Sunday 14 July 2013

[www.keralites.net] à´Žà´‚.à´Ÿà´¿ @ 80

 

എം.ടി @ 80

60 തിരക്കഥകള്‍, 29 അവാര്‍ഡുകള്‍ ! എം.ടി. എന്ന ചലച്ചിത്രകാരന്റെ വലുപ്പം ഈ കണക്കില്‍ ഒതുങ്ങുന്നതല്ല. തനികച്ചവടം, അല്ലെങ്കില്‍ ദുരൂഹകല - ഇങ്ങനെ രണ്ടുവഴിക്ക് നടന്ന മലയാള സിനിമയെ സമന്വയത്തിന്റെ ദൃശ്യഭാഷയും കുലീനതയും സമ്മാനിച്ച് വീണ്ടെടുത്തു എന്നതാണ് എം.ടി. ചെയ്ത സംഭാവന. ജൂലായ് 15ന് 80 തികയുന്ന എം.ടി.ക്ക് മലയാള സിനിമയിലെ മഹാനടന്‍ മോഹന്‍ലാലിന്റെയും എം.ടി.യുടെ 12 തിരക്കഥകള്‍ ദൃശ്യവത്കരിച്ച സംവിധായകന്‍ ഹരിഹരന്റെയും ആദരം


സര്‍, ഞാനല്ല അങ്ങാണ് മലയാളിയുടെ 'സ്വകാര്യ അഹങ്കാരം'
മോഹന്‍ലാല്‍

Fun & Info @ Keralites.netഎം.ടിസാറിനെ എന്നാണ് പരിചയപ്പെട്ടത് എന്ന് ഓര്‍മ്മയില്ല. എന്നോ, എവിടെ വച്ചോ സംഭവിച്ച ഒരു ഭാഗ്യം. അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായി അങ്ങിനെ ഇഴുകിച്ചേരാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം'അറ്റാച്ച്ഡ് ഡിറ്റാച്ച്‌മെന്റ്' എന്ന അവസ്ഥയിലുള്ള ആളായതുകൊണ്ടായിരിക്കണം. പക്ഷേ അദ്ദേഹം എഴുതിയ വിസ്മയകരമായ കുറേ തിരക്കഥകളില്‍ അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. ഉയരങ്ങളില്‍, അമൃതം ഗമയ, പഞ്ചാഗ്‌നി, ഇടനിലങ്ങള്‍, താഴ്‌വാരം, സദയം... ഒറ്റ ഓര്‍മ്മയില്‍ മാത്രം എത്ര ചിത്രങ്ങള്‍! എന്തെന്ത് അനുഭവങ്ങള്‍! അവയെല്ലാം എന്റെ അഭിനയജീവിതത്തിലെ അഭിമാനനിമിഷങ്ങളാണ്.

സാറിന്റെ തിരക്കഥയുടെ വിശേഷങ്ങളെക്കുറിച്ച് എത്രയോ പേര്‍ എഴുതിയതാണ്. അതിനെ അക്കാദമിക്കായി അപഗ്രഥിക്കാനൊന്നുമുള്ള ശേഷി എനിക്കില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് വല്ലാത്തൊരു ആന്തരികലോകം (ഹൃൃവി ന്്രിാല) ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. 'സദയ' ത്തിലേയും 'താഴ്‌വാര'ത്തിലേയും കഥാപാത്രങ്ങളെത്തന്നെയെടുക്കാം. രണ്ടുപേരുടേയും ഉള്ളിലെ ലോകം എത്രമാത്രം ആഴമുള്ളതാണ്! അത് എങ്ങിനെയാണ് ഉള്‍ക്കൊള്ളാന്‍ സാധിച്ചത് എന്നകാര്യം എനിക്കിന്നും ഒരു മിസ്റ്ററിയാണ്. ഏതോ ഗുരുത്വം കൊണ്ട് എല്ലാം സംഭവിച്ചു എന്ന് മാത്രം.

ഭാസമഹാകവിയുടെ 'കര്‍ണ്ണഭാരം' എന്ന സംസ്‌കൃതനാടകം ഞാന്‍ രണ്ട് തവണ ബോംബെയില്‍ വച്ച് അവതരിപ്പിച്ചപ്പോള്‍ രണ്ട് പ്രാവശ്യവും എം.ടി. സാര്‍ കാണാന്‍ വന്നിരുന്നു. ലീലാ കെംപന്‍സ്‌കിയിലും ഷണ്മുഖാനന്ദ ഹാളിലും. രണ്ട് തവണയും നാടകം കഴിഞ്ഞയുടനെ വിയര്‍ത്ത് തളര്‍ന്ന ശരീരവുമായി ഞാന്‍ സാര്‍ ഇരുന്നയിടത്തേക്ക് ഓടി. അദ്ദേഹത്തിന്റെ മുന്നില്‍ച്ചെന്നു നിന്നു. എന്നാല്‍ രണ്ടു തവണയും അദ്ദേഹം ഒന്നും പറയാതെ പോയി. എനിക്ക് വലിയ വേദന തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിയില്‍വച്ചോ മറ്റോ ഞാനിത് അദ്ദേഹത്തോട് സൂചിപ്പിച്ചു. അപ്പോള്‍ അദ്ദേഹം എന്റെ പുറത്തു തട്ടിയിട്ട് പറഞ്ഞു: 'ലാല്‍, വളരെ നന്നായിരുന്നു. ഞാനത് അങ്ങിനെ പറഞ്ഞില്ല എന്ന് മാത്രമേയുള്ളൂ.'

അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'അങ്ങിനെയല്ല സാര്‍. സാറിനേപ്പോലുള്ളവര്‍ പറയുമ്പോഴാണ് എന്നേപ്പോലുള്ളവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കുന്നത്', അതുകേട്ട് അദ്ദേഹം പതിവുപോലെ നേരിയ ഒരു ചിരിചിരിച്ചു.
എം.ടി. സാര്‍ അത് മന:പ്പൂര്‍വ്വം ചെയ്തതല്ല എന്നെനിക്കറിയാം. അദ്ദേഹത്തിന്റെ രീതി അങ്ങിനെയാണ്. പൊള്ളയായ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയല്ല. ഒന്നും പറയാതെയാണ് അദ്ദേഹം എല്ലാം പറയാറുള്ളത് എന്ന് തോന്നിയിട്ടുണ്ട്. ഇക്കാലമത്രയും അനാവശ്യമായ,നമ്മെ ഇത്തിരിയെങ്കിലും മുന്നോട്ട് നയിക്കാത്ത ഒരു കാര്യത്തിലും എം.ടി. സാര്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. അതാണ് അദ്ദേഹത്തെ അദ്ദേഹമാക്കുന്നത്.

എനിക്കുവേണ്ടി എന്തെങ്കിലും എഴുതാന്‍ ഞാന്‍ ഒരിക്കലും എം.ടി. സാറിനോട് പറഞ്ഞിട്ടില്ല. എന്നാല്‍ എന്റെ ചങ്ങാതി പ്രിയദര്‍ശനുവേണ്ടി ഒരു തിരക്കഥയെഴുതിത്തരാന്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. എം.ടി. കൃതികള്‍ വായിച്ച് കഥകള്‍ എഴുതിയ, അദ്ദേഹത്തെ മനസ്സില്‍ വച്ച് പൂജിക്കുന്ന പ്രിയന്റെ വലിയ മോഹമായിരുന്നു അത്. അദ്ദേഹം സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇന്ന് വരെ സാധ്യമായിട്ടില്ല. കാണുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിക്കാറുണ്ട്. അങ്ങിനെയൊരു മേല്‍ക്കൈ ഇപ്പോഴും അദ്ദേഹത്തില്‍ എനിക്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

'താഴ്‌വാരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ബോംബെയില്‍ വച്ച് നടന്ന ഒരു ചടങ്ങില്‍ എം.ടി. സാര്‍ പറഞ്ഞു, 'മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍' എന്ന്. 'സ്വകാര്യ അഹങ്കാരം' എന്ന വാക്ക് ആദ്യമായി അന്നാണ് ഞാന്‍ കേള്‍ക്കുന്നത്. ഈ എണ്‍പതാം പിറന്നാളില്‍, അന്ന് എന്റെ തലയില്‍ വച്ചുതന്ന ആ കിരീടം ഞാന്‍ വിനയത്തോടെ അദ്ദേഹത്തിന് നല്‍കുന്നു. ഞാനല്ല സാര്‍, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം. അങ്ങാണ്, ആ പേനയാണ്, അതിലൂടെ ലഭിച്ച അക്ഷരങ്ങളാണ്. ഇനിയുമിനിയും എഴുതാനും ജീവിക്കാനും ദൈവം അങ്ങേക്ക് ആയുരാരോഗ്യങ്ങള്‍ നല്‍കട്ടെ.

സിനിമയുടെ സുകൃതം
ഹരിഹരന്‍

Fun & Info @ Keralites.netമലയാളസിനിമയില്‍ തിരക്കഥാരചനയ്ക്ക് ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കിയത് എം.ടി.വാസുദേവന്‍ നായരാണ്. തിരക്കഥയില്‍ കേരളത്തിന്റേതായ സംഭാഷണശൈലി ചേര്‍ത്ത് മലയാള സിനിമയില്‍ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ എം.ടിയുമായുള്ള ബന്ധം തുടങ്ങുന്നത് ഒരു ആരാധകനായിട്ടാണ്. അദ്ദേഹത്തിന്റെ കഥകളൊക്കെ വായിച്ച് തുടങ്ങിയ ആരാധന. അന്ന് എംടി. കോഴിക്കോട് 'മാതൃഭൂമി' യിലാണ്. ഞാന്‍ കോഴിക്കോട്ട് കാരനായതു കൊണ്ട് 'മാതൃഭൂമി'യില്‍ ചെന്ന് അക്കാലത്തേ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. ശരിക്കു പറഞ്ഞാല്‍ ഒരു അധ്യാപക-വിദ്യാര്‍ഥി ബന്ധമായിട്ടാണ് ആ സൗഹൃദം തുടങ്ങുന്നത്.

പിന്നീട് എംടി. 'മുറപ്പെണ്ണ്' സിനിമയാക്കാന്‍ മദ്രാസില്‍ വന്നു. ഏകദേശം ആ കാലഘട്ടത്തിലാണ് ഞാനും സംവിധാനം പഠിക്കാന്‍ അവിടെയെത്തുന്നത്. സിനിമയുടെ കല, ക്യാമറ, സംവിധാനം എന്നിവയൊക്കെ പഠിച്ച് ഞാന്‍ 1964 ല്‍ സ്വതന്ത്രസംവിധായകനായി. 'മുറപ്പെണ്ണ്' കഴിഞ്ഞ് 'ഇരുട്ടിന്റെ ആത്മാവ് ' എഴുതുന്ന സമയത്ത് എം.ടി യെ കണ്ടപ്പോള്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അക്കാലത്ത് ഞാന്‍ തുടര്‍ച്ചയായി കമേഴ്‌സ്യല്‍ സിനിമകളാണ് ചെയ്തിരുന്നത്. അതില്‍ നിന്നൊക്കെ ഒരു മാറ്റംവേണമെന്ന് എം. ടി. പറയും. എന്റെ സിനിമകളെക്കുറിച്ച് നല്ല ക്രാഫ്റ്റാണെന്നൊക്കെയായിരിക്കും അഭിപ്രായം.

ഒരിക്കല്‍ കോഴിക്കോട്ടു വെച്ച് ടി.ദാമോദരന്‍ മാഷാണ് നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സിനിമ ചെയ്യണമെന്ന് എം.ടി യോടും എന്നോടും ആവശ്യപ്പെടുന്നത്. അതിനെന്താ ചെയ്യാമല്ലോയെന്ന് എം.ടി യും പറഞ്ഞു. പ്രിയദര്‍ശിനി പിക്‌ചേഴ്‌സിന്റെ ജോയ് നിര്‍മ്മിക്കാനും രംഗത്തെത്തിയതോടെയാണ് ഞങ്ങള്‍ ഒന്നിച്ച ആദ്യസിനിമ 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച' പിറക്കുന്നത്. ഞാനും എം.ടി യും ഒന്നിച്ച് സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ സിനിമാലോകത്തിന് പരിഹാസമായിരുന്നു. അതിനെ ഒരു ചലഞ്ചായി കണ്ടാണ് ആ സിനിമ ചെയ്തത്. സിനിമ പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായി.

എം.ടിയും ഞാനുമൊക്കെ ജനിച്ചു വളര്‍ന്നത് ഒരേ അന്തരീക്ഷത്തിലായിരുന്നതിനാല്‍ അദ്ദേഹം ഒരു എലിമെന്റ് പറയുമ്പോഴേക്കും അതിലെ സിനിമാന്തരീക്ഷം എനിക്ക് പിടികിട്ടും. എം.ടി കഥ പറയുകയില്ല. ഒരു സ്​പാര്‍ക്ക് മാത്രമേ പറയൂ. ഒരു നോട്ട് പറഞ്ഞാല്‍ അത് എഴുതി വരുമ്പോള്‍ എങ്ങനെ ഒരു ചലച്ചിത്രമായി വരുമെന്ന് വിഭാവനം ചെയ്യാന്‍ കഴിയുന്നവര്‍ക്കേ എം.ടി.യുമൊത്ത് വര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പെട്ടെന്ന് ഒരു സിനിമയെടുക്കണമെന്ന് പറയുമ്പോള്‍ ഉടനെയൊരു കഥയെഴുതി തരാമെന്ന് പറയുന്ന സ്വഭാവക്കാരനല്ല എം.ടി . അദ്ദേഹത്തിന്റെ മനസ്സില്‍ സ്‌ട്രൈക്ക് ചെയ്യുന്ന, ഇന്‍സ്‌പെയര്‍ ചെയ്യുന്ന കഥകളേ അദ്ദേഹം എഴുതുകയുള്ളൂ. ഒരു വിഷയത്തെ ആസ്​പദമാക്കി കഥകള്‍ ആവര്‍ത്തിക്കുകയില്ല. ഒരു സിനിമ എഴുതിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് ആളുകള്‍ക്ക് പുതിയതായി എന്തെങ്കിലും മനസ്സിലാക്കാന്‍ കഴിയണമെന്ന്് നിര്‍ബന്ധബുദ്ധിയുള്ള ആളാണ്.

എം.ടി.യുടെ കൂടെയിരുന്നാല്‍ സിനിമ-തിരക്കഥാ പരിചയം മാത്രമല്ല, ഒരു പാട് കാര്യങ്ങളില്‍ അറിവു നേടാന്‍ കഴിയും. സാഹിത്യം, ആധ്യാത്മികത, ചരിത്രം എന്നിങ്ങനെ വിഭിന്നമായ വിഷയങ്ങളില്‍ പുതിയ എന്തെങ്കിലും അറിവുകള്‍ ലഭിക്കും. സംസാരം വളരെ കുറവാണെങ്കിലും നമ്മള്‍ വ്യത്യസ്ത വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചാല്‍ എം.ടി നന്നായി സംസാരിക്കും. ഞാനും എം.ടി.യും ചേര്‍ന്ന് പഴശ്ശിരാജവരെ സിനിമകള്‍ ചെയ്തു. അവയെല്ലാം വന്‍വിജയങ്ങളായി എന്നതു മാത്രമല്ല എനിക്കു കിട്ടിയ നേട്ടം, അറിവിന്റെ സാഗരത്തിനൊപ്പം കുറേ നല്ല നിമിഷങ്ങള്‍ ലഭിച്ചുവെന്നതും കൂടിയാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

1970 ഓളവും തീരവും (മികച്ച തിരക്കഥ)
1973 നിര്‍മാല്യം (മികച്ച സംവിധായകന്‍), നിര്‍മാല്യം (മികച്ച ചിത്രം),നിര്‍മാല്യം (തിരക്കഥ)
1978 ബന്ധനം (തിരക്കഥ)
1980 ഓപ്പോള്‍(തിരക്കഥ)
1981 തൃഷ്ണ (തിരക്കഥ)
1981 വളര്‍ത്തുമൃഗങ്ങള്‍ (തിരക്കഥ)
1983 ആരൂഢം (കഥാകൃത്ത്)
1985 അനുബന്ധം (കഥാകൃത്ത്)
1986 നഖക്ഷതങ്ങള്‍, പഞ്ചാഗ്‌നി (തിരക്കഥ)
1987 അമൃതംഗമയ (തിരക്കഥ)
1989 ഒരു വടക്കന്‍ വീരഗാഥ (തിരക്കഥ)
1990 പെരുന്തച്ചന്‍ (തിരക്കഥ)
1991 കടവ് (തിരക്കഥ)
1994 സുകൃതം (തിരക്കഥ)
1998 ദയ (തിരക്കഥ)
2001 ഒരു ചെറുപുഞ്ചിരി (സംവിധായകന്‍)
2009 കേരളവര്‍മ പഴശ്ശിരാജ (തിരക്കഥ)

