Tuesday 26 February 2013

[www.keralites.net] ചിദംബരത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്

 


ഡോ. വി.കെ. വിജയകുമാര്‍

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏറേ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ധനമന്ത്രി ചിദംബരം 2013-14ലേക്കുള്ള ബജറ്റ് അവതരിപ്പിക്കാനിരിക്കുന്നത്. 2003-'08 ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയുടെ കാലമായിരുന്നു. 8.5 ശതമാനം വളര്‍ച്ചയോടെ സമ്പദ്‌വ്യവസ്ഥ കുതിച്ച ഈ കാലയളവില്‍ ബജറ്റ് അവതരിപ്പിക്കുക എളുപ്പമായിരുന്നു. പ്രതീക്ഷിച്ചതിലധികം വളര്‍ച്ച, ലക്ഷ്യമിട്ടതിലധികം നികുതിവരുമാനം, കുറഞ്ഞ വിലക്കയറ്റനിരക്ക്, കുറയുന്ന കമ്മി ഇതായിരുന്നു 2003-'08 കാലയളവിലെ സാമ്പത്തിക ധനകാര്യസാഹചര്യം. കടാശ്വാസവും പുതിയ ക്ഷേമപദ്ധതികളും പ്രഖ്യാപിക്കാന്‍ എളുപ്പമായിരുന്നകാലം.

ഇന്നത്തെ സാഹചര്യം ഏറേ വ്യത്യസ്തമാണ്. 2008-ലെ ആഗോള ധനകാര്യ പ്രതിസന്ധിയും അതുസൃഷ്ടിച്ച ആഗോളമാന്ദ്യവും രൂക്ഷമായ പ്രതിസന്ധികളായിരുന്നു. യൂറോ മേഖലയിലെ കടപ്രതിസന്ധി ആഗോളസാമ്പത്തികമാന്ദ്യം കൂടുതല്‍വഷളാക്കി. ലോക സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുവരുന്നതിന്റെ പച്ചനാമ്പുകള്‍ ദൃശ്യമാണെങ്കിലും ഈ തിരിച്ചുവരവ് ദുര്‍ബലമാണ്. ഇന്ത്യയ്ക്ക് പെട്ടെന്ന് ഉയര്‍ന്നവളര്‍ച്ചനിരക്കിലേക്ക് തിരിച്ചുവരാന്‍ അനുകൂലമായ ആഗോളസാഹചര്യം നിലവിലില്ല.

ബാഹ്യസാഹചര്യങ്ങളേക്കാള്‍ പ്രതികൂലമാണ് ആഭ്യന്തര സാഹചര്യം. ശരാശരി 8.5 ശതമാനം നിരക്കില്‍ വളര്‍ന്നിരുന്ന സമ്പദ്‌വ്യവസ്ഥ 2011-'12-ല്‍ 6.2 ശതമാനം വളര്‍ച്ചയേ രേഖപ്പെടുത്തിയുള്ളൂ. ഈ വര്‍ഷം (2012-'13) വളര്‍ച്ചനിരക്ക് അഞ്ചു ശതമാനമായിരിക്കാനാണ് സാധ്യത എന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. ഇത് സംഭവിക്കുകയാണെങ്കില്‍ 2012- '13-ലെ വളര്‍ച്ചനിരക്ക് കഴിഞ്ഞ 10 വര്‍ഷക്കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും. സാമ്പത്തികവളര്‍ച്ച നിരക്കില്‍ ഗണ്യമായ താഴ്ചയുണ്ടാവുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നികുതിവരുമാനം കുറയും, കമ്മി- ജി.ഡി.പി. അനുപാതം വഷളാകും, സാമ്പത്തികസ്ഥിതി അസ്ഥിരമാകും. ഇവയെല്ലാംകൂടി രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് താഴുന്നതടക്കമുള്ള പ്രത്യാഘാതങ്ങള്‍ സംഭവിക്കാം. പ്രതികൂലമായ ഈ സാഹചര്യത്തിലാണ് ചിദംബരം ബജറ്റ് അവതരിപ്പിക്കുക.

സമ്പാദ്യം പ്രോത്സാഹിപ്പിക്കണം


സമ്പദ്‌വ്യവസ്ഥയെ ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനാകും ധനമന്ത്രി മുന്‍ഗണന നല്‍കുക. 2003-'08- ലെ ഉയര്‍ന്ന വളര്‍ച്ച സാധ്യമാക്കിയത് കുതിച്ചുയര്‍ന്ന സമ്പാദ്യ, നിക്ഷേപ നിരക്കുകളാണ്. സമ്പാദ്യനിരക്ക് 2002-ലെ 24.9 ശതമാനത്തില്‍നിന്ന് 2008-ല്‍ 36.8 ശതമാനമായും നിക്ഷേപനിരക്ക് ഈ കാലയളവില്‍ 24.3 ശതമാനത്തില്‍നിന്ന് 38.1 ശതമാനമായും കുതിച്ചുയര്‍ന്നിരുന്നു. വളര്‍ച്ച, നിക്ഷേപത്തിന്റെ ധര്‍മമാണ്; നിക്ഷേപം സമ്പാദ്യത്തിന്റേതും. ഇത് ലളിതമായ സാമ്പത്തിക തത്ത്വമാണ്. സമ്പാദ്യ, നിക്ഷേപ നിരക്കുകളില്‍ വന്ന ഇടിവാണ് അടിസ്ഥാനപരമായി വളര്‍ച്ചനിരക്കിനെ കുറച്ചത്. 20011-'12-ല്‍ സമ്പാദ്യനിരക്ക് 30.8 ശതമാനമായും നിക്ഷേപ നിരക്ക് 30 ശതമാനത്തിലും താഴെയായും കുറഞ്ഞു. കൂടാതെ, പ്രതികൂലമായ ആഗോള സാമ്പത്തിക സാഹചര്യം, കയറ്റുമതിയെ ബാധിച്ചു. ഉയര്‍ന്ന വിലക്കയറ്റം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് 2010 മാര്‍ച്ചിനും 2011 നവംബറിനും ഇടയില്‍ 13 തവണ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതും സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു.

സമ്പദ്‌വ്യവസ്ഥ ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുവരണമെങ്കില്‍ സമ്പാദ്യ, നിക്ഷേപ നിരക്കുകള്‍ ഉയരേണ്ടതുണ്ട്. അതുകൊണ്ട് സമ്പാദ്യം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകും. ഒരുലക്ഷം രൂപവരെയുള്ള സമ്പാദ്യങ്ങള്‍ക്ക് നികുതിയിളവുകള്‍ നല്‍കുന്ന 80-സി വകുപ്പില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനിടയുണ്ട്.

സമ്പാദ്യനിരക്കുകള്‍ വര്‍ധിച്ചാല്‍ മാത്രം പോര. സമ്പാദ്യം ഉത്പാദനപരമായ നിക്ഷേപമായി മാറണം. സ്വര്‍ണനിക്ഷേപവും ഉത്പാദനപരമല്ലാത്ത ഭൂമിയിലുള്ള നിക്ഷേപവും സ്ഥൂല സാമ്പത്തിക കാഴ്ചപ്പാടില്‍ അഭിലഷണീയമല്ല. സ്വര്‍ണത്തിലുള്ള നിക്ഷേപം (2011-'12-ല്‍ ഇന്ത്യയിലേക്ക് മൂന്നുലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന 750 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു) വ്യാപാരക്കമ്മിയും കറന്റ് എക്കൗണ്ട് കമ്മിയും വഷളാക്കിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ രണ്ടു തവണയായി ആറു ശതമാനം വര്‍ധിപ്പിച്ചിട്ടും ഇറക്കുമതി കുറയാത്ത സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ ചോദനം കുറയ്ക്കാനുള്ള കടുത്ത നടപടികള്‍ ബജറ്റിലുണ്ടാകാം. സ്വര്‍ണത്തിന്റെ മേല്‍ സ്വത്തുനികുതി (വെല്‍ത്ത് ടാക്‌സ്) ചുമത്തുന്ന നടപടി വരെ ഉണ്ടായേക്കാം; പ്രായോഗികമായ പല പരിമിതികളും അതിനുണ്ടെങ്കിലും. അതേസമയം, സാമ്പത്തികവളര്‍ച്ചയെ സഹായിക്കുന്ന ബാങ്ക് നിക്ഷേപവും ഓഹരിവിപണിയിലൂടെയുള്ള മൂലധന സമാഹരണവും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം.

ധനകമ്മി കുറയ്ക്കല്‍ ലക്ഷ്യമിടാം


വികസ്വര രാജ്യങ്ങളില്‍ ഉയര്‍ന്ന ദീര്‍ഘകാല വളര്‍ച്ചസാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന വളര്‍ച്ചനിരക്ക് നിലനിര്‍ത്താന്‍ അനുകൂലമായ നിരവധി ഘടകങ്ങള്‍ നമുക്കുണ്ട്. അനുകൂലമല്ലാത്തത് കമ്മികള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക അസ്ഥിരതയാണ്. ഒരു സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് മര്‍മപ്രധാനമായ ഘടകങ്ങളാണ് ധനകാര്യ കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും. ഇവ രണ്ടിലും ഇന്ത്യയിലെ സാഹചര്യം വലിയ വികസ്വരരാജ്യങ്ങളില്‍ ഏറ്റവും മോശമായ അവസ്ഥയിലാണ്. ധനകാര്യ കമ്മി കേന്ദ്രത്തിന്റേത് 5.3 ശതമാനവും സംസ്ഥാനങ്ങളുടേത് നാലു ശതമാനവും കൂടിയാല്‍ ഒമ്പതു ശതമാനത്തിലധികമായി. ഇന്ത്യ അനുഭവിക്കുന്ന മിക്ക സ്ഥൂല സാമ്പത്തിക പ്രശ്‌നങ്ങളുടെയും- വിലക്കയറ്റം, വ്യാപാരക്കമ്മി, രൂപയുടെ മൂല്യശോഷണം- മൂലകാരണം ഈ ഉയര്‍ന്ന ധനകാര്യ കമ്മിയാണ്. അതുകൊണ്ടാണ് ധനകാര്യ കമ്മി കുറയ്ക്കുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കണമെന്ന് മഹാഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ഈ കാര്യങ്ങളെക്കുറിച്ച് നല്ല അറിവുള്ള ചിദംബരം ധനകാര്യ കമ്മി കുറയ്ക്കുന്നതിന് മുന്‍ഗണന കൊടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 2013-'14-ല്‍ ധനകാര്യ കമ്മി 4.8 ശതമാനത്തോളമായി കുറയ്ക്കുമെന്ന് ചിദംബരംതന്നെ ഒരു വിദേശനിക്ഷേപക സമ്മേളനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഇത് ചെയ്തില്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മോശമാവുമെന്നതുകൊണ്ടുതന്നെ ഇത് ബജറ്റില്‍ പ്രതീക്ഷിക്കാം.

പ്രത്യക്ഷ- പരോക്ഷ നികുതികളില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാനിടയില്ലെങ്കിലും ചില പുതിയ നിര്‍ദേശങ്ങളുണ്ടായേക്കാം. ഇപ്പോഴത്തെ പരമാവധി ആദായനികുതിനിരക്കായ 30 ശതമാനത്തിന് പുറമേ അതിസമ്പന്നരുടെ മേല്‍ 40 ശതമാനം നികുതിചുമത്താനൊരു നിര്‍ദേശം സാമ്പത്തിക ഉപദേഷ്ടാവായ സി. രംഗരാജന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മുപ്പതോ നാല്പതോ ലക്ഷം രൂപയിലധികം വാര്‍ഷികവരുമാനമുള്ള അതിസമ്പന്നരുടെ മേല്‍ 40 ശതമാനം ആദായനികുതി ചുമത്തിയേക്കാം. ഈ വരുമാനമുപയോഗിച്ച് പാവങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അത് നല്ല സാമ്പത്തികദര്‍ശനവും നല്ല രാഷ്ട്രീയവും ആകും. അതേസമയം, ആദായനികുതിയുടെ ഇളവ്പരിധി ഇപ്പോഴത്തെ രണ്ടുലക്ഷത്തില്‍നിന്ന് 2.5 ലക്ഷം രൂപയായി ഉയര്‍ത്തുന്നത് ഉചിതമായിരിക്കും. ചരക്ക് -സേവന നികുതി ആസന്നമായിരിക്കേ പരോക്ഷ നികുതികളില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. അമിതമായി നികുതിനിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് ആശാസ്യമല്ല.

മാന്ദ്യവിരുദ്ധ പാക്കേജ്


കേരളത്തിലെ ടി.വി. ചാനല്‍ ചര്‍ച്ചകളില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന ഒരു വിഷയമാണ് മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി നല്‍കിയ നികുതി ഇളവുകള്‍ സംബന്ധിച്ച കണക്കുകള്‍. ഉത്തേജക പാക്കേജിന്റെ ഭാഗമായി 5,29,000 കോടി രൂപയുടെ നികുതിയിളവുകള്‍ സര്‍ക്കാര്‍ നല്‍കിയെന്നത് ശരിയാണ്. എന്നാല്‍, ഇതിനെ 'കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ ആനുകൂല്യം' എന്ന് വിശേഷിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കട്ടെ: ഇളവുകളില്‍ 1,98,291 കോടി രൂപ നല്‍കിയത് വ്യാപകമായി ഉപയോഗിക്കുന്ന ഉപഭോഗവസ്തുക്കള്‍ക്കായിരുന്നു. വേറെ 1,74,418 കോടി രൂപ നല്‍കിയത് കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി യന്ത്രസാമഗ്രികളും മറ്റും ഇറക്കുമതി ചെയ്യുമ്പോള്‍ നല്‍കേണ്ട ചുങ്കത്തില്‍ ഇളവുനല്‍കിയതാണ്. 50,658 കോടി രൂപ ഇന്‍ഷുറന്‍സ് പ്രീമിയം, ഉന്നത വിദ്യാഭ്യാസ വായ്പകള്‍ക്കുള്ള പലിശ എന്നീ ഇനങ്ങളിലുള്ള ഇളവുകളാണ്. ഉത്തരാഖണ്ഡ് തുടങ്ങിയ പിന്നാക്ക പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നതിനും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനെയെല്ലാം 'കോര്‍പ്പറേറ്റ് കുത്തക'കള്‍ക്ക് നല്‍കിയ ആനുകൂല്യമെന്ന് വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്.

ഇന്ത്യന്‍ സമ്പദ്യ്വവസ്ഥയുടെ 75 ശതമാനം സ്വകാര്യമേഖലയാണ്. മഹാഭൂരിപക്ഷം ജനങ്ങളും ജോലിചെയ്യുന്നതും സ്വകാര്യമേഖലയിലാണ്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കണമെങ്കില്‍ സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കുകതന്നെ വേണം. ഇന്ത്യ നല്‍കിയതുപോലുള്ള ഇളവുകള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും- ചൈനയും വിയറ്റ്‌നാമും അടക്കം മാന്ദ്യകാലത്ത് നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ്


പൊതുതിരഞ്ഞെടുപ്പിനു മുമ്പുള്ള യു.പി.എ. സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റാണിത്. ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു 'ജനകീയ' ബജറ്റ് അടുത്തവര്‍ഷം തിരഞ്ഞെടുപ്പിനു മുമ്പായി അവതരിപ്പിക്കുമെന്നു തോമസ് ഐസക് മാതൃഭൂമിയില്‍ എഴുതിയത് സംഭവിക്കില്ല. തിരഞ്ഞെടുപ്പ് 2014 മെയ് മാസത്തിലാണെങ്കില്‍ 2014-ല്‍ ഈ സര്‍ക്കാറിന്റെ ഒരു വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമേ ഉണ്ടാകൂ. തിരഞ്ഞെടുപ്പ് അതിനുമുമ്പാണെങ്കില്‍ ജനപ്രിയ ബജറ്റിന്റെ പ്രശ്‌നമുത്ഭവിക്കുന്നില്ലല്ലോ. 2014-ലെ സമ്പൂര്‍ണ ബജറ്റ് പുതിയ സര്‍ക്കാറിന്റേതായിരിക്കും. 2014-ലെ ബജറ്റിനും തിരഞ്ഞെടുപ്പിനും മുമ്പായി 2013-ലെ ബജറ്റിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടായേക്കാം. രാഷ്ട്രീയം 'സാധ്യമായതിന്റെ കല'യാണല്ലോ.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാമ്പത്തികസാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നു പറഞ്ഞല്ലോ. ഈ വെല്ലുവിളികള്‍ അവസരങ്ങള്‍ കൂടിയാണ്. പ്രതിസന്ധികള്‍ വരുമ്പോള്‍ മാത്രം കടുത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന രീതിയാണ് ഇന്ത്യയിലുള്ളത്. 1991-ലെ പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് കാരണമായത്. ജനപ്രിയങ്ങളല്ലാത്ത കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് ജനാധിപത്യ സമ്പ്രദായത്തില്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു രൂപയ്ക്ക് അരി നല്‍കിയും സര്‍വത്ര സൗജന്യങ്ങള്‍ പ്രഖ്യാപിച്ചും കൈയടിയും വോട്ടും നേടാന്‍ എളുപ്പമാണ്. എന്നാല്‍, രാജ്യത്തിന്റെ ദീര്‍ഘകാല സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനുള്ള കടുത്ത സാമ്പത്തിക നടപടികള്‍ നടപ്പാക്കുകയെന്നത് കയ്പുള്ള കഷായംകുടിക്കാത്തതുപോലെയാണ്. കയ്പ് പെട്ടെന്ന് അനുഭവപ്പെടും, ഗുണഫലം പതുക്കെ മാത്രമേ ഉണ്ടാകൂ. കെയിന്‍സിന്റെ പ്രസിദ്ധമായ വാചകം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറേ പ്രസക്തമാണ്: ''രാഷ്ട്രീയക്കാര്‍ യുക്തിസഹമായ തീരുമാനങ്ങളെടുക്കും; മറ്റെല്ലാ വഴികളും പരീക്ഷിച്ചതിനശേഷം.''

സാമ്പത്തിക വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്നും നന്നായറിയാവുന്ന വ്യക്തിയാണ് ബുദ്ധിശക്തിയിലും കാര്യശേഷിയിലും മുന്‍നിരയിലുള്ള ചിദംബരം. താത്കാലിക പ്രസിന്ധിയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കാം. രാജ്യം ഉറ്റുനോക്കുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment