2011-12- 7960 കോടി 2010-11- 6739 കോടി
2009-10- 5526 കോടി
2008-09- 4631 കോടി
2007-08- 3669 കോടി
2006-07- 3143 കോടി
2005-06- 2635 കോടി
2004-05- 2320 കോടി
കഴിഞ്ഞ എട്ടുവര്‍ഷം മലയാളി ബിവറേജസ് കോര്‍പ്പറേഷനില്‍ വരി നിന്നും കേരളത്തിലെ അംഗീകൃത ബാറുകളില്‍ പോയി 'നിപ്പനും ഇരിപ്പനും' അടിച്ചതുമായ മദ്യത്തിന്റെ കണക്കാണിത്. കണക്കനുസരിച്ച് പത്തുവര്‍ഷം കൊണ്ട് നാല്‍പ്പതിനായിരം കോടി രൂപയുടെ വിദേശമദ്യമാണ് കേരളത്തില്‍ വിറ്റഴിഞ്ഞത്. കള്ളുഷാപ്പുകള്‍, വാറ്റ് കേന്ദ്രങ്ങള്‍, അതിര്‍ത്തി കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ്, വിദേശരാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന മുന്തിയ ഇനം വിദേശ മദ്യം, പ്രവാസി മലയാളികള്‍ നാട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുവരുന്ന കുപ്പികള്‍, മാഹിയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കടത്തിയ വിദേശമദ്യം, ഭടന്മാര്‍ക്കും വിമുക്തഭടന്മാര്‍ക്കും കിട്ടുന്ന മദ്യക്വാട്ട എന്നിവയുടെ കൂടി കണക്കെടുത്താല്‍ മലയാളി ഉപയോഗിച്ച മദ്യത്തിന്റെ കണക്ക് ഇതിന്റെ രണ്ടിരട്ടി കൂടി വരും. കണക്ക് നോക്കിയാല്‍ പ്രതിവര്‍ഷം ആയിരം കോടി രൂപയുടെ വര്‍ദ്ധനവാണ് കേരളത്തിലെ വിദേശമദ്യ വില്‍പ്പനയില്‍ കാണുന്നത്. കേരളത്തിലെന്നല്ല ലോകത്താകമാനം തന്നെയും മറ്റൊരു വ്യവസായത്തിലും ഇത്തരത്തിലൊരു കുതിപ്പ് കാണാനാകില്ല. ഇന്ത്യാ മഹാരാജ്യത്ത് മദ്യത്തിന്റെ ഉപഭോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുകയാണെന്ന് ഈ കണക്കുകള്‍ വെറുതെയൊന്ന് നോക്കിയാല്‍ വ്യക്തമാകും. സര്‍ക്കാര്‍ വീണ്ടും വീണ്ടും ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കുകയാണ്. പോരാഞ്ഞിട്ട് സാക്ഷാല്‍ വിദേശമദ്യം വില്‍ക്കുന്ന ഔട്ട്‌ലെറ്റുകളും തുറക്കാനുള്ള ഒരുക്കത്തിലാണ് എക്‌സൈസ് വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണ് മദ്യവില്‍പ്പന എന്നതിനാല്‍ കുടിയന്മാരുടെ എണ്ണം കുറയുന്നത് സര്‍ക്കാരിനിഷ്ടമല്ല. കേരളത്തിലെ വിദേശമദ്യശാലകളും വില്‍പ്പന കേന്ദ്രങ്ങളുമെല്ലാം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനാണെന്നാണ് സര്‍ക്കാരിന്റെ വാദം. കോടതിയില്‍ പോലും സര്‍ക്കാര്‍ വാദിക്കുന്നത് മദ്യത്തെ നിയന്ത്രിച്ചാല്‍ ടൂറിസം മുരടിക്കുമെന്നാണ്. ലോകത്ത് തന്നെ ഏറ്റവും നിലവാരം കുറഞ്ഞ വിദേശമദ്യമാണ് ഇന്ത്യയില്‍ ഉണ്ടാക്കുന്നത് എന്ന കാര്യം വിദേശികളോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അതിനാല്‍ തന്നെ വെള്ളമടിച്ച് ഫിറ്റാകാന്‍ വിമാനക്കൂലി മുടക്കി സായിപ്പ് ഇവിടെ വരുമെന്ന് വിശ്വസിക്കാന്‍ പ്രത്യക്ഷത്തില്‍ പ്രയാസമുള്ള കാര്യമാണ്. മാത്രമല്ല, വിദേശികള്‍ മദ്യപിക്കുന്നത് വാളുവെക്കാനും ഉടുമുണ്ടുരിഞ്ഞ് തലയില്‍കെട്ടാനും നാട്ടുകാരുടെ മേല്‍ മേക്കിട്ട് കേറാനും വീട്ടില്‍ ചെന്ന് കെട്ടിയവളുടെയും മക്കളുടെയും കൂമ്പിനിടിക്കാനും നാട്ടുകാരുടെ കൈക്ക് പണിയുണ്ടാക്കാനുമല്ല. കേരളത്തിലെ ആണുങ്ങള്‍ മദ്യപിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണല്ലേ ! മൂന്ന് കോടിയില്‍ ചില്വാനം ജനസംഖ്യയുള്ള കേരളത്തില്‍ പകുതിയിലേറെ സ്ത്രീകളാണ്. ആണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയാല്‍ തന്നെയും മുതിര്‍ന്ന പുരുഷന്മാര്‍ ഏതാണ്ട് ഒരു കോടിയോളം വരും. ഇതില്‍ മദ്യപിക്കാത്തവര്‍ കുറെയേറെയുണ്ട്. ബാക്കിവരുന്ന മലയാളി പുംഗവന്‍മാരെല്ലാം ചേര്‍ന്നാണ് ഈ മദ്യമെല്ലാം കുടിച്ചുതീര്‍ക്കുന്നത്. അപൂര്‍വ്വം സ്ത്രീകളും മദ്യപിക്കാറുണ്ടെന്ന കാര്യം വിട്ടുപോകുന്നില്ല. എന്നാല്‍ അവര്‍ കുടിക്കുന്ന മദ്യത്തിന്റെ അളവ് ഈ കണക്കിലൊന്നും കൂട്ടാനേ പറ്റില്ല. മദ്യവില്‍പ്പന പൊടിപൊടിക്കുന്ന എക്‌സൈസ് വകുപ്പ് മദ്യത്തിനെതിരെ ഇപ്പോള്‍ ബോധവത്ക്കരണവും നടത്തുന്നുണ്ട്. ഇതിലും എത്രയോ ഭേദമാണ് വേശ്യയുടെ ചാരിത്ര്യപ്രസംഗം (വേശ്യകള്‍ ക്ഷമിക്കണം, പഴഞ്ചൊല്ല് എടുത്തുപ്രയോഗിച്ചതാണ്). സംസ്ഥാനത്തെ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് കൊടുക്കുകയാണ് ബോധവത്ക്കരണത്തിലെ പ്രധാന ഇനം. ഈ വര്‍ഷം കോഴിക്കോട്ടെ മദ്യവിരുദ്ധപ്രവര്‍ത്തകയും റിട്ടയേഡ് സംസ്‌കൃകം പ്രഫസറുമായ ഒ ജെ ചിന്നമ്മയ്ക്കാണ് അവാര്‍ഡ് കൊടുത്തത്. മദ്യവിരുദ്ധര്‍ തന്നെ രണ്ട് ഗ്രൂപ്പുണ്ട്. എക്‌സൈസ് വകുപ്പിന്റെ അവാര്‍ഡ് വാങ്ങുന്നത് വലിയൊരംഗീകാരമെന്ന് കരുതുന്നവരും ഇതിനെ അതികഠിനമായി എതിര്‍ക്കുന്നവരും. ഒ ജെ ചിന്നമ്മ ആദ്യത്തെ പക്ഷമാണ്. അവര്‍ അവാര്‍ഡ് വാങ്ങി നാടുനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഇപ്പോള്‍ മദ്യവിരുദ്ധ സംഘടനക്കാരുടെ പ്രധാനസംഗതി മദ്യവിരുദ്ധ പ്രവര്‍ത്തനമല്ല, മറിച്ച് അവാര്‍ഡ് അനുകൂല-വിരുദ്ധ പ്രവര്‍ത്തനമാണ്. കാര്യമെന്തായാലും അടുത്ത വര്‍ഷം അതായത് 2012-13 വര്‍ഷത്തില്‍ കേരളത്തിലെ വിദേശമദ്യവില്‍പ്പന 9000 കോടിയിലെത്തും. അതുപോലെ തന്നെ കിഡ്‌നിയും കരളും പോയവരുടെ എണ്ണവും കൂടും. വിധവകളുടെയും തന്തമാരില്ലാത്ത കുട്ടികളുടെയും എണ്ണവും അതില്‍ ആനുപാതികമായി തന്നെ കൂടും.
No comments:
Post a Comment