Wednesday 28 August 2013

[www.keralites.net] നമ്മളറിയാത്ത അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്

 

നെടുമ്പാശ്ശേരിയില്‍ നടന്നത് ആറന്മുളക്കാര്‍ അറിഞ്ഞോ? / സി ആര്‍ നീലകണ്ഠന്‍

nedumbasseryഇക്കഴിഞ്ഞ മാസം രണ്ടുദിവസം കൊച്ചി(നെടുമ്പാശ്ശേരി) വിമാനത്താവളം അടച്ചിട്ടപ്പോള്‍ അത് ഒരു സംസ്ഥാനതലവാര്‍ത്തയായി. വളര ദൂരെ നിന്നു വരുന്നവരും അവിടേക്കു പോകുന്നവരും ഉപയോഗിക്കുന്ന ഒന്നാണല്ലോ വിമാനത്തവളം. എന്തുകൊണ്ടത് അടച്ചിട്ടുവെന്ന വസ്തുത കാര്യമായൊരു മാധ്യമചര്‍ച്ചക്കും വിധേയമായില്ല. സോളാര്‍ സരിത-സമര വിവാദങ്ങളില്‍ അതു കുടുങ്ങിപ്പോയതുകൊണ്ടാകാന്‍ വഴിയില്ല. ഇടുക്കിയിലെ ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തവാര്‍ത്തകള്‍ നാം അറിഞ്ഞതും ഇതേ കാലത്താണ്. എന്താണ് വിമാനത്താവളത്തില്‍ സംഭവിച്ചത്? കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയിലും ടെര്‍മിനല്‍ കെട്ടിടത്തിലും വന്‍തോതില്‍ വെള്ളം പൊങ്ങി. ഒരു പ്രവര്‍ത്തനവും സാധ്യമാകാത്ത അവസ്ഥയായി. മഴയോ മൂടല്‍മഞ്ഞോ മൂലം വിമാനത്താവളങ്ങള്‍ അടച്ചിടാറുണ്ട്. എന്നാല്‍ അതില്‍നിന്നും ഈ വെള്ളപ്പൊക്കം തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ്. മൂടല്‍മഞ്ഞും മറ്റും മനുഷ്യനാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത പ്രതിഭാസങ്ങളാണ് എന്നു പറയാം. (ചില മനുഷ്യ ഇടപെടലുകള്‍ അവസ്ഥ കൂടുതല്‍ ഗുരുതരമാക്കാറുണ്ടെങ്കിലും)എന്നാല്‍ നെടുമ്പാശ്ശേരിയില്‍ സംഭവിച്ചത് പൂര്‍ണമായും മനുഷ്യന്റെ ഇടപെടല്‍ മൂലമാണ് എന്നതാണ് സത്യം.
അടുത്ത കാലത്തൊന്നുമില്ലാത്തവിധത്തില്‍ കനത്ത മഴയുണ്ടായതാണ് ദുരന്തകാരണം എന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ അത് ഭാഗികസത്യം മാത്രമാണ്. മനുഷ്യരുടെ തെറ്റുകള്‍ ഒഴിവാക്കിയിരുന്നുവെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. ഇവിടെ മറച്ചുവെക്കപ്പെട്ട മറ്റൊരു വലിയ സത്യമുണ്ട് മാധ്യമങ്ങള്‍ എല്ലാവരും ഏതാണ്ടൊരുപോലെ തമസ്‌കരിക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചുറ്റുപാടും ജീവിക്കുന്ന തുറവങ്കര, കാഞ്ഞൂര്‍ ഗ്രാമങ്ങളിലെ ഇരുനൂറ്റമ്പതോളം കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. അവരുടെ സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് അഭയാര്‍ഥികളെപ്പോലെ തൊട്ടടുത്ത സ്‌കൂളില്‍ ചേക്കേറേണ്ടിവന്നു. തിരിച്ചു സ്വന്തം വീട്ടിലേക്ക് എത്തുന്നതുതന്നെ വലിയൊരു ബദ്ധപ്പാടായിരുന്നു. ചില പതിവ് വെള്ളപ്പൊക്ക ദുരിതാശ്വാസ നടപടികള്‍ക്കപ്പുറം സര്‍ക്കാരോ പഞ്ചായത്തോ ഒന്നും ചെയ്തില്ല. ഇത്തരമൊരു ദുരന്തമുണ്ടായ വസ്തുത പുറംലോകം അറിയാതിരിക്കാന്‍ കുത്സിത ശ്രമം നടന്നു. മാധ്യമങ്ങള്‍ അതിനു കൂട്ടുപിടിച്ചു എന്നു പറയണം. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു?
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ അണക്കെട്ടുകള്‍ നിറഞ്ഞുകവിയുകയും ഇടമലയാര്‍, മലങ്കര അണക്കെട്ടുകളിലെ ഓരോ ഷട്ടര്‍ തുറന്നു വിടുകയും ചെയ്തപ്പോഴാണ് നെടുമ്പാശ്ശേരിയില്‍ വെള്ളം പൊങ്ങിയത്. ഇതിനുള്ള പ്രധാന കാരണം, അധികജലം വാര്‍ന്നുപോകാനോ ഉള്‍ക്കൊള്ളാനോ ഉള്ള ശേഷി പെരിയാര്‍ തടത്തിനുണ്ടായിരുന്നില്ല എന്നതാണ്. സാധാരണഗതിയില്‍ ഇത്തരത്തില്‍ വരുന്ന അധികജലത്തെ സംഭരിച്ചുനിര്‍ത്തുന്നത് തണ്ണീര്‍ത്തടങ്ങളോ നെല്‍പാടങ്ങളോ ആണ്. അവിടെയും അധികം വരുന്ന ജലം പെരിയാറിലേക്കൊഴുക്കാന്‍ വേണ്ടിയാണ് പല തോടുകളും നിര്‍മിച്ചിരുന്നത്. എന്നാല്‍ വിമാനത്താവളമെന്ന 'മഹാവികസന' ത്തിനുവേണ്ടി നൂറുകണക്കണിനു ഹെക്ടര്‍ നെല്‍പാടങ്ങള്‍ നികത്തപ്പെട്ടു. അധികജലം ഒഴുക്കി ജലസംവിധാനത്തെ സുസ്ഥിരമാക്കുന്ന ഒരു പ്രധാന തോടായ 'ചെങ്കല്‍തോട് പൂര്‍ണമായും മൂടിക്കൊണ്ടാണ് റണ്‍വേയുടെ ടെര്‍മിനലും നിര്‍മിച്ചത്. ജലത്തിന് പോകാന്‍ വഴികളില്ലാത വന്നാല്‍ അത് ഒഴുകിയെത്തുന്നിടത്ത് വെള്ളപ്പൊക്കം സൃഷ്ടിക്കുന്നു.
1990 കളില്‍ ഈ വിമാനത്താവളത്തിന്റെ നിര്‍മാണകാലത്തു തന്നെ ഇത്തരം പാരിസ്ഥിതിക സന്ദേഹങ്ങള്‍ പലരും ( ഈ ലേഖകനടക്കം) ഉയര്‍ത്തിയിരുന്നു. വിമാനത്താവളത്തിനെന്ന പേരില്‍ 780 ല്‍പരം കുടുംബങ്ങളെ നിഷ്ഠുരം കുടിയിറക്കി 1600 ല്‍പരം ഏക്കര്‍ ഭൂമി ഏറ്റെടുത്തു. അതില്‍ പാതിയിലേറെയും ഇരുപ്പൂവും മുപ്പൂവും കൃഷിചയ്യുന്ന നെല്‍പ്പാടങ്ങളായിരുന്നു. നൂറുകണക്കിന് ചെറുതും വലുതുമായ ജലസേചന പദ്ധതികള്‍ ഇവിടെ ഉണ്ടായിരുന്നു. ഇതൊന്നും കണക്കിലെടുക്കതെയാണ് വിമാനത്താവളത്തിന്റെ റണ്‍വേയും കെട്ടിടങ്ങളും നിര്‍മിച്ചത്.
എന്നാല്‍ ഇതിനേക്കാള്‍ വലിയൊരു വഞ്ചന അവിടെ നടന്നു. റെയില്‍പാളത്തിന്റെ കിഴക്കുഭാഗത്താണ് വിമാനത്താവളം. എന്തിനുവേണ്ടി പടിഞ്ഞാറുഭാഗത്ത് അഞ്ഞൂറിലധികം ഏക്കര്‍ ഭൂമി(നെല്‍പ്പാടം അടക്കം) ഏറ്റെടുത്തുവെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടി ഉണ്ടായില്ല. അതിസമ്പന്നര്‍ക്കുമാത്രം കളിക്കാന്‍ കഴിയുന്ന ഗോള്‍ഫ് കോഴ്‌സിനു വേണ്ടിയാണ് 120 ഏക്കര്‍ നെല്‍പാടം നികത്തിയത്. അതുപോലെ നിരവധി ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമായി ഈ ഭൂമി മറിച്ചുവിറ്റു. പാവപ്പെട്ടവരുടെ ഭൂമി തുച്ഛമായ വിലയ്ക്ക് (ഏറെയും ബലം പ്രയോഗിച്ചും )ഏറ്റെടുത്ത് സമ്പന്നര്‍ക്ക് കൂടിയ വിലയ്ക്ക് മറിച്ചുവില്‍ക്കുകയാണ് കൊച്ചി വിമാനത്താവളക്കമ്പനി(സിയാല്‍) ചെയ്തത് എന്ന സത്യവും ആരും പറഞ്ഞില്ല. പൊതുമേഖലയിലെ വിമാനത്താവളം എന്ന പേരില്‍ 74 ശതമാനം ഓഹരി സര്‍ക്കാരിനെന്നായിരുന്നു പ്രചരണം. പിന്നീട് ഈ ഓഹരികള്‍ ചുളുവിലക്ക് സ്വകാര്യ ഉടമകള്‍ക്കു കൈമാറി. ഇപ്പോള്‍ 74 ശതമാനം സ്വകാര്യ വിമാനത്താവളമായി. ഇതിനിടയില്‍ 1600 ഏക്കര്‍ ഭൂമിയും അവരുടേതായി. അത് മറിച്ചുവിറ്റ് സിയാല്‍ നേടിയ ലാഭത്തിന്റെ വലിയൊരു പങ്കും ഈ സ്വകാര്യ ഓഹരി ഉടമകള്‍ക്കു കിട്ടി.
പാവപ്പെട്ട കുടിയൊഴിക്കപ്പെട്ടവര്‍ക്ക് നല്‍കിയെന്നുപറയുന്ന പുനരധിവാസവും വലിയൊരു വഞ്ചനയായിരുന്നു. പുനരധിവാസ ഭൂമിക്കു വേണ്ടിയും കുടിയൊഴിക്കല്‍ എന്ന രസകരമായ നാടകവും നടന്നു. വന്‍ അഴിമതിയുണ്ടായിരുന്നു ഇതിന്റെയെല്ലാം പിന്നില്‍. എന്നാല്‍ മഹാവികസനത്തിന്റെയും മാധ്യമങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുടെയും ബലത്തില്‍ എല്ലാം മറച്ചുവെക്കപ്പെട്ടു. വിമാനത്താവളനിര്‍മാണം, പുനരധിവാസം, അഴിമതി, പരിസ്ഥിതിനാശം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചവരെ രാജ്യദ്രോഹികളെന്നു വരെ വിളിക്കാന്‍ അന്നത്തെ(ഇന്നത്തെയും) എം ഡിയായ പി ജെ കുര്യന്‍ തയ്യാറായി.
എന്നാല്‍ ഇപ്പോള്‍ വന്‍ ദുരന്തം സംഭവിച്ചിരിക്കുന്നു. പുനരധിവാസം നല്‍കിയവരാണിപ്പോള്‍ മാളത്തില്‍ വെള്ളം കയറിയപ്പോള്‍ പുറത്തുവന്ന എലികളെപ്പോലെ പരക്കം പായുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 19 ന് ഈ മനുഷ്യര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു വലിയ മാര്‍ച്ചും ധര്‍ണയും നടത്തി. വിമാനത്താവളത്തിനടുത്തുവെച്ച് അതു തടയപ്പെട്ടു. സി പി എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണിയാണ് ഉദ്ഘാടനം ചെയ്തത്. ഏതാണ്ടെല്ലാ പ്രമുഖ കക്ഷിനേതാക്കളും (ഈ ലേഖകനും) സംസാരിച്ചു. വിമാനത്താവള നിര്‍മാണം വളരെ മോശമായിരുന്നു, പരിസ്ഥിതിക്കു വലിയ ദോഷം വരുത്തി, പി ജെ കുര്യന്‍ ഏകാധിപതിയേപ്പോലെ സംസാരിക്കുന്നു. പുനരധിവാസം തട്ടിപ്പായിരുന്നു, വെള്ളപ്പൊക്കത്തിനും നാശങ്ങള്‍ക്കും കാരണം വിമാനത്താവള നിര്‍മാണമാണ് തുടങ്ങിയ ആരോപണങ്ങള്‍ ഏതാണ്ടെല്ലാ കക്ഷിനേതാക്കളും ഉന്നയിച്ചു. ഈ ലേഖകനും അവിടെ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്നവര്‍ക്കും ഇതൊരു ഫലിതമായിത്തോന്നി. കാരണം കഴിഞ്ഞ ഒന്നരപതിറ്റാണ്ടോളം കാലം ഈ വിമാനത്താവളത്തിനും അതിന്റെ മേധാവികള്‍ക്കും (പ്രത്യേകിച്ച് പി ജെ കുര്യനും) എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നല്‍കിപ്പോന്നവരാണിപ്പോള്‍ ഇങ്ങനെ പറയുന്നത് എന്നതാണ് ഫലിതം.
എന്തായാലും ഇപ്പോഴെങ്കിലം ഇതു സമമതിച്ചതില്‍ സന്തോഷമുണ്ട്. പക്ഷെ യാതൊരു ഫലവുമില്ല. അടുത്ത മഴയുണ്ടാകുന്നതുവരെ കുഴപ്പമില്ല. അവരും മിണ്ടില്ല. വന്നാല്‍ ജനങ്ങള്‍ അനുഭവിക്കുകയല്ലാതെ വഴിയില്ല. യാതൊരുവിധ പരിഹാരനടപടികളും ഇവര്‍ക്കു സ്വീകരിക്കാനാവില്ല. നികത്തിയ പാടങ്ങള്‍ തിരിച്ചെടുക്കാനോ തോട് പുനസ്ഥാപിക്കാനോ കഴിയില്ല.
പക്ഷെ ഒന്നു ചെയ്യാം. ഈ സത്യം ആറന്മുളയിലും അണക്കരയിലും (ഇടുക്കി) ചീക്കല്ലൂരിലും(പയ്യനാട്) പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നവരോട് ഇതു പറയാം. വന്‍തോതില്‍ പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തിയാണ് ഇവിടെയെല്ലാം നിര്‍മാണം നടത്താന്‍ പോകുന്നത്. മുന്നൂറിലേറെ ഏക്കര്‍ നെല്‍പാടങ്ങളും 18 മീറ്റര്‍ വീതിയുള്ള കോഴിത്തോടുമാണ് ആറന്മുളയില്‍ മാത്രം നികത്തുന്നത്. മറ്റൊരു വ്യത്യാസം കൂടിയുണ്ട്. നെടുമ്പാശ്ശേരിയില്‍ പാടം നികത്തുമ്പോള്‍, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമമില്ല. ഇപ്പോഴതുമുണ്ട്. പരസ്യമായ നിയമലംഘനം നടത്തുകയാണിവിടെ.
പക്ഷെ പ്രകൃതി കേവലം പുസ്തകത്തിലെ നിയമങ്ങള്‍ മാത്രം പാലിക്കുന്ന ഒന്നല്ല. വെള്ളത്തിനും വായുവിനും മണ്ണിനുമൊക്കെ അതിന്റെ നിയമങ്ങളുണ്ട്. അതു ലംഘിക്കപ്പെട്ടാല്‍ അവര്‍ക്കു കോടതിയിലൊന്നും പോകേണ്ടിവരില്ല. തെറ്റായ വികസനങ്ങളെ ഒന്നാകെ ഒഴുകിക്കൊണ്ടുപോകാന്‍ അതിനാകും. അതില്‍ പാവം മനുഷ്യരും ഒഴുകിപ്പോകുമെന്നു മാത്രം!

varthamanam

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment