സിംഗപ്പൂര്‍: തലചായ്ക്കാന്‍ മണ്ണിലിടമില്ല, അതിനാല്‍ മണ്ണിനടിയില്‍ ജീവിക്കാനൊരുങ്ങുകയാണ് ലോകത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യങ്ങളിലൊന്നായ സിംഗപ്പൂര്‍. 2050-ഓടെ ഭൂമിക്കടിയില്‍ ജീവിക്കുക എന്ന ആശയം യാഥാര്‍ഥ്യമാകുമെന്ന് ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ അതോറിറ്റി അധികൃതര്‍ പറയുന്നു.
'ഭൂമിദാരിദ്ര്യം' വല്ലാതെ വലയ്ക്കുന്നുണ്ട് ഈ സമ്പന്ന രാജ്യത്തെ. നിലവില്‍ സിംഗപ്പൂരില്‍ ജനസംഖ്യ എഴുപത് ലക്ഷത്തിനടുത്താണ്. ഇവരെ പാര്‍പ്പിക്കാന്‍ കുഞ്ഞന്‍ രാജ്യങ്ങളിലൊന്നായ സിംഗപ്പൂരിനുള്ളത് 675 ചതുരശ്ര കിലോമീറ്റര്‍ മാത്രം. ഇതിന് പുറമെയാണ് തെക്കന്‍ ചൈനയില്‍നിന്നുള്ള കുടിയേറ്റവും. ഇതുമൂലമുള്ള സാമ്പത്തിക അസമത്വം രാജ്യത്ത് പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച മുവായിരത്തോളംപേര്‍ അണിനിരന്ന സമരവും രാജ്യത്ത് നടന്നിരുന്നു. ഇത്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഭൂമിക്കടിയില്‍ ജീവിതം എന്ന ആശയം ഉയരുന്നത്.
സ്ഥലപരിമിതിമൂലം ഗോള്‍ഫ് മൈതാനങ്ങളും പട്ടാള പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടി വീട് വെക്കാന്‍ അനുമതി നല്‍കുകയാണ് സര്‍ക്കാര്‍. നിലവില്‍ അഞ്ചിലൊന്ന് സ്ഥലവും കടല്‍ നികത്തിയെടുത്തതാണ്. ഇതിന് പുറമെ 20 വര്‍ഷം കൊണ്ട് 5200 ഹെക്ടര്‍ കടല്‍ നികത്താനുള്ള പദ്ധതിയുമുണ്ട്. എഴ് ലക്ഷത്തോളം വീടുകളും മറ്റ് സ്ഥാപനങ്ങളും ഇവിടെ നിര്‍മിക്കാനാകുമെന്നാണ് പ്രതീക്ഷ. എങ്കിലും ഇരുപത് വര്‍ഷംകൊണ്ട് മൂന്നിരട്ടിയെങ്കിലും ജനസംഖ്യാവര്‍ധന പ്രതീക്ഷിക്കുന്നതിനാല്‍ ഈ സ്ഥലവും തികയാതെ വരുമത്രെ. അതിനാലാണ് ഭൂമിക്കടിയില്‍ ജീവിതം തേടുന്നത്. ഔദ്യോഗിക മാധ്യമങ്ങളടക്കം ഈ ആശയം ചര്‍ച്ചചെയ്തുകഴിഞ്ഞു.
സിംഗപ്പൂരിലെ ജുറോങ് ഡൗണ്‍ കോര്‍പ്പറേഷന്‍ ഈ പദ്ധതി പരീക്ഷിച്ച് വിജയിച്ചവരാണ്. ഭൂമിക്കടിയില്‍ നിര്‍മിച്ച സയന്‍സ് പാര്‍ക്കിന് 50 ശതമാനത്തോളം മാത്രം ചെലവ് അധികമായുള്ളൂവെന്ന് കമ്പനിയുടെ അസിസ്റ്റന്‍റ് സി.ഇ.ഒ. ഡേവിഡ് ടാന്‍ പറയുന്നു. ലബോറട്ടറിയും ഡാറ്റാ സെന്‍ററും ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ബഹിരാകാശ സഞ്ചാരികള്‍ക്ക് സൂര്യപ്രകാശവും ഗുരുത്വാകര്‍ഷണവും ഇല്ലാത്ത ലോകത്ത് കഴിയാമെങ്കില്‍ ഭൂമിക്കടിയിലും താമസിക്കാമെന്നാണ് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ആര്‍ക്കിടെക്ചര്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ജെഫ്രിചാന്റെ അഭിപ്രായം. ഭൂമിക്കടിയില്‍ റെയില്‍വേ സ്റ്റേഷനുകളും മാളുകളും കെട്ടിടങ്ങളും ഇവിടെയുള്ളപ്പോള്‍ ഭൂമിക്കടിയില്‍ താമസിക്കാനും കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് നാങ്യാങ് സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫസര്‍ എറിക് എല്‍ഹിറോക്‌സും പറയുന്നു.
No comments:
Post a Comment