Wednesday 24 July 2013

[www.keralites.net] മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യരായ നേതാക്കള്‍

 

ശ്രീ.ഉമ്മന്‍ ചാണ്ടിയെ പോലെ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യരായ നേതാക്കള്‍ ഇന്ന് കേരളത്തില്‍ അധികമില്ല. പ്രതിപക്ഷത്ത് നോക്കിയാല്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് വെക്കാന്‍ പറ്റിയ നേതാക്കള്‍ ആരും ഇല്ല എന്ന് പറയാന്‍ കഴിയും. കഴിഞ്ഞ എല്‍.ഡി.എഫ്. ഭരണത്തില്‍ വി.എസ്. അച്യുതാനന്ദന്‍ സി.എം. എന്ന നിലയില്‍ കാഴ്ച വെച്ച പെര്‍ഫോമന്‍സ് ആരും മറക്കാന്‍ വഴിയില്ല. അഞ്ച് കൊല്ലം മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന അദ്ദേഹം എടുത്തുപറയാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല.

കേരളത്തിന്റെ കീഴ്വഴക്കം അനുസരിച്ച് അടുത്ത തവണ അധികാരത്തില്‍ വരേണ്ടത് എല്‍.ഡി.എഫും അപ്പോള്‍ മുഖ്യമന്ത്രി സി.പി.എം.കാരനുമായിരിക്കും. അച്യുതാനന്ദനു ഇനിയൊരു അങ്കത്തിനു ബാല്യമില്ല. അപ്പോള്‍ പിന്നെ മുഖ്യമന്ത്രിയാവുക സഖാവ് പിണറായിയോ കോടിയേരിയോ ആയിരിക്കും. അവരിലാരെങ്കിലും മുഖ്യമന്ത്രിയായാല്‍ കേരളം സ്വര്‍ഗ്ഗമാക്കും എന്നാരും വ്യാമോഹിക്കുകയില്ല. സി.പി.എമ്മിന്റെ വ്യവസായ സംരഭങ്ങള്‍ വിപുലമാക്കാനായിരിക്കും സര്‍ക്കാര്‍ മെഷിനറി അവര്‍ ഉപയോഗപ്പെടുത്തുക. ദേശീയസി.പി.എമ്മിനെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളസി.പി.എമ്മിനാണു. ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കോടികള്‍ ഇനിയും പെരുപ്പിക്കുകയും വേണം.

ഇപ്പോള്‍ സരിതയുടെ പേരു പറഞ്ഞു ഒരു രാപ്പകല്‍ സമരം നടക്കുന്നുണ്ട്. അതൊക്കെ അവര്‍ പ്രതിപക്ഷത്തിന്റെ പണിയാണു. ശമ്പളവും ബത്തയും വാങ്ങുമ്പോള്‍ എന്തെങ്കിലും ഒരു ജോലി ചെയ്യണ്ടേ? മടുക്കുമ്പോള്‍ കിടക്ക ചുരുട്ടി കട്ടിലും എടുത്തോണ്ട് പോയ്ക്കോളും. അവര്‍ക്കും അത്രയേ ഉദ്ദേശ്യമുള്ളൂ. ഒരു ഒച്ചപ്പാടൊന്നും ആക്കിയില്ലെങ്കില്‍ ലെവി കൊടുക്കുന്ന പാര്‍ട്ടി മെമ്പര്‍മാര്‍ക്കും പണം പിരിക്കുന്ന പ്രവര്‍ത്തകര്‍ക്കും ഒരു ഉഷാറും ഉണ്ടാവില്ല. അടുത്ത തവണ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ലാവലിന്‍ കേസൊക്കെ ഒരു വഴിക്കാക്കി മുഖ്യമന്ത്രിയാകാം എന്ന് പിണറായി കണക്ക് കൂട്ടിയിട്ടുണ്ട്. പന്ന്യന്‍ രവീന്ദ്രനു പിന്നെയാണത് മനസ്സിലായത്.

ചാനലുകള്‍ ആഞ്ഞുപിടിക്കുന്നത് ബ്രേക്കിങ്ങ് ന്യൂസുകള്‍ കിട്ടാന്‍ വേണ്ടി മാത്രമാണു. അല്ലാതെ ഉമ്മന്‍ ചാണ്ടിയെ മാറ്റിയത്കൊണ്ട് അവര്‍ക്ക് എന്ത് കിട്ടാനാ. ബ്രേക്കിങ്ങിലേ അവര്‍ക്ക് നോട്ടമുള്ളൂ. അത് കോണ്‍ഗ്രസ്സിന്റെ വക്താക്കള്‍ മനസ്സിലാക്കണം. വെറുതെ എന്തിനാ ചാനല്‍ സ്റ്റുഡിയോകളില്‍ പോയി ന്യൂസ് അവതാരകന്റെ സാഡിസ്റ്റ് ക്രോസ് വിസ്താരത്തിനു നിന്നുകൊടുത്ത് വിയര്‍ക്കുന്നത്? പ്രത്യാക്രമണം നടത്താന്‍ കഴിവില്ലെങ്കില്‍ പ്രതിരോധത്തിനു നിന്ന് നാണം കെടരുത്. ഇപ്പോള്‍ കേരളത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. തട്ടിപ്പുകളുടെ ലോകതലസ്ഥാനമായ കേരളത്തെ സംബന്ധിച്ച് ഒരു തുക്കടാകേസാണ് സോളാറിന്റേത്. അതില്‍ ഒരു ജോപ്പന്‍ പങ്കാളിയാണെന്ന് പറയുന്നു. അതൊക്കെ കേസും വിചാരണയുമായി അങ്ങനെ പോട്ട്.

ശ്രീ. ഉമ്മന്‍ ചാണ്ടി രാജി വെക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇല്ല. അഥവാ അങ്ങനെ രാജി വെക്കുകയാണെങ്കില്‍ അതിനോളം അപമാനം കോണ്‍ഗ്രസ്സിനു വേറെ വരാനില്ല. മുന്‍പ് ലീഡര്‍ കരുണാകരന്‍ അനാവശ്യമായി രാജി വെക്കേണ്ടി വന്നിട്ടുണ്ട്. അതിനു മാത്രം ക്ഷീണം കോണ്‍ഗ്രസ്സിനു പറ്റിയിട്ടുമുണ്ട്. ആ ക്ഷീണത്തില്‍ നിന്ന് ഇത് വരേയ്ക്കും കോണ്‍ഗ്രസ്സ് സംഘടനയ്ക്ക് മുക്തി നേടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി അനാവശ്യമായി രാജി വെക്കുകയാണെങ്കില്‍ കേരളത്തില്‍ പിന്നെ കോണ്‍ഗ്രസ്സിന്റെ കാര്യം എടുക്കാനും വെക്കാനും ഉണ്ടാവില്ല. ഇപ്പോഴത്തെ ഓരിയിടല്‍ ഒക്കെ ഒരു മാസത്തോളമേ കാണൂ. പിന്നെയും ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനിവര്‍ന്നു കിടക്കുന്നുണ്ട്. ഇതോടെ എല്ലാം അസ്തമിച്ചു എന്ന് കരുതേണ്ടതില്ല. കേരളത്തിനും ഇന്ത്യയ്ക്കും കോണ്‍ഗ്രസ്സിനെ എക്കാലവും വേണം. കോണ്‍ഗ്രസ്സുകാരെങ്കിലും ഇത് മറക്കണ്ട.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment