സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരും അണ്‍എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകരും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും കടുത്ത ചൂഷണത്തിനിരയാകുന്നതായി പഠനറിപ്പോര്‍ട്ട്. സംഘടിതമേഖലയിലെ അസംഘടിതതൊഴിലാളികളാണിവര്.
സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരില്‍ 27 ശതമാനവും 1500 രൂപയില്‍താഴെ ശമ്പളം വാങ്ങുന്നവരാണ്. ചൂഷണത്തിനിരയാകുന്നവരില് അധികവും സ്ത്രീകള്‍. റൂറല്‍ അക്കാദമി ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. മാര്‍ട്ടിന്‍ പാട്രിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാകുന്നത്.
വ്യാപാരരംഗത്തെ ഏറ്റവും വലിയ തൊഴില്‍ശക്തിയാണ് തുണിക്കടകളിലും മറ്റു സ്ഥാപനങ്ങളിലും വില്‍പ്പനവിഭാഗത്തില്‍ ജോലിചെയ്യുന്നവര്‍. ഇവര്‍ക്ക് മിനിമം വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. മിനിമം വേതനത്തിന്റെ നേര്‍പകുതി നല്‍കി ദിവസം 12 മണിക്കൂറിലധികം ജോലിചെയ്യിക്കുന്ന സ്ഥാപനങ്ങളുണ്ട്.
അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും ചൂഷണത്തിനിരയാവുന്നു. ഇവര്‍ക്ക് സ്ഥിരംതൊഴില്‍ നല്‍കുന്നുണ്ടെങ്കിലും ആനുകൂല്യം നിഷേധിക്കാന്‍ തുടര്‍ച്ചയായി 89 ദിവസം ജോലിചെയ്യിച്ചശേഷം ഒരുദിവസം മാറ്റിനിര്‍ത്തും. പിന്നീട് വീണ്ടും ജോലിക്കെടുക്കും. ഇങ്ങനെ 12 വര്‍ഷമായി ജോലിചെയ്യുന്നവര്‍ വരെയുണ്ടെന്ന് ഡോ. മാര്‍ട്ടിന്‍ പാട്രിക് പറഞ്ഞു.
നേഴ്സിങ് മേഖലയിലെ ചൂഷണം ഏറെയും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലാണ്. ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സിലിന്റെ മാനദണ്ഡമനുസരിച്ച് ജനറല്‍ വാര്‍ഡില്‍ ഒരു നേഴ്സ് അഞ്ചുമുതല്‍ ഏഴുവരെ രോഗികളെയാണ് നോക്കേണ്ടത്. എന്നാല്‍, സ്വകാര്യ ആശുപത്രിയില്‍ നേഴ്സ്-രോഗി അനുപാതം ഇതിന്റെ ഇരട്ടിയോളം വരും. 12 മുതല്‍ 14 മണിക്കൂര്‍വരെ നേഴ്സുമാരെ ജോലിചെയ്യിക്കുന്നു. ഇതുമൂലം രോഗികള്‍ക്ക് ശരിയായ പരിചരണം നല്‍കാനാകുന്നില്ല. ഇത് പലപ്പോഴും രോഗികളും ബന്ധുക്കളും നേഴ്സുമാരുമായി പ്രശ്നങ്ങള്‍ക്കു കാരണമാകുന്നു. നേഴ്സിങ് സ്കൂളുകള്‍ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ നേഴ്സുമാരെ ശമ്പളമില്ലാതെ ജോലിചെയ്യിച്ച് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്മാത്രം നല്‍കി പറഞ്ഞുവിടുന്ന പതിവുണ്ട്.
ബിരുദാനന്തരബിരുദവും ബിഎഡും എംഎഡും ഉള്‍പ്പെടെ യോഗ്യതയുള്ള അണ്‍എയ്ഡഡ് സ്കൂള്‍ അധ്യാപകരില്‍ 60 ശതമാനം പേര്‍ക്കും 3000 മുതല്‍ 4000 രൂപവരെയാണ് പ്രതിമാസ ശമ്പളം. ചില സിബിഎസ്ഇ സ്കൂളുകളില്‍ സ്ഥിതി അല്‍പ്പം മെച്ചമാണ്. ഇവിടെ 12,000 രൂപവരെ ശമ്പളം നല്‍കുന്നുണ്ട്. ചില സ്കൂളുകളില്‍ അധ്യാപകര്‍ ഓഫീസ് ജോലികളും ചെയ്യേണ്ടിവരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ ഗസ്റ്റ്, കരാര്‍ അധ്യാപകര്‍ക്ക് മണിക്കൂര്‍ നിരക്കിലാണ് ശമ്പളം. 2000നുശേഷമാണ് കേരളത്തില്‍ ഗസ്റ്റ്, കരാര്‍ അധ്യാപകര്‍ വര്‍ധിച്ചതെന്ന് ഡോ. മാര്‍ട്ടിന്‍ പാട്രിക് പറഞ്ഞു.
സംഘടിതമേഖലയിലെ അസംഘടിത തൊഴിലാളി ചൂഷണം തടയണമെങ്കില്‍ നിയമപാലനം ഉറപ്പാക്കണമെന്ന് ഡോ. മാര്‍ട്ടിന്‍ പാട്രിക് പറഞ്ഞു. തൊഴിലാളികളെ സംഘടിപ്പിക്കുകയും വേണം. തൊഴിലാളിക്ഷേമബോര്‍ഡുകള്‍ നാമമാത്രമായ പെന്‍ഷന്‍ നല്‍കുന്നതില്‍നിന്ന് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിലേക്കു വളരണം. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ക്ഷേമബോര്‍ഡുകള്‍ സഹായം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
No comments:
Post a Comment