Thursday, 5 September 2013

[www.keralites.net] AADHAR

 

ഇനി ആധാറിനായി അലയേണ്ട, ആധാറിനായി പരക്കം പായുന്നവര്‍ക്കിതാ ഒരു വഴികാട്ടി

കേരളത്തിലെ ശരാശരി മലയാളികള്‍ ഇപ്പോള്‍ ആധാറിന്‌ പുറകേയാണ്‌. കാരണം സാധാരണ മലയാളികളെല്ലാം തന്നെ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ കൈപ്പറ്റുന്നവരാണ്‌. ഇനിമുതല്‍ സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ആധാര്‍ വഴിയായിരിക്കുമെന്നാണ്‌ പറയുന്നത്‌. സബ്‌സിഡികള്‍, ക്ഷേമ പെന്‍ഷനുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ അങ്ങനെ എല്ലാം ആധാര്‍ വഴി ബാങ്കുകളിലേക്ക്‌ മാറുന്നു. അതെല്ലാം സഹിക്കാം, പാചകവാതകത്തിന്‌ സബ്‌സിഡി കിട്ടണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നു പറഞ്ഞപ്പോഴാണ്‌ മലയാളികള്‍ ശരിക്കും ഓട്ടം ആരംഭിച്ചത്‌.

എന്തു ചെയ്യണമെന്നറിയാതെ ആധാറിനായി നെട്ടോട്ടമോടുന്നവര്‍ക്ക്‌ ഒരു വഴികാട്ടിയാവുകയാണ്‌ മലയാളി വാര്‍ത്ത.

എന്താണ്‌ ആധാര്‍?

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും നല്‍കാനുദ്ദേശിക്കുന്ന വിവിധോദ്ദേശ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ്‌ ആധാര്‍. നാളത്തെ നമ്മുടെ അടിസ്ഥാന രേഖകൂടിയായി ആധാര്‍ മാറും. ആധാറിലൂടെ എല്ലാ പൗരന്മാര്‍ക്കും 12 അക്ക ആധാര്‍ നമ്പര്‍ നല്‍കും. ഇതിനെ യുണീക്ക്‌ ഐഡന്റിറ്റി അഥവാ ആധാര്‍ യു.ഐ.ഡി. എന്നാണ്‌ പറയുന്നത്‌. യൂണീക്ക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യക്കാണ്‌ (U.I.D.A.I) ആധാറിന്റെ പൂര്‍ണ ചുമതല.



5 വയസിന്‌ മുകളിലുള്ള എല്ലാവരും ആധാര്‍ കാര്‍ഡ്‌ എടുക്കണം. ഇത്‌ നിര്‍ബന്ധമല്ലെങ്കിലും സ്‌കൂളില്‍ ചേര്‍ക്കുന്നതുമുതലുള്ള എല്ലാ കാര്യങ്ങള്‍ക്കും ഭാവിയില്‍ ആധാര്‍ വേണ്ടിവരും. കാരണം നമ്മുടെ അടിസ്ഥാന വിവരങ്ങള്‍ക്കു പുറമേ കണ്ണ്‌, വിരലടയാളം തുടങ്ങിയ ബയോമെട്രിക്‌ വിവരങ്ങളും ആധാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഒരു വ്യക്തിയ്‌ക്ക്‌ ഒരു ആധാര്‍ നമ്പര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇതിന്‌ ആയുഷ്‌ക്കാല സാധുതയാണുള്ളത്‌. ഒരു നിശ്ചിത കാലയളവിനുശേഷം പുതുക്കേണ്ട ആവശ്യം ഇതിനില്ല.

ആധാറെടുക്കാന്‍ ഫീസ്‌ നല്‍കണോ?

ഇന്ത്യ ഗവര്‍മെന്റ്‌ എല്ലാ പൗരന്മാര്‍ക്കും നല്‍കുന്ന സൗജന്യ സേവനമാണ്‌ ആധാര്‍. ആധാറിന്‌ യാതൊരു വിധ ഫീസും തന്നെയില്ല. അക്ഷയ കേന്ദ്രങ്ങളില്‍ പോലും ഫീസ്‌ നല്‍കേണ്ടതില്ല.

ആധാര്‍ എവിടെ നിന്നും കിട്ടും, എങ്ങനെ അപേക്ഷിക്കണം?

ആധാര്‍ എവിടെക്കിട്ടും എന്നറിയാനായി അലഞ്ഞു നടക്കേണ്ടതില്ല. തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ എവിടെയൊക്കെ ആധാറിനായി അപേക്ഷിക്കാമെന്നറിയാം. തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാറിനായി അപേക്ഷിക്കാം. അല്ലെങ്കില്‍ ഒരു പ്രദേശത്ത്‌ നിശ്ചിത സമയത്ത്‌ ആധാറിനായി പ്രത്യേക സജ്ജീകരണവുമൊരുക്കാറുണ്ട്‌. രാജ്യത്ത്‌ ഇതിനായി 174 എന്‍ട്രോള്‍മെന്റ്‌ ഏജന്‍സികളുമുണ്ട്‌. ആധാര്‍ കാര്‍ഡിനുവേണ്ടി അപേക്ഷ നല്‍കേണ്ട കേന്ദ്രങ്ങളെ, ആധാര്‍ എന്‍റോള്‍മെന്റ്‌ സെന്റര്‍ എന്നാണ്‌ പറയുന്നത്‌.

സൗകര്യപ്രദമായ ആധാര്‍ കേന്ദ്രങ്ങള്‍ അറിയാന്‍ ഈ ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക.

http://www.akshaya.kerala.gov.in/files/Aadhar_Full_Page_Final.pdf



ആധാറിന്‌ എന്തൊക്കെ രേഖകള്‍ വേണം?

ആധാറിന്‌ അപേക്ഷിക്കാനുള്ള ഫോം എല്ലാ ആധാര്‍ എന്‍ട്രോള്‍ സെന്ററുകളില്‍ നിന്നുതന്നെ സൗജന്യമായി കിട്ടും. ആധാറിനുള്ള ഫോം ഡൗണ്‍ലോഡ്‌ ചെയ്യ്‌ത്‌ എടുക്കുന്നതിനായി ഈ ലിങ്കില്‍ പോയിhttp://www.akshaya.kerala.gov.in/index.php/application-forms/cat_view/62-applicationforms , UID enrollment Form... എന്ന ഫോം ഡൗണ്‍ലോഡ്‌ ചെയ്യുക.

ആധാറിനായി അപേക്ഷിക്കാന്‍ പോകുമ്പോള്‍ നിര്‍ബന്ധമായും നമ്മുടെ തിരിച്ചറിയല്‍ രേഖകള്‍ വേണം. ഒന്നാമതായി ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയാണ്‌ വേണ്ടത്‌. അതിനായി ഇലക്ഷന്‍ ഐഡന്‍ഡിറ്റി കാര്‍ഡോ, പാസ്‌പോര്‍ട്ടോ, ഡ്രൈവിംഗ്‌ ലൈസന്‍സോ മറ്റോ മതിയാകും. രണ്ടാമതായി അഡ്രസ്‌ തെളിയിക്കുന്ന രേഖയാണ്‌ വേണ്ടത്‌. ഇതിനായി റേഷന്‍കാര്‍ഡോ , പാസ്‌ബുക്കോ മറ്റോ മതിയാകും. ഇവയിലൊന്നും വയസ്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ വയസ്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും വേണ്ടിവരും.

പുതിയ സ്ഥലത്താണ്‌ താമസിക്കുന്നതെങ്കില്‍ അതിന്‌ മതിയായ രേഖകള്‍ നല്‍കിയാലേ ആ അഡ്രസില്‍ ആധാര്‍ ലഭിക്കൂ. അഡ്രസ്‌ പ്രൂഫിലെ അഡ്രസായിരിക്കും ആധാറില്‍ ഉള്‍പ്പെടുത്തുക.

ഫോമില്‍ പറയുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ച്‌, മുകളില്‍ പറഞ്ഞസര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയോടൊപ്പം ആധാര്‍ എന്‍ട്രോള്‍ ചെയ്യുന്ന സ്ഥലത്ത്‌ നല്‍കണം. അവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായും കരുതണം. തിരക്കാണെങ്കില്‍ ഫോട്ടോയെടുക്കാനുള്ള സമയം അവര്‍ അറിയിക്കും.

ആധാര്‍ എന്‍ട്രോള്‍ ചെയ്യുന്ന വിധം

ആദ്യമായി നമ്മള്‍ സമര്‍പ്പിക്കുന്ന രേഖകളുടെ പരിശോധനയാണ്‌ നടക്കുക. അതിനുശേഷം പേരും അടിസ്ഥാനവിവരങ്ങളും കമ്പ്യൂട്ടറില്‍ ചേര്‍ക്കും. ആ വിവരങ്ങള്‍ ശരിയാണോ എന്ന്‌ പരിശോധിക്കാവുന്നതാണ്‌. അവ സസൂക്ഷ്‌മം നോക്കി തെറ്റ്‌ തിരുത്തേണ്ടതാണ്‌. അല്ലെങ്കില്‍ നമുക്ക്‌ കിട്ടുന്ന ആധാറിലെ വിവരങ്ങളും തെറ്റായിരിക്കും. വീണ്ടും അവ തിരുത്താന്‍ നടക്കണം.

തുടര്‍ന്ന്‌ വിരലടയാളം, കൃഷ്‌ണമണി സ്‌കാന്‍ എന്നിവയെടുക്കും.



പിന്നീടാണ്‌ ഫോട്ടോയെടുക്കുക. ഓപ്പറേറ്റര്‍ തന്റെ വിരലടയാളം പതിച്ച്‌ അതിന്‌ അംഗീകാരം നല്‍കുന്നു. അതോടെ പ്രിന്റ്‌ ചെയ്‌ത ഒരു അക്‌നോളജ്‌മെന്റ്‌ രേഖ നമുക്ക്‌ തരുന്നു. ഇത്‌ കളയാതെ സൂക്ഷിക്കണം. എന്തെങ്കിലും കാരണത്താല്‍ ആധാര്‍ കിട്ടാതെ വന്നാല്‍ ഈ പേപ്പറിലെ വിവരങ്ങള്‍ പിന്നീട്‌ ഉപകരിക്കുന്നതാണ്‌.

ആധാര്‍ എന്നു കിട്ടും?

60 മുതല്‍ 90 ദിവസത്തിനുള്ളില്‍ പോസ്റ്റലിലൂടെ ആധാര്‍ കാര്‍ഡ്‌ വീട്ടിലെത്തും. ആധാര്‍ കിട്ടിക്കഴിഞ്ഞാല്‍ താഴെക്കാണുന്ന ചെറിയ ലൈന്‍ ചേര്‍ത്ത്‌ മുറിച്ചെടുത്ത്‌ ലാമിനേറ്റ്‌ ചെയ്യുന്നത്‌ നന്നായിരിക്കും. കൂടുതല്‍ കാലം ആധാര്‍ കാര്‍ഡ്‌ കേടുകൂടാതെയിരിക്കാന്‍ ഇത്‌ സഹായിക്കും. ബാക്കിഭാഗം സൂക്ഷിച്ച്‌ വയ്‌ക്കേണ്ടതാണ്‌.



ആധാര്‍ കിട്ടാതെ വന്നാല്‍ എന്തു ചെയ്യും?

അഥവാ ആധാര്‍ കിട്ടാന്‍ വൈകുകയാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ഇ-ആധാര്‍ എടുക്കാവുന്നതാണ്‌. മിക്ക കാര്യങ്ങള്‍ക്കും ഇ-ആധാര്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്‌. ആധാര്‍ എന്‍ട്രോള്‍ ചെയ്‌ത സമയത്ത്‌ കിട്ടിയ അക്‌നോളജ്‌മെന്റിലെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച്‌ വളരെ ലളിതമായി ഇ-ആധാര്‍ എടുക്കാവുന്നതാണ്‌. പിരചയക്കുറവുള്ളവര്‍ക്ക്‌ ഇതിനായി അക്ഷയ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്‌.

ഇ-ആധാര്‍ ഓണ്‍ലൈനിലൂടെ എടുക്കുന്ന വിധം

ആധാറിനായി കാത്തിരിക്കാതെ വിവിധ ആവശ്യങ്ങള്‍ക്ക്‌ ഓണ്‍ലൈനായി ഇ-ആധാര്‍ നമുക്ക്‌ തന്നെ എടുക്കാവുന്നതാണ്‌. ആദ്യമായി www.eaadhaar.uidai.gov.in/eDetails.aspx എന്ന വെബ്‌ സൈറ്റില്‍ കയറുക




അക്‌നോളജ്‌മെന്റ്‌ കോപ്പിയുടെ ഇടതുവശത്ത് മുകളിലായി കാണുന്ന എന്‍ട്രോള്‍ നമ്പര്‍, തീയതിയും സമയവും നല്‍കണം. തുടര്‍ന്ന് പേരും നാം നല്‍കിയിരിക്കുന്ന പിന്‍ കോഡും നല്‍കി അതിനു ചുവടെ കാണുന്ന കോഡ് അവസാന കോളത്തില്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.

ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ അടുത്ത പേജ് പ്രത്യക്ഷപ്പെടും. നമ്മുടെ മൊബൈല്‍ നമ്പര്‍ നല്‍കി Subit ബട്ടണ്‍ അമര്‍ത്തുക.

മൊബൈലില്‍ SMS രൂപത്തില്‍ ലഭിക്കുന്ന പാസ് വേര്‍ഡ് നല്‍കി വീണ്ടും സബ്മിറ്റ് ചെയ്യുക.

ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ബട്ടണ്‍ അടങ്ങിയ പുതിയ പേജ് പ്രത്യക്ഷപ്പെടും.



ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. പാസ് വേര്‍ഡ് എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്ന പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലും നാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്. ഇനി ആധാര്‍ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

ബാങ്കുമായി ആധാര്‍ ബന്ധിപ്പിക്കുന്നതെങ്ങനെ?

സര്‍ക്കാര്‍ ആനുകൂല്യം ഇനി ദേശസാല്‍കൃത ബാങ്കുവഴി മാത്രമാണ്‌. അതിനാല്‍ ആധാര്‍ നമ്പര്‍ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതാണ്‌. അതിനായി വലിയ ബുദ്ധിമുട്ടില്ല. നമ്മുടെ ആധാര്‍ കാര്‍ഡോ ഇ-ആധാറോ കോപ്പി സഹിതം, ആധാര്‍ നമ്പര്‍ ഇന്ന അക്കൗണ്ട്‌ നമ്പരുമായി ബന്ധിപ്പിക്കണമെന്ന്‌ കാണിച്ച്‌ ബാങ്കില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും.

ആധാര്‍ ഗ്യാസ്‌ കണക്ഷനുമായി ബന്ധിപ്പിക്കുന്നതെങ്ങനെ?

ഗ്യാസ്‌ കണക്ഷനുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ്‌ മലയാളികള്‍. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു കഴിഞ്ഞു. പാചക വാതക സിലിണ്ടറിന്റെ സബ്‌സിഡി ബാങ്കുകള്‍ വഴി മാത്രമാണ് നല്‍കുന്നത്. ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് പാചകവാതക സബ്‌സിഡി ലഭിക്കില്ല. ആധാര്‍ നമ്പര്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തെ സമയമാണ്‌ അനുവദിച്ചിട്ടുള്ളത്‌.

ഇതിനായി ബുദ്ധിമുട്ടേണ്ട. ഗ്യാസ്‌ കണക്ഷന്‍ വളരെ എളുപ്പത്തില്‍ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്‌. ഇത്‌ രണ്ട്‌ വിധത്തില്‍ ചെയ്യാവുന്നതാണ്‌. ഓണ്‍ലൈനായും നേരിട്ടും ആധാറുമായി ഗ്യാസ്‌ കണക്ഷന്‍ ബന്ധിപ്പിക്കാം.

ആദ്യമായി ആധാറിനെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പരുമായി ബന്ധിപ്പിക്കണം. അതിനുശേഷം ആധാറോ, ഇ-ആധാറോ കോപ്പി സഹിതം ഗ്യാസ്‌ ഏജന്‍സിയില്‍ എത്തണം. ഒപ്പം അപേക്ഷയും നല്‍കണം. അപേക്ഷയില്‍ ആധാര്‍ ബന്ധിപ്പിച്ച ബാങ്ക്‌ അക്കൗണ്ട്‌ നമ്പരും ബാങ്കും പ്രത്യകം തെറ്റുകൂടാതെ എഴുതണം. കാരണം സബ്‌സിഡി വരുന്നത്‌ ആ അക്കൗണ്ടിലേക്കാണ്‌.

ഓണ്‍ലൈന്‍ വഴി ഗ്യാസ്‌ കണക്ഷന്‍ ബന്ധിപ്പിക്കുന്ന വിധം?

ആദ്യമായി https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx എന്ന ലിങ്കില്‍ പോകുക.


അതില്‍ സംസ്ഥാനം, ജില്ല, ഗ്യാസ്‌ ബുക്കില്‍ കാണുന്ന ബെനിഫിറ്റ്‌ ടൈപ്പ്‌ , സ്‌കീമിന്റെ പേര്‌, ഡിസ്‌ട്രിബ്യൂട്ടറുടെ പേര്‌, കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ ടൈപ്പ്‌ ചെയ്യണം. അത്‌ കഴിഞ്ഞ്‌ നമ്മുടെ ഇമെയ്‌ലും മൊബൈല്‍ നമ്പരും ആധാര്‍ നമ്പരും നല്‍കുക. തുടര്‍ന്ന്‌ Submit കൊടുക്കുമ്പോള്‍ മൊബൈലിലേക്കോ അല്ലെങ്കില്‍ ഇമെയ്‌ലിലേക്കോ ഒരു മെസേജ്‌ വരും. തുടര്‍ന്നുവരുന്ന കണ്‍ഫര്‍മേഷന്‍ പേജില്‍ ആ നമ്പര്‍ ടൈപ്പ്‌ ചെയ്‌ത്‌ വീണ്ടും Submit കൊടുക്കുക. അപ്പോഴേക്കും ആധാര്‍ നമ്പര്‍ ഗ്യാസുമായി ബന്ധിപ്പിച്ചിരിക്കുന്ന സൂചന നമുക്ക്‌ കിട്ടും. ഓണ്‍ലൈനിലൂടെ ഗ്യാസ്‌കണക്ഷനുമായി ആധാര്‍ ബന്ധിപ്പിച്ചതിന്റെ പ്രിന്റൗട്ട്‌ ഗ്യാസ്‌ ഏജന്‍സിക്ക്‌ നല്‍കുകയും വേണം.

ഇനി മടിക്കേണ്ട എത്രയും വേഗം നിങ്ങളും ആധാര്‍ കാര്‍ഡ്‌ എടുത്തോളൂ. ഭാവിയിലെ ആവശ്യങ്ങള്‍ക്ക്‌ ആധാരമാകും ആധാര്‍, തീര്‍ച്ച.



പ്രിയ വായനക്കാര്‍ മലയാളി വാര്‍ത്തയുമായി പങ്കുവച്ച ചില സംശയങ്ങള്‍ക്കുള്ള മറുപടി

ആധാറും, പ്രവാസിയും

ഇന്ത്യക്ക്‌ പുറത്ത്‌ താമസിക്കുന്നവര്‍ക്ക്‌ (NRI) ആധാര്‍ എടുക്കുവാന്‍ പറ്റുമോ?

എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആധാര്‍ എടുക്കാന്‍ കഴിയും. പ്രവാസികളും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യാ ഗവര്‍മെന്റിന്റെ ഔദ്യോഗിക അംഗീകാരം ആധാറിനുള്ളതുകൊണ്ട്‌ പ്രവാസികള്‍ ആധാര്‍ എടുക്കുന്നത്‌ നന്നായിരിക്കും. എപ്പോഴെങ്കിലും നാട്ടില്‍ വന്ന്‌ താമസിക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ആധാര്‍ ഉപകാരപ്പെടും. അത്യാവശ്യസമയത്ത്‌ ആധാറിന്‌ പുറകേ നടന്നാല്‍ ഉടന്‍ കിട്ടണമെന്നില്ല. അതിനാല്‍ നേരത്തേ തന്നെ എടുക്കുന്നതായിരിക്കും നല്ലത്‌.

പുറം രാജ്യത്തിരുന്ന്‌ ഓണ്‍ലൈനായി ആധാര്‍ എടുക്കാന്‍ കഴിയുമോ?

ഇന്ത്യക്ക്‌ വെളിയിലിരുന്ന്‌ എങ്ങനെ ആധാറെടുക്കാന്‍ കഴിയുമെന്ന ആശങ്ക പല പ്രവാസി സുഹൃത്തുക്കളും മലയാളി വാര്‍ത്തയോട്‌ പങ്കുവച്ചിരുന്നു. പ്രവാസി മലയാളികളുടെ ഈ ആശങ്ക ഞങ്ങള്‍ ആധാര്‍-അക്ഷയ ഉദ്യോഗസ്ഥന്മാരോട്‌ അറിയിച്ചു.

ഓണ്‍ലൈനിലൂടെ ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ആധാര്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ കുറച്ചു ദിവസങ്ങള്‍കൂടി എടുക്കും. ഇപ്പോള്‍ പറ്റില്ല.

ഓണ്‍ലൈനിലൂടെ അപേക്ഷിച്ചു കഴിഞ്ഞാലും നാട്ടില്‍ വരണോ?

ആധാറില്‍ ഫോട്ടോ കൂടാതെ കണ്ണിന്റേയും, വിരലിന്റേയും സ്‌ക്യാനിംഗ്‌ ആവശ്യമായതിനാല്‍ തീര്‍ച്ചയായും ഒരുതവണ ഇന്ത്യയിലെ ആധാര്‍ സെന്ററില്‍ വന്നേ പറ്റൂ. അതിനായി പ്രവാസികള്‍ ധൃതിവയ്‌ക്കണ്ട. നാട്ടില്‍ വരുന്ന ദിവസം കണക്കുകൂട്ടി ആധാറിന്‌ ആപേക്ഷിച്ചാല്‍ മതിയാകും. ദിവസങ്ങള്‍ക്കകം തന്നെ ഇ-ആധാറും എടുക്കാമല്ലോ. പോസ്റ്റല്‍ വഴിവരുന്ന ആധാര്‍ കാര്‍ഡ്‌ ബന്ധുക്കള്‍ക്ക്‌ വാങ്ങി സൂക്ഷിക്കാനും കഴിയും.

മാത്രമല്ല ഓണ്‍ലൈനിലൂടെ അപേക്ഷിക്കുമ്പോള്‍ ആധാര്‍ സെന്ററില്‍ എത്തിച്ചേരാന്‍ പറ്റുന്ന സൗകര്യപ്രദമായ ഒരു ദിവസം തെരഞ്ഞെടുക്കാം. അന്നേരം ഓണ്‍ലൈനിലൂടെ അപേക്ഷിച്ചതിന്റെ ഒരു പ്രിന്റൗട്ടും കൂടി കൊണ്ട്‌ പോകണം.

ആധാറില്‍ തെറ്റു വന്നാല്‍ തിരുത്താമോ? പുതുതായി വിവരങ്ങള്‍ ചേര്‍ക്കാന്‍ എന്തു ചെയ്യണം?

ആധാറില്‍ തെറ്റുവരുന്നത്‌ സ്വാഭാവികമായതിനാല്‍ തന്നെ അതില്‍ തിരുത്താനുള്ള സൗകര്യവുമുണ്ട്‌. ഓണ്‍ലൈന്‍ വഴിയും ആധാര്‍ സെന്ററുകള്‍ വഴിയും തെറ്റ്‌ തിരുത്താവുന്നതാണ്‌. ആധാര്‍ കേന്ദ്രങ്ങള്‍ വഴിയാണ്‌ തെറ്റ്‌ തിരുത്താന്‍ പോകുന്നതെങ്കില്‍ ശരിയായ വസ്‌തുതയുടെ ഒറിജിനലും, കോപ്പിയും കരുതേണ്ടതാണ്‌.

ആധാര്‍ നമ്പര്‍ ബാങ്കുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈനിലൂടെ പറ്റുമോ?

ആധാര്‍ നമ്പര്‍ ബാങ്കുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈനിലൂടെ ഇപ്പോള്‍ സാധ്യമല്ല. നേരിട്ട്‌ ബാങ്കില്‍ അപേക്ഷ നല്‍കണം.

ഗള്‍ഫിലുള്ള ആളുടെ പേരിലാണ്‌ ഗ്യാസ്‌ കണക്ഷന്‍, ആധാറില്ല. എന്തു ചെയ്യാന്‍ കഴിയും?

ആധാറില്ലെങ്കിലും ഗ്യാസ്‌ സിലിണ്ടര്‍ ലഭ്യമാകും. പക്ഷെ മൂന്നു മാസത്തിനുശേഷം സബ്‌സിഡിയോടു കൂടി ഗ്യാസ്‌ സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ തീര്‍ച്ചയായും ആധാര്‍ എടുത്തിരിക്കണം. ഗ്യാസ്‌ കണക്ഷന്‍ ആരുടെ പേരിലാണോ ഉള്ളത്‌ അവരുടെ പേരിലുള്ള ആധാറാണ്‌ അംഗീകരിക്കുക. കാരണം ആ ആളുടെ ബാങ്ക്‌ അക്കൗണ്ടാണ്‌ ആധാറുമായി ബന്ധിപ്പിക്കുന്നത്‌. അപ്പോള്‍ സ്വാഭാവികമായും സബ്‌സിഡി പോകേണ്ടതും ആ ആളിന്റെ അക്കൗണ്ടിലായിരിക്കും. യഥാര്‍ത്ഥ ആളിന്‌ സബ്‌സിഡി ആനുകൂല്യം കിട്ടുക എന്നത്‌ ലക്ഷ്യമാക്കിയാണ്‌ ആനുകൂല്യങ്ങളെല്ലാം ആധാര്‍ വഴിയാക്കിയത്‌ തന്നെ. ആധാറില്ലാത്ത ഗള്‍ഫിലുള്ള ആളാണ്‌ ഗ്യാസ്‌ കണക്ഷന്റെ അവകാശി എങ്കില്‍ ഒന്നുകില്‍ വീട്ടിലെ ഭാര്യയുടേയോ മറ്റോ പേരില്‍ ഗ്യാസ്‌ കണക്ഷന്‍ മാറ്റുക. പക്ഷേ അവര്‍ക്ക്‌ ആധാര്‍ ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ ചെയ്യാവുന്നത്‌ നാട്ടില്‍ വരുന്നതുവരെ സബ്‌സിഡിയില്ലാതെ സിലിണ്ടര്‍ വാങ്ങുക. വന്നതിനു ശേഷം ആധാര്‍ എടുത്ത്‌ ഗ്യാസ്‌ കണക്ഷനുമായി ബന്ധിപ്പിച്ചാലും മതിയാകും.

ഗ്യാസ്‌ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍?

മൂന്ന്‌ മാസത്തിനു ശേഷം എല്ലാവരും ഒരു ഗ്യാസ്‌ സിലിണ്ടറിന്‌ മുഴുവന്‍ തുകയായ 900 രൂപയില്‍ കൂടുതല്‍ അടയ്‌ക്കണം. ഇപ്പോള്‍ അടയ്‌ക്കുന്ന 435 രൂപ കഴിച്ചുള്ള ബാക്കിയുള്ള സബ്‌സിഡി തുക ആധാര്‍വഴി ബാങ്ക്‌ അക്കൗണ്ടില്‍ എത്തും. ആധാറുമായി ഗ്യാസ്‌കണക്ഷന്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ആ സബ്‌സിഡി തുക ലഭിക്കില്ല. നമ്മുടെ കൈയ്യില്‍ നിന്നും ഏതാണ്ട്‌ 500 രൂപയോളം ഒരു സിലിണ്ടറിന്‌ നഷ്‌ടമാകും.

ഏതെല്ലാം ബാങ്കുകളാണ്‌ ആധാറിന്‌ അംഗീകരിച്ചിട്ടുള്ളത്‌?

ദേശസാല്‍കൃത ബാങ്കുകളിലെ അക്കൗണ്ടുകളാണ്‌ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയുക. ആധാറുമായി പങ്കാളിത്തമുള്ള ബാങ്കുകളും സ്ഥാപനങ്ങളും ഇവയാണ്‌. 

Posted by
:sk_mikkanchi 
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment