Sunday 26 August 2012

[www.keralites.net] ഇക്വഡോറിന്റെ നിലപാട് സ്വാഗതാര്‍ഹം Equador becomes an example to emulate

 

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ കാര്യത്തില്‍ ലോകം രണ്ടുതട്ടില്‍ നില്‍ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പറുദീസ എന്ന് ബൂര്‍ഷ്വാമാധ്യമങ്ങള്‍ വാഴ്ത്താറുള്ള മുതലാളിത്തലോകം, പൊതുവില്‍ അസാഞ്ചിന് അഭയം നല്‍കിയ ഇടതുപക്ഷരാഷ്ട്രമായ ഇക്വഡോറിന്റെ നടപടിക്കെതിരെ. ഇരുമ്പുമറയുള്ള ജനാധിപത്യരാഹിത്യത്തിന്റെ നാട് എന്ന് ബൂര്‍ഷ്വാമാധ്യമങ്ങള്‍ അപലപിക്കാറുള്ള ഇടതുപക്ഷലോകം ഇക്വഡോറിന്റെ നടപടിക്ക് അനുകൂലം.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ഒക്കെ അക്രമങ്ങളുടെ ഞെട്ടിക്കുന്ന രേഖകളാണ് അസാഞ്ച് പുറത്തുവിട്ടത്. അമേരിക്കയുടെ ഒരു രഹസ്യവും രഹസ്യമല്ല എന്നുവന്നു. അമേരിക്കന്‍ ഇന്റലിജന്‍സ് ബുദ്ധിമാന്ദ്യം സംഭവിച്ച സംവിധാനമാണെന്നുവന്നു. അമേരിക്ക ലോകത്തിനുമുമ്പില്‍ ചൂളി.
ചോര മരവിപ്പിക്കുന്ന അമേരിക്കന്‍ കിരാതകൃത്യങ്ങളുടെ ലക്ഷക്കണക്കായ തെളിവുകള്‍ വിക്കിലീക്സ് പുറത്തുവിട്ടപ്പോള്‍ അമേരിക്ക അണിഞ്ഞിരുന്ന മനുഷ്യത്വത്തിന്റെ പൊയ്മുഖം വലിച്ച് ചീന്തപ്പെടുകയായിരുന്നു. ഇറാഖില്‍ പത്രപ്രവര്‍ത്തകരും പൗരജനങ്ങളുമടക്കമുള്ളവരോടു കാട്ടിയ കൊടുംക്രൂരതകള്‍ കണ്ട് അമേരിക്കയെ ലോകം വീണ്ടുമൊരിക്കല്‍ക്കൂടി തിരിച്ചറിയുകയായിരുന്നു. ഇതിനു പ്രതികാരമായി, അസാഞ്ചിനെ വിട്ടുകിട്ടിയാല്‍ ഉടന്‍ കഥ കഴിക്കണമെന്നുകരുതി കാത്തിരിക്കുകയായിരുന്നു അമേരിക്ക.
എംബസിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ അറസ്റ്റുചെയ്യാന്‍ കാത്തിരിക്കുകയാണ് ബ്രിട്ടന്‍. എംബസിയിലേക്ക് നയതന്ത്ര പ്രോട്ടോകോള്‍ ലംഘിച്ച് കടന്നുകയറാന്‍ വ്യഗ്രതപ്പെടുകപോലും ചെയ്തു ബ്രിട്ടീഷ് പൊലീസ്. ബ്രിട്ടന്റെ ഭീഷണിസ്വരം വിലപ്പോകില്ലെന്ന് ക്വെറിയ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഭീഷണി ഇക്വഡോറിനെതിരെ മാത്രമല്ല ലാറ്റിനമേരിക്കയ്ക്കാകെ എതിരെയുള്ളതാണെന്നും അതിനെ നേരിടുകതന്നെ ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. തൊട്ടുപിന്നാലെതന്നെ ബൊളീവിയയുടെ പ്രസിഡന്റ് ഈവാ മൊറേല്‍സ് ഇക്വഡോറിനെ പിന്തുണച്ച് രംഗത്തുവന്നു. അര്‍ജന്റീന, ക്യൂബ, നിക്കരാഗ്വെ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും ഇക്വഡോറിനെ പിന്തുണച്ചു.
ലൈംഗികാതിക്രമക്കേസ് അമേരിക്കന്‍ പ്രേരണയില്‍ കെട്ടിച്ചമച്ചതാണെന്നാണ് വിക്കിലീക്സ് പ്രവര്‍ത്തകര്‍ പറയുന്നത്. ഏതെങ്കിലും വിധത്തില്‍ അസാഞ്ചിനെ വിട്ടുകിട്ടണമെന്നും അദ്ദേഹത്തിന്റെ കഥകഴിക്കണമെന്നുമുള്ള ചിന്തയാണ് അമേരിക്കയെ നയിക്കുന്നത് എന്ന് അവര്‍ കരുതുന്നു. എന്തായാലും അസാഞ്ചിനെ കൈമാറിയാല്‍ അദ്ദേഹത്തിന് ന്യായപൂര്‍ണമായ ഒരു വിചാരണ ലഭിക്കില്ല എന്നത് വ്യക്തമാണ്.
ഇംഗ്ലണ്ടിലെതന്നെ പൗരസമൂഹം അസാഞ്ചിനെ പിന്തുണയ്ക്കുന്ന പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കയ്ക്ക് കൈമാറിയാല്‍ അസാഞ്ച് വധിക്കപ്പെടും എന്നതുതന്നെയാണ് ഇക്വഡോറില്‍ രാഷ്ട്രീയ അഭയം നല്‍കുന്നതിനുള്ള കാരണമെന്ന പ്രസിഡന്റ് റാഫേല്‍ ക്വെറിയയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട് അവര്‍. ബ്രിട്ടീഷ് കോടതികള്‍ അസാഞ്ചിന്റെ എല്ലാ അപ്പീലുകളും തിരസ്കരിക്കുകയായിരുന്നു. ഇത് അമേരിക്കയുടെ താല്‍പ്പര്യത്തിലുമായിരുന്നു.
അമേരിക്കയാകട്ടെ, ഒസാമ ബിന്‍ലാദനു സമനായി അസാഞ്ചിനെ കണക്കാക്കി വേട്ടയാരംഭിച്ചു. സ്വീഡനിലുള്ളത് അമേരിക്കന്‍ താളത്തില്‍ തുള്ളുന്ന ഭരണമാണ്. അവിടത്തെ പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവുതന്നെയും അമേരിക്കന്‍ വലതുപക്ഷ സൈദ്ധാന്തികനായി അറിയപ്പെടുന്ന കാള്‍റോവാണ് [Carl Rowe]. തന്നെ ജയിപ്പിക്കാന്‍ ഏറ്റവും സഹായിച്ച വ്യക്തി എന്ന് ജോര്‍ജ്ബുഷ് രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കുശേഷവും പറഞ്ഞതാണ് ഇയാളെക്കുറിച്ച്. ഇയാളുടെ മുന്‍കൈയിലാണ് ലൈംഗികാപവാദക്കേസ് അസാഞ്ചിനെതിരായി ചമയ്ക്കപ്പെട്ടത് എന്ന് അന്ന് വാര്‍ത്തയുണ്ടായിരുന്നു. അതെന്തുമാകട്ടെ, കേസുണ്ടെങ്കില്‍ അതിന് ന്യായമായ വിചാരണയാണ് വേണ്ടത്. എന്നാല്‍, സ്വീഡന് അതല്ല ഉദ്ദേശ്യം. തങ്ങള്‍ക്ക് വിട്ടുകിട്ടുന്ന അസാഞ്ചിനെ അമേരിക്കയ്ക്ക് കൈമാറുക എന്നതാണ്. അവരത് ചെയ്യുമെന്നുറപ്പാണ്.
ഈ സാഹചര്യത്തിലാണ് ഇക്വഡോറിന്റെ നിലപാട് സ്വാഗതാര്‍ഹമാകുന്നത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ""അപ്പോസ്തലന്മാര്‍"" അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് മാധ്യമ മേധാവിക്കെതിരെ കൊലവിളി നടത്തുന്നതും കമ്യൂണിസ്റ്റുകാര്‍ അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് മാധ്യമ മേധാവിയെ അഭയം നല്‍കി രക്ഷിക്കുന്നതുമായ കാഴ്ച ലോകത്തിന് പഠിക്കാനുള്ള പാഠമാണ് തുറന്നുതരുന്നത്

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment