക്യങ്ങളുമില്ലാത്ത കേരളം. കുട്ടികളൊക്കെ സ്‌കൂളില്‍തന്നെ അടങ്ങിയിരിക്കുന്നു. അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള സ്തുതിയാണോ നിന്ദയാണോ എന്ന് തിരിച്ചറിയാന്‍ വയ്യ.

രാജഭരണകാലം മുതല്ക്കിങ്ങോട്ടുള്ള ഓണക്കവിതകളോരോന്നും പരിശോധിക്കുമ്പോള്‍ ഓരോ കാലഘട്ടത്തിലേയും സാമൂഹ്യപരിവര്‍ത്തനങ്ങള്‍ കവികളുടെ സമീപനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം. പ്രാചീനകവിതയും മധ്യകാലകവിതയും ആധുനികകവിതയും തമ്മിലുള്ള രൂപഭാവ വ്യത്യാസങ്ങളും നിഴലിക്കുന്നു. മാവേലി നാടുവാണീടും കാലം പോലുള്ള ലളിതമായ നാടോടിഗാനങ്ങളില്‍ നിന്ന് മധ്യകാലത്തെകവിതകളിലെത്തുമ്പോള്‍ത്തന്നെ തത്വചിന്തയുടെ അംശം കൂടുന്നുണ്ട്. ആധുനികകാലത്തെ കവിതകളില്‍ സാമൂഹ്യബോധമാണ് കൂടുതല്‍ ശക്തമായി കാണുന്നത്.
കുന്തളം നല്ലെണ്ണ നിഴുക്കിട്ട് കെട്ടിവച്ചും
ചിന്തൂരപ്പൊട്ടുതൊട്ട് കല്ലുമാലയണിഞ്ഞും
ഇങ്ങുവന്നേ കറുമ്പീ തമ്പുരാനെക്കാണാന്‍
തമ്പുരാനെയെതിരേറ്റിത്തിണ്ണയിലിരുത്താന്‍
എന്ന് ചെറുമക്കളുടെ ഓണത്തെക്കുറിച്ച് വര്‍ണിക്കാന്‍ ഒളപ്പമണ്ണയ്ക്ക് ശക്തിപകരുന്നത് ആ സാമൂഹ്യബോധമാണ്. സ്വന്തമായ വിഭവങ്ങളൊരുക്കിവച്ചും സ്വത്വബോധത്തിലൂന്നിനിന്നുമാണ് ചെറുമക്കള്‍ മാവേലിയെ സ്വീകരിക്കുന്നത്.
വെള്ളാരഞ്ഞണ്ടുകൊണ്ട് മെഴുക്കുപുരട്ടി
കൊള്ളിക്കിഴങ്ങുകൊണ്ട് വറുത്തെരിശ്ശേരി
വെള്ളുള്ളി ചേര്‍ത്തൊരിഷ്ടു, പൊരിച്ചൊരു കോഴി
എന്നാണ് ജന്മംകൊണ്ട് ബ്രാഹ്മണനായ കവി വിവരിക്കുന്നത്.

സാധാരണക്കാരനില്‍പോലും കാവ്യഭാവന നിറയ്ക്കുന്ന കാല്പനികസൗന്ദര്യമാണ് ഓണക്കാലത്തിനുള്ളത്. പോയകാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ മനസ്സുകളുമായി ഓരോ തലമുറയും ഓണക്കാലം കാത്തുനില്ക്കുന്നു. കാലത്തിനൊത്ത മാറ്റങ്ങളെ അറിഞ്ഞാസ്വദിക്കുമ്പോഴും എന്തെന്നറിയാത്ത ഒരു ഗൃഹാതുരത്വം മനസ്സില്‍ ബാക്കിനില്ക്കുന്നു. ആ ഗൃഹാതുരത്വമാണ് ഓരോ ഓണക്കാലവും തലമുറകളിലേക്ക് പകര്‍ന്നുനല്കുന്ന ഈടുവയ്പ്.

 
ഓര്‍മയിലെ ഓണക്കളികള്‍

 
 


Fun & Info @ Keralites.netസദ്യയൊരുക്കി പുതുവസ്ത്രം അണിയുന്നത് മാത്രമാണ് ഇന്ന് മലയാളിക്ക് ഓണം. എന്നാല്‍, ആഘോഷത്തിനൊപ്പം ആചാരങ്ങളും കളികളും നെഞ്ചോട് ചേര്‍ത്തിരുന്ന ഓണക്കാലം നമുക്കുണ്ടായിരുന്നു. വീട്ടിലും നാട്ടിലും കളികളുടെ മേളം നിറഞ്ഞിരുന്ന കാലം. പാട്ടുപാടിയും ഊഞ്ഞാലാടിയും തറവാട്ട് മുറ്റത്തും നാട്ടുവഴിയോരത്തും സൗഹൃദത്തിന്റെ ഇഴയടുപ്പം സൂക്ഷിച്ചിരുന്ന കാലം. വിവിധ മതസ്ഥരായ സമപ്രായക്കാരില്‍ സൗഹൃദത്തിലുപരി സാഹോദര്യവും ഊട്ടിയുറപ്പിച്ചിരുന്നു ആ തിരുവോണദിനങ്ങള്‍. അതിന് വഴിയൊരുക്കിയിരുന്ന ആ പഴയകാല കളികളില്‍ പലതും ഇന്നുള്ളവര്‍ക്ക് കേട്ടുകേഴ്‌വി മാത്രം. കമ്പ്യൂട്ടര്‍ ഗെയിമുകളിലും ഇന്റര്‍നെറ്റിന്റെ മാസ്മരികതയിലും ഒക്കെ കഴിയുന്ന ഇന്നത്തെ കുട്ടികള്‍ക്കായി തനിമ ചോരാത്ത പഴയകളികളെ പരിചയപ്പെടുത്തുന്നു.

പശുവിനെ പിടിക്കാം, പുലികളിക്കാം...

പുലികളി പ്രസിദ്ധമെങ്കില്‍ പശുവും പുലിയും കളി അത്ര പ്രസിദ്ധമല്ല. പണ്ടുകാലത്ത് പെണ്‍കുട്ടികള്‍ കളിക്കുന്ന ഈ കളി പുലികളിപോലെതന്നെ കേമം.
കൈകള്‍ കോര്‍ത്ത് വലയം സൃഷ്ടിച്ച് അകത്ത് പശുവും പുറത്ത് പുലിയുമായി രണ്ടാളുകളെ സങ്കല്‍പിച്ച് കളിക്കുന്നതാണ് പശുവും പുലിയും. വലയത്തിനുള്ളില്‍നില്‍ക്കുന്ന പശുവിനെ പിടിക്കാന്‍ പുലി ഒരുങ്ങുമ്പോള്‍ അതിനെ കൈവലയം തീര്‍ത്തവര്‍ തടയും. പാട്ടുപാടിക്കൊണ്ടാണ് പുലിവേഷം കെട്ടുന്നയാള്‍ പശുവിനെ പിടിക്കാന്‍ ഒരുങ്ങു
ന്നത്.
'ഈ പശുവിനെ കൊല്ലും ഞാന്‍, ഈ വെള്ളം കുടിക്കും ഞാന്‍' പുലി ഇങ്ങനെപാടുമ്പോള്‍ വലയം തീര്‍ത്തിരിക്കുന്നവര്‍ അതിന് മറുപടി നല്‍കും.
'ഈ പശുവിനെ കൊല്ലില്ല, ഈ വെള്ളം കുടിക്കില്ല.' കളി പുരോഗമിക്കുന്നതിനിടെ പുലി പാടും 'പശുവേ പശുവേ പുല്ലിന്നാ...' അപ്പോള്‍ പശു പാടും 'പുലിയേ പുലിയേ കല്ലിന്നാ...' പാട്ടും കളിയും നീളുമ്പോള്‍ ഉറഞ്ഞു തുള്ളുന്ന പുലി വലയം ഭേദിച്ച് പശുവിനെ പിടിക്കാനെത്തും.
കളിക്കിടെ പുലി വലയത്തിനുള്ളില്‍ കടന്നാല്‍ പശുവിനെ പുറത്തിറക്കി രക്ഷിക്കുന്ന രീതിയുമുള്ളതിനാല്‍ കളി ഏറെനേരം നീളും. പശുവിനെ പുലി തൊടുന്നതോടെ കളി അവസാനിക്കും.

ആക്കയ്യിലീക്കയ്യിലോ മാണിക്യച്ചെമ്പഴുക്ക....


ഒരു കൂട്ടം സ്ത്രീകളും തൊടിയിലെ അടയ്ക്കാമരത്തില്‍നിന്നുള്ള ഒരു അടയ്ക്കയുമുണ്ടെങ്കില്‍ ചെമ്പഴുക്ക കളിക്കാം. വട്ടത്തിലിരിക്കുന്ന സ്ത്രീകള്‍ പിന്നിലേക്ക് കൈകെട്ടി വൃത്തത്തിനു നടുവിലെ കളിക്കാരിയെ കളിപ്പിക്കുന്നതാണ് ഈ കളി. കളിക്കാരി കാണാതെ പിന്നില്‍ കെട്ടിയ കൈകളിലൂടെ അടയ്ക്ക കൈമാറുന്നതിനിടെ ഇത് കണ്ടെത്താന്‍ ഇവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന സ്ത്രീ ശ്രമിക്കും. ശ്രമം തുടരുന്നതിനിടെ 'ആക്കയ്യിലീക്കയ്യിലോ... മാണിക്യച്ചെമ്പഴുക്കാ...'എന്ന് പാടും. ഇതിന് മറുപടിയെന്നോണം ചുറ്റും കൂടിയിരിക്കുന്നവര്‍ തിരിച്ചുപാടും. 'ദാണ്ടു പോണേ.. ദാണ്ടുപോണേ... മാണിക്ക്യച്ചെമ്പഴുക്കാ...'. വൃത്തത്തിന് നടുവിലുള്ളയാള്‍ ഇരിക്കുന്നവരില്‍ ആരുടെയെങ്കിലും തലയില്‍ തൊടും. അവരുടെ കൈയിലാണ് അടയ്ക്കയെങ്കില്‍ കണ്ടെത്തുന്നയാള്‍ ജയിക്കും. പകരം അടയ്ക്ക കൈയിലുണ്ടായിരുന്നവര്‍ വൃത്തത്തിനു നടുവിലേ കളിക്കാരിയായി മാറും. ഇങ്ങനെ എപ്പോള്‍ മടുക്കുന്നോ അപ്പോള്‍വരെ ചെമ്പഴുക്ക കളിക്കാം.

നിങ്ങളുടെ ഓര്‍മയിലുമില്ലേ ഓണക്കളികള്‍ .. എഴുതിവെക്കൂ.. ഓര്‍മയോണക്കാലത്തിലേക്ക് തിരിച്ചുപോകാം..

 


Posted by
:Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 
       

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment