Friday, 9 November 2012

[www.keralites.net] കുരിശ്‌ ചുമക്കുന്ന പോലീസ്‌

 

 

കേരളത്തില്‍ പോലീസിനെ ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തിയതു കെ.കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോഴാണ്‌. കേരളത്തിലെ പോലീസ്‌ സേന സ്വന്തം ഗുണ്ടാപ്പടയാക്കി മാറ്റാന്‍ കരുണാകരന്‍ ശ്രമിച്ചു. കരുണാകരന്റെ പോലീസ്‌ നയമാണു ചിലര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനു കൂട്ടുനില്‍ക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ മുതിരരുത്‌.

മണല്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പോലീസ്‌ കസ്‌റ്റഡിയിലെടുത്ത പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കളെ മോചിപ്പിക്കാന്‍ കെ.സുധാകരന്‍ എം.പി. നടത്തിയ വഴിവിട്ട ഇടപെടല്‍ രാഷ്ര്‌ടീയ രംഗത്ത്‌ വന്‍വിവാദങ്ങള്‍ ഉയര്‍ത്തി എന്നു മാത്രമല്ല, കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ പോരു ശക്‌തിപെടാനുള്ള വഴിയൊരുക്കുകയും ചെയ്‌തു. മണല്‍ കടത്തുകാരെ പോലീസ്‌ ഓടിച്ചു പിടിക്കുകയും വളപട്ടണം പോലീസ്‌ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.

അവരെ രക്ഷിക്കാന്‍ പോയ ഒരു യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവിനെ പോലീസ്‌ മര്‍ദിക്കുകയും. ലോക്കപ്പിലിടുകയും ചെയ്‌തു എന്നാണ്‌ ആരോപണം. ഈ വിവരമറിഞ്ഞാണു കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സുധാകരന്‍ എം.പി. വളപട്ടണം പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയത്‌. തൊട്ടുപിന്നാലെ മുസ്ലിംലീഗ്‌ നേതാവ്‌ കെ.എം. ഷാജി എം.എല്‍.എയും എ.പി. അബ്‌ദുള്ള കുട്ടി എം.എല്‍.എയും കുറേ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും എത്തി. പോലീസ്‌ സ്‌റ്റേഷനില്‍ സബ്‌ ഇന്‍സ്‌പെക്‌ടറോട്‌ കെ.സുധാകരന്‍ എം.പി. വളരെ മോശമായ ഭാഷയില്‍ സംസാരിക്കുന്നതു ടി.വിയില്‍ എല്ലാവരും കണ്ടു.

പോലീസിനു പോലീസിന്റെയും കെ.സുധാകരനും അനുയായികള്‍ക്കും അവരുടെയും ന്യായങ്ങള്‍ നിരത്താനുണ്ടാവും. കെ.സുധാകരന്റെ പേരിലും മണല്‍ക്കടത്തുകാരുടെയും പേരില്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. സംഭവത്തെ കുറിച്ച്‌ ഐ.ജി.അനേ്വഷണവും ആരംഭിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ പോലീസ്‌ സത്യം കണ്ടെത്തട്ടെ. ഐ.ജി. അനേ്വഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. സത്യസന്ധമായി ജോലിചെയ്യുന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു രാഷ്‌ട്രീയക്കാരുടെ ഭാഗത്തുനിന്ന്‌ അസഭ്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതും പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നതും പതിവായിക്കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ മാത്രമല്ല എല്‍.ഡി.എഫ്‌ ഭരണകാലത്തും ഇതുതന്നെയായിരുന്നു സ്‌ഥിതി. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഭരണം പിടിച്ചെടുക്കാനുള്ള വ്യഗ്രതയ്‌ക്കു പിന്നില്‍ പോലീസിനെ വരുതിയില്‍ നിര്‍ത്താനുള്ള താല്‍പര്യങ്ങളാണു മുഖ്യം.

ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ പോലീസിനെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. പീഡനം ഭയന്നു പോലീസുദ്യോഗസ്‌ഥര്‍ ഭരണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കൂട്ടുനില്‍ക്കുന്നു. ഭരണ കക്ഷിനേതാക്കളെ അനുസരിക്കാതെ നിയമം നടത്താന്‍ ശ്രമിക്കുന്ന പോലീസുകാരെ സ്‌ഥലംമാറ്റിയും തരംതാഴ്‌ത്തിയും ശിക്ഷിക്കുന്നു.

ഭരണം മാറിയാല്‍ ആദ്യം നടക്കുന്നതു പോലീസില്‍ വന്‍ അഴിച്ചുപണിയാണ്‌. സാധാരണ കോണ്‍സ്‌റ്റബിള്‍ തൊട്ട്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരെ വരെഭരണകക്ഷി താല്‍പര്യമുള്ളതു പോലെ നിയമിക്കുകയും സ്‌ഥലം മാറ്റുകയും ചെയ്യുന്നു. ഭരണകക്ഷിക്ക്‌ ഇഷ്‌ടമില്ലാത്ത പോലീസ്‌ ഉദ്യോഗസ്‌ഥരെ ദൂരത്തേയ്‌ക്കു സ്‌ഥലം മാറ്റി ശിക്ഷിക്കുന്നു. പോലീസ്‌ അസോസിയേഷനുകളാണ്‌ ഇത്തരം സ്‌ഥലം മാറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. പോലീസ്‌ അസോസിയേഷനുകള്‍ അതുകൊണ്ടുതന്നെ എല്ലായ്‌പ്പോഴും ഭരിക്കുന്ന പാര്‍ട്ടികളുടെ നിയന്ത്രണത്തിലായിരിക്കും.

കെ.സുധാകരന്‍ ഒരിക്കലും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. അതും ഇങ്ങിനെയുള്ള ഒരു കേസില്‍ അദ്ദേഹത്തിനു വേണമെങ്കില്‍ ജില്ലാ പോലീസ്‌ സൂപ്രണ്ടിനെ വിളിച്ച്‌ കാര്യം അനേ്വഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാം. സുധാകരന്‍ സ്വന്തം നിലയും വിലയും മറന്നു പെരുമാറി എന്ന അഭിപ്രായമാണു പൊതുവില്‍ ഉയര്‍ന്നിരിക്കുന്നത്‌.


ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ അനേ്വഷണ സംഘം ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്ത സി.പി.എം. കൂത്തുപറമ്പ്‌ ഏരിയാകമ്മിറ്റി ഓഫീസിലെ സെക്രട്ടറിയെയാണ്‌ എം.വി.ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം വടകരയിലെ അനേ്വഷണസംഘത്തിന്റെ കസ്‌റ്റഡിയില്‍ നിന്നും മോചിപ്പിച്ചുകൊണ്ടുപോയത്‌. കസ്‌റ്റഡിയിലെടുത്ത പ്രതികളെ ബലം പ്രയോഗിച്ചു മോചിപ്പിച്ച എത്രയോ സംഭവം ഉണ്ടായിട്ടുണ്ട്‌. കേരളത്തിലെ എല്ലാ പാര്‍ട്ടിക്കാരെയും പോലീസുകാര്‍ക്ക്‌ ഒരുപോലെ ഭയപ്പെടേണ്ട സ്‌ഥിതിയാണ്‌. ഇരുമുന്നണികളും മാറിമാറി അധികാരത്തില്‍ വരുന്നതാണു കാരണം. രാഷ്ര്‌ടീയക്കാരെ ഭയന്ന്‌ പോലീസുക്കാര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണു നിലനില്‍ക്കുന്നത്‌.

ഇതിനകം രാഷ്‌ട്രീയ രംഗത്തു വന്‍വിവാദമായ തലശേരിയിലെ ഫസല്‍ വധത്തെകുറിച്ചു സത്യസന്ധമായ അനേ്വഷണം നടത്തിയ രണ്ടു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സി.പി.എമ്മില്‍നിന്നും നേരിടേണ്ടിവന്ന കയ്‌പേറിയ അനുഭവം ആരുടെയും മനസില്‍നിന്നു മാഞ്ഞുപോയിട്ടില്ല. എന്‍.ഡി.എഫ്‌. പ്രവര്‍ത്തകനായിരുന്ന ഫസല്‍ പത്രവില്‍പ്പനക്കാരന്‍ കൂടിയായിരുന്നു. പത്രവില്‍പ്പനയ്‌ക്കിടെ പുലര്‍ച്ചെയാണ്‌ അദ്ദേഹം കൊല്ലപ്പെടുന്നത്‌. കേസ്‌ ആദ്യം അനേ്വഷിച്ച അന്നു തലശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറായിരുന്ന ഇപ്പോഴത്തെ കണ്ണൂര്‍ ഡി.െവെ.എസ്‌.പി. സുകുമാരനാണ്‌ ഫസല്‍ കേസിന്റെ പ്രഥമ വിവരം റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ഫസലിനെ കൊന്നതിലുള്ള ഉന്നതല ഗൂഢാലോചനയും പങ്കും മറച്ചുവയ്‌ക്കാന്‍ കേസില്‍ പത്ത്‌ ആര്‍.എസ്‌.എസുക്കാരെ പ്രതിയാക്കണമെന്നായിരുന്നു സി.പി.എമ്മിന്റെ ആവശ്യം. സി.പി.എം. എന്നു മാത്രം പറഞ്ഞാല്‍ പോര അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ തന്നെ. എന്നാല്‍ സി.പി.എമ്മിന്റെ ആവശ്യം അംഗീകരിക്കാത്ത സി.ഐ. സുകുമാരനെ സസ്‌പെന്‍ഡു ചെയ്‌തു. പിന്നീട്‌ തിരുവനന്തപുരത്തേക്കു സ്‌ഥലം മാറ്റി. തുടര്‍ന്നു കേസനേ്വഷിച്ച ഡി.െവെ.എസ്‌.പി രാധാകൃഷ്‌ണനും സി.പി.എമ്മിന്റെ പരിധിയില്‍നിന്നില്ല. ഇതിന്റെ പ്രതികാരമാണത്രേ അദ്ദേഹത്തെ തളിപ്പറമ്പില്‍ ഒരു പെണ്ണ്‌ കേസില്‍ കുടുക്കി ഭീകരമായി മര്‍ദിച്ചത്‌. എന്നാല്‍ പിന്നീട്‌ സത്യം പുറത്തുവരുകയും ചെയ്‌തു. ഫസലിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ രണ്ടു സി.പി.എം നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്‌.

തളിപ്പറമ്പിനടുത്തെ പട്ടുവം മുസ്ലിംലീഗ്‌ പ്രവര്‍ത്തകന്‍ ഷുക്കൂറിനെ വധിച്ച കേസിലും കണ്ണൂര്‍ ഡി.െവെ.എസ്‌.പി സുകുമാരന്‍ സി.പി.എം നേതാക്കളുടെ അസഭ്യവര്‍ഷം കേള്‍ക്കേണ്ടി വന്നു. കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്‌റ്റു ചെയ്‌ത ശേഷം പ്രത്യേകിച്ചും. ജയരാജനെ അറസ്‌റ്റു ചെയ്‌തതിനുശേഷം എന്തെല്ലാം ആക്രമങ്ങളാണു നാട്ടില്‍ നടന്നത്‌.

വളപട്ടണത്ത്‌ പൂഴികടത്തു കേസും അതില്‍ കെ.സുധാകരന്‍ ഇടപെട്ട സംഭവവും കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ മൂര്‍ഛിക്കാന്‍ വഴിയൊരുക്കിയതാണു ശ്രദ്ധേയമായ കാര്യം. കെ.സുധാകന്റെ രൂക്ഷ വിമര്‍ശനത്തിന്‌ ഇടയായ പോലീസിന്റെ നടപടിയും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ശക്‌തിയായി ന്യായികരിച്ചു. കോണ്‍ഗ്രസ്സിലെ ഇരുഗ്രൂപ്പുകാരും പോലീസ്‌ നയത്തെ അനുകൂലിച്ചും എതിര്‍ത്തും പോസ്‌റ്റര്‍ യുദ്ധവും ആരംഭിച്ചിട്ടുണ്ട്‌.

ഈ വിഷയത്തില്‍ പൊതുസമൂഹം ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വാദത്തോടൊപ്പം നില്‍ക്കും എന്നാണു തോന്നുന്നത്‌. കാരണം പോലീസുകാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നടപടി രാഷ്‌ട്രീയകാരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായാല്‍ അവര്‍ക്ക്‌ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാന്‍ സാധിക്കില്ല. ഇതുവരെയുള്ള അനുഭവം നോക്കിയാല്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ സമീപനം മികച്ചതാണ്‌. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അനുവദിക്കുന്നുണ്ട്‌. ഈ സമീപനം തുടര്‍ന്നാല്‍ കേരളത്തിലെ മികച്ച ആഭ്യന്തരമന്ത്രി എന്ന ബഹുമതി തിരുവഞ്ചൂരിനു ലഭിക്കും. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലാണ്‌ അദ്ദേഹത്തിനു കടുത്ത സമ്മര്‍ദം നേരിടേണ്ടിവന്നത്‌. ഡി.ജി.പി. പോലും ഒരുഘട്ടത്തില്‍ സി.പി.എമ്മിന്റെ രാഷ്‌ട്രീയ സമ്മര്‍ദത്തില്‍പ്പെട്ടു കേസനേ്വഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്നു തന്നെ വേണം കരുതാന്‍. എന്നാല്‍ കേരളപോലീസിലെ ഏറ്റവും മികച്ച ടീമിനെ തന്നെ അനേ്വഷിക്കാല്‍ ഏല്‍പ്പിച്ചതും അവരെ സ്വതന്ത്ര്യമായി ജോലിചെയ്യാന്‍ അനുവദിച്ചതും ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ കാണിച്ച ഇച്‌ഛാശക്‌തികൊണ്ടു തന്നെയാണ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment