Monday 4 February 2013

[www.keralites.net] ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

 

സൂര്യനെല്ലി: ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

Story Dated: Monday, February 4, 2013 12:25

ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ പ്രഫ. പി.ജെ. കുര്യനെ കുറ്റവിമുക്‌തനാക്കാന്‍ തീരുമാനിച്ചത്‌ സത്യസന്ധനായി പരക്കെ അറിയപ്പെട്ട സിബി മാത്യൂസിന്റെ അന്വേഷണത്തെ തുടര്‍ന്നാണെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ ജനങ്ങളുടെ മനസില്‍ ഉയരുന്നുണ്ട്‌. അതാകട്ടെ അവരില്‍ കേസന്വേഷണത്തിന്റെ സത്യസന്ധതയില്‍ സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.
പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തപ്പോള്‍ പി.ജെ. കുര്യന്റെ ഫോട്ടോ കാണിച്ചില്ലെന്ന്‌ അതേ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുന്‍ എസ്‌.പി: കെ.കെ. ജോഷ്വ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതെന്തുകൊണ്ട്‌ എന്നാണ്‌ ഒരു ചോദ്യം.
1996
ഫെബ്രുവരി 19 ന്‌ െവെകുന്നേരം ഏഴുമണിക്കും ഏഴരയ്‌ക്കും ഇടയില്‍ കുമളി ഗസ്‌റ്റ്‌ ഹൗസില്‍ വച്ച്‌ പി.ജെ. കുര്യന്‍ രണ്ടുതവണ ബലാല്‍സംഗം ചെയ്‌തതായിട്ടാണ്‌ പെണ്‍കുട്ടി പറയുന്നത്‌. കുര്യന്‍ കുമളിയില്‍ എത്തിയതായി മൂന്ന്‌ സാക്ഷികള്‍ പീരുമേട്‌ ഫസ്‌റ്റ്‌ക്ലാസ്‌ മജിട്രേറ്റ്‌ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
കുമളി കാരിക്കുഴിയില്‍ മുരുങ്ങിയില്‍ ടി.സി.ര ാജപ്പന്‍ എന്ന വ്യക്‌തിയാണ്‌ ഗസ്‌റ്റ്‌ ഹൗസില്‍ വച്ച്‌ പി.ജെ. കുര്യനെ കണ്ടത്‌. പഞ്ചായത്ത്‌ സെക്രട്ടറി ഗോപകുമാറിനെ കാണുന്നതിനായി 6.30 നാണ്‌ രാജപ്പന്‍ എത്തിയത്‌. സെക്രട്ടറിയെ കാത്ത്‌ 45 മിനിറ്റോളം ഗസ്‌റ്റ്‌ ഹൗസില്‍ തങ്ങേണ്ടി വന്നു. ഏഴു മണിക്ക്‌ അഡ്വ. ധര്‍മരാജിനോടൊപ്പം പിജെ. കുര്യന്‍ പടികള്‍ കയറി വന്നത്‌ കണ്ടു. കുര്യനെ ആദ്യകാഴ്‌ചയില്‍ തന്നെ പിടികിട്ടിയെങ്കിലും സൂര്യനെല്ലി കേസ്‌ വിവാദമായപ്പോഴാണ്‌ കൂടെയുളള വ്യക്‌തി ധര്‍മരാജനാണെന്ന കാര്യം മനസിലായത്‌ എന്ന്‌ രാജപ്പന്‍ പറയുന്നു.
ഗസ്‌റ്റ്‌ ഹൗസില്‍ ടെലിഫോണ്‍സിലെ ഉദ്യോഗസ്‌ഥരോടൊപ്പം ചീട്ട്‌ കളിക്കാനെത്തിയ പെയിന്റ്‌ തൊഴിലാളി സി. പൗലോസ്‌ കണ്ടത്‌ അന്നേ ദിവസം െവെകിട്ട്‌ 7.30 ന്‌ ഗസ്‌റ്റ്‌ ഹൗസില്‍ നിന്ന്‌ മടങ്ങിപോകുന്ന പി.ജെ. കുര്യനെയാണ്‌. റമ്മി കളിക്കുന്നതിനിടെ ബീഡി വലിക്കുന്നതിനായി പുറത്തേയ്‌ക്ക്‌ ഇറങ്ങിയപ്പോഴാണ്‌ ധര്‍മരാജനൊപ്പം വെളള മാരുതി കാറിനടുത്തേക്കു പോകുന്ന കുര്യനെ കണ്ടത്‌. കാറില്‍ ഡ്രൈവറെ കൂടാതെ മറ്റൊരാളുണ്ടായിരുന്നു. പിന്‍സീറ്റിലാണ്‌ അയാള്‍ ഇരുന്നതെന്നും പൗലോസ്‌ പറയുന്നു.
വണ്ടിപെരിയാറിലെ ലോഡിംഗ്‌ തൊഴിലാളിയായ കുഞ്ഞുകുട്ടിയാണ്‌ വെളള മാരുതികാറിലെത്തിയ പി.ജെ. കുര്യനെ കണ്ടെന്നു പറയുന്ന മറ്റൊരാള്‍. അന്ന്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ കാണാനാണ്‌ കുഞ്ഞുകുട്ടി അവിടെയെത്തിയത്‌ എന്നും മൊഴിയില്‍ സൂചിപ്പിക്കുന്നു. ഇരയുടെ പരാതിയും കുര്യന്റെ സന്ദര്‍ശനത്തിന്‌ സാക്ഷികളായവരുടെ മൊഴിയും എന്തുകൊണ്ട്‌ പരിശോധിച്ചില്ല എന്നതാണ്‌ സംശയം വര്‍ധിപ്പിക്കുന്ന മറ്റൊരു ചോദ്യം.
ഇവരെയൊന്നും ചോദ്യം ചെയ്യാതെ കുര്യന്‍ കണ്ടെന്ന്‌ അവകാശപ്പെടുന്നവരില്‍ നിന്ന്‌ മാത്രമാണ്‌ അന്വേഷണത്തിനിടയില്‍ സിബി മാത്യൂസ്‌ മൊഴിയെടുത്തത്‌. സാക്ഷികള്‍ മൂന്ന്‌ പേരും കോടതിയില്‍ ബോധിപ്പിച്ചത്‌ കളളമാണെങ്കില്‍ അവര്‍ക്കെതിരേ കളളസാക്ഷിയ്‌ക്ക്‌ കേസെടുക്കാത്തത്‌ എന്താണെന്നും അന്വേഷിക്കേണ്ടതായിരുന്നില്ലേയെന്ന ചോദ്യവും ഉത്തരമില്ലാതെ നില്‍ക്കുന്നു.
ആരോപണം ഉണ്ടായ ദിവസം നിലവിലെ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയെന്നാണ്‌ പി.ജെ. കുര്യന്‍ പറയുന്നത്‌. അന്വേഷണത്തിനിടെ സുകുമാരന്‍ നായര്‍ ഒഴികെ ആസ്‌ഥാനത്ത്‌ ഉണ്ടായിരുന്ന മറ്റുളളവരുടെ മൊഴി എന്തുകൊണ്ട്‌ സിബി മാത്യൂസ്‌ സ്വീകരിച്ചില്ല എന്നതാണ്‌ അടുത്ത ചോദ്യം.
ബാക്കി എല്ലാ പ്രതികളേയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ മാത്രം പ്രതികളാക്കിയപ്പോള്‍ സമയവും ദൂരവും കണക്കാക്കി കുര്യനെ ഒഴിവാക്കുകയായിരുന്നു. തിരിച്ചറിയല്‍ പരേഡില്‍ നിന്നും കുര്യനെ ഒഴിവാക്കി. ഒരേ കുറ്റം ചെയ്‌ത പ്രതികളില്‍ ഒരാള്‍ക്ക്‌ മാത്രം എന്തുകൊണ്ട്‌ പരിഗണന നല്‍കി എന്നതാണ്‌ സിബി മാത്യൂസിന്‌ നേരേ ഉയരുന്നുന്ന അടുത്ത ചോദ്യം. കുര്യനെ കേസില്‍ കുടുക്കണമെന്ന്‌ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ജി. ജനാര്‍ദ്ദനക്കുറുപ്പ്‌ ആവശ്യപ്പെട്ടന്നാണ്‌ സിബി മാത്യൂസ്‌ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. ജനാര്‍ദ്ദനക്കുറുപ്പ്‌ ജീവിച്ചിരുന്നപ്പോള്‍ ഒരിയ്‌ക്കല്‍ പോലും ഇത്തരം ആരോപണവുമായി സിബി മാത്യൂസ്‌ രംഗത്തിറങ്ങാതിരുന്നതെന്ത്‌ എന്ന ചോദ്യവും വായുവില്‍ ലയിക്കുന്നു.
ഡി. ധനസുമോദ്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment