Tuesday, 2 October 2012

[www.keralites.net] സാമ്പത്തിക പരിഷ്‌കാരത്തിന്റെ രണ്ടാം അധ്യായം

 

1991 നു മുമ്പ് വരെ ഇന്ത്യയില്‍ എല്‍പി.ജി എന്നാല്‍ പാചക വാതകം എന്ന ഒരു അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സാമ്പത്തിക പരിഷ്‌കാരത്തിന് വാതില്‍ തുറന്നതോടെ ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍ ഗ്ലോബലൈസേഷന്‍ എന്നതിന്റെ ചുരുക്കരൂപമായി അത്. അതായത് ഉദാരവത്കരണം, സ്വകാര്യ വത്കരണം, ആഗോളവത്കരണം എന്ന .......... മുദ്രാവാക്യമുയര്‍ത്തി നമ്മള്‍ സോഷ്യലിസത്തോട് ഗുഡ്‌ബൈ പറഞ്ഞു.

1991 ല്‍ പി.വി.നരസിംഹ റാവു പ്രധാനമന്ത്രിയും ഡോ.മന്‍മോഹന്‍ സിങ് ധനകാര്യ മന്ത്രിയുമായിരുന്നപ്പോഴാണ് ഇന്ത്യ സമ്പദ്‌വ്യവസ്ഥയുടെ വാതില്‍ തുറന്നതെങ്കില്‍ ഇപ്പോഴത്തേതതിന്റെ രണ്ടാമധ്യായം രചിക്കുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യയുടെ നിശ്ശബ്ദനായ പ്രധാനമന്ത്രി നിസ്സഹായനായി മാറിയകാര്യം അമേരിക്കന്‍ പത്രം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയപ്പോഴാണ് പരിഷ്‌കരണത്തിന്റെ രണ്ടാം ചുവടുവെപ്പിന് മന്‍മോഹന്‍ സിങ് ധീരതകാട്ടിയതെന്ന കാര്യം ശ്രദ്ധേയമാണ്. സാമ്പത്തിക പരിഷ്‌കരണത്തിന് വേഗതയാണ് പാതി വഴിയില്‍ കുടുങ്ങി സാമ്പത്തിക സൂചകങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞപ്പോള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. 

മമത ബാനര്‍ജിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട ഭീഷണി വകവെക്കാതെയാണ് 'റെയില്‍ തെറ്റിയ' പരിഷ്‌കാര നടപടികള്‍ക്ക് മന്‍മോഹന്‍ സിങ് ചങ്കൂറ്റം കാണിച്ചത്. ഡീസലിന് അഞ്ചുരൂപ കൂട്ടിയതും ഒരു കുടുംബത്തിന് സബ്‌സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറാക്കി കുറച്ചതും തുടക്കം മാത്രമായിരുന്നു. തൊട്ടുപിറ്റെ ദിവസം തന്നെ ബഹു ബ്രാന്‍ഡ് റീട്ടെയിലില്‍ 51 ശതമാനവും വ്യോമയാനമേഖലയില്‍ 49 ശതമാനവും പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുന്നതായിരുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന മറ്റു നീക്കങ്ങള്‍. ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഓയില്‍ ഇന്ത്യ, മെറ്റല്‍സ് ആന്‍ഡ് മിനറല്‍ കോര്‍പ്പറേഷന്‍ (എം.എം.ടി.സി), നാഷണല്‍ അലുമിനിയം (നാല്‍കോ) എന്നീ പൊതുമേഖലാകമ്പനികളുടെ ഓഹരി വില്പനയായിരുന്നു മറ്റൊരു തീരുമാനം. പ്രക്ഷേപണമേഖലയില്‍ വിദേശനിക്ഷേപപരിധി ഉയര്‍ത്തുകയും പ്രസാര്‍ ഭാരതിയുടെ സാമ്പത്തിക പുനരുദ്ധാരണ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തു. ടെലിവിഷന്‍ സംപ്രേഷണം വീട്ടിലെത്തിക്കുന്ന ഡിടിഎച്ച്, ഡിജിറ്റല്‍ കേബിള്‍ നെറ്റ് വര്‍ക്ക്, ടെലിപോര്‍ട്ട്, മൊബൈല്‍ ടെലിവിഷന്‍ എന്നിവയുടെ വിദേശ നിക്ഷേപപരിധി 74 ശതമാനമായാണ് വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലെ വൈദ്യുതി എക്‌സചേഞ്ചുകളില്‍ 49 ശതമാനം വരെ വിദേശനിക്ഷേപം അനുവദിക്കുന്നതായിരുന്നു മറ്റൊരു നടപടി.

ഡീസലിന്റെ വില വര്‍ധനയിലൂടെ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന അധികവരുമാനം 20300 കോടി രൂപയാണ്, പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡി നിയന്ത്രിച്ചതോടെ മറ്റൊരു 5300 കോടി രൂപയും നേടാനാവും. ബഹുബ്രാന്‍ഡ് റീട്ടെയിലില്‍ 51 ശതമാനം പ്രത്യക്ഷനിക്ഷേപം അനുവദിക്കാന്‍ 2011 നവംബര്‍ 24 നു തന്നെ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നുവെങ്കിലും മമതബാനര്‍ജിയുടെ കനത്ത എതിര്‍പ്പുമൂലം വിജ്ഞാപനം നീണ്ടുപോവുകയായിരുന്നു. 60,000 കോടി ഡോളര്‍ മൂല്യം വരുന്നതാണ് ഇന്ത്യയിലെ റീടെയില്‍ മേഖലയെങ്കിലും അതില്‍ സംഘടിത മേഖലയുടെ വിഹിതം 14-15 ശതമാനമേ വരൂ. ഇതിലാണ് ആഗോള ഭീമന്മാരായ വാള്‍മാര്‍ട്ടും ടെസ്‌കോയും മറ്റും പ്രവേശിക്കാന്‍ തക്കം പാര്‍ക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഈ നടപടി ഗുണകരമായേക്കും - ഭീമന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ വിദേശ നിയന്ത്രണത്തില്‍ ഇന്ത്യയില്‍ കാലൂന്നുമ്പോള്‍ അതിനാവശ്യമായ പശ്ചാത്തലസൗകര്യം ഒരുക്കേണ്ടത് റിയല്‍ എസ്റ്റേറ്റ് മേഖലയാണല്ലോ.

16 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് വിദേശവിമാനകമ്പനികള്‍ക്ക് ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ നിക്ഷേപം നടത്താന്‍ അവസരം ലഭിക്കുന്നത്. കടത്തില്‍ മുങ്ങിയ കിങ്ഫിഷര്‍ എയര്‍ ലൈന്‍സിനെ രക്ഷിക്കാനാണ് ഈ തീരുമാനത്തിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നതെങ്കിലും മൂലധനത്തിന്റെ വരവും പുത്തന്‍ സാങ്കേതിക വിദ്യയും ആഗോളതലത്തിലുള്ള കണക്ടിവിറ്റിയും ആധുനികവത്കരണവും ഇന്ത്യന്‍ വ്യോമയാനമേഖലയില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ക്കിടയാക്കും. പുതിയ വിമാനക്കമ്പനികളുടെ ആവിര്‍ഭാവത്തിനും ഉടമസ്ഥാവകാശത്തില്‍ മാറ്റം വരാനും ഈ തീരുമാനം വഴിയൊരുക്കും. 2000 -നു മുമ്പ് വിദേശ നിക്ഷേപം ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ അനുവദനീയമായിരുന്നപ്പോള്‍ കുവൈത്ത് എയര്‍വെയ്‌സും ഗള്‍ഫ് എയറും ജെറ്റ് എയര്‍വേയ്‌സിലും ലുഫ്താന്‍സ മോഡിയുടെ സംരംഭത്തിലും പണം മുടക്കിയത് ഓര്‍ക്കുമല്ലോ. കിങ്ഫിഷറിനെപ്പോലെത്തന്നെ സൈ്പസ്‌ജെറ്റിലും ഗോഎയറിലും വിദേശനിക്ഷേപത്തിന് സാധ്യത തുറന്നുകിടപ്പുണ്ട്.

പൊതുമേഖലയിലുള്ള നാലു കമ്പനികളിലെ കേന്ദ്രസര്‍ക്കാര്‍ ഓഹരി വിറ്റഴിക്കുമ്പോള്‍ 10000 കോടിരൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സഖ്യകക്ഷിയായ ഡി.എം.കെ.യുടെ എതിര്‍പ്പുമൂലം തമിഴ്‌നാട്ടിലെ നെയ്-വേലി ലിഗ്‌നൈറ്റിന്റെ ഓഹരി വില്പന മാറ്റിവെച്ചെങ്കിലും ഇതോടൊപ്പം സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) ഓഹരി വില്പന മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന് പ്രതീക്ഷിക്കാം. നടപ്പു സാമ്പത്തിക വര്‍ഷം ഓഹരി വില്പനയിലൂടെ 30000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സെയിലിന്റെ ഓഹരി വില്ക്കുമെന്ന് ജൂലായ് 20 നാണ് പ്രഖ്യാപിച്ചിരുന്നത്.

രാജ്യത്തെ ടെലിവിഷന്‍ സംപ്രേഷണം 2014 ലൂടെ പൂര്‍ണമായി ഡിജിറ്റലാവുമ്പോള്‍ 20000 കോടി രൂപമുതല്‍ 25,000 കോടി രൂപയുടെ വരെ നിക്ഷേപം ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. നഷ്ടം നേരിടുന്ന ഡി.ടി.എച്ച് മേഖലയ്ക്കും വിദേശ നിക്ഷേപത്തിന്റെ വരവ് ഗുണകരമാവും.

ഇന്ത്യയില്‍ അടുത്ത തലമുറ സാമ്പത്തിക പരിഷ്‌കരണത്തിന്റെ വാതില്‍ തുറന്നിടുമ്പോള്‍ആദ്യഘട്ടത്തിലെ ക്രമക്കേടും അഴിമതി ആരോപണങ്ങളും സര്‍ക്കാറിന് തീരാക്കളങ്കമാവുകയാണ്. ടെലികോം കുംഭകോണവും കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടും തുടങ്ങി അഴിമതിക്കഥകള്‍ ഒരു വശത്ത്, രാഷ്ട്രത്തിന്റെ സ്വത്ത് ഭരണകൂടത്തിന്റെ പിന്തുണയോടെ വന്‍വ്യവസായ ഗ്രൂപ്പുകള്‍ കൊള്ളയടിക്കുകയാണെന്ന ആരോപണ മറുവശത്ത്. ഇതിനിടയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുകയും സാധാരണക്കാരുടെ ജീവിതം വീര്‍പ്പുമുട്ടുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ ഉറപ്പിലൊന്നും ജനങ്ങള്‍ക്ക് വിശ്വാസം പോര. തങ്ങളുടെ ജീവിത നിലവാരവും വരുമാനവുമൊന്നും വിദേശ നിക്ഷേപത്തിന്റെ ചൂട്ട് കത്തിക്കുന്നതുമൂലം മെച്ചപ്പെടുമെന്ന പ്രതീക്ഷയും അവര്‍ക്കില്ല. പക്ഷെ സാമ്പത്തിക വളര്‍ച്ചയുണ്ടായെങ്കിലേ തൊഴിലവസരം വര്‍ധിക്കുകയുള്ളുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയേ തീരൂ. അതിനാകട്ടെ, വിദേശനിക്ഷേപം അനിവാര്യമാവുകയാണ്. 
നടപ്പുവര്‍ഷം സാമ്പത്തിക വളര്‍ച്ച 5.5 ശതമാനത്തിലേക്ക് ഇടിയുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ മോര്‍ഗന്‍ സ്റ്റാന്‍ലി 5.1 ശതമാനം വളര്‍ത്തയേ കണക്കാക്കുന്നുള്ളൂ. ഇതിനിടയില്‍ സാമ്പത്തിക പരിഷ്‌കരണനടപടികള്‍ക്ക് ഊര്‍ജം പകര്‍ന്നില്ലെങ്കില്‍ നാം വീണ്ടും പഴയ ഹിന്ദു വളര്‍ച്ച നിരക്കായ 2.5 ശതമാനത്തിലേക്ക് കൂപ്പുകുത്തും. 2007 ല്‍ സാമ്പത്തിക പരിഷ്‌കരണം ത്വരിതവേഗത്തില്‍ മുന്നേറിയപ്പോള്‍ ഒമ്പതുശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ച് ചൈനയ്ക്കും പിന്നില്‍ നിലയുറപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നു. 

എന്നാല്‍ 1991 ലെ ഇന്ത്യയല്ല ഇപ്പോഴത്തേത്. വളര്‍ച്ചയുടെ സങ്കീര്‍ണഘട്ടങ്ങളിലൂടെ നാം ഒരുപാട് മുന്നേറിയിരിക്കുന്നു. അന്ന് രണ്ടാഴ്ചത്തെ ഇറക്കുമതിക്കുമാത്രം പര്യാപ്തമായിരുന്ന വിദേശനാണ്യശേഖരമാണ് നമുക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് ഏഴുമാസത്തെ ഇറക്കുമതിക്കു തികയുന്ന 29,447 കോടി ഡോളറിലെത്തിക്കാന്‍ ആഗോളവത്കരണ നടപടികള്‍ക്ക് കഴിഞ്ഞു. പണം മരത്തില്‍ വിളയില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ വാദം തീരെ അവഗണിക്കാവുന്നതല്ല. കാരണം വിദേശനാണ്യശേഖരമുണ്ടെങ്കിലേ അടവുശിഷ്ട പ്രതിസന്ധിയില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാകൂ. ആഗോള ഇടപാടുകള്‍ക്ക് കൈയില്‍ ഡോളറില്ലാതെ വലയുമ്പോള്‍ നാം പാപ്പരാവും. ഇതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെങ്കില്‍ വ്യവസായ മേഖലയിലേക്കും ഓഹരി മേഖലയിലേക്കും വിദേശനിക്ഷേപം ഒഴുകണം. ഇതിനായി അവര്‍ക്ക് ആകര്‍ഷകമായ നിര്‍േദശങ്ങള്‍ മുന്നോട്ട് വെക്കേണ്ടിവരുന്ന നികുതി ഇളവുകള്‍ ഉള്‍പ്പെടെ.

രാജ്യത്തേക്ക് വിദേശധനം കടന്നു വന്നാല്‍ മാത്രമേ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനാവൂ. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഡോളറുമൊത്ത് രൂപയുടെ നില പരുങ്ങലിലാണ്. 44 രൂപയില്‍ നിന്ന് 56 രൂപയിലേക്കാണ് വിനിമയമൂല്യം ഇടിഞ്ഞത്. ഇത് മാസങ്ങള്‍ക്കകം 60 രൂപ കടക്കുമെന്ന് വിദേശ നാണ്യ വിപണിയിലെ വിദഗ്ധര്‍ പ്രവചിച്ചവേളയിലാണ് സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പ്രഖ്യാപനമുണ്ടായതും 54.31 രൂപയിലേക്ക് ഇറങ്ങിയതും. ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 18,500 കടന്നതും സര്‍ക്കാരിന്റെ ധീരമായ ചുവടുവെപ്പിന്റെ ബലത്തിലാണ്. 

നോര്‍ത്ത് ബ്ലോക്കില്‍ ധനമന്ത്രിയുടെ ലാവണത്തില്‍ പി ചിദംബരം മടങ്ങിയെത്തിയ ശേഷമാണ് ഡോ.മന്‍മോഹന്‍ സിങ്ങിന് വീണ്ടും ആവേശം പകര്‍ന്നതെന്ന കാര്യം എടുത്തുപറയേണ്ടതാണ്. അടുത്ത ബജറ്റില്‍ പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കിയുള്ള നടപടികളാവും ഉണ്ടാവുകയെന്ന് ഇപ്പോള്‍ തന്നെ കണക്കുകൂട്ടാം. അതിനുമുമ്പുതന്ന്െ റെയിവെയാത്രാനിരക്കുകള്‍ ഉയര്‍ന്നു എന്നും തലവേദനസൃഷ്ടിച്ച ' ദീദി ' ഒരുവഴിക്കായല്ലോ. കഴിഞ്ഞ മാര്‍ച്ചില്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചതിന് മന്ത്രിയെ ഒഴിവാക്കിയ മമത ബാനര്‍ജിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളൊന്നും ഇനി നടക്കാന്‍ പോവുന്നില്ല. ഭരണം പോയാലും വേണ്ടില്ല, സാമ്പത്തിക പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നതാണ് സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും നിലപാട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment