Sunday 4 August 2013

[www.keralites.net] റമദാന്‍ : യാത്രയാക്കേണ്ട വിധം

 

റമദാന്‍ : യാത്രയാക്കേണ്ട വിധം

Ramzan
 
 
അനുഗ്രഹീത റമദാന്റെ സൂര്യകിരണങ്ങള്‍ അസ്തമിക്കാറായിരിക്കുന്നു. അതിന്റെ പ്രശോഭിതമായ ദിനരാത്രങ്ങള്‍ യാത്രക്കൊരുങ്ങി നില്‍ക്കുകയാണ്. വളരെ ചെറുതുള്ളികള്‍ മാത്രമാണ് മധു പകര്‍ന്ന ആ ഉറവയില്‍ ഇനി അവശേഷിക്കുന്നത്. മിന്നലിനേക്കാള്‍ വേഗത്തിലാണ് റമദാനിന്റെ സുവര്‍ണ നിമിഷങ്ങള്‍ കടന്ന് പോയത്. നാഥാ, നിന്റെ അനുഗ്രഹങ്ങള്‍ ഞങ്ങളെ വിട്ട് അകന്ന് കൊണ്ടിരിക്കുന്നു. മാത്സര്യത്തിന്റെ ട്രാക്കില്‍ ഇനി ഏതാനും ദൂരമേ മുന്നിലുള്ളൂ. ലക്ഷ്യത്തോടടുക്കുമ്പോള്‍ വീഴാതെ, തളരാതെ മുന്നോട്ട് കുതിക്കാന്‍ നീയാണ് ഞങ്ങളെ അനുഗ്രഹിക്കേണ്ടത്. റമദാന്റെ അവസാനത്തെ കൂടുതല്‍ ശ്രദ്ധയോടെയാണ് വിശ്വാസി സമീപിക്കേണ്ടത്. നന്മകള്‍ അധികരിച്ച് മുന്നേറണം. കര്‍മങ്ങള്‍ പരിഗണിക്കപ്പെടുന്ന അവയുടെ അവസാനത്തെ പരിഗണിച്ച് കൊണ്ടാണ്.
തക്ബീര്‍ ധ്വനികള്‍ അധികരിപ്പിക്കാന്‍ ഈ സമയത്ത് നാം ശ്രദ്ധ പുലര്‍ത്തണം. നോമ്പ് പൂര്‍ത്തീകരിക്കാന്‍ അനുഗ്രഹിച്ച അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിക്കാനാണ് ഇത്. 'നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്.' (അല്‍ ബഖറ : 185) പൂര്‍വസൂരികളിലൊരാള്‍ റമദാന്‍ ആഗതമായാല് സുന്ദരിയായ അടിമസ്ത്രീയെ വിലക്ക് വാങ്ങാറുണ്ടായിരുന്നു. അവളെ അദ്ദേഹം അലങ്കരിക്കുകയും, പുതുവസ്ത്രം അണിയിക്കുകയും ചെയ്യും. റമദാന്റെ അവസാനത്തില്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അവളെ സ്വതന്ത്രയാക്കും. തന്റെ നരക മോചനത്തിന് വേണ്ടിയായിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തിരുന്നത്.
റമദാന്റെ അവസാനത്തോടെ പാപമോചനം അര്‍ത്ഥിക്കുന്നത് അധികരിപ്പിക്കേണ്ടതുണ്ട്. ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് റമദാന്‍ പാപമോചം തേടിക്കൊണ്ട് അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് തന്റെ ഗവര്‍ണര്‍മാര്‍ക്ക് കത്തയക്കാറുണ്ടായിരുന്നു. നിങ്ങള്‍ നിങ്ങളുടെ പിതാവായ ആദം പറഞ്ഞത് പോലെ പറയുക. 'നാഥാ, ഞങ്ങള്‍ സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്ത് തരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നഷ്ടകാരികളില്‍ പെട്ടുപോകുമായിരുന്നു.'
മുന്‍കാല വീഴ്ചകളിലേക്ക് തിരിച്ച് പോകില്ലെന്ന് നാം പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. പരിശുദ്ധ റമദാന്‍ ക്ഷമയോടും, സ്ഥൈര്യത്തോടും കൂടി നേരിട്ട വിശ്വാസികള്‍ തിന്മയിലേക്ക് മടങ്ങി തങ്ങളുടെ കര്‍മങ്ങള്‍ പാഴാക്കാതിരിക്കാന്‍ സൂക്ഷ്മത കാണിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. 'കയര്‍ പിരിച്ചുണ്ടാക്കുകയും അവയെ അഴിച്ച് പഴയത് പോലെ ചകിരിയാക്കുകയും ചെയ്തവളെപ്പോലെ നിങ്ങളാവരുത്'. സല്‍ക്കര്‍മങ്ങള്‍ ധാരാളം ചെയ്ത് റമദാനില്‍ മാത്രം അല്ലാഹുവിനെ സ്മരിക്കുന്ന സമൂഹം എത്ര മോശമാണ്.
നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുമോ എന്ന ആശങ്ക നമുക്കുണ്ടാവേണ്ടതുണ്ട്. പൂര്‍വസൂരികള്‍ തങ്ങളുടെ കര്‍മത്തിന്റെ ഫലത്തെക്കുറിച്ച് ആശങ്കയോടെയായിരുന്നു ജീവിച്ചിരുന്നത്. ഇമാം അലി(റ) പറയാറുണ്ടായിരുന്നു ' കര്‍മത്തെക്കാള്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തേണ്ടത് അവയുടെ സ്വീകാര്യതക്കാണ്'. അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ) പറയുന്നു. 'ആരുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിച്ചുവോ, നാമവരെ അഭിനന്ദിക്കുന്നു. ആരുടെ കര്‍മങ്ങള്‍ തള്ളപ്പെട്ടുവോ നാം അവരുടെ കാര്യത്തില്‍ അനുശോചനമറിയിക്കുന്നു.'
Widha'a
ഇമാം സുഹ്‌രി പറയുന്നു. 'ജനങ്ങള്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ മുസല്ലയിലേക്ക് പുറപ്പെട്ടാല്‍ അല്ലാഹു അവരോട് വിളിച്ച് പറയും. എന്റെ അടിമകളെ നിങ്ങള്‍ നോമ്പനുഷ്ടിക്കുകയും നമസ്‌കരിക്കുകയും ചെയ്തു. ഞാന്‍ നിങ്ങള്‍ പൊറുത്ത് തന്നവരായി നിങ്ങള്‍ മടങ്ങുക.'
അതെ, നമ്മുടെ അതിഥി യാത്രയാവുകയാണ്. ഏതാനും നിമിഷങ്ങള്‍ മാത്രമെ നമുക്ക് മുന്നിലുള്ളൂ. പെരുന്നാള്‍ ഉറപ്പിച്ചുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ പൊട്ടിക്കരയുന്നവരായിരുന്നു ഈ ഉമ്മത്തിലുണ്ടായിരുന്നവര്‍. തേങ്ങലോട് കൂടിയായിരുന്നു അവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് വന്നിരുന്നത്. ഒരു കവി പറയുന്നത് നോക്കൂ. 'കഴിഞ്ഞ് പോയ റമദാന്‍ ദിനങ്ങളെയോര്‍ത്ത് നിങ്ങള്‍ കരയുക. ബാക്കിയുള്ള നിമിഷങ്ങള്‍ മുതലെടുക്കുക. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ അവകാശമാണത്.'
റമദാന്‍ അവസാനിച്ചിരിക്കുന്നു. അല്ലെങ്കില്‍ അവസാനിക്കാറായിരിക്കുന്നു. അതിന്റെ നന്മകള്‍ ലഭിച്ചവര്‍ സൗഭാഗ്യവാന്‍മാരാണ്. അവ നിഷേധിക്കപ്പെട്ടവരോ? അതിനേക്കാള്‍ വലിയ ദൗര്‍ഭാഗ്യവാന്‍ മറ്റാരുണ്ട്?
ദാഹവും വിശപ്പും സഹിച്ച, രാത്രിയില്‍ ഉറക്കമൊഴിച്ച് നമസ്‌കരിച്ച, സുജൂദിലും റുകൂഇലുമായി ധന്യനിമിഷങ്ങളെ സ്വീകരിച്ച യഥാര്‍ത്ഥ വിശ്വാസിക്ക് മംഗളം.
നാഥാ, ഞങ്ങളുടെ സല്‍ക്കര്‍മങ്ങളെയും അനുഷ്ഠാനങ്ങളെയും നീ സ്വീകരിക്കേണമേ. ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തു തരേണമേ നാഥാ. അനുഗ്രഹീത റമദാന്റെ ഓരോ നിമിഷത്തെയും ഞങ്ങള്‍ക്കനുകൂല സാക്ഷ്യമാക്കി നീ മാറ്റേണമേ. ആമീന്‍
വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment