റെയിൽവേ ടിക്കറ്റിനായി ഇനി ക്യൂവിൽ നിന്ന് നരകിക്കേണ്ടതില്ല. തിക്കിൽപ്പെട്ട് വിഷമിക്കുകയും വേണ്ട. 100 രൂപ മുടക്കി ഒരു സ്മാർട്ട് കാർഡ് എടുത്താൽ ഏത് പാതിരായ്ക്കും ഇന്ത്യയിലെവിടേക്കും റെയിൽവേ ടിക്കറ്റ് റെഡി...
ആർക്കും എപ്പോഴും എവിടേക്കും ടിക്കറ്റ് നൽകാനുള്ള രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീൻ ഇന്നലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചുതുടങ്ങി. സ്റ്റേഷനിലെ രണ്ട് കവാടത്തിലായിട്ടാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കൂടാതെ, എറണാകുളം ജംഗ്ഷൻ, കോട്ടയം, ആലുവ, തൃശൂർ സ്റ്റേഷനുകളിലും രണ്ട് മെഷീൻ വീതം പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ജനുവരിയോടെ പാലക്കാട് ഡിവിഷനിലും 10 മെഷീൻ സ്ഥാപിക്കും.
ടിക്കറ്റ് എങ്ങനെ കിട്ടും
തമ്പാനൂർ സ്റ്റേഷനിലെ 7-ാം നമ്പർ കൗണ്ടറിലെത്തി 100 രൂപ കൊടുത്താൽ ഒരു സ്മാർട്ട് കാർഡ് കൈയോടെ കിട്ടും. ഈ സ്മാർട്ട് കാർഡ് പിന്നീട് റീച്ചാർജ് ചെയ്യാം. 100 രൂപ മുതൽ 5000 രൂപ വരെ റീച്ചാർജിനായി ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് വെൻഡിംഗ് മെഷീനിൽനിന്ന് ടിക്കറ്റെടുക്കാം.കാർഡിലെ അവശേഷിക്കുന്ന തുക എത്രയെന്ന് മനസിലാക്കിവേണം പിന്നീട് ടിക്കറ്റെടുക്കാൻ. ദിവസം നാലുടിക്കറ്റുവരെയെടുക്കാം. അക്കൗണ്ടിൽ മിനിമം 100 രൂപയെങ്കിലുമുണ്ടായിരിക്കണം. അൺറിസർവ്ഡ് ടിക്കറ്റായിരിക്കും കിട്ടുക. റെയിൽവേക്കു വേണ്ടി താനെയിലെ ഫോർബ്സ് ടെക്നോസിസ് എന്ന കമ്പനിയാണ് മെഷീൻ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു മെഷീന് ആറ് ലക്ഷത്തോളമാണ് വില. വെൻഡിംഗ് മെഷീനിലൂടെ പ്ളാറ്റ്ഫോം ടിക്കറ്റും കിട്ടും. വെൻഡിംഗ് മെഷീനിൽ നിന്ന് ടിക്കറ്റ് എടുക്കാൻ അറിയാത്തവരെ സഹായിക്കാൻ തത്കാലം രണ്ട് ജീവനക്കാർ അടുത്തുണ്ടാവും. സീസൺ ടിക്കറ്റ് പുതുക്കാനും സ്മാർട്ട് കാർഡ് ഉപയോഗിക്കാം.
മെഷീൻ കൊണ്ടുള്ള സൗകര്യങ്ങൾ
ക്യൂ നിൽക്കേണ്ട കാര്യമില്ല
സൗകര്യം 24 മണിക്കൂറും
ടിക്കറ്റിന് കൈയിൽ പണം കരുതേണ്ടതില്ല
ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയും
ചില്ലറയുടെ പ്രശ്നവുമില്ല
ഉപയോഗം മനസിലാക്കി കൂടുതൽ മെഷീൻ സ്ഥാപിക്കും : ശശി തരൂർ
ഉപയോഗം മനസിലാക്കി കൂടുതൽ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച കേന്ദ്രമന്ത്രി ശശി തരൂർ പറഞ്ഞു. തമ്പാനൂർ സ്റ്റേഷൻ ലോകനിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായി എസ്കലേറ്ററും എലിവേറ്ററും സ്ഥാപിക്കുന്ന പണി ഉടനേ തുടങ്ങും. ബുക്കിംഗ് ഓഫീസിന്റെ പണിയാണ് പിന്നീട് നടക്കുക - തരൂർ പറഞ്ഞു. അൺ റിസർവ്ഡ് ടിക്കറ്റുകൾ ലഭ്യമാക്കാനുള്ള വെൻഡിംഗ് മെഷീനുകൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ബോട്ട്ജെട്ടി, പോസ്റ്റ് ഓഫീസ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ഡിവിഷണൽ മാനേജർ രാജേഷ് അഗർവാൾ പറഞ്ഞു.
No comments:
Post a Comment