ഇന്ദ്രന്‍
അഴിമതിയില്‍ മുങ്ങിക്കുളിച്ച പാര്‍ട്ടിയെയാണ് കര്‍ണാടക വോട്ടര്‍മാര്‍ താഴെയിറക്കിയത്. എന്നിട്ട് തിരഞ്ഞെടുത്തത് അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത പാര്‍ട്ടിയെ ആണോ എന്നാരും ചോദിക്കരുത്. ഇല്ല, നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അതിന് വകുപ്പില്ല

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അധികം സംസാരിക്കാറില്ല. സദാ മൗനിമോഹന്‍സിങ്ങാണ്. എന്നാലോ, പറഞ്ഞുതുടങ്ങിയാല്‍ പല മഹദ്‌വചനങ്ങളും പറയും. കര്‍ണാടകയില്‍ ബി.ജെ.പി. തോറ്റുതുന്നംപാടുകയും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുകയും ചെയ്തപ്പോള്‍ മന്‍മോഹന്‍ജിയും വാചാലനായി. തിരഞ്ഞെടുപ്പുജയം സംബന്ധിച്ച അദ്ദേഹത്തിന്റെ വിദഗ്ധാഭിപ്രായം ആരെയും ഇരുത്തിച്ചിന്തിപ്പിക്കും.
സ്വന്തം യോഗ്യതകൊണ്ടല്ല കോണ്‍ഗ്രസ് ജയിച്ചത്. ചിലര്‍ തോല്‍ക്കുമ്പോള്‍ വേറെചിലര്‍ ജയിച്ചല്ലേ പറ്റൂ. അത് കോണ്‍ഗ്രസ്സുകാര്‍ക്കും അറിയാം. ബി.ജെ.പി. മൂന്നായി പിളരുകയും മോന്‍ ചത്താലും സാരമില്ല, മരുമോള്‍ കരയുന്നതൊന്ന് കണ്ടാല്‍മതി എന്നലൈനില്‍ യെദ്യൂരപ്പ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുകയും ചെയ്തതുകൊണ്ടാണ് കോണ്‍ഗ്രസ് ജയിച്ചത്. 2008-ല്‍തോറ്റപ്പോള്‍ കിട്ടിയതിനേക്കാള്‍ വളരെക്കൂടുതല്‍ വോട്ടൊന്നും ഇത്തവണ ജയിക്കുമ്പോഴും പാര്‍ട്ടിക്ക് കിട്ടിയിട്ടില്ല. അത് നമ്മുടെ വോട്ടിങ്‌രീതിയുടെ ഒരു വിചിത്രസൗകര്യമാണ്. അങ്ങനെ സൗകര്യങ്ങള്‍ പലതുണ്ട്. ശതമാനക്കണക്ക് നോക്കിയാല്‍ കോണ്‍ഗ്രസ് ഭരിക്കുകയേവേണ്ട എന്നാണ് ഭൂരിപക്ഷം ആളുകള്‍ വിധിയെഴുതിയതെങ്കിലും ഭരണം കോണ്‍ഗ്രസ്സിന് കിട്ടി. രണ്ടുകാലും ഒപ്പം ഓടുമ്പോള്‍ ഒരുകാലുള്ള ആള്‍ക്ക് ജയിക്കാം. ബി.ജെ.പി.യുടെ അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായ ജനവിധിയെന്ന് പ്രധാനമന്ത്രി പറഞ്ഞതിന്റെ അര്‍ഥം ഇതുതന്നെയാവാം.
അഴിമതിയില്‍ മുങ്ങിക്കുളിച്ച പാര്‍ട്ടിയെയാണ് കര്‍ണാടക വോട്ടര്‍മാര്‍ താഴെയിറക്കിയത്. എന്നിട്ട് തിരഞ്ഞെടുത്തത് അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത പാര്‍ട്ടിയെ ആണോ എന്നാരും ചോദിക്കരുത്. ഇല്ല, നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അതിന് വകുപ്പില്ല. ഭരണത്തിലുള്ള പാര്‍ട്ടിയോളം അഴിമതിനടത്താന്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടിക്ക് കഴിയില്ല. അതുകൊണ്ട്, ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന പാര്‍ട്ടിയെ ഈ തിരഞ്ഞെടുപ്പില്‍ പുറത്താക്കുകയും പ്രതിപക്ഷത്തുള്ള മറ്റേപ്പാര്‍ട്ടിയെ അധികാരത്തിലേറ്റുകയുമാണ് വോട്ടര്‍ക്ക് ചെയ്യാന്‍ കഴിയുക. വലത്തേ കാലിലെ മന്ത് ഇടത്തേ കാലിലാക്കുന്നതിനെ പരിഹസിക്കുന്നവര്‍ കാണും. വലത്തേക്കാല്‍ അല്പനേരത്തേക്കായാലും ഫ്രീയായിക്കിട്ടുന്നതിന്റെ സുഖം അവര്‍ക്ക് അറിയാഞ്ഞിട്ടായിരിക്കും. അത് സ്ഥായിയായ സുഖം അല്ലായിരിക്കാം. ഏതുസുഖമാണ് സ്ഥായി? കുറച്ചുനാളത്തെ സുഖംകഴിഞ്ഞാല്‍ ശങ്കരന്‍ വീണ്ടുംതെങ്ങില്‍ത്തന്നെ എത്തും. അഴിമതിയില്‍ മുന്‍ഗാമിയെ വെട്ടിക്കാനുള്ള ഓട്ടപ്പന്തയമാണ് പിന്നെ നടക്കുക. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ സഹികെട്ട് പഴയ അഴിമതിക്കാരെ വീണ്ടും അധികാരത്തിലേറ്റാം. ഇതിനാണ് ജനങ്ങളുടെ വിജയം എന്നുപറയുന്നത്.
കര്‍ണാടകയിലെ അഴിമതികൊണ്ടാണ് ജനം കൈയൊഴിഞ്ഞതെന്ന് ബി.ജെ.പി. ഒരിക്കലും വിശ്വസിക്കുകയില്ല. അതിനുമാത്രം അഴിമതിയൊന്നും നടന്നിട്ടില്ല ഹേ... കേന്ദ്രത്തിലെ അഴിമതിയുടെ നാലയലത്ത് വരുമോ ഇത്?-ബി.ജെ.പി.ക്കാര്‍ മനംനൊന്ത് ചോദിക്കുന്നുണ്ട്. അതിനും ജനാധിപത്യത്തില്‍ വകുപ്പില്ല. കേന്ദ്രത്തിലെ ലക്ഷം കോടിയുമായി കര്‍ണാടകയിലെ ലക്ഷം കോടിയെ താരതമ്യപ്പെടുത്താനുള്ള ഗണിതജ്ഞാനമൊന്നും വോട്ടര്‍മാരില്‍നിന്ന് പ്രതീക്ഷിച്ചുകൂടാ. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ത്തന്നെ അഴിമതിക്കഥകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ പാര്‍ട്ടിയാണ് കര്‍ണാടക കോണ്‍ഗ്രസ്. അതിലും വലിയ അഴിമതിഖനികള്‍ മറുപക്ഷത്തുള്ളതുകൊണ്ട് വേറെ ഒന്നും കുഴിച്ചുനോക്കേണ്ടിവന്നില്ല.
തമ്മില്‍ഭേദം തൊമ്മന്‍ സിദ്ധാന്തപ്രകാരം ബി.ജെ.പി.യെ വീണ്ടും അധികാരത്തിലേറ്റുമെന്നാണ് അവര്‍ കരുതിയിരുന്നത്. ഏറ്റി, പക്ഷേ കഴുമരത്തിലാണ് എന്നുമാത്രം. ഭരണകക്ഷി തോറ്റകഥ ചരിത്രത്തില്‍ ഉടനീളമുണ്ട്. പക്ഷേ, ഭരണകക്ഷി തോറ്റ് മൂന്നാം സ്ഥാനത്തിനുവേണ്ടി പെടാപ്പാടുപെടുക എന്നത് ശ്ശി അപൂര്‍വംതന്നെയാണ്. പ്രധാനമന്ത്രിയുടെ ജുബ്ബയും തയ്പ്പിച്ച് നടക്കുന്ന മോഡിക്കുണ്ടായ ചീത്തപ്പേര് ചെറുതല്ല. വര്‍ഗീയത സഹിക്കാഞ്ഞാണ് ജനങ്ങള്‍ ബി.ജെ.പി.യെ കൈയൊഴിഞ്ഞതെന്നും പ്രധാനമന്ത്രി വിലയിരുത്തുകയുണ്ടായി. ഇത്തവണ നരേന്ദ്രമോഡി വന്ന് പ്രസംഗിച്ചിട്ടും വര്‍ഗീയവികാരമുണര്‍ന്നില്ല. ഗുജറാത്ത് ലഹളച്ചിത്രങ്ങള്‍ ജനമനസ്സില്‍ കുത്തിക്കയറ്റിയ ബി.ജെ.പി.വിരുദ്ധരും വര്‍ഗീയവികാരമുണ്ടാക്കാനാണ് അറിയാതെ ശ്രമിച്ചത്. അതുണര്‍ന്നില്ല. പ്രസംഗിച്ചിടത്തെല്ലാം കോണ്‍ഗ്രസ്സിനെ തോല്പിക്കുന്ന നേതാവെന്ന ഖ്യാതി നിലനിര്‍ത്താന്‍ രാഹുലിനായില്ല.
എന്തായാലും 2014-ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് ഇനി വേറെ സംസ്ഥാന തിരഞ്ഞെടുപ്പൊന്നും നടത്തേണ്ടി വരരുതേ എന്ന് കോണ്‍ഗ്രസ് പ്രാര്‍ഥിക്കുകയാണ്. എടുത്തുകാട്ടാന്‍ കര്‍ണാടകയും ഇല്ലാതായാല്‍ തിരഞ്ഞെടുപ്പിന്റെ ഫണ്ടുപിരിവുപോലും ഗോപിയാകും. കാലം മോശമാണ്.
* * *
ശത്രുരാജ്യത്തിന്റെ രഹസ്യം ചോര്‍ത്താന്‍ ചാരന്മാരെ പറഞ്ഞുവിടുന്നത് സാധാരണം. മിത്രരാജ്യത്തും ചാരനെ വിടാം. പക്ഷേ, ഒരു സംസ്ഥാനസര്‍ക്കാര്‍ അയല്‍സംസ്ഥാനത്തിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചാരനെ അയച്ചു എന്നുകേട്ടാല്‍ ഞെട്ടാതെ വയ്യ. തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് അയച്ചെന്നുപറയുന്ന ചാരന്‍ മലയാളിയത്രേ. ഹാവൂ... ഒരു മുഴുനീള സസ്‌പെന്‍സ്, ക്രൈം, സ്‌പൈ ത്രില്ലറിനുള്ള സകല സാധ്യതയുമുണ്ട്. സെക്‌സ് ഉണ്ടോ എന്നറിയില്ല. ചുഴിഞ്ഞുനോക്കിയാല്‍ അതും കണ്ടേക്കും. തിരക്കഥയെഴുത്തുകാര്‍ പണി തുടങ്ങിക്കാണണം.
വിവരാവകാശ നിയമപ്രകാരം ഹര്‍ജി കൊടുത്താല്‍ കിട്ടാത്ത വിവരമൊന്നും നമ്മുടെ സെക്രട്ടേറിയറ്റിനകത്ത് അധികമില്ല. ഉള്ളത് എന്തെല്ലാമാണ് തമിഴ്‌നാട് കൈവശപ്പെടുത്തിയത് ? അത് ഒഫീഷ്യല്‍ സീക്രട്‌സ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണോ ? അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും എതിരെ നടപടി ഉണ്ടായോ? യാതൊന്നും നമുക്കറിഞ്ഞുകൂടാ. അതിനെക്കുറിച്ചൊന്നും ഒരു ചര്‍ച്ചയും കേരളത്തിലില്ല. ഒരു ചര്‍ച്ചമാത്രം കേമമായി നടന്നു. മൂന്നുപത്രങ്ങളിലെ ആരോ ചാരനെ സഹായിച്ചു, ചാരനില്‍നിന്ന് പ്രതിഫലംപറ്റി സംസ്ഥാനതാത്പര്യത്തിനെതിരെ പത്രവാര്‍ത്ത കൊടുത്തു- പോരേ പൂരം. പത്ര അധിപന്മാരുടെ പ്രസ്താവന വന്നപ്പോഴേ ജനത്തിന് സംഗതിയുടെ ഗൗരവം മനസ്സിലായുള്ളൂ. സാധാരണഗതിയില്‍ ആകാശം ഇടിഞ്ഞുവീഴുന്നതുപോലുള്ള വെരി ഡേഞ്ചറസ് സംഗതി ഉണ്ടായാല്‍മാത്രമേ പത്ര അധിപന്മാര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാറുള്ളൂ. ഇവിടെ അത് സംഭവിച്ചു.
ചീഫ് സെക്രട്ടറി സംഗതി അന്വേഷിച്ച് പത്രങ്ങളെ കുറ്റവിമുക്തമാക്കി എന്നാണ് മുഖ്യമന്ത്രി നമ്മെ അറിയിച്ചിരിക്കുന്നത്. സമാധാനമായി. ഇനി നമ്പിനാരായണന്‍, കൂമര്‍ നാരായണ്‍ ടൈപ്പ് കഥകള്‍ക്കൊന്നും സാധ്യതയില്ലായിരിക്കും. ഒരു കാര്യം അരക്കിട്ടുറപ്പിക്കാം. സംസ്ഥാനതാത്പര്യമെന്ന് വിളിക്കപ്പെടുന്നതെന്തോ അതിനാണ് പരമപ്രാധാന്യം. രാജ്യതാത്പര്യം പ്രശ്‌നമല്ല, സത്യവും ന്യായവും നോക്കേണ്ട, ഭരണഘടനയും നിയമവും ധാര്‍മികതയും തിരക്കേണ്ട, തമിഴ്‌നാട്ടിലെ ലക്ഷം ലക്ഷം മലയാളികളുടെ താത്പര്യവും നോക്കേണ്ട. തമിഴ്‌നാടിനെ നിരപ്പാക്കാന്‍ കേരളം പട്ടാളത്തെ റിക്രൂട്ട്‌ചെയ്യണമെന്ന് ഒരു പത്രം മുഖപ്രസംഗമെഴുതിയാല്‍ അതും സംസ്ഥാനതാത്പര്യം തന്നെ. എഴുതാത്തവന്‍ സംസ്ഥാനവിരുദ്ധനും ശത്രുവുമാണ്. കല്ലെറിഞ്ഞ് കൊല്ലണം അവനെ....
* * *
ടി.പി.ചന്ദ്രശേഖരന്റെ വധംകഴിഞ്ഞ് വര്‍ഷമൊന്നുതികഞ്ഞ സമയത്ത് വി.എസ്സിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഓര്‍മവന്നു. ടി.പി.വധത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്തായി?
ഓര്‍മിപ്പിച്ചത് നന്നായി. കേന്ദ്രസര്‍ക്കാര്‍ കൂട്ടിലിട്ട് വളര്‍ത്തുന്ന സി.ബി.ഐ.യെപ്പോലൊന്നാവാനിടയില്ല പാര്‍ട്ടിയുടെ അന്വേഷണക്കമ്മിറ്റി. പാര്‍ട്ടി ഓഫീസില്‍ നടന്ന രഹസ്യക്യാമറ ഏര്‍പ്പാടൊന്നുമല്ലല്ലോ അന്വേഷണവിഷയം. പച്ചക്കൊലയാണ്. വിദേശത്തുനിന്നുവന്ന കിടിലന്‍ പ്രൊഫഷണല്‍ ഡിറ്റക്ടീവുകളാകും അന്വേഷിച്ചിരിക്കുക.
വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നും യു.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ജയിക്കാനും സി.പി.എമ്മിനെ കൊലയാളിപ്പാര്‍ട്ടിയായി ചിത്രീകരിച്ച് നശിപ്പിക്കാനുമുള്ള ഗൂഢാലോചനയുടെ ഫലമായി സംഭവിച്ചതാണ് ടി.പി.വധമെന്നും പോലീസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്വട്ടേഷന്‍ ഗ്രൂപ്പാണ് കൊല നടത്തിയതെന്നുമെല്ലാം പാര്‍ട്ടിക്കറിയാം. അതുകണ്ടെത്താന്‍ ഡിറ്റക്ടീവുകളുടെ ആവശ്യമൊന്നുമില്ല. ഇപ്പറഞ്ഞതെല്ലാം കരിമ്പാറപോലെ ഉറപ്പുള്ള തെളിവുസഹിതം പുറത്തുകൊണ്ടുവന്ന് യു.ഡി.എഫിന്റെ സ്‌കൂള് പൂട്ടിക്കുകയാണ് അന്വേഷണത്തിന്റെ ഉദ്ദേശ്യമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അതുകൊണ്ട് സഖാക്കളേ... ഇനിയും ജനത്തിനെ സസ്‌പെന്‍സിന്റെ കുന്തമുനയില്‍ കുത്തി നിര്‍ത്തി പീഡിപ്പിക്കരുത്. റിപ്പോര്‍ട്ട് എടുത്ത് പുറത്തിട്ട് ആര്‍.എം.പി. മുതല്‍ ബൂര്‍ഷ്വാമാധ്യമങ്ങളടക്കമുള്ള സകല ശത്രുക്കളുടെയും മുഖംമൂടി വലിച്ചുകീറിയെറിയുന്നത് ഇപ്പോള്‍ത്തന്നെ നന്നേ വൈകി. ഇനിയും വൈകരുതേ...
Mathrubhumi
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___