Tuesday 4 December 2012

[www.keralites.net] 'ഗഗന്‍' വരുന്നു, വിമാനഗതാഗതം കൂടുതല്‍ സുരക്ഷിതമാ

 

'ഗഗന്‍' വരുന്നു, വിമാനഗതാഗതം കൂടുതല്‍ സുരക്ഷിതമാവും





കരിപ്പൂര്‍: വിമാനഗതാഗതം കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാകുന്ന 'ഗഗന്‍' എന്ന ഉപഗ്രഹസംവിധാനം രണ്ടുമാസത്തിനകം ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമാവും. എയര്‍പോര്‍ട്ട് അതോറിറ്റിയും ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് ഇത് ഏര്‍പ്പെടുത്തുന്നത്. ഈ സംവിധാനമുള്ള ലോകത്തെ നാലാമത്തെ രാജ്യമാവും ഇന്ത്യ. അമേരിക്ക, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലാണ് 'ഗഗന്‍' നിലവിലുള്ളത്.

'ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്)- എയ്ഡഡ് ജിയോ ഓഗ്‌മെന്‍റ്‌സ് നാവിഗേഷന്‍' 
എന്നതിന്റെ ചുരുക്ക രൂപമാണ് ഗഗന്‍'. 'ഗഗന്‍' ഏര്‍പ്പെടുത്താന്‍വേണ്ടി രാജ്യത്ത് 15 റഫറന്‍സ് സ്റ്റേഷനുകളും മൂന്ന് ഭൗമ ട്രാന്‍സ്മിഷന്‍ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ലോകത്ത് എവിടെയുമുള്ള വിമാനത്തിന്റെ വേഗം, ദിശ എന്നിവ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലോബല്‍ പൊസിഷനിങ് സംവിധാനമാണ് ഇതില്‍ പ്രധാനം.

ഭൂഭ്രമണപഥത്തില്‍ ആറിടങ്ങളിലായി വിക്ഷേപിച്ചിട്ടുള്ള 24 ഉപഗ്രഹങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ജി.പി.എസ് സംവിധാനം മാത്രമാണ് ഇപ്പോള്‍ വ്യോമഗതാഗതത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ എല്ലാ ഉപഗ്രഹങ്ങളെയും ഒരേസമയം നിയന്ത്രിക്കാന്‍ സാധിക്കാത്തതും 10 മീറ്റര്‍വരെ ദിശനിയന്ത്രണത്തില്‍ വ്യത്യാസം വരുന്നതുമാണ് ഈ സംവിധാനത്തിന്റെ പോരായ്മ. ഇതിനുപകരമായി ഈ ഉപഗ്രഹങ്ങളെ നിയന്ത്രിക്കത്തക്കവിധത്തില്‍ മറ്റൊരു ഉപഗ്രഹം കൂടുതല്‍ ഉയരത്തില്‍ വിക്ഷേപിക്കുകയും ഭൂസ്ഥിര ഉപഗ്രഹങ്ങളില്‍നിന്നും വിമാനത്താവളങ്ങളില്‍നിന്നുമുള്ള വിവരങ്ങള്‍ ഈ ഉപഗ്രഹത്തിലേക്ക് അപ്‌ലോഡ് ചെയ്യുകയുമാണ് ഗഗന്‍ സംവിധാനത്തില്‍ ചെയ്യുന്നത്. 

വിമാനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഉപഗ്രഹത്തില്‍നിന്ന് സംവിധാനം വഴി ലഭ്യമാവും. ഉപഗ്രഹത്തിലേക്കയക്കുന്ന ഡാറ്റകള്‍ ശേഖരിച്ച് അവ വിമാനങ്ങള്‍ക്കുപയുക്തമാക്കി പുനഃസംപ്രേഷണം ചെയ്യുക ഭൂമിയിലെ മൂന്ന് ദൗത്യനിര്‍വഹണ കേന്ദ്രങ്ങളായിരിക്കും.
ഇന്ത്യ, ബംഗാള്‍ ഉള്‍ക്കടല്‍, ആഫ്രിക്കവരെയുള്ള മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവ ഗഗന്‍ സംവിധാനത്തിന്റെ പരിധിയില്‍ വരും. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ജപ്പാന്റെയും ഇതുപോലെയുള്ള സംവിധാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ലോകത്തെല്ലായിടത്തും വിമാനങ്ങളുടെ ഗതാഗത നിയന്ത്രണം സംവിധാനം വഴി സാധ്യമാവും.

സംവിധാനം വഴി കാര്യക്ഷമത വര്‍ധിപ്പിക്കാനും നേരിട്ടുള്ള വിമാന റൂട്ടുകള്‍ സ്ഥാപിച്ച് വലിയ ഇന്ധനലാഭം കൈവരിക്കാനും കഴിയും. ഏത് റണ്‍വെയിലും ലംബമായ രീതിയില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സംവിധാനം വഴിയൊരുക്കും. ലാന്‍ഡിങ്ങിലെ കൃത്യതയില്‍ മൂന്ന് മീറ്റര്‍മാത്രമായിരിക്കും വ്യത്യാസം. വിമാന ജീവനക്കാരുടെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെയും ജോലിഭാരം കുറയ്ക്കുക, ലോകവ്യാപകമായ കവറേജ്, ഉയര്‍ന്ന സുരക്ഷിതത്വം, വിമാനങ്ങള്‍ നിരോധിത രാജ്യാതിര്‍ത്തികള്‍ ലംഘിക്കല്‍ തടയല്‍, ശബ്ദമലിനീകരണക്കുറവ് എന്നിവ ഇതുവഴി ലഭ്യമാവും.

2013 മധ്യത്തോടെ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവും. സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധനയില്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്ന തരത്തിലുള്ള ഫലമാണ് ലഭിച്ചത്. ആഫ്രിക്ക മുതല്‍ ആസ്‌ട്രേലിയ വരെയുള്ള സ്ഥലത്ത് കാര്യക്ഷമമായ വ്യോമഗതാഗതം നിയന്ത്രിക്കാന്‍ സംവിധാനം ഇന്ത്യയെ സഹായിക്കും.

ഭൂമധ്യരേഖാ പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനമടങ്ങിയ ലോകത്തിലെതന്നെ ആദ്യത്തെ സംവിധാനമാണ് ഇന്ത്യയുടേത്. കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും സംവിധാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങളുടെ ഗതി, വേഗത, മറ്റുകാര്യങ്ങള്‍ എന്നിവ കൃത്യമായി മനസ്സിലാക്കാനും മാനുഷികമായി ചെയ്തിരുന്ന വ്യോമ ഗതാഗത നിയന്ത്രണം പൂര്‍ണമായും ഉപഗ്രഹാധിഷ്ഠിതമാക്കാനും ഈ സംവിധാനം വഴി സാധിക്കും. കോഴിക്കോട്ടെ ലാന്‍ഡിങ് പ്രശ്‌നങ്ങള്‍ക്കും സംവിധാനംവഴി പരിഹാരമാവും.

സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാവുന്നതോടെ കപ്പല്‍, റെയില്‍, വാഹനഗതാഗതങ്ങള്‍ സംവിധാനത്തിന്റെ നിയന്ത്രണത്തിലാക്കാന്‍ കഴിയും. ഇതുവഴി അപകടങ്ങള്‍ 70ശതമാനംവരെ കുറയ്ക്കാന്‍ സാധിക്കും. കൂടാതെ സൈനിക ഏജന്‍സികള്‍ക്കും ടെലികമ്യൂണിക്കേഷന്‍ രംഗത്തും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് സംവിധാനം വഴിയൊരുക്കും.

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment