Thursday 23 May 2013

[www.keralites.net] 51 വെട്ടും ദേശാഭിമാനിയും; പ്രകാശ്‌ കാരാട്ടിന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ തുറന്ന കത്ത്‌

 

താങ്കളും 17-5-2013 ദേശാഭിമാനിപത്രം വായിച്ചിട്ടുണ്ടാകുമല്ലോ. 'ചന്ദ്രശേഖരന്‍ കേസ് ആയുധംകൊണ്ടുള്ള മുറിവുകള്‍ 15 മാത്രം' എന്ന ഒന്നാംപേജ് വാര്‍ത്ത. ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടി മുഖപത്രത്തിന് വെറും ചന്ദ്രശേഖരന്‍ കേസായിരിക്കുന്നു. അതിലേക്ക് പിറകെ വരാം. 15 മുറിവുകളേ ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നുള്ളൂ എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയാണു പാര്‍ട്ടിപത്രം. ചന്ദ്രശേഖരന്റെ ദേഹത്ത് 51 വെട്ടേറ്റെന്ന മാധ്യമ – പൊലീസ് പ്രചാരണം പൊളിഞ്ഞെന്ന് സന്തോഷിക്കുന്നു.
'51 പരിക്കു വിവരിച്ചുകൊണ്ടുള്ള ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റുമോര്‍ട്ടത്തിനുമുമ്പ് മെഡിക്കല്‍കോളജ് ഫോറന്‍സിക് വിഭാഗത്തിന് പൊലീസ് കൈമാറിയിരുന്നു. ഫോറന്‍സിക് സര്‍ജന്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍പോലും 27 പരിക്കുമാത്രമേ കണ്ടെത്താനായുള്ളൂ എന്ന വിവരമാണ് കോടതിയില്‍ വ്യക്തമായത്' – പത്രം പറയുന്നു. ഒരു വെട്ടായാലും കൊല കൊലയല്ലാതാകുമോ? കുത്ത് എണ്ണിക്കണക്കാക്കി യായിരുന്നില്ലല്ലൊ അഴീക്കോടന്റെ കൊലപാതകം നമ്മള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.
'വെട്ടേറ്റ മുറിവുകളുടെ എണ്ണം പന്ത്രണ്ടെന്നാണ് രേഖപ്പെടുത്തിയതെങ്കിലും പല മുറിവുകളും ഒന്നിനുമേല്‍ രണ്ടുംമൂന്നും തവണ വെട്ടിയതരത്തിലുള്ള വലിയ മുറിവുകളാണ്.' – ഡോക്ടര്‍ മൊഴിനല്‍കിയതായി മറ്റു പത്രങ്ങളില്‍ കാണുന്നു. ഒരേ വെട്ടിനുമേല്‍ രണ്ടുംമൂന്നും വെട്ടുവീണ് മാരകമായി മുറിയുമ്പോള്‍ അംഗഗണിതം 12 വെട്ടില്‍തന്നെ നില്‍ക്കുമോ?
ചന്ദ്രശേഖരന് 51 വെട്ടുകളേറ്റിട്ടില്ലെന്നും പട്ടികകൊണ്ട് അടിച്ച പരിക്കുകളേയുള്ളൂ എന്നും സ്ഥാപിക്കാന്‍ വാടകക്കൊലയാളികള്‍ ആഗ്രഹിക്കുന്നുണ്ടാകും. ലക്ഷങ്ങള്‍വാങ്ങി അവര്‍ക്കുവേണ്ടി വാദിക്കുന്ന ക്രിമിനല്‍ അഭിഭാഷകര്‍ അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ പാടുപെടുന്നതും മനസ്സിലാകും. എന്നാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കോടതിയില്‍ നല്‍കിയ തെളിവുകള്‍ തമസ്‌ക്കരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യേണ്ട ആവശ്യം പാര്‍ട്ടി മുഖപത്രത്തിനുണ്ടോ? ചന്ദ്രശേഖരന്‍ വധം ദാരുണവും ക്രൂരവുമെന്ന് താങ്കളും കേന്ദ്രകമ്മറ്റിയും ആവര്‍ത്തിച്ചിരിക്കെ. പാര്‍ട്ടിയുടെ ആ നിരീക്ഷണമെങ്കിലും കപടമായിരുന്നെന്ന് വിശ്വസിക്കുക പ്രയാസം.
ഇതേദിവസം പുറത്തുവന്ന വിവിധ മാധ്യമങ്ങള്‍ ഫോറന്‍സിക് വിദഗ്ദന്റെ മൊഴി റിപ്പോര്‍ട്ടുചെയ്തത് താങ്കളുടെ അറിവിനായി താഴെ കൊടുക്കുന്നു:.
- ടി.പി. ചന്ദ്രശേഖരനെ വധിക്കുകമാത്രമല്ല കൊല്ലാക്കൊല ചെയ്യുകയായിരുന്നു അക്രമികളുടെ ഉദ്ദേശ്യം.
- ശത്രുതയോടും ആക്രമണ മനോഭാവത്തോടും കൂടിയാണ് വെട്ടിയതെന്ന് മുറിവുകളുടെ പ്രത്യേകത ബോധ്യപ്പെടുത്തുന്നു.
- മുഖത്തും തലയിലുമേറ്റ വെട്ടുകള്‍കൊണ്ട് തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു.
- 27 പ്രധാന മുറിവുകളില്‍ 12 എണ്ണം മൂര്‍ച്ഛയേറിയ അറ്റം വളഞ്ഞ ഉലയുന്ന വടിവാള്‍കൊണ്ട് തലയിലും മുഖത്തും കൈകാലുകളിലും ആഴത്തില്‍ ഏല്‍പ്പിച്ച മാരക മുറിവുകളായിരുന്നു.
- പുരുപരുത്ത പ്രതലത്തില്‍ വലിച്ചിഴയ്ക്കപ്പെട്ടതിന്റെ ഭാഗമായുള്ള മുറിവുകളടക്കം ചേര്‍ത്താണ് 51 മുറിവുകളെന്ന് പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്.
- ഏഴു മാരക മുറിവുകള്‍കൊണ്ടുമാത്രം മരണം സംഭവിക്കുമായിരുന്നു.
- കോടതിയില്‍ ഹാജരാക്കിയ അഞ്ചു വടിവാളുകള്‍തന്നെയാണ് അക്രമികള്‍ വധിക്കാന്‍ ഉപയോഗിച്ചത്.
ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരും അതിന് ഗൂഢാലോചന നടത്തിയവരും ആരെന്നത് മാറ്റിവെയ്ക്കാം. അടുത്തകാലംവരെ സി.പി.ഐ.എമ്മിലെ കരുത്തനായിരുന്ന ഈ യുവനേതാവിന്റെ വധം അതിദാരണവും പൈശാചികവുമെന്ന് കേന്ദ്രകമ്മറ്റി വിലയിരുത്തിയത് സാധൂകരിക്കുന്നതാണല്ലോ ഈ തെളിവുകള്‍. അത് ആ നിലയ്ക്ക് വാര്‍ത്തയാക്കുകയെന്ന മാധ്യമധര്‍മ്മം ദോശാഭിമാനി പാലിക്കാഞ്ഞതെന്താണ്? കൊലയാളികളെ രക്ഷിക്കുന്ന അധാര്‍മ്മികരീതി എന്തിനാണ് സ്വീകരിക്കുന്നത്. സത്യം മറയ്ക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിക്കുന്ന ദു:സ്സൂചനകളടങ്ങുന്ന ചോദ്യങ്ങളെ യഥാര്‍ത്ഥ വിവരമായി അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്താണ്?
ചന്ദ്രശേഖരന്‍ വധത്തെപ്പറ്റി ഒരു പ്രമുഖ കവി എഴുതിയ കവിതയുടെ തലക്കെട്ട് '51 വെട്ട്' എന്നായിരുന്നു. മനുഷ്യത്വമുള്ളവരുടെയെല്ലാം കണ്ണുനനയിച്ച താങ്കളെപ്പോലുള്ള ഒരാള്‍ക്ക് മാര്‍ക്‌സിസം ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യത്വത്തിന്റെ വേദനയും പ്രതിഷേധവും അതില്‍ വായിച്ചെടുക്കാന്‍ കഴിയും. 51 വെട്ടില്ലെന്ന് സ്ഥാപിച്ചതായി അഭിമാനിക്കുകയാണ് താങ്കളുടെ പത്രം. മനുഷ്യത്വത്തിന്റെ പേരില്‍ ഈ അരുംകൊലയില്‍ വേദനിക്കുന്ന കേരള സമൂഹത്തിന്റെ മുഖത്തേക്കാണ് മലര്‍ന്നുകിടന്ന് തുപ്പുന്നത്. പറയേണ്ടിവന്നതില്‍ ദു:ഖമുണ്ട്.
രാഷ്ട്രീയത്തിനപ്പുറം കേരളീയരുടെ ദു:ഖവും ദുരന്തവും തൊട്ടറിഞ്ഞും സാന്ത്വനിപ്പിച്ചും പോന്ന നേതാവായിരുന്നു ഇ.എം.എസ്. എല്ലാ വേദനകളില്‍നിന്നും ശാശ്വതമോചനത്തിന്റെ പ്രതീക്ഷനല്‍കിയ ഇ.എം.എസ്സിന്റെ ഉടമസ്ഥതയിലുള്ള പത്രമായിരുന്നു ദേശാഭിമാനി. മരിക്കുന്നതിന് മുമ്പ് ആ ഉടമസ്ഥാവകാശം പാര്‍ട്ടിയെ അറിയിക്കാതെ കേരളകമ്മറ്റിക്ക് ഒസ്യത്ത് എഴുതിവെച്ച് കൈമാറുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പത്രത്തിന്റെ ഉടമസ്ഥത കൈയേല്‍ക്കുന്നത് എന്തു ലക്ഷ്യം നിര്‍വ്വഹിക്കാനാണെന്ന നിബന്ധന ഒസ്യത്തിലുണ്ട്. വഞ്ചനയും ചൂഷണവും കണ്ണീരുമില്ലാത്ത മാനവികതയുടെ ഒരു സമൂഹസൃഷ്ടിക്ക് പത്രത്തെ ഉപയോഗിക്കണമെന്ന്.
പാര്‍ട്ടിയും മുഖപത്രത്തെ നയിക്കുന്നവരും പൊയ്‌ക്കൊണ്ടിരിക്കുന്ന വഴിയെക്കുറിച്ചു സവിസ്തരമായ സംവാദത്തിന് മുതിരുകയല്ല ഈ കത്തിന്റെ ലക്ഷ്യം. എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയെന്ന നയം സി.പി.എമ്മിന്റേതല്ലെന്ന് താങ്കള്‍ ആവര്‍ത്തിക്കുന്നു. അത് തകര്‍ക്കപ്പെട്ടു എന്ന് ചന്ദ്രശേഖരന്‍ വധംനടന്ന മെയ് 4-നുതന്നെ എന്നേപ്പോലുള്ളവര്‍ക്ക് ബോധ്യപ്പെട്ടതാണ്. ചന്ദ്രശേഖരന്റെ കൊലയെ ന്യായീകരിക്കുന്ന ദേശാഭിമാനി താങ്കളുടെ ആ ഉറപ്പിനെ ജനങ്ങളുടെ മുമ്പാകെ പരിഹസിക്കുകയാണ്. പ്രോസിക്യൂഷനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും സാക്ഷികളുടെ മനോവീര്യവും തകര്‍ക്കുന്നു. ഈ കേസിലെ സാക്ഷികളുടെ കൂറുമാറ്റം പ്രോത്സാഹിപ്പിക്കുന്നു. ചരിത്രത്തില്‍ ചെയ്യാത്ത നിന്ദ്യമായ പത്രപ്രവര്‍ത്തനമാണ് മുഖപത്രമിപ്പോള്‍ നടത്തുന്നത്.
ചന്ദ്രശേഖര വധവാര്‍ത്ത ഉള്‍പ്പേജില്‍നിന്ന് ഒന്നാംപേജിലേക്ക് പ്രാധാന്യപൂര്‍വ്വം വിന്യസിപ്പിച്ച് 15 വെട്ടിന്റെ വിവരം ആഘോഷിക്കുന്നതുതന്നെ അതിന്റെ ഏറ്റവുംവലിയ തെളിവാണ്. തലക്കെട്ടില്‍ ടി.പി. വധക്കേസ് ടി.പി.കേസ് ആക്കുമ്പോള്‍ സംസ്ഥാനസെക്രട്ടറിയുടെ വീടിന്റെ പരിസരത്തുനിന്ന് സംശയകരമായ സാഹചര്യത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത കേസ് 'പിണറായി വധശ്രമകേസ്' ആണ്. രണ്ടും തമ്മിലുള്ള താരതമ്യത്തിലെ രാഷ്ട്രീയം വ്യക്തം. രക്തസാക്ഷിയായ ഒരാള്‍ക്കെതിരെ മഞ്ഞപത്രങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ ആരോപണങ്ങള്‍ നിരത്തി പരമ്പരകള്‍ എഴുതുന്നതിനെ താങ്കള്‍ക്ക് ന്യായീകരിക്കാനാവുമോ? ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം ആരാഞ്ഞുനോക്കൂ……
ചന്ദ്രശേഖരന്‍ സ്വയം വാളാല്‍ വെട്ടിമരിച്ചതാണെന്ന് സ്ഥാപിക്കാനാണോ താങ്കളുടെ പാര്‍ട്ടി ശ്രമിക്കുന്നത്? ദസ്‌തേയവ്‌സ്‌കി പറഞ്ഞതുപോലെ, പുറത്തു പറയുന്നതുപോകട്ടെ സ്വയം ഓര്‍ക്കാന്‍പോലുമാഗ്രഹിക്കാത്ത ചില സത്യങ്ങള്‍ ഈ വിഷയത്തില്‍ താങ്കളുടെ മനസ്സിലുണ്ടെന്ന് എനിക്കറിയാം. കൈപ്പറ്റിയെന്ന് താങ്കള്‍തന്നെ ഒരുമാസംമുമ്പ് വെളിപ്പെടുത്തിയ പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ടില്‍ വെളിപ്പെട്ട കാര്യങ്ങളടക്കം. ഇതൊക്കെ എത്രകാലം മൂടിവെയ്ക്കും? അങ്ങനെ ചെയ്തതുകൊണ്ട് സി.പി.ഐ.എമ്മിനെ രക്ഷിക്കാനാകുമോ?
എഴുപതുകളുടെ ആദ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എ.കെ.ജിയുടെ പരിചയപ്പെടുത്തല്‍ കത്തുമായി ദേശാഭിമാനിയുടെ പഴയ താളുകള്‍ പരിശോധിക്കാന്‍ കോഴിക്കോട് ഓഫീസില്‍ വന്നതുതൊട്ട് നാം പരിചിതരാണ്. 'നേരറിയാന്‍ നേരത്തെ അറിയാന്‍ ദേശാഭിമാനി' എന്ന ആശയം കേരള സമൂഹത്തിനു മുമ്പില്‍വെച്ച ഒരാളാണ് ഞാന്‍. ദേശാഭിമാനിയുടെയും പാര്‍ട്ടിയുടെയും ഈ വ്യതിയാനവും പോക്കും മൗനിയായി സഹിക്കാനാവില്ല. സുന്ദരയ്യയും ഇ.എം.എസ്സും പാര്‍ട്ടിയെ നയിച്ച കസേരയിലാണ് താങ്കള്‍. സ്‌നേഹത്തിനും ആദരവിനും ഒട്ടും കുറവില്ലാതെ ഓര്‍മ്മപ്പെടുത്തട്ടെ:
ഇന്നു കേരളത്തിലിറങ്ങിയ പത്രങ്ങള്‍ ശ്രീശാന്തിനെ അറസ്റ്റു ചെയ്ത വാര്‍ത്ത കൈകാര്യം ചെയ്തത് താങ്കള്‍ കണ്ടതാണല്ലോ. ലീഡ് വാര്‍ത്ത, അതുസംബന്ധിച്ച മുഖപ്രസംഗവും എഡിറ്റ് പേജ് വാര്‍ത്തകളും പ്രത്യേകമിറക്കിയ ഫീച്ചര്‍ പേജുകള്‍, കാര്‍ട്ടുണുകള്‍…. എല്ലാം ശ്രീശാന്ത് 'വധം'തന്നെ. എന്നുവെച്ച് മാധ്യമങ്ങള്‍ ശ്രീശാന്തിനെ വളഞ്ഞുവെച്ച് ആക്രമിക്കുകയാണെന്ന് തലയ്ക്കു വെളിവുള്ളവര്‍ക്കു പറയാനാകുമോ? കേരളീയരോട് മാപ്പുപറഞ്ഞ ശ്രീശാന്തിന്റെ അച്ഛനടക്കം.
തെളിവുകള്‍ കോടതിയില്‍ എത്തുംമുമ്പാണ് ശ്രീശാന്തിനെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സസ്‌പെന്റു ചെയ്തത്. താങ്കളും താങ്കളുടെ പാര്‍ട്ടിയുമോ? ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ പിടികൂടുക മാത്രമല്ല കോടതിയില്‍ തെളിവുകളും കുറ്റപത്രവും നല്‍കി വിചാരണ കോടതി തെളിവെടുപ്പിന്റെ അവസാനഘട്ടത്തിലാണ്. ജാമ്യത്തിനുള്ള സി.പി.ഐ.എം നേതാക്കളുടെ അപേക്ഷ സുപ്രിംകോടതിവരെ തള്ളി. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമായി ആറു ഡസനിലേറെ ആളുകള്‍ ജയിലിലായിട്ടും അവരെ സസ്‌പെന്റു ചെയ്യുകയെന്ന ചുമതലപോലും താങ്കള്‍ നിര്‍വ്വഹിച്ചിട്ടില്ല.
ടി.പി. ചന്ദ്രശേഖരന്‍ വധം സി.പി.ഐ.എമ്മിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണ്. ആ പൈശാചിക കൊല നടത്തിയ വാടകക്കൊലയാളികള്‍. അവരെ സഹായിക്കാനും സംരക്ഷിക്കാനും ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍. കൃത്യത്തിനു സമ്മതംമൂളിയ ഉന്നത നേതൃത്വത്തിലെ വ്യക്തി. ഇവരില്‍ ആരെയും രക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. അങ്ങനെ ചെയ്യുന്നതിലൂടെ ഇ.എം.എസ് സ്ഥാപിച്ച പാര്‍ട്ടിയുടെ തലയില്‍ ഈ നരബലിയുടെ കുറ്റം ഏറ്റിവെയ്ക്കുകയാണ്. വെട്ടിച്ചവര്‍ക്കുതന്നെ വീണ്ടും വീണ്ടും വെട്ടേല്‍ക്കുന്നു എന്ന കവിദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുകയാണ്.
ചന്ദ്രശേഖരന്‍ വധക്കേസ് വെട്ടിവെട്ടിതീര്‍ക്കാന്‍ ആരു പരിശ്രമിച്ചാലും നടക്കില്ല. പത്രമായാലും പാര്‍ട്ടി നേതൃത്വമായാലും. കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക് അത് ഉറപ്പിച്ചു പറയാനാകും. താങ്കളെങ്കിലും അക്കാര്യം മനസ്സിലാക്കി തിരുത്തിനു മുന്‍കൈ എടുക്കണം. അന്വേഷണകമ്മീഷനെന്ന പുതിയ നിയോഗം സമയബന്ധിതമായി ഒരു വര്‍ഷം കഴിഞ്ഞ ഈ വിഷയത്തിലെങ്കിലും നടപ്പാക്കണം. വൈകാതെ ജനങ്ങള്‍ക്കു മുമ്പില്‍ ആര്‍ജ്ജവത്തോടെ വരാന്‍ തയ്യാറാകണം.
ഇല്ലെങ്കില്‍ ഗള്‍ഫ്‌നാടുകളില്‍നിന്നുള്ള പണംകൊണ്ടും അറേബ്യയില്‍നിന്നുള്ള സുഗന്ധലേപനംകൊണ്ടും ആ ദുര്‍ഗന്ധം തുടച്ചുനീക്കാനാവില്ല. ലക്ഷ്യവും ചുമതലയും നിറവേറ്റാന്‍ സി.പി.ഐ.എം ഇനിയും നിലനില്‍ക്കേണ്ടതാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ജനാധിപത്യവ്യവസ്ഥ അംഗീകരിച്ചും സുതാര്യമായി പ്രവര്‍ത്തിച്ചും മാത്രമേ അതു സാധ്യമാകൂ. അതോര്‍മ്മപ്പെടുത്താനാണ് നീണ്ട ഇടവേളയ്ക്കുശേഷമുള്ള ഈ കത്ത്. അത് പരസ്യപ്പെടുത്തുന്നതും.
നിര്‍ത്തട്ടെ,

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment