ഈയിടെ കോഴിക്കോട്ടുചേര്‍ന്ന വിവിധ മുസ്‌ലിം സംഘടനകളുടെ യോഗം, പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 എന്ന് നിര്‍ണയിക്കുന്ന 1978-ലെ ശൈശവവിവാഹ നിയന്ത്രണനിയമം തങ്ങളുടെ മതനിയമത്തിന്മേലുള്ള കൈയേറ്റമാണെന്നും അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നിശ്ചയിച്ചിരിക്കുന്നു. ഇതിനുവേണ്ടി കോട്ടുമല ബാപ്പു മുസ്‌ല്യാരുടെ നേതൃത്വത്തില്‍ 'മുസ്‌ലിം വ്യക്തിനിയമ സംരക്ഷണസമിതി'ക്ക് രൂപംകൊടുത്തിട്ടുണ്ട്.
കാര്യം: മതനിയമസംഹിത (ശരീഅത്ത്) പെണ്‍കുട്ടികളുടെ വിവാഹത്തിന് പ്രായപരിധി വെച്ചിട്ടില്ല. 18 തികയുംമുമ്പേ കല്യാണം കഴിച്ചയയ്ക്കപ്പെട്ട പല പെണ്‍കുട്ടികളും പലവിധമായ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ട്. 1937-ലെ മുസ്‌ലിം പേഴ്‌സണല്‍ ലോ അപ്ലിക്കേഷന്‍ ആക്ട് അനുസരിച്ച് വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് സ്വന്തം മതനിയമങ്ങള്‍ പിന്തുടരാം. ഇക്കാര്യത്തില്‍ ആ അവകാശം പുനഃസ്ഥാപിച്ചുകിട്ടണം.
വലുതും ചെറുതുമായ അനേകം കാര്യങ്ങളില്‍ വിശ്വാസപരവും കര്‍മശാസ്ത്രപരവുമായ അനേകം തലങ്ങളില്‍ പരസ്പരം പോരടിക്കുന്ന മതസംഘടനകള്‍ ഇക്കാര്യത്തില്‍ യോജിച്ചിരിക്കുന്നു-പെണ്‍കുട്ടികളുടെ പ്രായത്തിന്റെ പരിധി എടുത്തുകളഞ്ഞ് ശൈശവവിവാഹം നടത്തിയാല്‍മാത്രമേ യഥാര്‍ഥ മുസ്‌ലിങ്ങളായി ജീവിക്കാന്‍ സാധിക്കുകയുള്ളൂ!
ഈ സംഘടനകളുടെയെല്ലാം പ്രഭാഷണശൈലികള്‍ക്ക് ചില്ലറ വ്യത്യാസങ്ങളുണ്ടെന്നേയുള്ളൂ; ഉള്ളടക്കത്തിന്റെ കാര്യത്തില്‍ എല്ലാം ഒന്നുതന്നെ. വിവാഹമുക്തയുടെ ജീവനാംശവുമായി ബന്ധപ്പെട്ട് ഷാബാനുകേസില്‍ സുപ്രീംകോടതി വിധിപറഞ്ഞപ്പോള്‍ (1985) അത് വെളിപ്പെട്ടതാണ്. ആ വസ്തുതയ്ക്കുള്ള പുതിയൊരു അടയാളമായി, ഇപ്പോഴത്തെ തീരുമാനം!
35 കൊല്ലംമുമ്പാണ് ശൈശവവിവാഹ നിയന്ത്രണനിയമം ലോക്‌സഭ പാസാക്കിയത് (1978). അന്നൊന്നുമില്ലാത്ത എന്ത് വിശ്വാസപ്രശ്‌നമാണ് ഈയാഴ്ച പൊട്ടിമുളച്ചത്?
സംഗതി ലളിതമാണ്: കാല്‍നൂറ്റാണ്ടുമുമ്പേ കുഴിച്ചുമൂടിയെന്ന് നാം ആശ്വസിച്ചിരുന്ന ദുരാചാരങ്ങളിലൊന്നായ അറബിക്കല്യാണം (കോഴിക്കോട്ടെത്തുന്ന അറബികള്‍ പാവപ്പെട്ട പെണ്‍കുട്ടികളെ 'കല്യാണം' കഴിക്കുന്ന സമ്പ്രദായം) ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വീണ്ടും തലപൊക്കിയിരിക്കുന്നു. പതിവിന് വിപരീതമായി 'ഇര' പ്രതിരോധിച്ചപ്പോള്‍ അത് നടത്തിക്കൊടുത്തവര്‍ക്കെതിരെ കേസുംകൂട്ടവുമായി. കോഴിക്കോട്ട് യോഗം ചേര്‍ന്ന മതപണ്ഡിതരും സമുദായനേതാക്കളും, അമ്മാതിരി എടങ്ങേറുകള്‍ ഇനി അറബികള്‍ക്കോ ഇളംപ്രായക്കാരികളെ കെട്ടുന്നവര്‍ക്കോ ഉണ്ടാകരുതെന്ന് തീര്‍പ്പെടുത്തിരിക്കുന്നു. അവര്‍ ഇരയുടെ ഭാഗത്തല്ല, വേട്ടക്കാരന്റെ ഭാഗത്താണ്.
ഇപ്പറഞ്ഞതിന് തെളിവ്: ആ കല്യാണത്തിലോ (നിക്കാഹ്) ഏതാനും ദിവസം കഴിഞ്ഞ് നടന്ന വിവാഹമോചനത്തിലോ (തലാഖ്) മതനിയമങ്ങളൊന്നും പാലിച്ചിരുന്നില്ല. മതം നിഷ്‌കര്‍ഷിക്കുന്ന 'പെണ്‍കുട്ടികളുടെ അനുവാദം' ഇല്ലാതെ എങ്ങനെ വിവാഹം നടന്നു? രണ്ടുകുടുംബത്തില്‍നിന്നുമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട സമിതിയുടെ മധ്യസ്ഥശ്രമങ്ങള്‍ തുടങ്ങിയ നടപടിക്രമങ്ങളൊന്നും പാലിക്കാതെ എങ്ങനെ വിവാഹമോചനം നടന്നു? പുരുഷന് എതിരാവും എന്നതിനാലാവാം, ഇത്തരം 'മതവിരുദ്ധതകളെ'പ്പറ്റിയൊന്നും കോഴിക്കോട്ടെ യോഗം യാതൊന്നും ആലോചിച്ചിട്ടില്ല.
ആ ഒത്തുചേരല്‍ സ്ത്രീവിരുദ്ധം മാത്രമായിരുന്നു എന്നതിലേക്ക് ഞാന്‍ വേറെയും തെളിവുതരാം:
1.ആരുടെ ആവശ്യപ്രകാരമാണ്, ആരുടെ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ആ സഭ ചേര്‍ന്നത്? ഇവിടത്തെ ഏതെങ്കിലും സ്ത്രീസംഘടന 'ഞങ്ങള്‍ക്ക് 18 തികയുംമുമ്പേ കല്യാണം കഴിക്കാനുള്ള അവകാശം നേടിത്തരണം' എന്ന് ഏതെങ്കിലും മതപണ്ഡിതനോട് ആവശ്യപ്പെട്ടിരുന്നോ? ഇല്ല. പിന്നെ, ഈ ആവശ്യം ആരുടേതാണ്? പുരുഷന്റേതുമാത്രം.
2.കേന്ദ്രസര്‍ക്കാര്‍ ആ നിയമംവഴി പുരുഷന്റെ വിവാഹപ്രായത്തിനും 21 എന്ന് പരിധിവെച്ചിട്ടുണ്ട്. ഈ ന്യായമനുസരിച്ച് അതും മതനിയമത്തിനെതിരാണ്. അതിനെതിരെ എന്തെങ്കിലും ആലോചിക്കുകയോ പ്രസ്താവിക്കുകയോ ഉണ്ടായിട്ടില്ല! അതുകൊണ്ട് പുരുഷന് യാതൊരു അസൗകര്യവും ഇപ്പോഴില്ല എന്നതുതന്നെ കാര്യം.
3.മതനിയമത്തില്‍ വയസ്സറിയിച്ചാല്‍ പെണ്‍കുട്ടിയെ കെട്ടിക്കാം എന്നുണ്ട്; കെട്ടിക്കണം എന്നല്ല. കെട്ടിക്കാം എന്ന അനുവാദം കെട്ടിക്കണം എന്ന നിര്‍ബന്ധമായി വ്യാഖ്യാനിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? പെണ്ണിനുവേണ്ടിയല്ല, ആണിനുവേണ്ടിയാണ്.
4.മതനിയമത്തില്‍ വിവാഹപ്രായം ഇത്രയെന്ന് പറഞ്ഞിട്ടില്ല. അത് ഇത്രയെന്ന് നിര്‍ണയിക്കരുതെന്നും പറഞ്ഞിട്ടില്ല. പിന്നെ അതെങ്ങനെ മതവിരുദ്ധമാവും? പാകിസ്താന്‍ അടക്കമുള്ള എത്രയോ മുസ്‌ലിം രാജ്യങ്ങള്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിവാഹത്തിന് പ്രായപരിധി വെച്ചിട്ടുണ്ട്. അവിടെയെങ്ങുമില്ലാത്ത എന്ത് മതവിരുദ്ധതയാണ് ഇവിടത്തെ പ്രായപരിധിക്കുണ്ടാവുക?
5.വയസ്സറിയിക്കുംമുമ്പേ പെണ്‍കുട്ടികളെ കെട്ടിച്ചുവിടണം എന്നൊരു നിയമം വന്നാല്‍ അത് മതവിരുദ്ധമാവും. ഭാഗ്യവശാല്‍ ഇന്ത്യയില്‍ അത് വന്നിട്ടില്ല. വരുമെന്നും തോന്നുന്നില്ല!
ഇത്തരം സംഗതികളില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് വന്നുഭവിക്കുന്ന അസൗകര്യങ്ങളെല്ലാം പൊതുവാണ്. അവിടെ പ്രത്യേകമതക്കാര്‍ക്ക് മാത്രമായി പ്രശ്‌നങ്ങളൊന്നുമില്ല; അതുകൊണ്ടുതന്നെ അവര്‍ക്ക് സാമുദായികമായി പരിഹാരങ്ങള്‍ അന്വേഷിക്കേണ്ടതില്ല.
പിന്നെ, ഇന്ത്യന്‍ ജനാധിപത്യവും ഇസ്‌ലാം മതനിയമസംഹിതയും ഒരുപോലെ സ്ത്രീക്ക് അനുവദിച്ചുകൊടുത്ത അവകാശമാണ് സ്വന്തം വിവാഹത്തില്‍ തീര്‍പ്പെടുക്കാനുള്ള അധികാരം. സ്ത്രീ രക്ഷാകര്‍ത്താവിന്റെ ഇഷ്ടപ്രകാരം കൈകാര്യംചെയ്യാവുന്ന ഒരു ഉത്പന്നമാണെന്ന് വിചാരിക്കുന്നത് ജനാധിപത്യവിരുദ്ധം എന്നപോലെ ഇസ്‌ലാമികവിരുദ്ധവുമാണ്. 'കെട്ടിച്ചുകൊടുക്കുക' എന്ന നമ്മുടെ ഭാഷാശൈലിതന്നെയും വിവാഹത്തില്‍ സ്ത്രീ കര്‍തൃസ്ഥാനത്തല്ല, കര്‍മസ്ഥാനത്താണെന്ന് സൂചിപ്പിക്കുന്നുണ്ട്.
ഒരു പെണ്‍കുട്ടി മുഹമ്മദ് നബിയുടെ സദസ്സില്‍ വന്ന്, തന്റെ അറിവോ അനുവാദമോ ഇല്ലാതെ ബാപ്പ തന്നെ ഇന്നയാള്‍ക്ക് കെട്ടിച്ചുവെന്ന് പരാതിപ്പെട്ടു.
നബി ചോദിച്ചു: ''നിനക്ക് പ്രായപൂര്‍ത്തിയായിട്ടില്ലേ?''
''ആയിട്ടുണ്ട്.''
''നിന്നോട് ചോദിക്കാതെയാണോ കെട്ടിച്ചത്?''
''അതെ.''
'ശരി, ഇഷ്ടമില്ലെങ്കില്‍ ആ വിവാഹം നിനക്ക് റദ്ദാക്കാം. പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ നടക്കുന്ന നിക്കാഹിന് സാധുതയില്ല.''
'പ്രവാചകരേ, ഭര്‍ത്താവിനെ എനിക്കിഷ്ടമായി. ഞാന്‍ തൃപ്തയാണ്. ഈ സഭയില്‍ വന്ന് ഞാന്‍ ഇത് ചോദിച്ചത് അത്തരം കാര്യങ്ങളില്‍ തീര്‍പ്പെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടോ എന്ന് അങ്ങയുടെ മുഖത്തുനിന്ന് കേള്‍ക്കുന്നതിനുവേണ്ടിയാണ്.'
''തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ആ അവകാശമുണ്ട്.''
ശൈശവവിവാഹത്തിലെ 'ഇര'കള്‍ക്ക് ഈ അവകാശം ഇന്ത്യയില്‍ കിട്ടിയത് 2006-ലെ ശൈശവ വിവാഹ നിരോധന നിയമത്തോടുകൂടിയാണ്. അതനുസരിച്ച് ഇളംപ്രായം (മൈനര്‍) ആയിരിക്കെ, രക്ഷാകര്‍ത്താക്കള്‍ നടത്തിയ വിവാഹം ഇഷ്ടമില്ലെങ്കില്‍, മുതിര്‍ന്നാല്‍ (മേജര്‍) റദ്ദാക്കിക്കിട്ടുന്നതിന് കുട്ടികള്‍ക്ക് കോടതിയെ സമീപിക്കാം.
പെണ്‍കുട്ടിയും ആണ്‍കുട്ടിയും മുതിര്‍ന്നു (മേജര്‍) എന്ന് ഇന്ത്യയില്‍ പറയണമെങ്കില്‍ 18 വയസ്സാവണം. 1875 മുതല്‍ അങ്ങനെയാണ്. അതിന് താഴെയുള്ളവരെല്ലാം കുട്ടി (മൈനര്‍)യാണ്. അവര്‍ക്ക് വസ്തു വില്‍ക്കാനോ കരാറില്‍ ഏര്‍പ്പെടാനോ വോട്ടുചെയ്യാനോ ഒന്നും അധികാരമില്ല. പിന്നെയല്ലേ, വിവാഹം?
രാജ്യത്തെ നിയമത്തിന്റെയും നീതിന്യായത്തിന്റെയും മുമ്പില്‍ തുല്യത കിട്ടണമെന്ന് ആവശ്യപ്പെടുന്നവര്‍ നിയമം അനുസരിക്കാന്‍ എല്ലാവരും ഒരുപോലെ ബാധ്യസ്ഥരാണ് എന്ന വകതിരിവ് കാണിക്കണം.
ആ യോഗത്തിന്റെ സ്ത്രീവിരുദ്ധതയ്ക്ക് വലിയ പ്രമാണം ഞാന്‍ വേറെ ഹാജരാക്കാം:
മുസ്‌ലിങ്ങള്‍ അടക്കമുള്ള അനേകം സമൂഹങ്ങളില്‍ ശൈശവവിവാഹം എന്ന ജീര്‍ണതയുണ്ട്. അത് പിന്നെപ്പിന്നെ കുറഞ്ഞുവരികയുമാണ്. ഏഴാംനൂറ്റാണ്ടിലേക്ക് തിരിച്ചുനടക്കുന്ന രീതിയില്‍, അത് 'മതപരമായ അവകാശം' ആണ് എന്നുവാദിക്കുന്ന മതപണ്ഡിതര്‍ സ്വന്തം സമുദായത്തിലെ സ്ത്രീകള്‍ക്കെതിരായിട്ടാണ് സംസാരിക്കുന്നത്. അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കാന്‍പോകുന്നത് മറ്റുവല്ലവരുമല്ല, സ്വന്തക്കാര്‍തന്നെയാണ്. സ്ത്രീയോട് കാണിക്കുന്ന ഏത് വിവേചനവും സെല്‍ഫ് ഗോള്‍ ആണ്. www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment