Wednesday 16 January 2013

[www.keralites.net] ലൈഫ് ഓഫ് പൈ: 'ഓമനത്തിങ്കള്‍' ഉപയോഗിക്കാന്‍ ഗവേഷണം നടന്നതിന് തെളിവ്

 

ലൈഫ് ഓഫ് പൈ: 'ഓമനത്തിങ്കള്‍' ഉപയോഗിക്കാന്‍ ഗവേഷണം നടന്നതിന് തെളിവ്

പി.എസ്. ജയന്‍



തിരുവനന്തപുരം: പതിനൊന്ന് ഓസ്‌കര്‍ നോമിനേഷനുകള്‍ നേടിയ 'ലൈഫ് ഓഫ് പൈ' സിനിമയിലെ താരാട്ട് പാട്ട് വിവാദം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. ഇരയിമ്മന്‍തമ്പി എഴുതിയ 'ഓമനത്തിങ്കള്‍ കിടാവോ' എന്ന താരാട്ട് പാട്ട് ഈ സിനിമയില്‍ ഉപയോഗിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്തുവന്നു.

'ലൈഫ് ഓഫ് പൈ' എന്ന സിനിമയ്ക്കുവേണ്ടി ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ ഉപയോഗിക്കാന്‍ 2011 ജനവരിയില്‍ തന്നെ സംവിധായകനും നിര്‍മാതാവും തീരുമാനിച്ചിരുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ഗാനവിവാദം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലാണിത്. ഇരയിമ്മന്‍തമ്പിയുടെ ഗാനം മോഷ്ടിച്ചാണോ പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ ബോംബെ ജയശ്രീ സിനിമയില്‍ ഉപയോഗിച്ചത് എന്നത് സംബന്ധിച്ചായിരുന്നു ഇതുവരെയുള്ള വിവാദം. പുതിയ വെളിപ്പെടുത്തലോടെ, സിനിമയുടെ ആദ്യ ചര്‍ച്ചയില്‍ തന്നെ ഈ ഗാനം ഉപയോഗിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

ലൈഫ് ഓഫ് പൈയുടെ ഗാനവിഭാഗത്തിനുവേണ്ടി ഗവേഷണം ചെയ്യാന്‍ ചുമതലയേല്‍പ്പിച്ച ഒക്‌ലോഹാമ സര്‍വകലാശാലയിലെ സംഗീത വിഭാഗം അസി.പ്രൊഫസര്‍ ഡോ.സോയി സി.ഷെറിനിയന്‍ ഇതുസംബന്ധിച്ച സംശയ നിവാരണത്തിന് ലണ്ടനില്‍ താമസിക്കുന്ന മലയാളിയായ ചരിത്ര ഗവേഷകയ്ക്ക് കത്തെഴുതി. 'ഓമനത്തിങ്കള്‍ കിടാവോ' എന്ന താരാട്ട് പാട്ട് ലൈഫ് ഓഫ് പൈ എന്ന സിനിമയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ പഴക്കം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭ്യമാക്കണമെന്നുമാണ് സോയി ഷെറിനിയന്‍ മലയാളി ചരിത്ര ഗവേഷകയ്ക്ക് കത്തയച്ചത്. 15-ാം നൂറ്റാണ്ടില്‍ അരുണഗിരിനാഥന്‍ തമിഴിലെഴുതിയ 'തിരുപുഗഴി'ലെ ചില വരികളും ഈ ചിത്രത്തിന്റെ മറ്റൊരു ഭാഗത്ത് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സിനിമയുടെ ആദ്യം ചേര്‍ത്തിട്ടുണ്ട്. അതേ സമയം ഇരയിമ്മന്‍തമ്പിയെക്കുറിച്ചോ ഓമനത്തിങ്കള്‍ കിടാവിനെക്കുറിച്ചോ ലൈഫ് ഓഫ് പൈയില്‍ വിവരങ്ങളൊന്നുമില്ല. ''സോയി ഷെറിനിയനെക്കുറിച്ച് മിണ്ടിയാല്‍ തന്നെ ബോംബെ ജയശ്രീയും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തരും പത്തി മടക്കും. ഏറെ പ്രചാരമായ ഒരു താരാട്ട് പാട്ടിനെ ക്രെഡിറ്റ് പോലും നല്‍കാതെ സിനിമയില്‍ ഉപയോഗിച്ചതിന് പിന്നില്‍ ആസൂത്രിതമായ ആലോചനയുണ്ട്. ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചപ്പോള്‍ ഇക്കാര്യം അവര്‍ പണിപ്പെട്ട് മറച്ച് വയ്ക്കുകയും ചെയ്തു''-ലണ്ടനില്‍ നിന്ന് ചരിത്ര ഗവേഷക വ്യക്തമാക്കുന്നു. സോയി ഷെറിനിന്‍ അയച്ച കത്തിന്റെ പകര്‍പ്പും അവര്‍ ലഭ്യമാക്കിയിട്ടുണ്ട്.

11 ഓസ്‌കര്‍ നോമിനേഷനുകള്‍ ലഭിച്ച ചിത്രത്തിന്റെ ഗാനം മോഷ്ടിക്കപ്പെട്ടതാണെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍, കണ്ണേ....., മയിലേ...., കുയിലേ.... തുടങ്ങിയ പദങ്ങള്‍ ഏത് താരാട്ട് പാട്ടിലുമുണ്ടാകുമെന്നായിരുന്നു ജയശ്രീ നല്‍കിയിട്ടുള്ള വിശദീകരണം. ദേശീയ തലത്തില്‍ നല്‍കിയ അഭിമുഖങ്ങളിലൊന്നും ഇരയിമ്മന്‍തമ്പിയുടെ കാര്യം ജയശ്രീയോ സിനിമയുടെ മറ്റ് പ്രവര്‍ത്തകരോ മിണ്ടിയിട്ടില്ല. ഗാനവും ഈണവും ഏറെക്കുറെ മാറ്റമില്ലാതെ ഉപയോഗിച്ച് ഫലപ്രദമായപ്പോള്‍, അത് ബോംബെ ജയശ്രീയുടെ മൗലിക സൃഷ്ടിയാണെന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെടുകയും പിന്നീട് ഓസ്‌കര്‍ ശുപാര്‍ശ ലഭിക്കുകയും ചെയ്തു. ലൈഫ് ഓഫ് പൈയ്ക്ക് ലഭിച്ച പതിനൊന്ന് ഓസ്‌കര്‍ നോമിനേഷനുകളില്‍ ഒന്ന് ഗാനരചനയ്ക്കാണ്. 'കണ്ണേ....കണ്‍മണിയേ...' എന്നാണ് ജയശ്രീയുടെ ഗാനം തുടങ്ങുന്നത്. താരാട്ട് എഴുതിയതും ചിട്ടപ്പെടുത്തിയതും പാടിയതുമെല്ലാം ജയശ്രീയാണ്.

എന്നാല്‍ ഈ ഗാനം ഇരയിമ്മന്‍തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ട് പാട്ടിന്റെ തമിഴ് വിവര്‍ത്തനമാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് മുന്നോട്ടുവന്നിരുന്നു. പാട്ടിലെ പല വരികളും അതേപടി തമിഴിലേക്ക് മൊഴിമാറ്റം നടത്തുകയാണെന്നത് സംബന്ധിച്ച് ഗാനനിരൂപകരും രംഗത്തെത്തി. ഇതിനിടെ പത്തുവര്‍ഷം മുമ്പ് ജയശ്രീ പുറത്തിറക്കിയ ആല്‍ബമായ 'വാത്സല്യ'ത്തില്‍ ഇന്ത്യയിലെ വിഖ്യാത താരാട്ട് പാട്ടുകളുടെ കൂട്ടത്തില്‍ ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ടും ഉപയോഗിച്ചിട്ടുള്ളതായി വ്യക്തമാകുന്നു.

mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment