Sunday, 10 March 2013

[www.keralites.net] ഇങ്ങനെയും ഒരു ഭരണാധികാരി

 

ഇങ്ങനെയും ഒരു ഭരണാധികാരി

ഇങ്ങനെയും ഒരു ഭരണാധികാരി
റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍
'
ഞാന്‍ ഒപ്പിടേണ്ട ഫയല്‍ മേശപ്പുറത്തുണ്ടായിരിക്കെ ഞാനൊരിക്കലും ഉറങ്ങാന്‍ പോവുകയില്ല. രാത്രി ഞാന്‍ മരിക്കുകയാണെങ്കില്‍ മേശപ്പുറത്ത് ഒപ്പിടാത്ത ഫയലൊന്നും ബാക്കിയുണ്ടാവരുത്. അങ്ങനെ സംഭവിച്ചാല്‍ അത് ജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും.' ഇവ്വിധം സ്വന്തം ജനതയോട് തുറന്നുപറയുകയും അത് പ്രയോഗവത്കരിക്കുകയും ചെയ്യുന്ന ഭരണാധികാരിയെ സംബന്ധിച്ച് ഇക്കാലത്ത് സങ്കല്‍പിക്കുകപോലും സാധ്യമല്ല. അതുകൊണ്ടുതന്നെയാണ് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തീര്‍ത്തും വ്യത്യസ്തനാകുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് ഓരോ ദിവസവും അദ്ദേഹം കൂടുതല്‍ കൂടുതല്‍ പ്രിയപ്പെട്ടവനാകാനുള്ള കാരണവും മറ്റൊന്നല്ല. ജനക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ച ഉര്‍ദുഗാന്‍െറ മേശപ്പുറത്ത് ഫയലുകള്‍ കെട്ടിക്കിടക്കാറേയില്ല. മുന്നിലെത്തുന്ന ഓരോന്നിലും അദ്ദേഹം തത്സമയംതന്നെ തീരുമാനമെടുക്കുന്നു.
കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി തുര്‍ക്കിയില്‍ ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി അടുത്ത തവണയും അധികാരത്തിലെത്താറില്ല. വ്യത്യസ്തമായ ഏക അനുഭവം ഉര്‍ദുഗാന്‍േറതുമാത്രമാണ്. 2002ല്‍ അധികാരത്തിലെത്തിയ അദ്ദേഹം 2007ലും 2011ലും തെരഞ്ഞെടുക്കപ്പെട്ടു. ഓരോ തവണയും ജനപിന്തുണ വര്‍ധിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിക്ക് 2002ല്‍ 34 ശതമാനം വോട്ടായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ 2007ല്‍ അത് 46 ശതമാനവും 2011ല്‍ 50 ശതമാനവുമായി വര്‍ധിച്ചു.
ലോകമെങ്ങുമുള്ള പ്രയാസപ്പെടുന്നവരുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന സമകാലിക ലോകത്തെ ഭരണാധികാരിയും ഉര്‍ദുഗാന്‍തന്നെ. കിഴക്കന്‍ ആഫ്രിക്കയില്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഏറ്റവും കടുത്ത വരള്‍ച്ചയുണ്ടായത് 2011ലാണ്. അതുകൊണ്ടുതന്നെ സോമാലിയയും പരിസരപ്രദേശങ്ങളും കൊടും പട്ടിണിയിലകപ്പെട്ടു. 120 ലക്ഷം ജനങ്ങളാണ് വിവരണാതീതമായ ദുരിതങ്ങള്‍ക്കിരയായത്. എന്നിട്ടും ലോകം അവരെ കണ്ടില്ലെന്ന് നടിച്ചു. അപ്പോഴാണ് 2011 ആഗസ്റ്റ് 19ന് സഹധര്‍മിണി ആമിനയോടൊപ്പം ഉര്‍ദുഗാന്‍ സോമാലിയയിലെത്തിയത്. കൂടെ മകളും ഏതാനും മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിനിടയില്‍ ലോകത്തിലെ സോമാലിയ എന്ന ഏറ്റവും ദരിദ്രമായ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യത്തെ ശ്രദ്ധേയനായ രാഷ്ട്രനായകനാണ് ഉര്‍ദുഗാന്‍. അദ്ദേഹം തന്‍െറയും മന്ത്രിമാരുടെയും കുടുംബങ്ങളെ കൂടെ കൂട്ടിയത് ബോധപൂര്‍വമായിരുന്നു. പട്ടിണികൊണ്ട് പൊറുതിമുട്ടി എല്ലും തൊലിയുമായി മാറിയ മനുഷ്യരെ അവരും കാണട്ടെയെന്ന് അദ്ദേഹം ആഗ്രഹിച്ചു; അങ്ങനെ പൊലിമ നിറഞ്ഞ ആധുനിക ലോകത്തിന്‍െറ മറുപുറം അവര്‍ മനസ്സിലാക്കട്ടെയെന്നും. ഇന്ന് എല്ലാ ഭരണാധികാരികളും കുടുംബത്തെ കൂടെക്കൂട്ടി സന്ദര്‍ശിക്കാറുള്ളത് സമ്പന്ന രാജ്യങ്ങളാണല്ലോ. ഇവിടെയും ഉര്‍ദുഗാന്‍ വ്യത്യസ്തനാവുകയായിരുന്നു. ഉര്‍ദുഗാനും കുടുംബവും അഭയാര്‍ഥി ക്യാമ്പുകളും ആശുപത്രികളും സന്ദര്‍ശിച്ചു. മൊഗാദിശു എംബസി തുറന്നു. വരള്‍ച്ചയുടെ കെടുതി ഇല്ലാതാക്കാനും ജലക്ഷാമം പരിഹരിക്കാനും നിരവധി കിണറുകള്‍ കുഴിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രി സ്ഥാപിക്കാന്‍ ഏര്‍പ്പാട് ചെയ്തു. ചരക്കുകള്‍ എത്തിക്കാനും മറ്റുമായി മൊഗാദിശു വിമാനത്താവളം മുതല്‍ നഗര ഹൃദയം വരെ റോഡ് നിര്‍മിക്കാനാവശ്യമായ സഹായം നല്‍കി. തുര്‍ക്കി ഹൗസിങ് ഡെവലപ്മെന്‍റ് അഡ്മിനിസ്ട്രേഷന്‍ സോമാലിയയില്‍ വീട് നിര്‍മിക്കുമെന്ന കരാര്‍ ചെയ്തു. ഒരാഴ്ചക്കകം തുര്‍ക്കി ജനത സോമാലിയക്കുവേണ്ടി 201 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സംഭാവന ശേഖരിച്ചു. ലോകശ്രദ്ധ സോമാലിയയിലേക്ക് തിരിക്കാന്‍ ഉര്‍ദുഗാന്‍െറ സമീപനം ഏറെ സഹായകമായി.മ്യാന്മറിലെ വംശീയ കലാപത്തിനിരയായ 30 ലക്ഷം റോഹിങ്ക്യന്‍ മുസ്ലിംകളുടെ അടുത്ത് ആദ്യം ഓടിയെത്തിയതും ഉര്‍ദുഗാന്‍െറ സഹധര്‍മിണി ആമിനയും തുര്‍ക്കി വിദേശകാര്യമന്ത്രി ദാവൂദൊഗ്ലുവും തന്നെ. അഭയാര്‍ഥികളുടെ പ്രാഥമികാവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചതോടൊപ്പം മ്യാന്മര്‍ ഭരണാധികാരികളെ കണ്ട് അവരുടെ കാര്യം സംസാരിക്കാനും ആമിനയും ദാവൂദൊഗ്ലുവും സമയം കണ്ടെത്തി. കൊല്ലങ്ങളോളം ഉപരോധത്തിനിരയായി കൊടിയ ദുരിതം പേറുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ഫ്ളോട്ടിലയില്‍ ഭക്ഷ്യവിഭവങ്ങളെത്തിക്കാന്‍ മുന്‍കൈയെടുത്തതും തുര്‍ക്കിതന്നെ. കപ്പല്‍ ആക്രമിച്ച് തന്‍െറ പൗരന്മാരെ വധിച്ചതിന്‍െറ പേരില്‍ ഉര്‍ദുഗാന്‍ ഇസ്രായേലിന്‍െറ അംബാസഡറെ തിരിച്ചയക്കുകയും ഇസ്രായേലിനെതിരായ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.
അമേരിക്ക, ജര്‍മനി, ഇറ്റലി, റഷ്യ, ബ്രിട്ടന്‍, സ്പെയിന്‍, അല്‍ബേനിയ, പാകിസ്താന്‍, സൗദിഅറേബ്യ തുടങ്ങിയ വിവിധ നാടുകളില്‍നിന്നായി ശ്രദ്ധേയങ്ങളായ 35 ബഹുമതികള്‍ക്ക് അര്‍ഹനായ ഉര്‍ദുഗാനെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ 27 യൂനിവേഴ്സിറ്റികള്‍ ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയുണ്ടായി. ഇത്രയേറെ ബഹുമതികള്‍ക്കും ഡോക്ടറേറ്റുകള്‍ക്കും അര്‍ഹനായ ഒരൊറ്റ ഭരണാധികാരിയും വേറെ ഒരു രാജ്യത്തുമുണ്ടാവില്ല.
തുര്‍ക്കിയുടെ 25ാമത്തെ പ്രധാനമന്ത്രിയായ ഉര്‍ദുഗാന്‍ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനായത് ഇസ്തംബൂളിന്‍െറ മേയറായതോടെയാണ്. ലോകത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ സിറ്റിയായ ഇസ്തംബൂളിന്‍െറ മേയറായി തെരഞ്ഞെടുക്കപ്പെട്ടത് 1994 മാര്‍ച്ച് 27നാണ്. നാലുവര്‍ഷമേ സ്ഥാനം വഹിക്കാന്‍ സാധിച്ചുള്ളൂവെങ്കിലും നഗരത്തെ പൂര്‍ണമായും പരിവര്‍ത്തിപ്പിക്കുന്നതിലും പരിഷ്കൃതമായ പട്ടണമാക്കുന്നതിലും അദ്ദേഹം വിജയിച്ചു. സര്‍ക്കാറിന്‍െറ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിയ ഒരു കവിത പൊതുവേദിയില്‍ ചൊല്ലിയതിന്‍െറ പേരില്‍ 1999 മാര്‍ച്ച് 24ന് അറസ്റ്റ് ചെയ്യപ്പെട്ടു. 'പള്ളികളാണ് നമ്മുടെ സൈനികബാരക്കുകള്‍. കുംഭഗോപുരങ്ങളാണ് നമ്മുടെ ഹെല്‍മറ്റുകള്‍. മിനാരങ്ങളാണ് ബയണറ്റുകള്‍. വിശ്വാസത്തികവാണ് നമ്മുടെ സൈന്യം' എന്നര്‍ഥം വരുന്നതായിരുന്നു പ്രസ്തുത കവിത. ഒരു കൊല്ലത്തെ തടവിനു ശിക്ഷിക്കപ്പെട്ടുവെങ്കിലും നാലുമാസത്തിനുശേഷം 1997 ജൂലൈ 27ന് മോചിതനായി.
'മലമുകളില്‍ ഗോതമ്പ് വിതറുക. മുസ്ലിം നാടുകളില്‍ വിശക്കുന്ന ഒരു പറവയും ഉണ്ടാവാതിരിക്കട്ടെ' എന്ന ഉമര്‍ രണ്ടാമന്‍െറ നിര്‍ദേശം ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുന്ന, തുര്‍ക്കികള്‍ക്ക് ലഭിച്ച ഏറ്റം അനുയോജ്യനായ ഭരണാധികാരിയാണ് ഉര്‍ദുഗാന്‍. അദ്ദേഹം നടപ്പാക്കിയ അനാതോലിയന്‍ സാമ്പത്തിക ക്രമമിന്ന് ലോകത്തിന്‍െറ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയിരിക്കുന്നു.
ഉര്‍ദുഗാന്‍ സൗമ്യനും വിനീതനുമായ ഭരണാധികാരിയാണ്. തന്‍െറ രാജ്യത്തെ സാധാരണക്കാരോടൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ ഒരുകാലത്ത് പന്ത് കളിക്കാരന്‍ കൂടിയായിരുന്ന അദ്ദേഹം താല്‍പര്യം കാണിക്കാറുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലെല്ലാം ധീരവും ആര്‍ജവമുള്ളതുമായ നിലപാട് സ്വീകരിക്കാന്‍ ഒട്ടും അറച്ചുനില്‍ക്കാറില്ല. ലോകമെങ്ങുമുള്ള മര്‍ദിത ജനതയോടൊപ്പം നില്‍ക്കണമെന്ന നിര്‍ബന്ധമുള്ള ഉര്‍ദുഗാന്‍ സിറിയന്‍ പോരാളികള്‍ക്ക് പരസ്യമായും പ്രത്യക്ഷമായും പിന്തുണ പ്രഖ്യാപിച്ചു. ഗസ്സ നിവാസികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി സംസാരിച്ച ഇസ്രായേല്‍ ഭരണാധികാരി ഷിമോന്‍ പെരസിന്‍െറ മുഖത്തുനോക്കി അദ്ദേഹം പറഞ്ഞു: 'മിസ്റ്റര്‍ പെരസ്; താങ്കള്‍ എന്നെക്കാള്‍ പ്രായമുള്ളവനാണ്. കുറ്റബോധം കൊണ്ടായിരിക്കാം താങ്കള്‍ ഇങ്ങനെ ഒച്ചവെക്കുന്നത്. പടിഞ്ഞാറെകരയിലെ കുഞ്ഞുങ്ങളുടെ ചോരക്കറ പുരണ്ടതാണ് താങ്കളുടെ കൈകളെന്ന കാര്യം ഞാന്‍ ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ.'
ഇന്ത്യയിലേതുള്‍പ്പെടെ ലോകമെങ്ങുമുള്ള അറിയപ്പെടുന്ന ഭരണാധികാരികള്‍ അഴിമതിയാരോപണങ്ങളാല്‍ കളങ്കിതരും അപമാനിതരുമായിരിക്കെ വ്യത്യസ്തരായ ഉര്‍ദുഗാനെപ്പോലുള്ള ഭരണാധികാരികളെ വാര്‍ത്തെടുക്കാന്‍ ഇക്കാലത്തും കഴിയുക ദൈവവിശ്വാസത്തിനും മതബോധത്തിനുമാണെന്ന വസ്തുത ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു -മതനിരാസത്തിന്‍െറ മുദ്രയണിഞ്ഞ ഭൗതികവാദികള്‍ക്ക് അതെത്രതന്നെ അരോചകമാണെങ്കിലും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___