Monday 12 August 2013

[www.keralites.net] ഭരണം സ്തംഭിപ്പിക്കല്‍ ജനാധിപത്യവിരുദ്ധം

 

ഒരു തട്ടിപ്പുകേസും അത് സൃഷ്ടിച്ച വിവാദങ്ങളും മറയാക്കി പരസ്​പരം രാഷ്ട്രീയപ്പോരടിക്കുന്ന സര്‍ക്കാറും പ്രതിപക്ഷവും ജനങ്ങളെ മറക്കുന്നു. പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണപക്ഷത്തിനൊപ്പം തങ്ങളുടെയും കടമയാണെന്നത് പ്രതിപക്ഷവും വിസ്മരിക്കുന്നു എന്നതാണ് ഏറെ ദുഃഖകരം.അതുകൊണ്ട് അവര്‍ നിയമസഭയ്ക്കകത്തും പുറത്തും ഭരണം സ്തംഭിപ്പിക്കാന്‍ എല്ലാ അടവുകളും ഓരോന്നായി പയറ്റുന്നു. ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാനാവാത്ത പ്രക്ഷോഭ രീതികള്‍ ഔചിത്യരഹിതമായി തുടര്‍ച്ചയായി ഉപയോഗപ്പെടുത്തുന്ന അവര്‍ക്ക്, നീറുന്ന ഒരു ജനകീയപ്രശ്‌നമാണ് ഈ പ്രക്ഷോഭത്തിന് ആധാരമായി തങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ആരേയും ബോധ്യപ്പെടുത്താനായിട്ടില്ല. ഒരു ലക്ഷത്തിലേറെ പേരെ പങ്കെടുപ്പിച്ച് അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിക്കുകയാണ് ഇടതുമുന്നണി. ഒരു സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പരിപൂര്‍ണമായും സ്തംഭിപ്പിക്കാനൊരുങ്ങുന്നത് ജനാധിപത്യവ്യവസ്ഥയിലെ തത്ത്വങ്ങള്‍ക്കെല്ലാം വിരുദ്ധമാണ്. സെക്രട്ടേറിയറ്റ് ഭരണം സ്തംഭിപ്പിക്കുന്നത് മുഖ്യമന്ത്രി രാജിവെക്കണമെന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് തുറന്ന് പ്രഖ്യാപിക്കാന്‍ ഇടതുമുന്നണി മടിക്കുന്നില്ല. സര്‍ക്കാറാവട്ടെ, തലസ്ഥാനത്ത് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തില്‍ കേന്ദ്ര പോലീസ് സേനയെ വിന്യസിക്കുന്നു. ഈ അടിയും തടയുമെല്ലാം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള കുറുക്കുവഴികളാവാം; യാഥാര്‍ഥ്യങ്ങളില്‍നിന്ന് ശ്രദ്ധ തെറ്റിക്കാനുള്ള തന്ത്രങ്ങളാവാം. എന്നാല്‍, ഈ സമരാഭാസങ്ങള്‍ക്കെല്ലാം ഇടയില്‍പ്പെട്ട് ഞെരുങ്ങുന്നത് സാധാരണക്കാരാണ്; അവരുടെ പ്രാരബ്ധം നിറഞ്ഞ നിത്യജീവിതമാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിനൊപ്പം പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ട്. സര്‍ക്കാറിനോട് ഒരു തരത്തിലും സഹകരിക്കില്ലെന്നുവരെ എത്തിയിരിക്കുന്നു പ്രതിപക്ഷത്തിന്റെ സമരമുറ. നിയമസഭയുടെ ശതോത്തര രജതജൂബിലി സ്മാരക സ്റ്റാമ്പ് പ്രകാശനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സംസ്ഥാനത്തെ മഴക്കെടുതികള്‍ക്ക് കേന്ദ്രസഹായം തേടി ഡല്‍ഹിക്ക് പോയ സര്‍വകക്ഷി സംഘത്തില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഇതൊക്കെ പ്രതിപക്ഷത്തിന് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?

അതേസമയം, ഐക്യമുന്നണിയുടെ അണികളില്‍ പോലും നിരാശ പരത്തുകയും രോഷം ഉയര്‍ത്തുകയും ചെയ്യുന്ന ഭരണശൈലിയും നയവൈകല്യങ്ങളും സര്‍ക്കാറിന്റെ നിത്യശാപമായി എന്ന യാഥാര്‍ഥ്യം മറച്ചുവെക്കാനാവില്ല. രണ്ട് വര്‍ഷം കാഴ്ചവെച്ച മികവുകള്‍ മൂന്ന് മാസം കൊണ്ട് കളഞ്ഞുകുളിച്ചത് സ്വന്തം ചെയ്തികളിലെ വീഴ്ചകള്‍ കൊണ്ടുതന്നെയെന്ന് ഐക്യമുന്നണിക്ക്‌പോലും സമ്മതിക്കേണ്ടിവരും. 'അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യം ഗതിവേഗമില്ലാതെ മുടന്തിപ്പോയതിന്റെ മുഖ്യകാരണക്കാര്‍ ഭരണനേതൃത്വമല്ലാതെ മറ്റാരുമല്ല. നേതാക്കളുടെ കവലപ്രസംഗങ്ങളിലും മന്ത്രിമാരുടെ പ്രഖ്യാപനങ്ങളിലും തുടര്‍ച്ചയായി ആവര്‍ത്തിച്ച് കേള്‍ക്കുന്ന 'ഭരണത്തിലെ സുതാര്യത' എന്ന പ്രയോഗം തരംതാണ തമാശയായി മാറിയിരിക്കുന്നു. ഭരണകൂടത്തിന്റെ പല നീക്കങ്ങളും ദുരൂഹവും സംശയാസ്​പദവുമാണെന്ന് വിളിച്ചുപറയുന്നത് ഭരണത്തിന്റെ അകത്തളങ്ങളില്‍ നിന്നാവുമ്പോള്‍ ആരെങ്കിലുമൊക്കെ അത് വിശ്വസിച്ചുപോയാല്‍ അവരെ കുറ്റം പറയാനാവില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് പരമ്പര, മന്ത്രിമാര്‍ക്ക് എതിരായ ആരോപണങ്ങള്‍, പ്രതിപക്ഷ എം.എല്‍.എ. ഉള്‍പ്പെട്ട ലൈംഗികാപവാദം എന്നിവയുടെ പേരില്‍ രാഷ്ട്രീയം മലീമസമായപ്പോള്‍ നിയമസഭ ഉള്‍പ്പെടെയുള്ള നമ്മുടെ പൊതുമണ്ഡലത്തിന്റെയും അതില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിലയിടിഞ്ഞത് കുറച്ചൊന്നുമല്ല. ഇതില്‍ നിന്നെല്ലാം തത്കാലത്തേക്കെങ്കിലും കരകയറണമെങ്കില്‍ സോളാര്‍ തട്ടിപ്പ്‌കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ വിശ്വാസയോഗ്യമായ അന്വേഷണവും നടപടികളും വേണം. പ്രതിപക്ഷവുമായി നിരന്തരം ഏറ്റുമുട്ടി വീണ്ടെടുക്കാവുന്നതല്ല ജനങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം എന്ന് മനസ്സിലാക്കാനുള്ള സദ്ബുദ്ധി മുന്നണി നേതൃത്വത്തിന് ഉണ്ടാവണം. ജനങ്ങള്‍ക്ക് ആവശ്യം ഭരണമാണ്; തങ്ങളുടെ ദുരിതങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്ന ഭരണശൈലിയാണ്. അവര്‍ക്ക് മന്ത്രിസഭാ പുനഃസംഘടനയോ കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പുപോരോ കണ്ട് രസിക്കാനുള്ള മാനസികാവസ്ഥയില്ല. അധികാരത്തിന്റെ പങ്ക് പറ്റാന്‍ ഘടകകക്ഷികള്‍ നടത്തുന്ന നാണംകെട്ട വാക്‌പോരുകളിലും അവര്‍ക്ക് താത്പര്യമില്ല.
സ്വന്തം വകുപ്പ് തറവാട്ടുസ്വത്തുപോലെ കൊണ്ടുനടക്കുന്ന മന്ത്രിമാരും മന്ത്രിപദവിയുള്ള സര്‍ക്കാര്‍ ചീഫ് വിപ്പും പരസ്​പരം ചെളിവാരിയെറിഞ്ഞ് സ്വയം വിലകെടുത്തുന്നതാണ് കൂടുതല്‍ അപഹാസ്യമായ മറ്റൊരു കാഴ്ച. മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്ന് ചീഫ്‌വിപ്പ് പരസ്യപ്രസ്താവന നടത്തുന്നതുവരെയെത്തിക്കഴിഞ്ഞു മുന്നണിക്കകത്തെ സ്ഥിതിഗതികള്‍. ഈ യാഥാര്‍ഥ്യങ്ങളെല്ലാം തിരിച്ചറിയാനും, മറ്റുള്ളവര്‍ക്കുകൂടി ബോധ്യമാകുന്ന തരത്തിലുള്ള തിരുത്തലുകള്‍ വരുത്താനുമുള്ള ഇച്ഛാശക്തി മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും കാണിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രക്ഷോഭ മാര്‍ഗങ്ങളില്‍നിന്ന് പിന്‍വാങ്ങി രാഷ്ട്രീയ പക്വത കാണിക്കാന്‍ പ്രതിപക്ഷവും തയ്യാറായേ തീരൂ.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment