മടങ്ങിവരുമോ..നമ്മളെ ചിരിപ്പിച്ച ആ ചിരികള്‍
കളിയില്‍ തോറ്റ് നിരാശനായി പടിപ്പുരകടന്ന് വന്ന മകനേ നോക്കി നിര്‍ദ്ദോഷമായി ആ അച്ഛന്‍ വിളിച്ച് പറയേണ്ടത് ഇങ്ങനെ മാത്രം. ദേ വസുമതീ. തോറ്റ് തൊപ്പിയിട്ട് വന്നിരുക്കുന്നു നിന്റെ മോന്‍.. തീര്‍ത്തും സ്വാഭാവികമായ സംഭാഷണം. പക്ഷേ ഗൃഹനാഥന്‍ പറഞ്ഞു വന്നപ്പോഴേയ്ക്കും തൊണ്ടയില്‍ ഏമ്പക്കം കുടിയേറി. പുറത്ത് വന്നതിങ്ങനെ..വസുമതീ.. ദേ നിന്റെ മോാാാ...ന്‍ന്‍... അന്നും ഇന്നും പരീക്ഷയായായാലും കളിയായാലും തോറ്റ് തൊപ്പിയിട്ട് വരുന്നവരേ കാണുമ്പോള്‍ അറിയാതെ മലയാളികളുടെ നാവില്‍ വരും.. ദേ തോറ്റ് തൊപ്പിയിട്ട് വന്നിരിക്കുന്നു.. നിന്റെ...
അത്ര ബുദ്ധിജീവിയൊന്നുമല്ലാത്ത സാദാ മലയാളിയ്ക്ക് അവന്റെ നിത്യജീവിതത്തില്‍ പലപ്പോഴും ഒരു ചൂണ്ട് പലകയാണ് സിനിമയിലെ ചിരി. വെടിവെട്ടങ്ങള്‍ക്കിടയ്ക്ക് ഓര്‍ത്ത് പറഞ്ഞ് ചിരിയ്ക്കാനുളള കുറേ ഒറ്റമൂലികള്‍. മുല്ലപ്പെരിയാല്‍ ഡാം തമിഴ്‌നാടിന്റെതാണെന്ന് ജയലളിത പറയുമ്പോള്‍ ഏത് മനുഷ്യനാണ് ചിന്തിച്ച് പോകാത്തത് തറവാട്ടിലേയ്ക്ക് കൊണ്ട് പോകുമ്പോഴേയ്ക്ക് രണ്ട് ബക്കറ്റ് വെളളം കൂടി മാറ്റി വച്ചേക്കണേ.. ഞങ്ങള്‍ അച്ഛനും മക്കള്‍ക്കും കുളിയ്ക്കാനുളളതാണെന്ന്.. (മേലേപ്പറമ്പില്‍ ആണ്‍വീട്). ശുദ്ധമായ സിനിമ ചിരിയേ നമ്മള്‍ ജീവിതവുമായി ചേര്‍ക്കുകയാണ്.
ഫെയ്‌സ് ബുക്കില്‍ കമന്റ്‌സുകള്‍ക്കിടയില്‍ മിക്കപ്പോഴും പേസ്റ്റ് ചെയ്യപ്പെടുന്നത് മറക്കാന്‍ കഴിയാത്ത സിനിമയുടെ നല്ല നിമിഷങ്ങളാണ്. കാലവും സൗഹൃദവും ഇഴകോര്‍ത്തപ്പോള്‍ വിരിഞ്ഞ നല്ലനേരമ്പോക്കുകള്‍ ..മള്‍ട്ടിപഌക്‌സുകളുടെ ശീതളിമയിലേയ്‌ക്കെത്തുന്നതിന് മുമ്പ് മൂട്ട കടിയുളള ഓലകൊട്ടകകളില്‍ പടര്‍ന്ന് പന്തലിച്ച നല്ല ചിരികള്‍.. എന്തൊരു കാലമായിരുന്നു അത്.ഗോപാലകൃഷ്ണനും ബാലകൃഷ്ണനും ദാസനും വിജയനും പവനായിയും ഗഫൂര്‍ കാ ദോസ്തും ഹംസക്കോയും മത്തായിച്ചനും കീലേരി അച്ചുവും ഗോവിന്ദന്‍കുട്ടിയും അപ്പുകുട്ടനും തോമസുകുട്ടിയുമൊക്കെ മേഞ്ഞ് നടന്ന കാലം...ഗര്‍വാസീസാശാന്റെ കാല്‍ തല്ലിയൊടിച്ചവനോട് എല്‍ദോയ്ക്ക് അങ്ങനെ പൊറുക്കാന്‍ കഴിയുമോ...ഇവരെയൊക്കെ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുന്നത്.
എണ്‍പത് പിന്നിട്ട മലയാളസിനിമയുടെ മുഖത്ത് പുഞ്ചിരി വിടരാന്‍ തുടങ്ങിയിട്ട് കഷ്ടിച്ച് അമ്പത് വര്‍ഷത്തില്‍ മേലാകില്ല.അടൂര്‍ഭാസി, ബഹദൂര്‍ കാലഘട്ടമാവുമ്പോഴാണ് അത്തരമൊരു സാധ്യത സിനിമയില്‍ ഉരുത്തിരിയുന്നത്. തുടക്കത്തില്‍ ഉണ്ടായിരുന്നത് പോലെ വിദൂഷകവേഷമായിരുന്നു അവര്‍ക്കും. കഥയുടെ ഓരത്ത് കൂടി എത്തി ചതുരവടിവില്‍ സംഭാഷണത്തിനിടയില്‍ എവിടെയോ ഒന്ന് ചിരിവരുത്തി പോകുന്നു. തീര്‍ന്നു. അടുക്കളഹാസ്യത്തിന്റെ വേവല്‍ ആയിരുന്നു കുറേക്കാലം. നസീറിന്റെ കാലത്ത് ശൃംഗാരത്തില്‍ പൊതിഞ്ഞ നേരമ്പോക്കുകള്‍ കണ്ട് നായികയ്‌ക്കൊപ്പം തീയേറ്ററുകളും ഇളകി മറിഞ്ഞു. ഭാസി ബഹദൂര്‍ എന്നത് ഒരു ബ്രാന്‍ഡഡ് പേരായി മാറി. ഇത്തരത്തില്‍ കാര്‍ട്ടൂണ്‍ പോലും ഉണ്ടായി. പക്ഷേ അവര്‍ ഉണ്ടാക്കിയ നര്‍മ്മം ഒരു പ്രത്യേക കാലഘട്ടത്തിന്റെ മാത്രമായി ചുരുങ്ങി. അതൊന്നും പ്രേക്ഷകന്‍ പിന്നീട് ചിന്തയിലോ സംഭാഷണത്തിലോ കൊണ്ട് വന്നില്ല. കൃത്യമായി പറഞ്ഞാല്‍ എണ്‍പത്- തൊണ്ണൂറ് കാലഘട്ടങ്ങളാണ് സിനിമയില്‍ ചിരിയുടെ വസന്തകാലം കടന്ന് വരുന്നത്.
ഒരു നല്ല കൂട്ടായ്മ ഇവിടെ രൂപപ്പെടാന്‍ തുടങ്ങി. അച്ചടിച്ച സംഭാഷണം നിരത്തി ചിരി വരുത്തിയിരുന്ന കാലത്തില്‍ നിന്ന് സ്വാഭാവികമായ നര്‍മ്മത്തിലേയ്ക്ക് സിനിമ മാറാന്‍ തുടങ്ങി.ജഗതി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജഗതിയാവുന്നത് ഈ കൂട്ടായ്മയുടെ അനന്തരഫലമാണ്.
പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും കമലും സിദ്ദിഖ് ലാലും താഹ അശോകനും കടന്ന് ഇങ്ങ് തുളസിദാസ് അനില്‍ബാബു വരെ ചിരിയുടെ നല്ല നിമിഷങ്ങള െഫ്രെയ്മിലാക്കി. തിരക്കഥകൃത്തുക്കളെ നോക്കിയാല്‍ വേണുനാഗവളളി, ശ്രീനിവാസന്‍, രഘുനാഥ് പലേരി, വി ആര്‍ ഗോപാലകൃഷ്ണന്‍, കല്ലൂര്‍ ഡെന്നീസ്, രഞ്ജിത്ത്, ചുരുക്കം മാത്രമാണ് ഇത്. കുറച്ച്് സിനിമ കൊണ്ട് പോലും മലയാളികളെ ചിരിപ്പിച്ച ശശിധരന്‍ ആറാട്ട്് വഴിയും ബി ജയചന്ദ്രനും ( മൂക്കില്ലാരാജ്യത്ത് ) രഞ്ജിപണിക്കര്‍ ( ഡോ. പശുപതി, ആകാശകോട്ടയിലെ സുല്‍ത്താന്‍)തുടങ്ങിയവര്‍ വരെ കൊമഡിസിനിമയുടെ വലിയൊരു ലോകംതുറന്നു. തീയേറ്ററില്‍ തലയറഞ്ഞ് ചിരിച്ചതൊപ്പം ഓര്‍മ്മയിലേയ്ക്ക് കൂടി അത് റെക്കോര്‍ഡ് ചെയ്യപ്പെടുകായിരുന്നു.
പഞ്ചായത്തിരാജ് സംവിധാനം നിലവില്‍ വരാത്ത കാലത്തെ പഞ്ചായത്തുകളുടെ അവസ്ഥ അറിയുവാനുളള ചരിത്ര പുസ്തകമായി കെ ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം മാറുന്നത്് അതുകൊണ്ടൊക്കെ തന്നെയാണ്. കാരിക്കേച്ചര്‍ ഓര്‍മ്മ ഉണര്‍ത്തുന്ന ആ സിനിമ ഇന്നും വ്യത്യസ്തമായ അനുഭവമാണ്. ഗൗരവമായി സിനിമയേ സമീപിച്ചിരുന്ന ഭരതനും പത്മരാജനും ലോഹിതദാസും എന്തിന് എം ടി പോലും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന നര്‍മ്മം എഴുതിചേര്‍ത്തിട്ടുണ്ട്്്.
സത്യന്‍- ശ്രീനിവാസന്‍ മോഹന്‍ലാല്‍ ടീമും പ്രിയന്‍ ശ്രീനിവാസന്‍ ടീമും സത്യന്‍ രഘുനാഥ് പലേരി ടീമും വ്യത്യസ്തമായ ചിന്തകളെ നര്‍മ്മത്തില്‍ കലര്‍ത്തി. പ്രിയന്‍ സിനിമകള്‍ ഇംഗഌഷ് അനുകരണമെന്ന് പഴി കേള്‍ക്കുമ്പോളും അതിന്റെ മേന്‍മയെന്നത് അനുകരണത്തിനിടയിലും കാണിച്ച സഹൃദയത്വം കൊണ്ടാണ്.പ്രിയന്‍ സിനികള്‍ ഒരു യുവത്വത്തിന്റെ ഉത്സവം തന്നെയായിരുന്നു. സമപ്രായക്കാരുടെ പോസിറ്റീവ് എനര്‍ജി ഇന്നും ആ സിനിമകള്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നു. പ്രിയന്‍ സിനിമകളിലെ നായകനായിരുന്ന ശങ്കറിനെ പിന്നിലാക്കി മോഹന്‍ലാല്‍ എന്ന നടന്‍ സ്ത്രീകളുടെ മനസ്സിലേയ്ക്ക്്് ചേക്കേറിയതിനും നര്‍മ്മം അല്ലാതെ മറ്റൊന്നല്ല.. ജഗതി, മുകേഷ്, ശ്രീനിവാസന്‍, മണിയന്‍പിളള രാജു, ജഗദീഷ്, മാള, കുതിരവട്ടം പപ്പു,ബോബികൊട്ടാരക്കര, നെടുമുടിവേണു , എം ജി സോമന്‍ , തിലകന്‍,സി ഐ പോള്‍, സുകുമാരി,തുടങ്ങി ഒരു വന്‍ താരനിര തന്നെ പ്രിയന്‍ സിനിമകള്‍ക്ക് താളക്കൊഴുപ്പേകി.
സത്യന്‍- ശ്രീനിവാസന്‍ സിനിമകള്‍ അന്ന് ചര്‍ച്ച ചെയ്തത് നാഗരിക ജീവിതവും നിലിനില്പിനായുളള ഇടത്തരക്കാരന്റെ നെട്ടോട്ടവും നേരമ്പോക്കുകളുമാണ്. അടിസ്ഥാന പരമായി പ്രമേയം എല്ലാം ഒന്നായിരുന്നുവെങ്കിലും അത് തിരിച്ചറിയാന്‍ കഴിയാത്തത് മികവാര്‍ന്ന ഹാസ്യത്തിന്റെ മേമ്പൊടി കൊണ്ട്്് തന്നെയാണ്. സന്ദേശം ഏത്്് കാലത്തെ സിനിമയെന്ന്്് ആര്‍ക്കും ചോദിക്കാന്‍ കഴിയാത്തത്് അതിലെ ആക്ഷേപഹാസ്യത്തിന് പ്രായമേറില്ലെന്നത്് കൊണ്ടു തന്നെയാണ്. ഒരു വശത്ത് ശ്രീനിയുമായി നാഗരികജീവിതത്തിന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കുമ്പോഴും സത്യന്‍ തന്റെ ഗ്രാമീണത പൂര്‍ണ്ണമായും ഉപേക്ഷിച്ചില്ല. രഘുനാഥ് പലേരിയുമായി കൂട്ട് കെട്ടില്‍ നിന്ന് തന്നെയാണ് തെളിവാര്‍ന്ന ഹാസ്യത്തിന്റെ രണ്ട് രണ്ട് ചിത്രങ്ങള്‍ മലയാളിയ്ക്ക് ലഭിച്ചത്. മഴവില്‍കാവടിയും പൊന്‍മുട്ടയിടുന്ന താറാവും.
ഗ്രാമീണതയുടെ നിഷ്‌കളങ്കതയും നര്‍മ്മവും വരച്ചിട്ട അപൂര്‍വ്വസൃ്ഷിയായ് അത് മാറി. ഈ സിനിമകളോടെ ചിലതാരങ്ങള്‍ സത്യന്‍ സിനിമകളുടെ അഭിഭാജ്യഘടകമായി മാറുകയായിരുന്നു. ഇന്നസെന്റും ഒടുവിലും ശങ്കരാടിയും മാമുക്കോയയും കെ പി എ സി ലളിതയും മീനയും പറവൂര്‍ ഭരതനും എല്ലാം സത്യന്‍ സിനിമകള്‍ക്ക് വേണ്ടി മാത്രം സൃഷ്ടിച്ചതെന്ന് കരുതുന്ന രീതിയിലേയ്‌ക്കെത്തി.
രാജസേനന്‍- റാഫിമെക്കാര്‍ട്ടിന്‍ കൂട്ട് കെട്ട് പിന്നെ കുറേക്കാലം കുടുംബസിനിമ ലേബലില്‍ ചിരിസിനിമകള്‍ ഇറക്കി. അനിയന്‍ബാവ ചേട്ടന്‍ബാവയും ആദ്യത്തെ കണ്‍മണിയും ഒക്കെ വിജയിച്ച ചില ഫോര്‍മുലകളാണ്.തരക്കേടില്ലാത്ത ഒരു തട്ടിക്കൂട്ട് കഥയും പിന്നെ തീരെ വളിപ്പില്ലാത്ത തമാശയും എന്ന ചേരുവ ഒട്ടൊരു പരിധി വരെ രാജസേനന്‍ സിനിമകളെ മോശമല്ലാത്ത നിലവാരത്തിലെത്തിച്ചു. ജയറാം കുടുംബങ്ങളുടെ നായകനായി മാറുന്നതും ഇന്ദ്രന്‍സ്, പ്രേംകുമാര്‍,കെ ടി എസ് പടന്നയില്‍ തുടങ്ങിയവര്‍ ഇത്തരം സിനിമകളില്‍ തിളങ്ങിയതോടൊപ്പം ഒരുപറ്റം പ്രൊഫഷണല്‍ നാടക നടന്‍മാരെയും സിനിമയിലെത്തിക്കാന്‍ സേനന് കഴിഞ്ഞു. റാഫിമെക്കാര്‍ട്ടിന്‍ സ്വതന്ത്രസംവിധായകരായി മാറിയ ആദ്യഘട്ടങ്ങളില്‍ ഹാസ്യത്തിന്റെ പഞ്ച് കൈമോശം വരാതെ കാത്ത് സൂക്ഷിച്ചു. പുതുക്കോട്ടയിലെ പുതുമണവാളനും സൂപ്പര്‍മാനും പഞ്ചാബി ഹൗസും സത്യം ശിവം സുന്ദരവും ഒക്കെ നിലവാരമുളള കോമഡി സിനിമകളുടെ ഗണത്തില്‍പെടുന്നവയായിരുന്നു. പിന്നീടെത്തിയ ബെന്നി പി നായരമ്പലവും ചിരിയുടെ കാര്യത്തില്‍ മോശമാക്കിയില്ല. എന്നാല്‍ അതിന് ശേഷമാണ് നേരമ്പോക്ക് സിനിമകളുടെ കഷ്ടകാലം ആരംഭിക്കാന്‍ തുടങ്ങിയത്.

പഴത്തൊലിയില്‍ ചവിട്ടിയും ചാണകക്കുഴിയില്‍ വീണും ഷോക്കടിച്ചും കൊലച്ചിരി മുഴങ്ങി. വിജിതമ്പി, അനില്‍ബാബു, തുളസിദാസ്,തുടങ്ങി ചെറിയ ബജറ്റില്‍ തരക്കേടില്ലാത്ത സിനിമകള്‍ സംവിധാനം ചെയ്തിരുന്ന സംവിധായകരുടെ പിന്‍മാറ്റവും രണ്ടാംനിരചിത്രങ്ങളുടെ പോസ്റ്റര്‍ കണ്ടാല്‍ പോലും ആളുകള്‍ ഓടിയൊളിക്കുന്ന ഘട്ടത്തിലെത്തിച്ചു.
എന്ത് തറവളിപ്പും വേവുന്ന ഇടമായി സിനിമ അധപതിക്കാന്‍ തുടങ്ങിയത രണ്ടായിരത്തിന്റെ ആദ്യം മുതലാണ്. അടുക്കളഹാസ്യത്തില്‍ നിന്ന് തുടങ്ങി അശഌലചിരി വരെ എത്തി നില്ക്കുകയാണ് ഇപ്പോള്‍. മലയാളത്തിലെ ഒരു നടന്റെ സിനിമ 10 എണ്ണം എടുത്ത് പരിശോധിച്ചാല്‍ കാണാം അതില്‍ 8 ലും അരക്കെട്ടിന് താഴേയ്ക്ക് ചൂണ്ടുന്ന എന്തെങ്കിലും ദ്വയാര്‍ത്ഥപ്രയോഗങ്ങളോ അതുമല്ലെങ്കില്‍ വൃത്തികേടിനെ ബന്ധിപ്പിക്കുന്ന ഒരു സീനോ കാണും. ഒന്നുകില്‍ എഴുതുന്നവന് ബോധം വേണം അല്ലെങ്കില്‍ അത് പറയുന്നവന് ഉളുപ്പ് വേണം.
ടിക്കറ്റെടുത്ത് തീയേറ്റില്‍ കയറുന്ന പ്രേക്ഷകനെ ഫലത്തില്‍ കൊളളയടിയ്ക്കുകയും പരസ്യവാചകങ്ങളിലൂടെ കൂടുതല്‍ ഇരകളെ ആകര്‍ഷിക്കുകയും ചെയ്യുകയാണ് ഇവിടെ. ച്യവനപ്രാശത്തിന്റെ കുപ്പിയില്‍ എലിവിഷം വില്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ദ്വയാര്‍ത്ഥങ്ങള്‍ കടന്ന് നേരിട്ട് തെറിയിലേയ്ക്ക് ഒരു ബൈപ്പാസ് ഇവിടെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. നല്ല കൂട്ടായ്മകളും നേരമ്പോക്കുകളും നമുക്ക് നഷ്ടമാവുന്നു. സിനിമയും അതുവഴി സഞ്ചരിക്കുകയാണ്. മുത്താരംകുന്ന് പി ഒ യും ധീംതരികിട ധോമും അക്കരെ നിന്നൊരുമാരനും പട്ടണപ്രവേശവും അക്കരെ അക്കരെയും വന്ദനവും യോദ്ധയും ഒക്കെ നിരാകരിച്ച പ്രേക്ഷകര്‍ ഇപ്പോള്‍ കുറ്റബോധം കൊണ്ട് തലകുനിയ്ക്കുകയാവും.
ചവറുകള്‍ക്കിടയില്‍ നല്ല നേരമ്പോക്കുകള്‍ തന്നെയാണല്ലോ അവയെല്ലാം എന്നോര്‍ത്ത്. യു ട്യൂബിലും ചാനലുകളിലെ ചിരിനിമിഷങ്ങളിലും പഴയ സിനിമകളുടെ ഭാഗങ്ങള്‍ കാണുമ്പോള്‍ വെറുതേ ഓര്‍ത്ത് പോവും.. മാഞ്ഞ് പോയ ആ ചിരിയുടെ നല്ലകാലം ഇനി എന്ന് വരും..
അടുത്തകാലത്ത് ട്രെയിനില്‍ പോവുമ്പോള്‍ പതിനാറ്- പതിനേഴ് വയസ് റെയ്ഞ്ചിലുളള തൊട്ടടുത്ത സീറ്റിലെ കുറച്ച് വിദ്യാര്‍ത്ഥികളുടെ സംഭാഷണത്തിനിടയില്‍ എപ്പോഴോ ഒരു വാക്യം വീണുകിട്ടി. അല്ലേലും പണ്ടേ നിന്നെ എവിടെയെങ്കിലും കൂട്ടിയിട്ടുണ്ടോ.. എരണക്കേട് അച്ചിട്ടാ..- എവിടെയോ കേട്ട് മറന്ന വാക്കുകള്‍.. പെട്ടെന്ന് മനസ്സിലേയ്ക്ക് ഓടി വരുന്നു.. വന്ദനത്തിലെ ഗോപാലകൃഷ്ണന്‍ എസ് ഐയും ഉണ്ണികൃഷ്ണന്‍ എസ് ഐയും. കാലം എത്ര മാറിയാലും തലമുറകള്‍ എത്ര കടന്നാലും നല്ലചിരി.. നല്ല സംഭാഷണങ്ങള്‍...അത് തുടരുക തന്നെ ചെയ്യും.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net