ദേശീയ ചലച്ചിത്ര പുരസ്‌കാരം

1965 മുറപ്പെണ്ണ് ( രണ്ടാമത്തെ മികച്ച ചിത്രം)
1967 ഇരുട്ടിന്റെ ആത്മാവ്
(സാമൂഹികപ്രസക്തിയുള്ള ചിത്രം)
1973 നിര്‍മാല്യം (മികച്ച ചിത്രം)
1980 ഓപ്പോള്‍ (മികച്ച രണ്ടാമത്തെ ചിത്രം)
1983 ആരൂഢം (മികച്ച കഥ)
1989 ഒരു വടക്കന്‍ വീരഗാഥ (തിരക്കഥ)
1991 കടവ് (മികച്ച മലയാള ചിത്രം)
1993 സദയം (തിരക്കഥ)
1994 പരിണയം (തിരക്കഥ)
2000 ഒരു ചെറുപുഞ്ചിരി
(പരിസ്ഥിതിബോധം വളര്‍ത്തുന്ന ചിത്രം)

സംവിധാനം ചെയ്ത ചിത്രങ്ങള്‍


1.നിര്‍മാല്യം
2. ബന്ധനം
3. വാരിക്കുഴി
4. മഞ്ഞ്
5. കടവ്
6. ഒരു ചെറുപുഞ്ചിരി

എം.ടി. യുടെ തിരക്കഥകള്‍

ചിത്രങ്ങള്‍ (സംവിധായകന്‍)

1. മുറപ്പെണ്ണ് (എ. വിന്‍സെന്റ്)
2. പകല്‍ കിനാവ് (എസ്.എസ്. രാജന്‍)
3. ഇരുട്ടിന്റെ ആത്മാവ് (പി. ഭാസ്‌കരന്‍)
4. നഗരമേ നന്ദി ( എ. വിന്‍സെന്റ്)
5. അസുരവിത്ത് (എ. വിന്‍സെന്റ്)
6. ഓളവും തീരവും (പി.എന്‍. മേനോന്‍)
7. നിഴലാട്ടം (എ. വിന്‍സെന്റ്)
8. കുട്ട്യേടത്തി (പി.എന്‍. മേനോന്‍)
9. വിത്തുകള്‍ (പി. ഭാസ്‌കരന്‍)
10. മാപ്പുസാക്ഷി (പി.എന്‍. മേനോന്‍)
11. നിര്‍മ്മാല്യം (എം.ടി.)
12. കന്യാകുമാരി (കെ.എസ്. സേതുമാധവന്‍)
13. പാതിരാവും പകല്‍ വെളിച്ചവും (എം. ആസാദ്)
14. ബന്ധനം (എം.ടി.)
15. ഏകാകിനി (ജി.എസ്. പണിക്കര്‍)
16. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (ഹരിഹരന്‍)
17. മണ്ണിന്റെ മാറില്‍ (പി.എ. ബക്കര്‍)
18. നീലത്താമര (യൂസഫലി കേച്ചേരി)
19. ഓപ്പോള്‍ (കെ.എസ്. സേതുമാധവന്‍)
20. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ( എം. ആസാദ്)
21. വളര്‍ത്തു മൃഗങ്ങള്‍ (ഹരിഹരന്‍)
22. വാരിക്കുഴി (എം.ടി.)
23. ആരൂഢം (ഐ.വി. ശശി)
24. തൃഷ്ണ (ഐ.വി. ശശി)
25. മഞ്ഞ് (എം.ടി.)
26. ആള്‍ക്കൂട്ടത്തില്‍ തനിയെ (ഐ.വി. ശശി)
27. അക്ഷരങ്ങള്‍ (ഐ.വി. ശശി)
28. അടിയൊഴുക്കുകള്‍ (ഐ.വി. ശശി)
29. ഉയരങ്ങളില്‍ (ഐ.വി. ശശി)
30. രംഗം (ഐ.വി. ശശി)
31. അനുബന്ധം (ഐ.വി. ശശി)
32. ഇടനിലങ്ങള്‍ (ഐ.വി. ശശി)
33. വെള്ളം (ഹരിഹരന്‍)
34. അഭയം തേടി (ഐ.വി. ശശി)
35. കാടിന്റെ മക്കള്‍ (പി.എസ്. പ്രകാശ്)
36. കൊച്ചു തെമ്മാടി (എ. വിന്‍സെന്റ്)
37. നഖക്ഷതങ്ങള്‍ (ഹരിഹരന്‍)
38. പഞ്ചാഗ്‌നി (ഹരിഹരന്‍)
39. അമൃതംഗമയ (ഹരിഹരന്‍)
40. ഋതുഭേദം (പ്രതാപ് പോത്തന്‍)
41. ആരണ്യകം (ഹരിഹരന്‍)
42. അതിര്‍ത്തികള്‍ (ജെ.ഡി. തോട്ടാന്‍)
43. വൈശാലി (ഭരതന്‍)
44. ഒരു വടക്കന്‍ വീരഗാഥ (ഹരിഹരന്‍)
45. ഉത്തരം (പവിത്രന്‍)
46. മിഥ്യ (ഐ.വി. ശശി)
47. താഴ്‌വാരം (ഭരതന്‍)
48. പെരുന്തച്ചന്‍ (അജയന്‍)
49. കടവ് (എം.ടി.)
50. വേനല്‍ കിനാവുകള്‍ (കെ.എസ്. സേതുമാധവന്‍)
51. സദയം (സിബി മലയില്‍)
52. പരിണയം (ഹരിഹരന്‍)
53. സുകൃതം (ഹരികുമാര്‍)
54. എന്ന് സ്വന്തം ജാനകിക്കുട്ടി (ഹരിഹരന്‍)
55. ദയ (വേണു)
56. ഒരു ചെറു പുഞ്ചിരി (എം.ടി.)
57. തീര്‍ത്ഥാടനം (ബി. കണ്ണന്‍)
58. നീലത്താമര (റീമേക്ക് : ലാല്‍ജോസ് )
59. കേരളവര്‍മ്മ പഴശ്ശിരാജ (ഹരിഹരന്‍)
60. ഏഴാമത്തെ വരവ് (ഹരിഹരന്‍)


മലയാള സിനിമയുടെ ഭാവുകത്വം മാറ്റിയ കലാകാരന്‍

സിനിമയെ കൂടുതല്‍ സിനിമാറ്റിക് ആയി കാണാനുള്ള ഉദ്യമങ്ങളായിരുന്നു ഓളവും തീരവും, നിര്‍മാല്യം, ഇരുട്ടിന്റെ ആത്മാവ്, കടവ്, ഓപ്പോള്‍ തുടങ്ങിയ തിരക്കഥകള്‍. വെറുംവായനയില്‍ പോലും ഇവ പുതിയ ദൃശ്യാനുഭവം പകര്‍ന്നുനല്‍കുന്നു.
ഭാവതീവ്രവും പ്രമേയപരവുമായ കുതിപ്പും സാധ്യമാക്കുന്ന പ്രതീകങ്ങളുടെ പ്രയോഗം മലയാള സിനിമയില്‍ എം.ടി.യുടെ സിനിമകളില്‍ വ്യാപകമായി കാണാം. എം.ടി. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ അത് നന്നായി ഉപയോഗിച്ചിട്ടുണ്ട്.
സിനിമയുടെ ശില്പഘടനയില്‍ നിശ്ശബ്ദതയുടെ ഇടവേളകള്‍ എത്രത്തോളം സാര്‍ഥകമാണെന്ന് ആദ്യം കണ്ടറിഞ്ഞ മലയാളത്തിന്റെ തിരക്കഥാകാരന്‍ എം.ടി.യായിരിക്കും.
കഥാപാത്രങ്ങളുടെ ശരീരഭാഷ വ്യക്തമായി അടയാളപ്പെടുത്തുന്നതും കഥാപാത്രങ്ങള്‍ക്ക് കാലോചിതമായ വ്യക്തിത്വം നല്‍കുന്നതിനും ഏറെ ശ്രദ്ധാലുവായ തിരക്കഥാകൃത്തായിരുന്നു എം.ടി.
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment