Friday 26 July 2013

[www.keralites.net] കക്കൂസ് മാലിന്യസംസ്‌കരണത്തിന്റെ വിവിധ മാനങ്ങള്‍

 

എല്ലാ ജില്ലകളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. മേല്‍നോട്ടത്തിന് ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.

കേരളത്തില്‍ പറമ്പിന്റെ ഒരു മൂലയ്ക്ക് സ്ഥാപിച്ചിരുന്ന കക്കൂസുകള്‍ കിടപ്പ് മുറിയില്‍ എത്തി. 'അടുക്കളയോട് ചേര്‍ന്ന് കക്കൂസൊ?' എന്ന് ഈര്‍ഷ്യയോടെ പറഞ്ഞിരുന്ന പഴയ തലമുറ പോയി മറഞ്ഞു. ഉപയോഗരീതിയിലും മാറ്റങ്ങള്‍ ഉണ്ടായി, ഫ്ലഷ് ടോയ്‌ലെറ്റുകള്‍ വ്യാപകമായി. ഓരോ ഫ്ലഷിലും അഞ്ചു ലിറ്ററില്‍ കുറയാത്ത വെള്ളം സെപ്റ്റിക്ക് ടാങ്കുകളില്‍ എത്തപ്പെട്ടു. കുടിവെള്ളത്തിന് മണിക്കൂറുകളോളം കാത്തു നില്‍ക്കുന്ന ഒരു ജനസമൂഹം ഉള്ളപ്പോള്‍ തന്നെ ഓടകളില്‍ മലിന ജലം വര്‍ദ്ധിച്ചു.

ഇതിനു സമാനമായ സംഭവങ്ങളാണ് 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ ഉണ്ടായത്. വ്യാവസായിക വിപ്ലവത്തിന് ശേഷം, ലണ്ടന്‍ നഗരത്തില്‍ ഉണ്ടായ ജനസംഖ്യാ വര്‍ധനവും, ഫ്ലഷ് കക്കൂസുകളുടെ വ്യാപകമായ ഉപയോഗവും തെംസ് നദിയെ ദുര്‍ഗന്ധ പൂരിതമാക്കി; ഇതിനു പരിഹാരമെന്ന നിലയില്‍ ഭൂഗര്‍ഭമലിന ജലക്കുഴല്‍ നിര്‍മിക്കപ്പെട്ടു. ലണ്ടന്‍ നഗരത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപെട്ടു ആയിരക്കണക്കിന് ജീവന്‍ അപഹരിച്ചിരുന്ന കോളറ പിന്നീട് ഉണ്ടായിട്ടില്ല എന്നത് പൊതുജനാരോഗ്യ മേഖലയില്‍ മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ജോസഫ് ബാസല്‍ഗെറ്റ്എന്ന എഞ്ചിനീയര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഈ കുഴല്‍ തന്നെയാണ് 150 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഗരത്തിലെ മലിനജലം വഹിക്കുന്നത്. ഏതാണ്ട് ഇതേ കാലത്ത് തന്നെ യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ നഗരങ്ങളില്‍ മാലിന്യ സംസ്‌കരണം ആരംഭിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സിന്ധു നദീതട സംസ്‌കാര കാലത്ത് മലിനജലം ഒഴുകാന്‍ പ്രത്യേക കുഴലുകള്‍, സംസ്‌കരണ മാര്‍ഗങ്ങള്‍ എന്നിവ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. 'ഇന്ത്യയുടെ മാലിന്യ സംസ്‌കരണം പിന്നീട് പുരോഗമിച്ചില്ലെന്നു മാത്രമല്ല കാര്യമായി പുറകോട്ടു പോകുകയും ചെയ്തു' എന്നാണ് കക്കൂസ് നിര്‍മാണത്തിനും പ്രചാരത്തിനും ജീവിതം ഉഴിഞ്ഞു വെച്ച സുലഭ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാന്‍ ഡോ.ബിന്ദേശ്വര്‍ പാഠക്അഭിപ്രായപ്പെടുന്നത്.

കേരളത്തിലും സ്ഥിതി വ്യതസ്തമല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യകാലം വരെ 'തോട്ടികള്‍ ' എന്നറിയപ്പെട്ട ഒരു കൂട്ടം മനുഷ്യരാണ് മനുഷ്യ മലം വഹിച്ചു കൊണ്ട് പോയിരുന്നത്. പിന്നീട് സെപ്റ്റിക് ടാങ്ക് കക്കൂസുകള്‍ പ്രചാരത്തില്‍ ആകുകയും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുവാന്‍ വരുന്നവരായി തോട്ടികള്‍ മാറുകയും ചെയ്തു. നഗരങ്ങള്‍ വികസിച്ചതോടെ മനുഷ്യമലം കൊണ്ടുപോകുന്നതിന് ടാങ്കര്‍ ലോറികള്‍ എത്തി. പക്ഷെ, കക്കൂസ് മാലിന്യങ്ങളുടെ സംസ്‌കരണം എന്ന അടിസ്ഥാനപരമായ പ്രശ്‌നം നിലനിന്നു. സംസ്‌കരിക്കാതെ പുറം തള്ളുന്ന മാലിന്യം പരിസ്ഥിതി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കപ്പെട്ടു.

പൊതുജനാരോഗ്യം എന്നത് കേരളത്തില്‍ ഏതാണ്ട് അവഗണിക്കപെട്ട മേഖലയും, മാലിന്യ സംസ്‌കരണം എന്നത് പിടിപ്പു കേടിന്റെ ഉദാഹരണവും ആയി മാറുന്നു. ഒരു വികസിത ജനസമൂഹത്തെ സംബന്ധിച്ച ഏറ്റവും പ്രധാനമായ കാര്യമാണ് മാലിന്യസംസ്‌കരണം. വിചിത്രമെന്ന് തോന്നിയേക്കാം, കക്കൂസ് മാലിന്യങ്ങളുടെ സംസ്‌കരണത്തിന് കേരളത്തില്‍ ഒരു സംവിധാനവും ഇല്ല. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അറിഞ്ഞു കൊണ്ട് തന്നെ, ഇരുട്ടിന്റെ മറവില്‍, മനുഷ്യവിസര്‍ജ്യം പൊതുസ്ഥലങ്ങളില്‍ തള്ളുകയാണ്.

കേരളത്തില്‍ പൊതുവെ സെപ്റ്റിക് ടാങ്ക് കക്കൂസുകള്‍ ആണ് ഉള്ളത്. ഇവയില്‍ എത്തിപ്പെടുന്ന മനുഷ്യ വിസര്‍ജ്ജ്യം, മലിന ജലം എന്നിവ രണ്ടോ മൂന്നോ തട്ടുകളില്‍ ആയി വേര്‍തിരിക്കപ്പെട്ടു സോക്കെജ് പിറ്റ് വഴി ഭൂമിയിലോ, ചില ഇടങ്ങളില്‍ കാനകളിലോ എത്തപ്പെടുന്നു. മിക്കവാറും സെപ്റ്റിക് ടാങ്കുകള്‍ ഇഷ്ടിക കൊണ്ട് നിര്‍മിക്കപെട്ടവയും കാലപ്പഴക്കം കൊണ്ടും, വൃക്ഷങ്ങളുടെ വേരുകള്‍ കയറിയും പൊട്ടലുകള്‍ വീണവയും ആയിരിക്കും. ഇത് കൂടാതെ മഴക്കാലത്ത് സെപ്റ്റിക് ടാങ്കുകള്‍ നിറയുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ സ്വാഭാവികമാണ്. ഇതെല്ലാം മനുഷ്യമലം ഭൂമിയിലും ജലത്തിലും കലരുന്നതിനു കാരണമാകുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ മാത്രമല്ല സമീപ ഗ്രാമങ്ങളിലും കിണര്‍വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു.

സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ മാലിന്യം പൊതു ഇടങ്ങളില്‍ തള്ളുന്നതിനു പുറമെയാണ് മഴവെള്ളം ഒഴുകാനായി നിര്‍മിച്ച കാനകളിലേക്ക് മലിന ജലം ഒഴുക്കുന്നത്. ഇത് മൂലം കടുത്ത വേനലിലും വറ്റാത്തവയായി മാറി കേരളത്തിലെ കാനകള്‍. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര പോലുള്ള പഞ്ചായത്തുകളില്‍ വരെ കാനകളിലൂടെ ഒഴുകുന്ന മലിന ജലം പരിസ്ഥിതി, ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മലിനജലം ഒഴുക്കുന്നതിന് കൂടി ഉള്ളവയാണ് കേരളത്തിലെ ഓടകള്‍ എന്ന മാനസിക അവസ്ഥയിലേക്ക് പൊതുസമൂഹം മാറിയിരിക്കുന്നു. ഇത്തരത്തില്‍ അത്യന്തം സങ്കീര്‍ണ്ണമായ ഒരു ആരോഗ്യപരിസ്ഥിതിയില്‍ നിന്നുകൊണ്ടാണ് കേരളം കക്കൂസ് മാലിന്യ സംസ്‌കരണത്തെ കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്.

നിലവില്‍ കേരളത്തിലെ 4 നഗരസഭകള്‍ -തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് - കക്കൂസ് മാലിന്യ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കോടി രൂപ ചിലവ് വരുന്ന ഇത്തരം പദ്ധതികള്‍ വേണ്ടത്ര പഠനം നടത്തിയിട്ടാണോ നടപ്പിലാക്കുന്നത് എന്നതാണ് പരമ പ്രധാനം. കേരളത്തിലെ മറ്റു മാലിന്യ നിര്‍മാര്‍ജന പദ്ധതികളെ പോലെ പൊതുജനങ്ങളുടെ എതിര്‍പ്പ് വിളിച്ചു വരുത്തുന്ന പദ്ധതികളായി ഇവയും മാറുന്നു എന്നതാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. 90 കോടി രൂപ മുടക്കി തിരുവനന്തപുരത്തെ മുട്ടത്തറയില്‍ സ്ഥാപിച്ച സംസ്‌കരണ പ്ലാന്റ് കക്കൂസ് ഖരമാലിന്യം എന്ത് ചെയ്യണം എന്ന പ്രതിസന്ധിയെ നേരിടുന്നു 333 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി ആകെ വകയിരുത്തിയിരിക്കുന്നത്. കോഴിക്കോട് നഗരസഭയില്‍ കുഴിച്ചിട്ട പൈപ്പ് സംബന്ധിച്ചാണ് തര്‍ക്കം .

ഇന്ത്യയില്‍ കാര്യമായ പുരോഗതി വരാത്ത ഒരു ശാഖയാണ് മാലിന്യ സംസ്‌കരണം (sewage treatment). അത് കൊണ്ട് തന്നെ യുറോപ്യന്‍ രാജ്യങ്ങളിലെ കണ്‍സള്‍ട്ടന്‍സികള്‍ ആണ് ഇന്ത്യയില്‍ സാധ്യതാ പഠനങ്ങള്‍ നടത്തുന്നത്. ദക്ഷിണ ഏഷ്യയിലെ നദി മലീനീകരണത്തെ കുറിച്ചും, മാലിന്യ സംസ്‌കരണത്തെ പറ്റിയും പുസ്തകം എഴുതിയ പത്രപ്രവര്‍ത്തക ചെറില്‍ കൊലോപി പറയുന്നത് പോലെ മിക്കവാറും ഇത്തരം ഏജന്‍സികള്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് തീരെ പ്രായോഗികമല്ലാത്ത, നടത്തി കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ള പദ്ധതികളാണ് തയ്യാറാക്കുക. ഇന്ത്യയിലെ നിലവിലുള്ള പഠന റിപ്പോര്‍ട്ടുകള്‍ ചെറില്‍ കൊലോപിയുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്.

അഴുക്ക് കുഴല്‍ ശൃംഖല (sewer network) വഴിയുള്ള മാലിന്യ സംസ്‌കരണമാണ് കൊച്ചി നഗര സഭയില്‍ വിഭാവനം ചെയ്തിട്ടുള്ളതും കോഴിക്കോട് നഗരസഭയില്‍ തുടക്കം ഇട്ടിട്ടുള്ളതും എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഓരോ വീട്ടിലെയും കക്കൂസ് മാലിന്യം, മറ്റു മലിനജലം എന്നിവ സെപ്ടിക് ടാങ്കില്‍ നിന്നും ഒരു വലിയ പൈപ്പ് വഴി അകലെയുള്ള സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കുക എന്നതാണ് ലളിതമായി പറഞ്ഞാല്‍ ഈ രീതി. കൊച്ചി പോലെ ഉയര്‍ന്ന ജലവിതാനമുള്ള നഗരങ്ങളില്‍ ഇത് തീരെ പ്രായോഗികമല്ല എന്നതാണ് പ്രധാന പോരായ്മ. നിരവധി പമ്പിങ്ങ് സ്‌റ്റേഷനുകള്‍ ആവശ്യമുള്ള ഇത്തരം പദ്ധതി വലിയ സാമ്പത്തിക ബാധ്യതയാണ് വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ മേല്‍ കെട്ടിവെക്കുന്നത് എന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പല വികസിത രാജ്യങ്ങളും ഇത്തരം പദ്ധതിക്ക് ഉപഭോക്താക്കളില്‍ നിന്ന് പ്രതിമാസം വലിയ തുകയാണ് ഈടാക്കുന്നതെന്നും കാണാന്‍ കഴിയും.

ഇന്ത്യയിലെ തന്നെ വാരണാസി മുനിസിപ്പാലിറ്റിയില്‍ ഇതേ കേന്ദ്ര പദ്ധതിയില്‍ 1600 കോടി രൂപ മുടക്കി നടപ്പിലാക്കിയ പദ്ധതി വേണ്ടത്ര വിജയിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. വാരാണസിയിലും കൊച്ചിയിലും പഠനം നടത്തിയത് ഒരേ കണ്‍സള്‍ട്ടന്‍സി ആണെന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ജനസാന്ദ്രത ഏറെയുള്ള സ്ഥലങ്ങളില്‍ ഇത്തരം പദ്ധതികള്‍ ഫലപ്രാപ്തിയില്‍ എത്തില്ല എന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു. മുംബൈ നഗരത്തിലെ സീവേജ് നെറ്റ്‌വര്‍ക്ക് അവിടത്തെ ചേരികളെ ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം . കൊച്ചി നഗരസഭയില്‍ 1960-'70 കാലത്ത് തന്നെ കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ വേണ്ടി പ്ലാന്റ് നിര്‍മ്മിക്കുകയും പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും, വ്യക്തമായ വിശദീകരണങ്ങളില്ലാതെ പദ്ധതി പാതി വഴിക്ക് ഉപേക്ഷിക്കുകയാണ് ഉണ്ടായത് .

ന്യൂ ഡല്‍ഹി കേന്ദ്രമായ 'സെന്റര്‍ ഫോര്‍ ഏര്‍ത്ത് സ്റ്റഡിസ്' തയാറാക്കിയ സെപ്‌റ്റെജ് പോളിസിയില്‍ നിര്‍ദേശിക്കുന്നത് മൊബൈല്‍ സീവേര്‍ ആണ് (അതായതു ഇന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ടാങ്കര്‍ ലോറികളുടെ പരിഷ്‌കൃത രൂപം) ഉപയോഗിച്ച് മാലിന്യം ശേഖരിച്ചു പ്ലാന്റില്‍ എത്തിച്ചു സംസ്‌കരിക്കുക എന്നതാണ്. കുറഞ്ഞ മൂലധന ചിലവ് ഇതിന്റെ ഒരു മേന്മയാണ്. മികച്ച നിലവാരത്തിലുള്ള സെപ്ടിക് ടാങ്കുകള്‍ നിര്‍മിച്ച് സബ്‌സിഡിയോടെ ഉപഭോക്താവിന് നല്‍കാന്‍ കഴിഞ്ഞാല്‍ ഇത്തരം മൊബൈല്‍ സീവര്‍ കുറ്റമറ്റ രീതിയാണ് എന്നാണ് പ്രചാരകര്‍ പറയുന്നത്.

ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ക്കും കക്കൂസ് ഇല്ലാത്ത ഇന്ത്യ പോലെ ഒരു രാജ്യത്തു ടോയ്‌ലെറ്റ് എന്ന ആശയത്തിന് വേണ്ടി ജീവിതം നീക്കി വെച്ചിട്ടുള്ള ആളാണ് ഡോ.ബിന്ദേശ്വര്‍ പാഠക്. പുതിയ മാതൃകകള്‍ ടോയ്‌ലെറ്റ് രംഗത്ത് വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സ്വയം ശുദ്ധീകരിക്കുന്ന രണ്ടു തട്ടുള്ള സെപ്ടിക് ടാങ്ക് അദ്ദേഹം നേതൃത്വം നല്കുന്ന സ്ഥാപനമായ 'സുലഭ്' വികസിപ്പിച്ചെടുത്തിട്ടുണ്ട്. 'ബില്‍ മിലിന്ദ ഗേറ്റ്‌സ് ഫൌണ്ടേഷന്‍' നല്കുന്ന ധനസഹായത്തോടെ രൂപപ്പെത്തിയ ഇ ടോയ്‌ലെറ്റ് ഇപ്പോള്‍ കേരളത്തില്‍ പ്രചാരം നേടി വരുന്നു. മറ്റു നിരവധി നൂതന സംരംഭങ്ങളും ഗവേഷണങ്ങളും ഈ മേഖലയില്‍ നടക്കുന്നു.
ഉറവിടത്തില്‍ വെച്ച് തന്നെ മൂത്രം വേര്‍തിരിച്ചു മാറ്റുക വഴി ഖരമാലിന്യ സംസ്‌കരണം നടത്തുന്ന മാര്‍ഗവും, കക്കൂസ് മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന രീതികളും ഇപ്പോള്‍ ലഭ്യമാണ്. . വികേന്ദ്രീകൃത കക്കൂസ് മാലിന്യ സംസ്‌കരണവും ഇന്ന് ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കക്കൂസ് മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് നിര്‍മിക്കുന്ന രീതി ഗ്രാമീണ ചൈനയില്‍ പ്രചാരത്തിലുള്ളതാണ് (പക്ഷെ ഇത് അനുകരിക്കാന്‍ കഴിയുന്നതാണോ എന്ന സംശയം നിലനില്‍ക്കുന്നു). കക്കൂസ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ നിര്‍മ്മാണത്തിലും ഇത് പോലെ വിവിധ സാങ്കേതിക രീതികള്‍ ഇന്ന് ലഭ്യമാണ്.

ഒരു പ്രദേശത്തെ കാലാവസ്ഥ, ഭൂപ്രകൃതി, സംസ്‌കാരം, ജനങ്ങളുടെ സാമ്പത്തിക നിലവാരം, വിദഗ്ദ്ധരായ തൊഴിലാളികളുടെ ലഭ്യത എന്നിവ നോക്കി മാത്രമേ ഒരു കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കം കുറിക്കാവൂ എന്നതാണ് ഗ്രീസില്‍ ഇതേ വിഷയത്തില്‍ പഠനം നടത്തിയ ഒരു വിദഗ്ധന്‍ വികസ്വരരാജ്യങ്ങളിലെ ഭരണാധികാരികളോട് ആവശ്യപ്പെടുന്നത്.

കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാട് കൂടിയാണ്. ഇന്ത്യയില്‍ ഈ മേഖലയില്‍ 22,000 കോടി രൂപയുടെ ബിസിനസ്സ് അമേരിക്കന്‍ പ്രസാധകരായ 'റിപ്പോര്‍ട്ട്‌സ് ആന്‍ഡ് റിപ്പോര്‍ട്ട്‌സ്' കണക്കുകൂട്ടുന്നു. ഒപ്പം 2018 വരെ 15% വളര്‍ച്ചാ നിരക്കും . ഗവണ്മെന്റ് നിയന്ത്രണങ്ങള്‍ ശക്തമാകുന്നത് ഈ മേഖലയില്‍ വന്‍ സാധ്യതകള്‍ തുറക്കുമെന്നും 'റിപ്പോര്‍ട്ട്‌സ് ആന്‍ഡ് റിപ്പോര്‍ട്ട്‌സ്' പുറത്തിറക്കിയ പുസ്തകത്തില്‍ പറയുന്നു.

അടുത്ത 20 വര്‍ഷത്തില്‍ 2.4 ലക്ഷം കോടി രൂപയുടെ ബിസിനസ് സാധ്യതകള്‍ ആണ് കര്‍ണാടക ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത് . ഇന്ത്യന്‍ ഗവണ്മെന്റ് നിയമിച്ച ഹൈ പവര്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ടാണ് സ്വകാര്യമേഖലക്ക് ഇത്രയധികം ആകര്‍ഷകമായ ഈ 2.4 ലക്ഷം കോടിയുടെ കണക്കിന് നിദാനം. അതായത് സീവേജ് എന്നാല്‍ ഇനി ലക്ഷം കോടികളുടെ ബിസിനസ് ആണെന്ന് ചുരുക്കം.

ഇന്ത്യയില്‍ ജെനറോം പദ്ധതിയില്‍ മാത്രം 2013 ജൂണ്‍ മാസം വരെ ഏതാണ്ട് 15,000 കോടി രൂപ സീവേജ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.

വികസനത്തിന്റെ വഴിയിലൂടെ രാജ്യം കുതിക്കുമ്പോള്‍ പൗരന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. സാമ്പത്തിക വികസനത്തിന്റെ ഗുണഫലങ്ങള്‍ പാവപ്പെട്ടവന് അപ്രാപ്യം എങ്കിലും തിക്തഫലങ്ങള്‍ അവരെയാണ് ഏറ്റവും അധികം ബാധിക്കുന്നത്. വികസനം മാളുകള്‍ ആയും ഫ്ലാറ്റുകള്‍ ആയും എത്തുമ്പോള്‍ മാലിന്യങ്ങള്‍ തള്ളുന്നത് സാധാരണക്കാരന്റെ പിന്നാമ്പുറത്താണ്. ദിവസവും അനേകായിരം ആളുകള്‍ സന്ദര്‍ശിക്കുന്ന ഷോപ്പിംഗ് മാളുകളും എണ്ണമറ്റ ഫ്ലാറ്റ് സമുച്ചയങ്ങളും കക്കൂസ് മാലിന്യ സംസ്‌കരണത്തിന് പ്രത്യേകിച്ച് ഒരു സംവിധാനവും ഇല്ലാത്തവയാണ്. എന്ത് കൊണ്ട് ഈ മലിനജലം ആധുനിക രീതിയില്‍ സംസ്‌കരിച്ചു വീണ്ടും ഉപയോഗിക്കാന്‍ ഇവരെ നിര്‍ബന്ധിച്ചു കൂടാ? എത്രയോ ലക്ഷം ലിറ്റര്‍ ജലമാണ് ഇവര്‍ ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യുന്നതിന് മാത്രം ദിവസവും ഉപയോഗിക്കുന്നത് .

കേരളത്തില്‍ കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതിയുമായി ബന്ധപ്പെട്ടു കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും ആവശ്യമുണ്ട്. 'കോടിക്കണക്കിന് രൂപ ചിലവഴിച്ചു കഴിഞ്ഞു ഇനി ഇതില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല' എന്നതാണ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു നമ്മുടെ രാജ്യത്ത് ഏറ്റവും അധികം പ്രചാരത്തിലുള്ള തത്വശാസ്ത്രം. വിളപ്പില്‍ശാല മുതല്‍ കൂടംകുളം വരെയുള്ള പ്രശ്‌നങ്ങളില്‍ ഈ വാക്കുകള്‍ ആവര്‍ത്തിക്കപ്പെട്ടു . കോടിക്കണക്കിന് തുക ചെലവിട്ടു നടത്തുന്ന കക്കൂസ് മാലിന്യ പദ്ധതിയും ഇത്തരത്തില്‍ വരും തലമുറയെ ബാധിക്കുന്ന സാമ്പത്തികപരിസ്ഥിതി രാഷ്ട്രീയ മാനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ളവയാണ്. മറ്റു മാലിന്യ സംസ്‌കരണ പദ്ധതികളെ ഇത് പോലെ ജനങ്ങള്‍ക്ക് ഒരു ദുരന്തമായി മാറാതിരിക്കാന്‍ ആവശ്യമായ ചര്‍ച്ചകളും പഠനങ്ങളും നടത്തുന്നു എന്നുറപ്പ് വരുത്തേണ്ടത് പൊതുസമൂഹത്തിന്റെ ചുമതലയാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment