Tuesday 16 April 2013

[www.keralites.net] 45 വർഷം അവർ മൗനമായി പ്രണയിച്ചു

 

45 വർഷം അവർ മൗനമായി പ്രണയിച്ചു, പിന്നെ വിവാഹിതരായി
പി. അഭിലാഷ്
 
Fun & Info @ Keralites.net

ആലപ്പുഴ: ബാബുവിന് വത്സലയെ ഇഷ്ടമായിരുന്നു. വത്സലയ്ക്ക് തിരിച്ചും. ബാല്യവും കൗമാരവും യൗവനവും പിന്നിട്ട് ആ സ്നേഹം വളർന്നുകൊണ്ടേയിരുന്നു. ഒളിച്ചോടണമെന്നു തോന്നിയില്ല. പിരിയണമെന്നു തോന്നിയില്ല... വഞ്ചിക്കണമെന്നും തോന്നിയില്ല... അവർ കാത്തിരുന്നു, വർഷങ്ങളോളം.

ഇന്നലെ ആലപ്പുഴ ചാത്തനാട് വാർഡിലെ റോട്ടറി ഹാളിൽ ഗുരുദേവന്റെ ചിത്രത്തിനു മുന്നിൽ തെളിഞ്ഞുനിന്ന നിലവിളക്കിനെ സാക്ഷിയാക്കി 55കാരിയായ വത്സലയ്ക്ക് 61കാരനായ ബാബു താലി ചാർത്തിയപ്പോൾ നാലര പതിറ്റാണ്ടത്തെ നിർമ്മലസ്നേഹം പൂർണ്ണത നേടുകയായിരുന്നു.
അധികദിവസം ആയുസില്ലാത്ത 'ന്യൂജനറേഷൻ' പ്രണയത്തിന്റെ വക്താക്കൾ ഇതുകേട്ടാൽ മൂക്കത്ത് വിരൽവയ്ക്കും. ചാത്തനാട് കല്ലുപുരയ്ക്കൽ വീട്ടിലെ ഒൻപത് അംഗങ്ങളിൽ ഇളയ ആളാണ് ബാബു . ഒരു വിളിപ്പാടകലെയുള്ള പനവേലിൽ വീട്ടിൽ അഞ്ചു പെണ്ണും ഒരാണുമാണ് അംഗങ്ങൾ. അതിലൊരാളാണ് വത്സല. ബാബു സ്കൂളിൽ പഠിക്കുന്ന കാലത്താണ് വത്സലയെ കാണുന്നത്. ഉള്ളിന്റെയുള്ളിൽ ഒരു പ്രണയം നാമ്പിട്ടപോലെ. വത്സലയോടു തുറന്നങ്ങു പറഞ്ഞാലോ? പക്ഷേ, എവിടെത്തുടങ്ങും? എങ്ങനെ തുടങ്ങും? ചിന്തകൾ കാടുപിടിച്ചപ്പോൾ ബാബു ഒന്നറച്ചു. ഒരുദിവസം എവിടെ നിന്നോ ആവാഹിച്ചെടുത്ത ധൈര്യം പ്രോത്സാഹനമായപ്പോൾ ബാബു വത്സലയോട് തന്റെ സ്നേഹം പറഞ്ഞു.
അന്നത്തെ ആ പാവാടക്കാരി ചെറിയൊരു പതർച്ചയോടെ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. തന്റെ ജീവിത പങ്കാളി വത്സലയായിരിക്കുമെന്ന് ആ ചിരിയിൽ ബാബു ഉറപ്പിച്ചു.

രണ്ടു വീടുകളിലും സഹോദരങ്ങളുടെ കല്യാണം ഓരോന്നായി നടന്നുകൊണ്ടിരുന്നു. പക്ഷേ, തങ്ങളുടെ ഊഴമെത്തിയപ്പോൾ ഇരുവർക്കും ഒരേ മറുപടി ആയിരുന്നു; ഇപ്പോൾ വേണ്ട! അടുപ്പത്തേപ്പറ്റി വീട്ടിൽ പറയാനും മടിച്ചു. മാസങ്ങളും വർഷങ്ങളും പിന്നിട്ടുകൊണ്ടിരുന്നു. പ്രണയം സുന്ദര രഹസ്യമായി ഇരുവരും സൂക്ഷിച്ചപ്പോൾ കല്യാണം അകന്നകന്നു നിന്നു. വീട്ടിലെ പ്രരാബ്ധങ്ങൾ മറ്റൊരു പ്രതിബന്ധമായി.

ചെറിയൊരു ബിസിനസാണ് ബാബുവിന്. രണ്ടുമൂന്ന് കടമുറികൾ വാടകയ്ക്കു കൊടുക്കുന്നതിൽ നിന്നു ലഭിക്കുന്ന വരുമാനമാണ് വത്സലയുടെ ജീവിതമാർഗം. നാളുകൾക്കു മുമ്പ് ബാബുവിന് ചെറിയൊരസുഖം പിടിപെട്ടു. ആശുപത്രിയിൽ കിടക്കവേ ബാബുവിന്റെ ഫോണിലേക്ക് പതിവായി ഒരു സ്ത്രീ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത് അയൽവാസിയും സുഹൃത്തുമായ സാബുവിന്റെ ശ്രദ്ധയിൽപ്പെട്ടു. വത്സലയും ബാബുവും തമ്മിലുള്ള അടുപ്പത്തെപ്പറ്റി അൽപ്പസ്വൽപ്പം അറിയാമായിരുന്ന സാബു പിന്നെ കാര്യങ്ങളങ്ങ് ഏറ്റെടുക്കുകയായിരുന്നു.
രജിസ്റ്റർ ചെയ്യാമെന്നായിരുന്നു ആദ്യ തീരുമാനം. ഇരുവരുടെയും ബന്ധുക്കളുമായി ആലോചിച്ചപ്പോൾ അതു വേണ്ട, കല്യാണമായിട്ടുതന്നെ നടത്തണമെന്ന അഭിപ്രായമായി. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ചു. റോട്ടറി ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വത്സല ബാബുവിന്റെ ജീവിത സഖിയായി. 45 വർഷത്തെ പ്രണയത്തിന് ശുഭ പര്യവസാനം.




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment