Tuesday 16 April 2013

[www.keralites.net] ഉമയെപ്പോലെ ഉമ മാത്രം .....ദി റിയല്‍ഹീറോ !!!!

 

ഉമയെപ്പോലെ ഉമ മാത്രം .....ദി റിയല്‍ഹീറോ !!!!



ഒരു യഥാര്‍ത്ഥ മനുഷ്യ സ്നേഹി,

കോടികളില്‍ ഒരുവള്‍,

എന്റെ ഹൃദയം നിറഞ്ഞ പ്രണാമം!!!!!!!!!!!!

ഒന്നര ലക്ഷം ഡയാലിസിസ്,

20,000 ഹൃദയ ശസ്ത്രക്രിയകള്‍,

640 വൃക്ക മാറ്റിവെക്കലുകള്‍..........................,..............

(നിലീന അത്തോളി )


ഒരു വൃക്കയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.

വാപ്പയും ഉമ്മയും ഇല്ലാത്തവന് സ്വന്തം ശരീരം കീറി വൃക്ക തരാന്‍ ആരുമുണ്ടാവില്ലെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിച്ചു.

കോയമ്പത്തൂരിലെ ആസ്പത്രിയില്‍ മരണത്തെ കാത്ത് കിടക്കുമ്പോള്‍ നിരവധിപേര്‍ അരികില്‍ വന്ന് സഹതപിച്ച് കടന്നുപോയി.

പണം തരാന്‍ ആളുണ്ടായിരുന്നു ചികിത്സിക്കാന്‍ ഡോക്ടറും ആരും വൃക്ക മാത്രം തന്നില്ല..

ഒടുവില്‍ അപരിചിതയായ ഒരു സ്ത്രീയായിരുന്നു എന്നോടത് പറഞ്ഞത് 'നിനക്ക് ഞാന്‍ വൃക്ക തരാം'...

കോട്ടപ്പടി വടക്കേപുരയ്ക്കല്‍ സലീല്‍, വയസ്സ 40...

ആ സ്ത്രീ ഉമാ പ്രേമനാണ്.

ശാന്തി എന്ന തന്റെ ആതുരസേവന കേന്ദ്രത്തിന്റെ സഹായത്തോടെ തൃശ്ശൂരുകാരിയായ ഉമ പ്രേമന്‍ ചെയ്തു നല്‍കിയ ചില സൗജന്യ സേവനങ്ങളാണിവ.

ഉമയെ 2010 ല്‍ സി.എന്‍.എന്‍.ഐ.ബി.എന്‍ ദി റിയല്‍ഹീറോ അവാര്‍ഡ് നല്‍കി ആദരിച്ചപ്പോള്‍ രോഗ പീഡകളില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ലക്ഷക്കണക്കിനാളുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു

'ഉമാ.. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം'.

15 വര്‍ഷം മുമ്പ് മാതൃഭൂമി ലേഖകനായിരുന്ന പി കെ ജയചന്ദ്രന്‍ ഒരു ഒന്നാം പേജ് വാര്‍ത്തയിലൂടെയാണ് ഉമാ പ്രേമനെ ലോകത്തിന് പരിചയപ്പെടുത്തുന്നത്.രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിജ്ഞാന വിതരണ സംവിധാനത്തിന് വെറും 26 കാരിയായ ഒരു സ്ത്രീ തുടക്കമിട്ട കഥ മാതൃഭൂമിയിലൂടെ ലോകം അറിഞ്ഞപ്പോള്‍ ക്ലേശ നിര്‍ഭരമായ ദുരന്ത പരിസരങ്ങളിലൂടെ ഒരു കൊച്ചു പെണ്‍കുട്ടിക്കെത്ര ദൂരം പോകാന്‍ കഴിയുമെന്ന് അമ്പരന്നവരായിരുന്നു ഏറെയും.എന്നാല്‍ നിങ്ങള്‍ ഒരുങ്ങിപ്പുറപ്പെടുകയാണെങ്കില്‍ ലോകം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ടാവുമെന്ന പൗലോ കൊയ്‌ലോയുടെ ഉദ്ധരണിക്ക് ഉമയുടെ ജീവിതം അനുഭവസാക്ഷ്യമാവുകയായിരുന്നു..മാരക രോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങളും സൗജന്യ ചികിത്സ നല്‍കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആവശ്യക്കാരിലെത്തിക്കാന്‍ ഉമ തുടങ്ങി വെച്ച ശാന്തിമെഡിക്കല്‍ സെന്റര്‍ 2012 ആഗസ്തില്‍ അതിന്റെ സേവന ഗരിമയുടെ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.ലോകമറിയാത്ത തന്റെ അതിജീവന കഥയുടെ വിജയം കൂടിയാണ് ഉമയ്ക്ക് 2012 ആഗസ്ത്.


അതിജീവനത്തിന്റെ കുട്ടിക്കാലം

കോയമ്പത്തൂരിലായിരുന്നു ജനിച്ചതും വളര്‍ന്നതും. അച്ഛന്‍ ബാലകൃഷ്ണന്‍, എം ബി ബി എസ് പഠനം പാതി വഴിയിലുപേക്ഷിച്ച് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പോത്തിനെക്കൂട്ടാന്‍ നിര്‍ബന്ധിതനായ ഒരു പരോപകാരി. അമ്മ തങ്കമണിയെ വിവാഹം ചെയ്ത ശേഷം നൂല്‍ മില്ലിലെ ജീവനക്കാരനായി. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വീട്ടില്‍ തിരിച്ചെത്തുന്ന അച്ഛന്‍ പാതി പഠിച്ച എം ബി ബിഎസിന്റെ ബലത്തില്‍ എസ് സി എസ് ടി കോളനികളിലെ കാല്‍ കാശിന് ഗതിയില്ലാത്തവരെ പോയി സൗജന്യമായി ചികിത്‌സിക്കും.ദേഹം മുഴുവന്‍ വ്രണങ്ങളുമായെത്തുന്ന തീര്‍ത്തും അവശരായ ഒരു ജനതയുടെ മുഖമായിരുന്നു ഉമ കുട്ടിക്കാലത്ത് കണ്ടതിലധികവും. പുഴുവരിച്ചു തുടങ്ങിയ ശരീരങ്ങളെ നോക്കാന്‍ തന്നെ ഉമ ആദ്യമാദ്യം ബുദ്ധിമുട്ടിയിരുന്നു. സ്വന്തക്കാര്‍ക്ക് ഇത്തരമൊരവസ്ഥ വന്നാല്‍ നീ ചെയ്യില്ലേ എന്ന അച്ഛന്റെ ഒരൊറ്റ ചോദ്യം ലോകമറിഞ്ഞ ഉമയിലേക്കുള്ള ആദ്യ ചുവടുവെപ്പായി മാറി. ആ 6 വയസ്സുകാരി മനസ്സില്‍ അന്നാവര്‍ത്തിച്ചുറപ്പിച്ചു ഇനി എന്റേതെന്ന ഒന്നില്ലെന്ന്്്.

ഉമയ്ക്ക അഞ്ചു വയസ്സുള്ളപ്പോള്‍ മുതല്‍ അച്ഛന്‍ വീട്ടില്‍ രോഗികളെ ചികിത്സിക്കാന്‍ തുടങ്ങിയിരുന്നു. വ്രണവും പഴുപ്പും ബാധിച്ച രോഗികളെ അച്ഛനോടൊപ്പം നിന്ന ശുശ്രൂഷിക്കാന്‍ ഉമയ്ക്ക് അന്നേ വലിയ ഉത്സാഹമായിരുന്നു.എന്നാല്‍ അമ്മ ഇരുവരുടെയും രീതികളെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.വീട്ടിനുള്ളില്‍ എപ്പോഴും തിങ്ങി നിറഞ്ഞ ആ ഗന്ധം സഹിക്കവയ്യാതെയാണ് അമ്മ അച്ഛനെ ഉപേക്ഷിച്ചു പോയത്. ഒപ്പം ഒന്‍പതാം വയസ്സില്‍ ഉമയ്ക്ക് അമ്മയെ നഷ്ടമായി. ഒരു കുടുംബത്തെ മുഴുവന്‍ നോക്കേണ്ട ചുമതലയാണ് കൊച്ചു പ്രായത്തില്‍ ഉമ ഏറ്റെടുത്തത്. ഒരാഴ്ച്ച സ്‌കൂളില്‍ പോവാതെ ചോറുണ്ടാക്കി പഠിച്ചു.3 വയസ്സുള്ള അനുജന്റെ അമ്മയായി.. ഒടുവില്‍ അച്ഛന്‍ തരുന്ന 1700 രൂപ കൊണ്ട് ആ കുടുംബത്തിന്റെ ബഡ്ജറ്റുണ്ടാക്കി പഠിച്ചത് ശാന്തിയുടെ പ്രവര്‍ത്തനത്തെ ഏറ്റെടുക്കാനുള്ള അടിത്തറയായി എന്നത് നിയോഗം മാത്രം

പതിനെട്ടാം വയസ്സില്‍ സാമൂഹ്യപ്രവര്‍ത്തകയാവാനുള്ള അടങ്ങാത്ത ആവേശത്തില്‍ കല്‍ക്കട്ടയ്ക്ക് വണ്ടികയറി. മദര്‍ തെരേസയെക്കണ്ട് അവരോടൊത്ത് പ്രവര്‍ത്തിക്കാനുളള താല്പര്യം പങ്കുവെച്ചു. എന്നാല്‍ സേവനം ചെയ്യാന്‍ കല്‍ക്കട്ടയിലേക്ക വണ്ടി കയറേണ്ടെന്നായിരുന്നു മദര്‍ പറഞ്ഞത്. സഹായമാവശ്യമുള്ളവര്‍ ചുറ്റിലുമുണ്ടെന്നും കണ്ണു തുറന്നു നോക്കിയാല്‍ മതിയെന്നും മദര്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

മദര്‍ പറഞ്ഞതു പ്രകാരം തൃസ്സൂരിലെത്തി 6 മാസത്തോളം ബിഷപ്പ് ജോസഫ് കുണ്ടുകുളത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. നിത്യ രോഗികളെ കുളിപ്പിക്കുക അവരുടെ മലം വാരുക എന്നുള്ളതായിരുന്നു ജോലി. എന്നാല്‍ ജീവിതത്തില്‍ വിധി വീണ്ടും ഇടപെട്ടത് ഉപേക്ഷിച്ചുപോയ അമ്മയുടെ രൂപത്തിലായിരുന്നു. ഒരിക്കല്‍ ഉപേക്ഷിച്ചു പോയ അമ്മ തിരിച്ച് ഉമയെ ബിഷപ്പിന്റെ അടുത്ത് നിന്ന് കൊണ്ടു പോയി.ഒടുവില്‍ അമ്മ തീര്‍ത്ത ബാധ്യതകളുടെ പേരില്‍ പ്രേമനെന്നയാളുടെ നാലാം ഭാര്യയായി. അന്നും ആര്‍ക്കോ വേണ്ടി ജീവിക്കുകയായിരുന്നു. ഭര്‍ത്താവിന് അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു. കൂടാതെ ഉമയുടെ പ്രായമുള്ള രണ്ട് മക്കളും.ആഗ്രഹിക്കാത്ത എല്ലാ ദുര്‍ഘടപാതകളിലൂടെയും ജീവിതവുമായി കിതച്ചോടിയപ്പോള്‍ ഉമ അറിഞ്ഞിരുന്നില്ല ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ വേണ്ടിയാണ് ഈ ജീവിച്ചു തീര്‍ക്കലെന്ന്.

ദാനം കിട്ടിയ ജീവിതവുമായി ഒരു വിധം പൊരുത്തപ്പെട്ട് വരുമ്പോഴായിരുന്നു ഭര്‍ത്താവിന്റെ അകാല നിര്യാണം.രോഗം ട്യൂബര്‍ക്കുലോസിസ്. ഒരുപാട് മരുന്നുകള്‍ കഴിച്ചെങ്കിലും രോഗത്തിന്റെ കാഠിന്യാവസ്ഥയിലാണ് വെറും ട്യൂബര്‍ക്കുലോസിസ് അല്ല റെസിസ്റ്റീവ് ട്യൂബര്‍ക്കുലോസിസ് ആണെന്ന് തിരിച്ചറിഞ്ഞത്. വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും രോഗമെന്തെന്നോ അതിനുള്ള ശരിയായ ചികിത്സയെന്തെന്നോ അറിയാതെ പോയതായിരുന്നു പ്രേമന്റെ മരണത്തിനു കാരണം. നാട്ടില്‍ ആസ്പത്രികള്‍ ധാരാളമുണ്ട്. അവിടങ്ങളിലെ ചികിത്‌സയെക്കുറിച്ചും അവര്‍ രോഗികള്‍ക്കു നല്‍കുന്ന സൗജന്യ സേവനത്തെക്കുറിച്ചും അറിയിക്കല്‍ പ്രധാനമാണെന്ന് ഉമ മനസ്സിലാക്കിയത്് ഭര്‍ത്താവ് രോഗ ശയ്യയിലായിരുന്ന കാലത്താണ്. തിരുവനന്തപുരത്തെ ശ്രീ ചിത്തിരയിലെ വെന്റിലേറ്ററില്‍ പ്രേമന്‍ കഴിയുമ്പോള്‍ ഉമ വെറുതെയിരിക്കുകയായിരുന്നില്ല. ഡോക്ടറുടെ കുറിപ്പുമായി അലഞ്ഞു നടന്നവര്‍ക്ക മരുന്നു വാങ്ങി നല്‍കി, പാവപ്പെട്ട രോഗികളെ സര്‍ക്കാര്‍ സഹായത്തിന് വേണ്ട സര്‍ട്ടിഫിക്കേറ്റുകള്‍ തയ്യാറാക്കാന്‍ സഹായിച്ചു, ചോര കൊടുത്തു. ആസ്പത്രിയുടെ കുറവോ മരുന്നിന്റെ കുറവോ കൊണ്ടല്ല രോഗത്തെക്കുറിച്ചും മികച്ച ചികിത്സ ലഭിക്കുന്ന ഇടത്തെക്കുറിച്ചുമുള്ള അജ്ഞതയാണ്് തന്റെ ഭര്‍ത്താവുള്‍പ്പെയെയുള്ള ഒരു പാട് രോഗികളുടെ മരണത്തിനിടയാക്കിയതെന്ന തിരിച്ചറിവിന്റെ ദിവസങ്ങളായിരുന്നു ഉമയ്ക്കത്.

തന്റെ ഭര്‍ത്താവിന്റെ അവസ്ഥ ഇനിയാര്‍ക്കും വരരുതേ എന്ന് പ്രാര്‍ഥിച്ചും കരഞ്ഞും ഉമയ്ക്കു ശിഷ്ടകാലം തള്ളി നീക്കാമായിരുന്നു. അത്തരം വഴികളില്‍ ജീവിതത്തെ തളച്ചിടാത്തത് താരതമ്യങ്ങളില്ലാത്ത ഒരു മനുഷ്യ സ്‌നേഹിയുടെ ജനനത്തിന് ഒടുവില്‍ വഴിവെക്കുകയായിരുന്നു...


ശാന്തിയുടെ പിറവി

ഭര്‍ത്താവ് മരിച്ച 15-ാം ദിവസം ഉമ ഡല്‍ഹിക്കു വണ്ടി കയറി. എല്ലാ ആസ്പത്രികളുടെയും വിശദവിവരങ്ങള്‍ ശേഖരിച്ചു. നാനാവിധ അസുഖങ്ങളെക്കുറിച്ചും ചികിത്സ നല്‍കുന്ന ആസ്പത്രികളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ വേഗം എത്തിച്ചേരുകയും ചെയ്തു. ഇത്തരത്തില്‍ സഹായം നല്‍കാനാണ് ശാന്തി കൊണ്ട് ഉദ്ദേശിച്ചതെങ്കിലും പ്രവചനാതീതമായ മാനങ്ങള്‍ പില്‍ക്കാലത്ത അതിന് കൈവരുകയായിരുന്നു.

ജീവിതം തന്നെ നിരവധി തവണ തള്ളി വീഴ്ത്തിയിരുന്നു. എഴുന്നേല്‍ക്കണോ അതോ ഇരുന്നിടത്ത് ഇരുന്ന ദുഖിക്കണോ എന്നുള്ള തീരുമാനം മാത്രം എന്റേതായിരുന്നു, ഉമ പറയുന്നു. ഉമയുടെ ആ തീരുമാനത്തില്‍ പിറന്നതാണ് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന സമാനതകളില്ലാത്ത സ്ഥാപനം.1997 ആഗസ്ത് 24ന് തൃശ്ശൂരിലെ പൂങ്കുന്നത്ത് ശാന്തി ഉയര്‍ന്നു. കേരളത്തിലെ ലക്ഷക്കണക്കിന് വൃക്ക രോഗികളുടെയും ഹൃദ്രോഗികളുടെയും ആശാ കേന്ദ്രമാണ് ശാന്തി ഇന്ന്.

1999ലാണ് കോട്ടപ്പടി വടക്കേ പുരയ്ക്കല്‍ സലീല്‍ എന്ന 24 കാരനെ ഉമ ഒരു ഹോസ്പിറ്റലില്‍ വെച്ച് പരിചയപ്പെടുന്നത്. വൃക്കകള്‍ രണ്ടും തകരാറിലായി ആസ്പത്രിയില്‍ മരണത്തെ കാത്ത് പ്രതീക്ഷയറ്റു കിടന്നിരുന്ന സലീലിന് പുനരാലോചനയില്ലാതെ ഉമ തന്റെ ഒരു വൃക്ക നല്‍കി.

'കരള്‍ വലതു ഭാഗത്തായതുകൊണ്ട് ഇടത്തെ വൃക്കയാണ് പൊതുവെ എല്ലാവരും നല്‍കുക.
എന്നാല്‍ സാരി ഉടുത്താല്‍ നാലിഞ്ച് നീളത്തിലുള്ള അടയാളം കാണുമെന്നു കരുതിയാണ് വലത്തെ വൃക്ക നല്‍കിയത്'. അത്ര ലളിതമാണ് ഉമയെ സംബന്ധിച്ച വൃക്കദാനം.
സലീലിന്റെ ഒ നെഗറ്റിവ് ബ്ലഡ് ഉമയുടെ ഒ പോസിറ്റീവ് ആയി ചരിത്രം വഴിമാറി. ശാസ്ത്ര ലോകം ഇവരെ ഐഡന്റിക്കല്‍ ട്വിന്‍സ് ആയി പ്രഖ്യാപ്പിച്ചു.
പത്ത് വര്‍ഷം മുന്‍പ് ശാന്തി ഡയാലിസിസ് യൂണിറ്റ് തുടങ്ങാന്‍ ഉമയെ പ്രേരിപ്പിച്ചതിതാണ്. തിരിച്ചു കിട്ടിയ ജീവിതം സലീല്‍ ശാന്തിക്കായി സമര്‍പ്പിച്ചു.
സുഖം പ്രാപിച്ചതിനു ശേഷമുള്ള ആദ്യ യാത്ര ഉമയോടൊപ്പമായിരുന്നു. കാസര്‍ക്കോട് മുതല്‍ പാറശ്ശാല വരെ യാത്ര ചെയ്ത് വൃക്ക ദാനം ചെയ്യാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് 640 വൃക്ക മാറ്റിവെക്കലിന് നേതൃത്വം നല്‍കി

ശാന്തി തുടങ്ങുമ്പോള്‍ ഉമയ്ക്ക കൈമുതലായുണ്ടായിരുന്നത് വെറും പ്‌ളസ് ടു വിദ്യാഭ്യാസം. 50 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ശാന്തി തുടങ്ങിയത്. മറുനാടന്‍ മലയാളികളാണ് കൂടുതലും സഹായിച്ചത്. സ്ഥാപനം ആരംഭിക്കുമ്പോള്‍ വിരലിലെണ്ണാവുന്ന സ്റ്റാഫുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇന്നത് 58 ആയി മാറി.വിവിധ ജില്ലകളിലായി 10 യൂണിറ്റുകളും 45 ഡയാലിസിസ് യൂണിറ്റുകളുമുണ്ട്. 1998ല്‍ മസ്തിഷ്‌ക മരണം സംഭവിച്ച സുജിത്ത് എന്ന 18 കാരന്റെ അവയവങ്ങള്‍ 4 പേര്‍ക്ക ദാനം ചെയ്തത് ശാന്തിയുടെ ശ്രമഫലമായാണ്.മസ്തിഷ്‌ക മരണത്തിലൂടെയുള്ള കേരളത്തിലെ ആദ്യ അവയവദാനമെന്ന വിപ്ലവാത്മക മുന്നേറ്റത്തിന് ശാന്തിയും ഉമയും അറിഞ്ഞോ അറിയാതെയോ നിമിത്തമാകുകയായിരുന്നു.

പത്ത് വര്‍ഷം കൊണ്ട് ഒരു ലക്ഷത്തി അന്‍പതിനായിരം ഡയാലിസിസ് ശാന്തി ചെയ്തു കൊടുത്തു. അതില്‍ പകുതിയും സൗജന്യമായി. മറ്റ് ആസ്പത്രികള്‍ 1500 മുതല്‍ 2000 രൂപ വരെ വാങ്ങുമ്പോള്‍ ശാന്തിയില്‍ ഡയാലിസിസ് വെറും 400 രൂപക്ക്. അതു കൂടാതെ 20,000ത്തോളം സൗജന്യ ഹൃദയ ശസ്ത്രക്രിയകളും. ഒരു മാസം 1000 ഡയാലിസിസ് ശാന്തി ചെയ്തു കൊടുക്കുന്നുണ്ട്്.

വൃക്ക രോഗികള്‍ ഡയാലിസിസിനായി ശാന്തിയിലേയ്ക്ക് ഒഴുകിയെത്തി. ദീര്‍ഘദൂരം യാത്ര ചെയ്താണ് ഇവര്‍ ശാന്തിയിലെത്തുന്നത്. ഉമയ്ക്കതിനും ഒരു പരിഹാരമുണ്ടായിരുന്നു. ഒരു സൗജന്യ ആംബുലന്‍സ് സര്‍വ്വീസ്. ഏതാനും മാസങ്ങളായി തുടങ്ങിയ ഈ ആംബുലന്‍സിന്റെ സഹായത്തോടെയാണ് രോഗികളെ ഡയാലിസിസിനായി കൊണ്ടുവരുന്നതും കൊണ്ടു പോകുന്നതും. എല്ലാം ചെയ്തു നല്‍കുമ്പോഴും വര്‍ധിച്ചുവരുന്ന വൃക്കരോഗികള്‍ വലിയ ആപത് സൂചനയാണ് തരുന്നതെന്ന്് ഉമയ്ക്കറിയാം അതുകൊണ്ട് തന്നെ തന്റെ അടുത്ത ദൗത്യം രോഗത്തിനെതിരെയുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗഭാക്കാവുകയാണെന്നും ഉമ പറയുന്നു

ഒരു പെണ്‍കുട്ടിയും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ഉമ സഞ്ചരിച്ചിട്ടുള്ളതെന്ന മറ്റുള്ളവര്‍ക്ക് തോന്നുമെങ്കിലും അവയേക്കാളേറെ ഉമയെ തളര്‍ത്തിയത് ശാന്തിയിലെ ആറ് രോഗികള്‍ക്ക് പോണ്ടിച്ചേരി ആസ്പത്രിയില്‍ നിന്ന ചികിത്സ കിട്ടാതെ വന്നപ്പോഴാണ്. പോണ്ടിച്ചേരി കേന്ദ്ര സര്‍ക്കാര്‍ ആസ്പത്രിയില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് ആസ്പത്രിയിലെ യൂണിറ്റ് അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.ശാന്തിയുടെ സഹായത്തോടെയെത്തിയ 6 രോഗികളുടെ സര്‍ജറി അതോടെ മുടങ്ങി. ആറു രോഗികളുടെ ജീവന്റെ വിലക്ക താന്‍ ഉത്തരവാദിയാകുമെന്ന് ഭയപ്പെട്ടനാളുകള്‍ ഉമ കൂടുതലായൊന്നും ആലോചിക്കാതെ അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന് കത്തെഴുതി . 6 പേരുടെ സര്‍ജറിക്ക്് ശേഷം മാത്രമേ അഴിമതി അന്വേഷണത്തിനായി യൂണിറ്റ് പൂട്ടേണ്ടതുള്ളൂ എന്ന രാഷ്ട്രപതിയുടെ ഉത്തരവും ഉമ നേടിയെടുത്തു.

തമിഴിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശരത്കുമാറും രാധിക ശരത്കുമാറുമാണ് ശാന്തിയുടെ ഗുഡ് വില്‍ അംബാസിഡര്‍മാര്‍. തൃശ്ശൂര്‍ പാലക്കാട് വയനാട് ജില്ലകളില്‍ യൂണിറ്റുകളുള്ള ശാന്തിക്കിനി ലക്ഷ്വദ്വീപലും താമസിയാതെ യൂണിറ്റാകും. തമിഴ്‌നാട് സര്‍ക്കാര്‍ ഒരേക്കര്‍ ഭൂമിയാണ് ശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യമായി നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 10 യൂണിറ്റുകള്‍ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു..

ലോകമെങ്ങും ശാന്തിയ്ക്ക് പുതിയ യൂണിറ്റുകള്‍ തുടങ്ങുകയല്ല എന്റെ ലക്ഷ്യം ശാന്തിയുടെ ആവശ്യം ആര്‍ക്കും വരരുതേ എന്നാണ് എന്നും എന്റെ പ്രാര്‍ഥന-ഉമ പറയുന്നു.

(cout..mathrubhumi)



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment