ദ എന്‍ജിനീയറിംഗ് സ്‌റ്റാര്‍
അക്ഷരങ്ങള്‍ നല്‍കിയ അറിവിന്റെ വിജയത്തില്‍ നിന്നു തുടങ്ങാം. ബി.എസ്സി കെമിസ്‌ട്രിയില്‍ കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നു സ്വര്‍ണ്ണമെഡല്‍. ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസ് ബിരുദം. ഒന്നാം ക്ലാസോടെ എം.ബി.എ.കൂടാതെ എല്‍. എല്‍. ബി.യും.
പേര് : വി.ടി. ബല്‍റാം
വയസ്സ് : 34
വിദ്യാഭ്യാസം : ബി.എസ് സി, ബി.ടെക്,
എം.ബി.എ, എല്‍.എല്‍.ബി
ജോലി : എം.എല്‍.എ
മണ്ഡലം : തൃത്താല, പാലക്കാട്
ഒരു മകനെയോര്‍ത്ത് അച്‌ഛനമ്മമാര്‍ക്ക് സന്തോഷിക്കാനും അഭിമാനിക്കാനും ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? കിട്ടിയേക്കാവുന്ന ഉന്നതശമ്പളമുള്ള ജോലികള്‍ പലതുമുപേക്ഷിച്ച് രാഷ്‌ട്രീയക്കാരന്റെ ഖദറണിഞ്ഞപ്പോള്‍ പാലക്കാട്ടുകാരായ ശ്രീനാരായണനും സരസ്വതിയും ഒട്ടും ഞെട്ടിയില്ല. കാരണം അവര്‍ക്കറിയാമായിരുന്നു, മകന്‍ കൈവയ്‌ക്കുന്നതൊന്നും മോശമാവില്ലെന്ന്.
പറഞ്ഞ് വന്നത് വി.ടി. ബല്‍റാം എന്ന ചെറുപ്പക്കാരനെ പറ്റിയാണ്. ഉന്നതബിരുദങ്ങള്‍ ഒരുപാടെണ്ണം കീശയില്‍ ഉണ്ടെങ്കിലും ആളിപ്പോള്‍ നിയമസഭാ സാമാജികനാണ്. പതിറ്റാണ്ടുകളോളം ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന തൃത്താലയില്‍ ത്രിവര്‍ണ്ണകോടി പാറിച്ചു കൊണ്ടാണ് സജീവ രാഷ്‌ട്രീയത്തിന്റെ അധികാരമേഖലയിലേക്കുള്ള ഈ കടന്നു വരവ്.
കണ്ടു മടുത്ത കീറിയ ഖദര്‍ കുപ്പായവും ഹൈവോള്‍ട്ടേജ് ചിരിയുമല്ല ഈ ചെറുപ്പക്കാരനെ വേറിട്ടു നിര്‍ത്തുന്നത്. രാഷ്‌ട്രീത്തിന് പുതു മാനം നല്‍കി കൊണ്ടാണ് ബല്‍റാമിന്റെ കടന്നു വരവ്. ചെറുപ്പത്തിന്റെ ഹരമായ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ബല്‍റാം സജീവമാണ്. നേരംമ്പോക്കിനു വേണ്ടിയുള്ള ചാറ്റ് റൂമിലല്ല ബല്‍റാം ചടഞ്ഞിരിക്കുന്നത്. മറിച്ച് പ്രശ്‌നങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ ചര്‍ച്ച ചെയ്‌ത് യുവത്വത്തിന്റെ മനസ്സറിഞ്ഞാണ് ഈ ചെറുപ്പക്കാരന്‍ ഓരോ പ്രഭാതത്തിലും ഉറക്കമുണരുന്നത്.
നിയമസഭയില്‍ ചര്‍ച്ച ചെയ്യാനിരുന്ന ഒരു ബില്‍ ഫെയ്‌സ് ബുക്കില്‍ ചര്‍ച്ചയ്‌ക്ക് വച്ച് സ്‌പീക്കറുടെ റൂളിംഗും ഈ ചെറുപ്പക്കാരന്‍ ചുരുക്കംകാലം കൊണ്ട് വാങ്ങിെക്കട്ടി. പക്ഷേ ഒരു റൂളിങ്ങ് കൊണ്ടൊന്നും തന്നെ തകര്‍ക്കാന്‍ കഴിയില്ല എന്ന് വിളിച്ചോതുന്ന ബല്‍റാം നാളെയുടെ യുവത്വത്തിന്റെ പ്രതീക്ഷയാണ്.
അടുത്തിടെ നെല്ലിയാമ്പതി പ്രശ്‌നത്തില്‍ ഹരിത എം. എല്‍. എ. മാര്‍ എന്നറിയപ്പെടുന്ന വി.ടി. സതീശനും, ശ്രേയസ് കുമാറും നെല്ലിയാമ്പതിയില്‍ എത്തിയപ്പോള്‍ ബല്‍റാമും അവിടെ ഉണ്ടായിരുന്നു; പാന്റും ടീഷര്‍ട്ടുമണിഞ്ഞ് സിനിമാതാരങ്ങളെ വെല്ലുന്ന ഗ്ലാമറില്‍. അന്നേ തൃത്താലക്കപ്പുറമുള്ള ജനങ്ങള്‍ ഈ ചെറുപ്പക്കാരനെ നോട്ടമിട്ടതാണ്; നെഞ്ചിലേറ്റിയതാണ്.
നാളത്തെ താരത്തിന്റെ ജീവിതത്തിലേക്ക്...
ജീവിതത്തിന്റെ തുടക്കം ?
ഹിന്ദി അധ്യാപകനായിരുന്ന ശ്രീനാരായണന്റെയും സരസ്വതിയുടെയും ആറുമക്കളില്‍ ഇളയവനായിട്ടായിരുന്നു ഞാന്‍ ജനിച്ചത്. ഏവരുടെയും ലാളനകള്‍ ഏറ്റുവാങ്ങിയ കുട്ടിക്കാലമായിരുന്നു. ലാളനയില്‍ ഞാന്‍ വഷളായി പോകരുതെന്ന് രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ആറാം വയസ്സില്‍ വീടിന് 50 കി.മീ ദൂരമുള്ള നവോദയ സ്‌കൂളില്‍ എന്നെ കൊണ്ടാക്കി. തീരെ സൗകര്യം കുറവായിരുന്ന ആ സ്‌കൂളിന്റെയും ഹോസ്‌റ്റലിന്റെയും അന്തരീക്ഷങ്ങളുമായി പൊരുത്തപ്പെടാന്‍ ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഏതു സാഹചര്യവുമായി പൊരുത്തപ്പെടാനും, ഒന്നിനും പരാതി പറയാതിരിക്കാനും എന്നെ പഠിപ്പിച്ചത് ആ ഹോസ്‌റ്റല്‍ ജീവിതം ആയിരുന്നെന്ന് തോന്നുന്നുണ്ട്.
വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലേക്ക് ?
നവോദയ സ്‌കൂളിന്റെ ചുറ്റുപാടും അന്തരീക്ഷവുമൊന്നും ഒരിക്കലും വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തെപ്പറ്റി ഒരറിവും നല്‍കുന്നതായിരുന്നില്ല. സ്‌കൂള്‍ വിട്ടാല്‍ ഹോസ്‌റ്റല്‍, രാവിലെ വീണ്ടും സ്‌കൂള്‍. ഇതായിരുന്നു അവിടുത്തെ രീതി.
എട്ടാം ക്ലാസ് കഴിഞ്ഞ് അവധിക്കു വീട്ടിലെത്തിയ നാളുകളിലായിരുന്നു രാജീവ്‌ഗാന്ധി കൊല്ലപ്പെടുന്നത്. അദ്ദേഹത്തെപ്പറ്റി അന്നത്തെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ ആകൃഷ്‌ടനായിട്ടാണ് രാഷ്‌ട്രീയത്തില്‍ സജീവമാകണം എന്ന തീരുമാനത്തിലെത്തിയത്. എന്നാല്‍ അതിനു പറ്റിയ സാഹചര്യങ്ങളായിരുന്നില്ല നിലവിലുണ്ടായിരുന്നത്. എടുത്തു പറയാന്‍ യാതൊരു രാഷ്‌ട്രീയ പാരമ്പര്യവുമില്ലാത്ത കുടുംബം. അവിടുന്നൊരാള്‍ രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നത് വീട്ടുകാര്‍ക്കു ചിന്തിക്കാനാവുമായിരുന്നില്ല.
ഇതിനിെട വ്യക്‌തിത്വ വികസനത്തിന്റെ ഭാഗമായി ഒന്‍പതും പത്തും രാജസ്‌ഥാനിലെ നവോദയ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പ്ലസ്‌ടുവിനായി തിരിച്ചു നാട്ടിലെത്തിയപ്പോഴും രാഷ്‌ട്രീയത്തില്‍ ഇറങ്ങാന്‍ കഴിയാത്തതിന്റെ വീര്‍പ്പുമുട്ടലിലായിരുന്നു ഞാന്‍. ഉയര്‍ന്ന മാര്‍ക്കോെട പ്ലസ്‌ടു വിജയിച്ചിട്ടും വീട്ടുകാരെ എതിര്‍ത്തു കൊണ്ട് എന്‍ട്രന്‍സ് എഴുതാതെ ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളജില്‍ ഡിഗ്രിക്കു ചേരുന്നത് രാഷ്‌ട്രീയ മോഹം തലയ്‌ക്കു പിടിച്ചിട്ടാണ്.
പിന്നെയും പ്ര?ഫഷണല്‍ കോഴ്‌സുകളിലേക്ക്...?
ബി.എ പൊളിറ്റിക്‌സ് കോഴ്‌സിലുള്‍പ്പെടുത്തിയിട്ടുളള മറ്റുവിഷയങ്ങള്‍ ഇഷ്‌ടമല്ലാത്തതു കൊണ്ടാണ് ഡിഗ്രിക്കു ഞാന്‍ കെമിസ്‌ട്രി തെരഞ്ഞെടുത്തത്. പക്ഷേ പിന്നീട് കൂട്ടുകാരുടെ പൊളിറ്റിക്‌സ് പുസ്‌തകങ്ങള്‍ വായിക്കുന്നതായി എന്റെ ഇഷ്‌ടം. ആ സമയത്ത് വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ ഞാന്‍ സജീവമായിരുന്നു. ഡിഗ്രിക്ക് ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്കു നേടിയപ്പോള്‍ വിദ്യാഭ്യാസത്തിലുള്ള എന്റെ വിശ്വാസമല്ല വര്‍ദ്ധിച്ചത്, മറിച്ച് വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തോടുള്ള ആവേശമാണ്.
അങ്ങനെ പ്ര?ഫഷണല്‍ കോളേജുകളില്‍ കൂടി കെ.എസ്.യു വിനെ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു എന്‍ജിനീയറിങ്ങിന് ചേരുന്നത്. എന്‍ജിനീയറിങ്ങ് ബിരുദം കൂടി സ്വന്തമാക്കിയ ഒരാള്‍ വീണ്ടും രാഷ്‌ട്രീയത്തില്‍ കറങ്ങി നടക്കുന്നത് വീട്ടുകാരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തും എന്നുള്ളതുകൊണ്ട് വീണ്ടും പഠിച്ച് വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ തന്നെ നിലനില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ വന്നു ചേര്‍ന്നതാണ് എം.ബി. എ യും എല്‍.എല്‍ ബി യും.
കോളജിലെ രാഷ്‌ട്രീയ ജീവിതം?
മറ്റേതൊരു മധ്യവര്‍ഗ്ഗ കുടുംബത്തെയും പോലെ തന്നെ എന്റെ വീട്ടുകാരും രാഷ്‌ട്രീയ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പഠനത്തില്‍ മോശമല്ലാത്തതു കൊണ്ട് കര്‍ശനമായ വിലക്കൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നു മാത്രം.
ഒരു തുടക്കക്കാരന്റെ എല്ലാ പതര്‍ച്ചകളും രാഷ്‌ട്രീയ ജീവിതത്തില്‍ ഞാന്‍ നേരിട്ടിരുന്നു. പൊതുവേദിയെ അഭിമുഖീകരിക്കാന്‍ പോലും പേടിയായിരുന്നു. മുതിര്‍ന്ന ചേട്ടന്‍മാര്‍ പ്രസംഗിക്കുമ്പോള്‍ അവര്‍ പറയുന്ന വിഷയങ്ങള്‍ ബ്ലാക്ക് ബോര്‍ഡില്‍ കാര്‍ട്ടൂണ്‍ വരച്ച് കാട്ടി വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു ആദ്യം ചെയ്‌തത്. ക്ലാസ് റൂമിലെ ചോര്‍ച്ചയെ പറ്റിയാണ് പ്രസംഗിക്കുന്നതെങ്കില്‍ ചോരുന്ന മുറിയില്‍ നനഞ്ഞൊലിച്ച് ക്ലാസെടുക്കുന്ന അദ്ധ്യാപകന്റെ ചിത്രം വരയ്‌ക്കും. അങ്ങനെയാണ് ക്യാമ്പസ് രാഷ്‌ട്രീയത്തിന്റെ ഹരിശ്രീ കുറിച്ചത്. പിന്നെ പിന്നെ ക്യാംബൈനുകള്‍ വരുമ്പോള്‍ മുഖ്യപാസംഗകനെ ക്ഷണിക്കുന്ന ജോലി ഞാനേറ്റെടുത്തു. ഇതൊക്കെ കേട്ടു പഠിച്ച് പതിയെ ഞാനുമൊരു മുഖ്യപ്രസംഗകനായി തീര്‍ന്നു. അതിനു ശേഷം മത്സരിച്ചപ്പോള്‍ എതിര്‍ ചേരികളുടെ കുത്തക സീറ്റുകളില്‍ പോലും വിജയിച്ചു കേറാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്.
കോളേജിലെ പ്രണയം...?
പ്രണയമെന്ന മനോഹര വികാരം ഇല്ലാത്ത ഏതു ജീവിയാണ് ഈ ലോകത്തുള്ളത്? പ്രണയം തോന്നാത്ത ഒരാളാണ് ഞാനെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാനൊരു മനുഷ്യനല്ല എന്നാണ്. എനിക്കും പ്രണയം തോന്നിയിട്ടുണ്ട്. പലരോടും, പലപ്പോഴും. പക്ഷേ പ്രണയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നൊരു ദുഃഖസത്യം കൂടി ഞാന്‍ വെളിപ്പെടുത്തട്ടെ. കാരണം ക്യാമ്പസിലെ ലീഡര്‍ ഒരു കുട്ടിയുമായി പ്രണയിച്ചു നടന്നാല്‍ മറ്റു പെണ്‍കുട്ടികളുടെ അപ്രീതിക്കു കാരണമാകും എന്ന ലോകസത്യം എല്ലാ ക്യാമ്പസുകളിലും നിലവിലുണ്ട്. ഞാനും ആ സത്യത്തെ പേടിച്ചു. അതുകൊണ്ട് പ്രണയം ഉള്ളിലൊതുക്കി വയ്‌ക്കാനായിരുന്നു മറ്റ് പല രാഷ്‌ട്രീയനേതാക്കളെപ്പോലെ എന്റെയും വിധി.
സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക്?
വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ നിന്നു യൂത്ത് കോണ്‍ഗ്രസിലേക്ക് ചേക്കേറാനുള്ള നീക്കം നടത്തിയപ്പോള്‍ തന്നെ വീട്ടുകാര്‍ക്കു മണത്തു, സജീവ രാഷ്‌ട്രീയത്തിലെ എന്റെ മോഹം. എതിര്‍പ്പുകള്‍ സ്വഭാവികമായിരുന്നു. പക്ഷേ കഷ്‌ടപ്പാടുകള്‍ക്കും കഴിവുകള്‍ക്കുമുള്ള അംഗീകാരം തേടിയെത്തുമെന്ന എന്റെ വിശ്വാസം ശരിയായിരുന്നു. അതുകൊണ്ടല്ലേ നേതൃത്വം എന്നെ ഉത്തരവാദിത്തമുള്ള ജോലി ഏല്‍പ്പിച്ചത്.
വക്കീലിന്റെ പരിവേഷം ?
വിദ്യാര്‍ത്ഥിരാഷ്‌ട്രീയം അവസാനിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് എല്‍.എല്‍. ബി ചെയ്‌തതെങ്കിലും അതൊരു ഘട്ടത്തില്‍ എനിക്കനുഗ്രഹമായി. പഠിത്തത്തിനു ശേഷം തൊഴിലില്ലാതെ നടക്കുന്നു എന്ന ആരോപണത്തെ ചെറുക്കാനായി കോട്ടും തൂക്കി ഞാന്‍ കോടതിയിലേക്ക് പോകും. പക്ഷേ അധികദിവസവും ആ കോട്ട് എടുക്കേണ്ടി വരില്ല. എനിക്കു ലഭിക്കുന്ന കേസുകളെക്കാള്‍ ഞാന്‍ പ്രതിയായിരുന്ന കേസുകള്‍ക്കാണ് എനിക്ക് കോടതിയില്‍ പോകേണ്ടി വന്നിരുന്നത്. വക്കീലിനുള്ള പരിഗണനയൊന്നും എനിക്കവിടെ കിട്ടിയിരുന്നില്ല. പല കേസുകളുടെയും വിധിയുടെ അവസാനത്തില്‍ ഞാന്‍ കൊതുകുകടി കൊണ്ട് സബ് ജയിലില്‍ കിടന്നിട്ടുണ്ട്, രാഷ്‌ട്രീയ തടവുകാരനായി.
20 വര്‍ഷത്തെ കുത്തക തകര്‍ത്ത വിജയം?
ഇരുപതു വര്‍ഷമായി ഇടതുമുന്നണി കുത്തക ആക്കിയിരുന്ന മണ്ഡലമായിരുന്നു തൃത്താല. അവിടെ ജനിച്ചു വളര്‍ന്ന എനിക്ക് ആ നാടിന്റെ സ്‌പന്ദനങ്ങള്‍ അറിയാമായിരുന്നു. അവരിലൊരാളായാണ് ഞാന്‍ അവിടെ ജീവിച്ചത്. പാര്‍ട്ടി അവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആത്മവിശ്വാസത്തോടെ ഞാനവിടെ മത്സരിച്ചതും അതു കൊണ്ട് തന്നെയാണ്.
രാഷ്‌ട്രീയത്തിന്റെ പുതിയ സമവാക്യം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ?
കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ഒരു കമ്മറ്റി മാത്രമായി കോണ്‍ഗ്രസ്സിനെ ഭരിക്കാറില്ല. ഏകദേശം ഒന്നരക്കോടി ജനങ്ങള്‍ കോണ്‍ഗ്രസ്സിനൊപ്പമാണ്. ഇവരുടെ അഭിരുചികളും അഭിപ്രായങ്ങളും മനസ്സിലാക്കാനും അവരുമായി നല്ല രീതിയില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനും ഇത്തരം സൈറ്റുകള്‍ വളരെ പ്രയോജനമാണ്.
ജനങ്ങള്‍ക്കുവേണ്ടി ഭരിക്കണമെങ്കില്‍ അവരുടെ താത്‌പര്യങ്ങള്‍ മനസ്സിലാക്കണം. ഇതിലൂടെ മാത്രമേ നമ്മെപ്പറ്റിയുള്ള ജനങ്ങളുടെ ധാരണകളും ഇഷ്‌ടങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ കഴിയൂ. യാതൊരു മടിയും കൂടാതെ സ്വന്തം അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാന്‍ ഈ സൈറ്റുകള്‍ നല്ലതാണ്. ജനങ്ങളിലൊരാളായി മാറി അവരിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ഞാന്‍ ഇത്തരം സൈറ്റുകളുടെ സഹായം തേടുന്നത്.
മുടിഞ്ഞ ഗ്ലാമറിനു പിന്നില്‍ ?
(ചിരി) അതൊക്കെ ദൈവഭാഗ്യം. പിന്നെ വെജിറ്റേറിയനായതിന്റെ ഒരു ഗുണമുണ്ടെന്നാണ് എനിക്കു തോന്നുന്നത്.
പാന്റും ടീഷര്‍ട്ടുമണിഞ്ഞ എം.എല്‍.എ?
ഖദറിട്ടാല്‍ മാത്രമേ കോണ്‍ഗ്രസുകാരനാവുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഗാന്ധിസം മനസ്സില്‍ ആണു വേണ്ടത്. അതുകൊണ്ട് കംഫര്‍ട്ടബിള്‍ ആയ വേഷം തെരഞ്ഞെടുക്കാന്‍ ആരേയും പോലെ ഒരു രാഷ്‌ട്രീയക്കാരനും കഴിവുണ്ട്. അതൊരു തെറ്റാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല.
സൗഹൃദങ്ങള്‍?
ഒരിക്കല്‍ ഒരാളെ പരിചയപ്പെട്ടാല്‍ അവരുമായി പെട്ടെന്ന് ചങ്ങാത്തം സ്‌ഥാപിക്കുന്ന ഒരാളാണ് ഞാന്‍. ഞങ്ങള്‍ കുറെ പുതുമുഖങ്ങള്‍ നിയമസഭയില്‍ നല്ല കൂട്ടാണ്. വിഷ്‌ണുനാഥ്, ഹൈബി, ഷംസുദ്ദീന്‍, വി.ഡി. സതീശന്‍... അങ്ങനെ കുറെപ്പേര്‍ ഉണ്ട്. പിന്നെ കോളേജിലെ പോലെ തന്നെ കൊച്ചു കൊച്ചു തമാശകളും പാരവയ്‌പ്പുകളുമെല്ലാം ഞങ്ങള്‍ സഭയിലും നടത്താറുണ്ട്.
ഗോഡ്‌ഫാദര്‍?
അങ്ങനെ ഗോഡ്‌ഫാദര്‍മാരിലൂടെ വളര്‍ന്നു വന്ന ഒരാളല്ല ഞാന്‍. യൂത്ത്‌കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയാകാന്‍ കഴിഞ്ഞതു കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അഖിലേന്ത്യാ നേതൃത്വം എന്നെ പരിഗണിക്കുന്നത്. എ.കെ.ആന്റണിയുടെയും, ഉമ്മന്‍ചാണ്ടിയുടെയും, വി.എം.സുധീരന്റെയും വാത്സല്യം ഞാന്‍ വളരെയധികം അനുഭവിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല ഒരനിയനെ പോലെയാണ് എന്നെ കാണുന്നത്.
കുടുംബശക്‌തി ?
എല്‍.എല്‍. ബി കഴിഞ്ഞ് വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ കോടതിയില്‍ പ്രാക്‌ടീസ് ചെയ്യുന്ന സമയത്താണ് അനുപമയുടെ വിവാഹാലോചന വരുന്നത്. ഒരു രാഷ്‌ട്രീയക്കാരന്റെ ജീവിതത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഞാനവളെ പറഞ്ഞു മനസ്സിലാക്കിയെങ്കിലും ഉള്ളിലെവിടെയോ നേരത്തെ കൂടു കൂട്ടിയ ഇഷ്‌ടം മൂലം ഒരുമിച്ചു ജീവിക്കാന്‍ തന്നെ ഞങ്ങള്‍ അവസാനം തീരുമാനിച്ചു. മകന്‍ അദൈ്വത് മാനവിനെ കൈയിലേക്ക് കിട്ടിയ നിമിഷം ആദ്യമായി രാഷ്‌ട്രീയക്കാരന്റെ വേഷം ഒരു നിമിഷം മാറ്റി വച്ച് ആ നെറുകയില്‍ ഞാനൊരുമ്മ കൊടുത്തു. ആ ഉമ്മ ദിനവും പ്രതീക്ഷിക്കുന്ന അവന് അതു നല്‍കാന്‍ കഴിയാത്ത സങ്കടമാണ് എന്റെ ഉള്ളു നിറയെ. കാരണം ഞാനെന്നും നാട്ടുകാരുടെ കൂടെയാണ്, അവരുടെ പ്രശ്‌നങ്ങളുടെ കൂടെയാണ്. സ്വകാര്യതകള്‍ക്കപ്പുറം അതു തന്നെയാണെന്റെ പ്രാണവായൂ
Abdul Jaleel
Office Manager
: 00966 (1) 2116891 | |
: www.alrajhibank.com.sa |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment