Friday 8 February 2013

[www.keralites.net] 'തെണ്ടി'

 

'തെണ്ടി' വിളിയില്‍ പി.സി ജോര്‍ജ്ജിന് ഖേദം

തിരുവനന്തപുരം: പ്രതിപക്ഷാംഗങ്ങളെ തെണ്ടികള്‍ എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ് നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കെതിരെ ഉണ്ടായതായി പ്രതിപക്ഷം ആരോപിച്ച പരാമര്‍ശം താന്‍ നടത്തിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെയുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട ചടങ്ങിന്റെ സി.ഡി പരിശോധിച്ചശേഷം താന്‍ തീരുമാനമെടുക്കാമെന്ന് സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സഭ തുടര്‍ന്ന് നടത്താനായത്.

വി. എസ്. അച്യുതാനന്ദനാണ് ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ സഭയില്‍ ഉന്നയിച്ചത്. പ്രതിപക്ഷത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജ് സഭയില്‍ മാപ്പ് പറയണമെന്നും അദ്ദേഹത്തെ ചീഫ് വിപ്പ് പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും വി. എസ്. ആവശ്യപ്പെട്ടു.

ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന് നന്ദി പറഞ്ഞുകൊണ്ട് തന്റെ പ്രസംഗം ഉണ്ടായിരുന്ന ദിവസം പ്രതിപക്ഷത്തെ തെണ്ടികള്‍ സഭ സ്തംഭിപ്പിച്ചുവെന്നും അതിനാല്‍ ദളിതരുടെ ഉന്നമനത്തിനായി താന്‍ പറയാന്‍ നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ പ്രസംഗിക്കാന്‍ പറ്റിയില്ലെന്നുമായിരുന്നു ജോര്‍ജിന്റെ ആക്ഷേപമെന്ന് വി. എസ്. പറഞ്ഞു. ഇതാദ്യമല്ല ജോര്‍ജ് പ്രതിപക്ഷത്തെ അവഹേളിക്കുന്നത്. മുമ്പ് എ. കെ. ബാലനെ ജാതി പറഞ്ഞ് ആക്ഷേപിച്ചു.

ദളിത് വിഭാഗത്തില്‍ നിന്ന് ഉന്നതസ്ഥാനത്ത് എത്തുന്നവര്‍ സ്വന്തം ജാതിയില്‍ നിന്ന് വിവാഹം കഴിക്കാതെ അനാഥാലയങ്ങളില്‍ നിന്നും മറ്റും കല്യാണം കഴിക്കുന്നത് അവരുടെ തൊലിവെളുപ്പ് കണ്ടാണ്. അനാഥാലയങ്ങളിലെ കുട്ടികള്‍ എങ്ങനെ അവിടെയെത്തിയവരാണെന്നത് നാണക്കേടായതിനാല്‍ പറയുന്നില്ല. ഇതായിരുന്നു ജോര്‍ജിന്റെ പ്രസംഗമെന്ന് വി. എസ്. പറഞ്ഞു. അനാഥാലയങ്ങളിലെ കുട്ടികള്‍ ജാരസന്തതികള്‍ ആണെന്നാണ് ജോര്‍ജ് വിശേഷിപ്പിച്ചത്.

ജോര്‍ജ് നിങ്ങള്‍ക്കൊരു പ്രതീകമോ, അലങ്കാരമോ ആകുന്നതില്‍ തങ്ങള്‍ക്ക് വിഷമമില്ല. എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം- വി. എസ്. ആവശ്യപ്പെട്ടു.

ജോര്‍ജ് അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി മറുപടി തുടങ്ങിയപ്പോള്‍ തന്നെ പ്രസംഗത്തിന്റെ സി.ഡി തരാമെന്നു പറഞ്ഞ് പ്രതിപക്ഷാംഗങ്ങള്‍ മുന്നോട്ടേക്ക് വന്നു. ബഹളത്തിനിടയില്‍ മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. അദ്ദേഹം അങ്ങനെ പറയാതിരിക്കട്ടെയെന്നാണ് തന്റെ ആഗ്രഹം. ജോര്‍ജല്ല, ആരായാലും ഇത്തരം പദപ്രയോഗം തെറ്റാണ്. പൊതുപ്രവര്‍ത്തകരായ നമ്മള്‍ പരസ്പരം മാനിക്കുന്നതാണ് നല്ലത്. അങ്ങനെയായാലേ ജനങ്ങള്‍ നമ്മെ മാനിക്കൂ. നമ്മുടെ നേരെ ആയിരം കണ്ണുകളുണ്ട്.

വീണ്ടും പ്രതിപക്ഷം ബഹളം വെച്ചപ്പോള്‍ മുഖ്യമന്ത്രി തുടര്‍ന്നു. ജോര്‍ജ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് താന്‍ നിഷേധിക്കുകയല്ല. എന്നാല്‍ താന്‍ ടി.വി മുഴുവന്‍ സമയവും കാണുന്ന ആളല്ല. ഇതേക്കുറിച്ച് ബോധ്യപ്പെടണം. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ആരെക്കുറിച്ചും അങ്ങനെ പറയരുതെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് ജോര്‍ജ് വ്യക്തിപരമായ വിശദീകരണം നല്‍കി. താന്‍ ഒരു ഗ്രാമീണനാണെന്നും ഗ്രാമ്യഭാഷയില്‍ തന്റെ വായില്‍ നിന്ന് അങ്ങനെയൊരു വാക്ക് വീണുപോയെന്നും പറഞ്ഞു. ഇതില്‍ താന്‍ നിര്‍വ്യാജം ഖേദിക്കുന്നു. ആരേയും അപമാനിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശ്യം. 70 ശതമാനം ദളിതര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ തന്റെ പ്രസംഗം അവര്‍ക്ക് അപമാനകരമായി തോന്നിയില്ല. അവര്‍ കൈയടിക്കുകയായിരുന്നു.

ജോര്‍ജ് ഖേദം പ്രകടിപ്പിച്ച സ്ഥിതിക്ക് വിവാദം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം വീണ്ടും നടുത്തളത്തിന്റെ വക്കോളമെത്തി മുദ്രാവാക്യം വിളിച്ചു. അനാഥാലയങ്ങളിലെ കുട്ടികള്‍ ജാരസന്തതികള്‍ ആണെന്ന പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം തിരിഞ്ഞു. എന്നാല്‍ താന്‍ അങ്ങനെ പ്രസംഗിച്ചിട്ടിലെന്ന നിലപാടാണ് ജോര്‍ജ് എടുത്തത്. ബഹളം കൂടിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.

തുടര്‍ന്ന് നടന്ന കൂടിയാലോചനകളിലാണ് സമവായം ഉണ്ടായത്. സഭയ്ക്കുപുറത്ത് നടന്ന കാര്യമായതിനാല്‍ പ്രസംഗത്തിന്റെ സി.ഡി താന്‍ പരിശോധിച്ച് തീരുമാനം എടുക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സഭ തുടരാനായത്.

MARTIN K GEORGE


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment