മലയാള സിനിമയിലെ ഒരു അഭിനേതാവായിരുന്നു സത്യൻ (നവംബർ 9, 1911 - ജൂൺ 15, 1971). മാനുവേൽ സത്യനേശൻ നാടാർ എന്നാണ് യഥാർത്ഥപേര്.
രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുള്ള സത്യൻ [1] തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തിൽ വളരെ പ്രസിദ്ധനായിരുന്നു.
1911 നവംബർ 9-ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്.[2]. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്നവിദ്വാൻ പരീക്ഷ പാസായതിനു [2] ശേഷം സത്യൻ സ്കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്കൂളിൽ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടീ.[2] അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം സത്യൻ 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അംഗമായി സേവനമനുസരിച്ചിരുന്നു.[3]. പട്ടാളസേവനത്തിനുശേഷം അദ്ദേഹം തിരിച്ചുപോരുകയും തിരുവിതാംകൂറിൽ പോലീസ് ആയി ചേരുകയും ചെയ്തു. . 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു.[4]. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്.
അദ്ദേഹം പോലീസിലായിരുന്നപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു.[2] ഈ നാടകാഭിനയങ്ങൾ അദ്ദേഹത്തിന് അഭിനയത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കി. സെബാസ്റ്റ്യൻ കുഞ്ഞു ഭാഗവതർ എന്ന സംഗീത സംവിധായകൻ വഴി പല സിനിമ പ്രവർത്തകരേയും സത്യൻ കണ്ടു. പക്ഷേ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചില്ല.[5]. അക്കാലത്ത് കെ. ബാലകൃഷ്ണൻ കൗമുദി എന്ന സിനിമക്ക് വേണ്ടി തയ്യാറെടുക്കുന്നു എന്നറിഞ്ഞ്, സത്യൻ അദ്ദേഹത്തെ പോയി കാണുകയും അദ്ദേഹത്തിൽ മതിപ്പുളവാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 1951ൽ സത്യന് ത്യാഗസീമ എന്ന സിനിമയിൽ അവസരം ലഭിച്ചു. അതിനുശേഷം സത്യൻ പോലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. തന്റെ പേർ ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു. പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല.
1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആത്മസഖി എന്ന പേരിൽ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു. പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു. അതായിരുന്നു മലയാളത്തിൽ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ.[7]. ആ സിനിമ രചിച്ചത് പ്രശസ്ത കഥകാരനായ ഉറൂബ് ആയിരുന്നു. സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ രാമു കാര്യാട്ട്- പി. ഭാസ്കരൻ സഖ്യം ആയിരുന്നു. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സംഗീതം നൽകിയ ഈ സിനിമയിലെ ഗാനങ്ങൾ വളരെ പ്രശസ്തമായി. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയിൽ. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.[7].
സത്യൻ ഒരുപാട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നിവർ അവരിൽ ചിലരാണ്. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യൻ അഭിനയിച്ച ഒരു പാട് വേഷങ്ങൾ ജനങ്ങൾക്കിടയിൽ അക്കാലത്ത് പ്രശസ്തമായി. ഓടയിൽ നിന്ന്എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, യക്ഷി എന്ന ചിത്രത്തിലെ പ്രൊ. ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്.[8]. വളരെ പ്രശസ്തമായ മറ്റു ചില സത്യൻ ചിത്രങ്ങൾ സ്നേഹസീമ, നായർ പിടിച്ച പുലിവാൽ, മുടിയനായ പുത്രൻ, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, അടിമകൾ, കരകാണാകടൽ എന്നിവയാണ്.[6]. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. ചെമ്മീൻ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷമായിരുന്നു. മലയാളത്തിൽ സത്യൻ 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ 2 ചിത്രങ്ങൾ തമിഴിലും അഭിനയിച്ചു.[6].
1969 ൽ അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. അതിനു ശേഷം 1971 ൽ കരകാണാക്കടൽ എന്ന ചിത്രത്തിലെ പ്രകടനത്തിനും അദ്ദേഹത്തിന് സംസഥാന അവാർഡ് ലഭിച്ചു.
No comments:
Post a Comment